മനുഷ്യകുലം ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്നു പരിശോധിക്കുമ്പോൾ നാം ഇപ്പോൾ എങ്ങനെ, എവിടെ എത്തിയെന്നു പര്യാലോചിക്കേണ്ടി വരും. ജീവിതത്തിന്‍റെ പരീക്ഷണഘട്ടങ്ങളിൽ വ്യക്തികൾക്ക് സഹായം തേടാൻ കഴിയുന്ന ഏതെങ്കിലും ഉയർന്ന ശക്തിയെക്കുറിച്ചു ഓരോ രാജ്യത്തിനും ചില ആശയങ്ങൾ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. സമൂഹങ്ങൾ ദൈവവുമായുള്ള ബന്ധം പ്രകടിപ്പിക്കുന്ന രീതികൾ ക്രമേണ ഔപചാരിക മതസ്ഥാപനങ്ങളും ആചാരാനുഷ്ഠനങ്ങളുമായി മാറി. മതപരമായ രീതികൾ പലപ്പോഴും അതതു സമൂഹത്തിന്റെ കാതലായി രൂപപ്പെടുകയും ചെയ്തു.
ശാസ്ത്രവിപ്ലവം മതത്തോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തി. യുക്തിസഹമായി തെളിയിക്കപ്പെടാത്തതിനാൽ, ഉയർന്ന ഒരു ശക്തി ഇല്ലെന്ന നിഗമനത്തിലേക്ക് പുതിയ ചിന്താരീതിയിൽ പല വ്യക്തികളും നയിക്കപ്പെട്ടു. മുൻകാലങ്ങളിൽ ജനങ്ങൾ ദൈവവുമായി ഒരു സാമുദായികബന്ധം പങ്കിട്ടിരുന്ന സ്ഥിതി മാറുകയും കാലക്രമേണ ദൈവവിശ്വാസം വ്യക്തിപരമായ ഇഷ്ടം മാത്രമായി ചുരുങ്ങുകയും ചെയ്തു. ഭക്തന്മാർ അല്ലെങ്കിൽ സംശയാലുക്കൾ, വിശ്വാസികൾ അല്ലെങ്കിൽ നിരീശ്വരവാദികൾ എന്ന തരത്തിൽ സമൂഹം വിഘടിച്ചു. ദൈവവിശ്വാസമില്ലാത്തവർ എന്ന് വിളിക്കാവുന്ന സംസ്കാരങ്ങൾ പോലും ഉടലെടുത്തു – അത് അവരിൽ ദൈവവിശ്വാസികൾ ഇല്ലാഞ്ഞതുകൊണ്ട് ആയിരുന്നില്ല, മറിച്ച് ആ സംസ്കാരങ്ങളുടെ മുഖ്യശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ആത്മീയമായ ക്ഷേമത്തേക്കാൾ ഭൗതിക പുരോഗതിയിൽ ആയിരുന്നത് കൊണ്ട് മാത്രം.
ശാസ്ത്രീയമായ ഉണർച്ചയും കണ്ടുപിടുത്തങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ അറിവ് വർദ്ധിപ്പിച്ചു. എന്നാൽ പുതിയ വിജ്ഞാനങ്ങളിൽ നിന്ന് ലഭിച്ച കഴിവുകളുടെ പേരിൽ കൂടുതൽ നന്ദിയുള്ളവരും താഴ്മയുള്ളവരും ആകുന്നതിനു പകരം മനുഷ്യർ അവയെ സ്വാർത്ഥലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു തുടങ്ങി. തത്‍ഫലമായി അവരുടെ ജീവിതത്തിനു സമാധാനവും സംതൃപ്തിയും നഷ്ടമായി. രാഷ്ട്രീയവും പാരിസ്ഥിതികവുമായ അനേകം അപരിഹാര്യപ്രശ്നങ്ങൾ കൂടി സമ്മാനിച്ചുകൊണ്ട് ഭൗതികവാദം മാനവരാശിയെ കൂടുതൽ ദുരിതത്തിലാക്കി. സമൂഹത്തിൽ അത്യാഗ്രഹവും ദോഷൈകദർശനവും തഴച്ചുവളർന്നു. മാനവരാശിയുടെ നിലനിൽപ്പിനെത്തന്നെ സ്വയം നശിപ്പിക്കാൻ പോന്ന വിധം, വർഗങ്ങളും അവരുടെ ഭിന്നതാല്പര്യങ്ങളും തമ്മിലും പ്രകൃതിയും അതിലെ നിവാസികളും തമ്മിലുമുള്ള സംഘർഷങ്ങൾ ആഴത്തിലായി.
