മനുഷ്യസ്വഭാവത്തിൽ ശാസ്ത്രവും യുക്തിചിന്തയും ഇന്ന് വരെ കണ്ടെത്തിയിട്ടില്ലാത്ത, വിശകലനം ചെയ്തിട്ടില്ലാത്ത മേഖലകളെക്കുറിച്ചും മനുഷ്യശരീരത്തിലെ ജ്ഞാനത്തിന്‍റെ മറഞ്ഞിരിക്കുന്ന ഉറവിടങ്ങളെക്കുറിച്ചും ഗവേഷണം നടത്തുക എന്നതാണ് സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് ലക്ഷ്യമിടുന്നത്. ഈ അന്വേഷണം ആധുനികവും പരിഷ്കൃതവുമായ ശാസ്ത്രീയ സമീപനത്തോടൊപ്പം അനുഭവവേദ്യമായ ഒരു രീതി കൂടി പിന്തുടരേണ്ടതുണ്ട്. ഇത്തരത്തിൽ മനുഷ്യരുടെ വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാരവും രോഗങ്ങൾക്കുള്ള പ്രതിവിധിയും കണ്ടെത്തുകയാണ് വേണ്ടത്. മനുഷ്യരുടെയും പ്രപഞ്ചത്തിന്‍റെയും പ്രകൃതം, മനുഷ്യന് പ്രപഞ്ചത്തോടുള്ള ബന്ധം എന്നിവ സമകാലികലോകത്തിനു പ്രസക്തമായ രീതിയിൽ മനസ്സിലാക്കാനും സ്കൂൾ ശ്രമിക്കുന്നു.
വ്യക്തികളും മനുഷ്യരാശി മൊത്തത്തിലും നേരിടുന്ന ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ അവബോധം നമ്മെ സഹായിക്കും. ഭൗതികോർജ്ജവും ഭൗതികശാസ്ത്രത്തിന്‍റെ കണ്ടെത്തലുകളും മനുഷ്യരാശിയുടെ സേവനത്തിനു നിശ്ചയമായും ഉപയോഗിക്കണം. എന്നിരിക്കിലും മനുഷ്യന്‍റെ ആന്തരിക കഴിവുകളും സാധ്യതകളും കണ്ടെത്തി മനുഷ്യരാശിയുടെ പ്രയോജനത്തിനായി അവയെ വിനിയോഗിക്കുക എന്നതാണ് സൂഫി സ്കൂളിന്‍റെ മുഖ്യലക്ഷ്യം.
നമ്മൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത് മനുഷ്യത്മാവിൽ തന്നെ മറഞ്ഞിരിക്കുന്ന സ്നേഹത്തിന്‍റെ ശക്തിയെയാണ്. സങ്കുചിതത്വത്തിന്‍റേയും ഭൗതികതയുടെയും സ്വാർത്ഥതയുടെയും ബന്ധനങ്ങളിൽ നിന്ന് മനുഷ്യരെ മോചിപ്പിക്കുന്നത് സ്നേഹമാണല്ലോ. ആത്മത്യാഗം ചെയ്യുവാനും മറ്റുള്ളവരോട് സഹിഷ്ണുത, സഹാനുഭൂതി, ദയ എന്നിവ പുലർത്താനും ഈ ശക്തി അവരെ പ്രേരിപ്പിക്കുന്നു. സ്നേഹം എപ്പോഴും പ്രചോദിപ്പിക്കുന്നു, എന്നും പ്രേരണയായി നിൽക്കുന്നു, എവിടെയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു, എല്ലാവരെയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ആത്മസത്തയെയും അതിന്‍റെ മറഞ്ഞിരിക്കുന്ന ശക്തികളെയും കുറിച്ചുള്ള ധാരണ സഹജീവികളോടും മൊത്തത്തിൽ പ്രപഞ്ചത്തോടുമുള്ള നമ്മുടെ മനോഭാവവും പെരുമാറ്റവും സമരസപ്പെടുത്തുന്നതിന് സഹായകമാകും. ഇത് മനുഷ്യന്‍റെയും പ്രപഞ്ചത്തിന്‍റെയും അസ്തിത്വത്തിന്‍റെ ശക്തമായ ഇഴയടുപ്പത്തെ വെളിപ്പെടുത്തുകയും അതിരുകളില്ലാത്ത സ്നേഹത്തിന്‍റേയും സാർവത്രിക സാഹോദര്യത്തിന്‍റേയും ഒരു വിശ്വാസപ്രമാണം പുറപ്പെടുവിക്കുകയും ചെയ്യും.