ആത്മീയപുരോഗതിയും പ്രബുദ്ധതയും തേടി നിരവധി ആളുകൾ ഇന്ത്യ സന്ദർശിക്കുന്നുണ്ടെങ്കിലും അവരിൽ പലരും ആധികാരികമായി വിശ്വസിക്കാവുന്ന, ആത്മീയപാതയുടെ സൂക്ഷ്മമായ സങ്കീർണതകൾ പഠിപ്പിക്കാൻ കഴിയുന്ന ഒരു വഴികാട്ടിയെ കണ്ടെത്താൻ പ്രയാസപ്പെടുന്നതായും പലരും വഴിതെറ്റിപ്പോവുന്നതായും ഈ സൂഫി പരമ്പരയിൽ ഇതിനു മുൻപുണ്ടായിരുന്ന ശൈഖ് ഹസ്രത്ത് ആസാദ് റസൂൽ (റ) മനസ്സിലാക്കി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, ഹസ്രത്ത് ആസാദ് റസൂൽ(റ) തന്‍റെ ശൈഖ് മൗലവി മുഹമ്മദ് സൈദ് ഖാന്‍റെ(റ) സമ്മതത്തോടെ 1975ൽ ന്യൂ ഡൽഹിയിൽ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർച്ച് ഫോർ ട്രൂത്ത്’ സ്ഥാപിച്ചു.
ആറ്റത്തിനുള്ളിൽ അപരിമേയമായ ശക്തി മറഞ്ഞിരിക്കുന്നത് പോലെ, ദ്രവ്യത്തിന്‍റെ ഏറ്റവും വികസിത രൂപമായ മനുഷ്യ ശരീരവും അതീതശക്തികളുടെയും അത്ഭുതങ്ങളുടെയും ഒരു സംഭരണിയാണെന്ന ഉറച്ച ബോധ്യമാണ് ഇൻസ്റ്റിറ്റ്യൂട്ട് ആധാരശിലയാക്കിയിട്ടുള്ളത്. ഈ അത്ഭുതകരമായ നിധി കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ലക്ഷ്യം. മനുഷ്യന്‍റെ ഉള്ളിൽ കുടികൊള്ളുന്ന ആത്മീയശക്തികളുടെ അസ്തിത്വം കേവലമൊരു ഭാവനാസങ്കൽപ്പമല്ല. ആധുനിക മനഃശാസ്ത്രം, പ്രത്യേകിച്ച് അബോധമനസ്സിനെക്കുറിച്ച് ഗവേഷണം നടത്തുന്ന മനഃശാസ്ത്ര വിഭാഗം മനുഷ്യസ്വഭാവത്തിൽ മറഞ്ഞിരിക്കുന്ന പല വസ്തുതകളും രഹസ്യങ്ങളും വെളിപ്പെടുത്താൻ കഴിയുന്ന മനുഷ്യപ്രകൃതിയിലേക്ക് വിരൽ ചൂണ്ടുന്നു. ഉദാഹരണത്തിന് പ്രശസ്ത ശാസ്ത്രജ്ഞൻ സി.ജി. ജംഗിന്‍റെ മനഃശാസ്ത്ര മേഖലയിലെ കണ്ടെത്തലുകൾ മനുഷ്യ പ്രകൃതിയുടെ ചില വശങ്ങളെ അനാവരണം ചെയ്യുകയും അദ്ദേഹത്തിന്‍റെ മനഃശാസ്ത്രത്തെ മിസ്റ്റിസിസവുമായി വളരെ അടുത്തെത്തിക്കുകയുമുണ്ടായി. മനസ്സ്, തലച്ചോറ് എന്നിവയെ പറ്റി പഠിക്കുന്ന റോബർട്ട് ഓൺസ്റ്റൈൻ, ആർതർ ഡെയ്ക്മാൻ തുടങ്ങിയ ആധുനിക ഗവേഷകരുടെ ഈ മേഖലയിലെ പുതിയ കണ്ടെത്തലുകൾക്ക് അദ്ദേഹം വഴിയൊരുക്കി.
ഹസ്രത്ത് ആസാദ് റസൂൽ(റ) 2006 നവംബർ 7-ന് അന്തരിച്ചു. സൂഫിസത്തിന്‍റെ സന്ദേശം ലോകമെമ്പാടും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം തന്‍റെ ജീവിതത്തിലെ അമ്പത്തിയഞ്ചിലേറെ വർഷങ്ങൾ അക്ഷീണം പ്രയത്നിച്ചു. ഇന്ത്യയിൽ മാത്രമല്ല, സൂഫിസത്തിന്‍റെ പ്രചാരണത്തിനായി ഓസ്‌ട്രേലിയ, കിഴക്കൻ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഉടനീളം യാത്ര ചെയത അദ്ദേഹത്തിന് ഇന്ന് ലോകമെമ്പാടും അനുയായികൾ ഉണ്ട്. ദി സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് എന്ന പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന് ഇപ്പോൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ശാഖകളും അമേരിക്ക, കാനഡ, ബ്രസീൽ, റഷ്യ, ഉസ്ബെക്കിസ്ഥാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, തുർക്കി, പോളണ്ട്, യുകെ, ഇറ്റലി, ജർമ്മനി, സ്വീഡൻ, ഈജിപ്ത്, ടുണീഷ്യ, എത്യോപ്യ, മലേഷ്യ, സിംഗപ്പൂർ, ഒമാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമുണ്ട്. (സ്കൂളിന്‍റെ വിവിധ കേന്ദ്രങ്ങളെക്കുറിച്ച് അറിയുവാൻ കോൺടാക്റ്റ് പേജ് കാണുക).
ഹസ്രത്തിന്‍റെ(റ) അധ്യാപനങ്ങളിൽ നിന്ന് പ്രയോജനം നേടിയ അന്വേഷകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർച്ച് ഫോർ ട്രൂത്ത്, സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് എന്നിവയിലൂടെ അദ്ദേഹത്തിന്‍റെ പ്രവർത്തനം തുടർന്നു പോവുന്നു. സൂഫി ശാഖകളുടെ പാതയിലെ പാരമ്പര്യം പോലെ അവരുടെ ജോലി തടസ്സമില്ലാതെ തുടരുന്നു. ഹസ്രത്തിന്‍റെ മകനും ഡെപ്യൂട്ടിയുമായ (ഖലീഫ) ഷെയ്ഖ് ഹാമീദ് ഹസൻ ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർച്ച് ഫോർ ട്രൂത്ത്, സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് എന്നിവയ്ക്ക് നേതൃത്വവും സൂഫിസത്തിന്‍റെ പാതയിലെ അന്വേഷകർക്ക് ദീക്ഷയും മാർഗനിർദേശവും നൽകി വരുന്നു.
മുജദ്ദിദി ശാഖയ്ക്ക് പ്രത്യേക ഊന്നൽ നൽകികൊണ്ട് സൂഫി മാർഗ്ഗത്തിലെ അഞ്ച് പ്രധാന പരമ്പരകളിൽ (നഖ്ഷബന്ദി, മുജദ്ദിദി, ചിശ്തി, ഖാദിരി, ശാദിലി) സ്കൂൾ ഓഫ് സൂഫി ടീച്ചിങ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി വരുന്നു.