അതിഗംഭീരമായ യന്ത്രസംവിധാനങ്ങൾ ഉള്ള ഒരു വലിയ ഫാക്ട്ടറിയിൽ ആരും നിയന്തിക്കാനില്ലാത്ത കൗതുകശാലിയും അസ്വസ്ഥനുമായ ഒരു കുട്ടിയെപ്പോലെയായി മാനവകുലം. തനിക്ക് നിയന്ത്രിക്കാനറിയാത്ത യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച ശേഷം അത് നിയന്ത്രണത്തിനപ്പുറം ഓടുമ്പോൾ, അമ്പരപ്പോടെയും നിസ്സഹായതയോടെയും ഭയന്ന് നിൽക്കാൻ മാത്രം കഴിയുന്നൊരു കുട്ടി. യന്ത്രസാമഗ്രികളുടെ ശക്തി കണ്ട് ആവേശത്തിനും ഭയത്തിനും ഇടയിൽ കുടുങ്ങിയ ആ കുട്ടിയെപ്പോലെ മനുഷ്യകുലം ഇന്ന് അവരുണ്ടാക്കിയ സാങ്കേതികവിദ്യകളുടെ സുഖസൗകര്യങ്ങൾക്കിടയിലും അരക്ഷിതാവസ്ഥയിൽ കുടുങ്ങിപ്പോയിരിക്കുന്നു.
ഈ കാലഘട്ടത്തിന്‍റെ അടിസ്ഥാനപരമായ അബദ്ധം ബാഹ്യ യാഥാർത്ഥ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും മനുഷ്യഹൃദയത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന ലോകത്തെ അവഗണിക്കുകയും ചെയ്യുന്നതാണ്. യുക്തിചിന്തയും ജ്ഞാനേന്ദ്രിയങ്ങളുടെ ഉണർവുകളും മാത്രമാണ് അറിവിന്‍റെ സ്രോതസ് എന്ന് വിശ്വസിച്ചതു കൊണ്ട് ഈ അറിവുകളുടെ രീതിക്ക് അതീതമാകുവാൻ മനുഷ്യർ പരാജയപ്പെട്ടുപോയി. സാധ്യതയുടെ മറ്റ് മാനങ്ങൾ ഉപയോഗിക്കപ്പെടാതെ കിടന്നു. ഈ മഹാ പ്രപഞ്ചത്തെകുറിച്ചുള്ള അപൂർണ്ണവും ഏകമാനവുമായ ധാരണകളിൽ കുടുങ്ങിയ മനുഷ്യർക്ക് അവരുടെ രോഗങ്ങൾക്കുള്ള ഒരു പരിഹാരവും കണ്ടെത്താൻ കഴിഞ്ഞില്ല.
ശാസ്ത്രസാങ്കേതികവിദ്യകളുടെ എല്ലാത്തരം നേട്ടങ്ങൾ ഉണ്ടായിട്ടും മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവയ്ക്ക് കഴിയില്ലെന്ന സത്യം 20-ആം നൂറ്റാണ്ടിന്‍റെ അവസാനപകുതിയാകുമ്പോൾ കൂടുതൽ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ദൈവീകതയുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് ക്രമേണ സമൂഹങ്ങൾ ഉണർന്നു തുടങ്ങി.
മനുഷ്യരാശി ഇപ്പോൾ നേരിടുന്ന പ്രതിസന്ധികൾ സൃഷ്ടിച്ച ശാസ്ത്രത്തിനു തന്നെ ശാസ്ത്ര സമീപനത്തേയും പരീക്ഷണ മുറകളെയും വിശാലമായ വീക്ഷണത്തിൽ ധരിച്ചാൽ മനുഷ്യരാശിയെ അതിന്‍റെ കഷ്ടപ്പാടുകളിൽ നിന്ന് മോചിപ്പിക്കുകയും സമാധാനത്തിന്‍റെയും സന്തുലിതാവസ്ഥയുടെയും അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു പാത രൂപപ്പെടുത്താൻ ശാസ്ത്രത്തെ ഉപയോഗിക്കാനാകും.
ആഗോളതലത്തിലെ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി മനുഷ്യപ്രകൃതിയിൽ തന്നെ അന്വേഷിക്കണം. ബാഹ്യ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള പഠനത്തിന് മാത്രം മനുഷ്യരാശിയുടെ ഏറ്റവും ഉയർന്ന സാധ്യതകൾ നിറവേറ്റുന്നതിന് ആവശ്യമായ പൂർണ്ണമായ അറിവ് നൽകാൻ കഴിയില്ല. മനുഷ്യന്‍റെ ആന്തരിക ലോകത്തെ ആഴത്തിൽ പഠിക്കേണ്ടതും വിശകലനം ചെയ്യേണ്ടതും അതെപോലെത്തന്നെ പ്രധാനമാണ്. പഠനത്തിന്‍റെ ഈ രണ്ട് വശങ്ങളും സംയോജിപ്പിച്ചാൽ മാത്രമേ മനുഷ്യരാശിയുടെ യഥാർത്ഥ ലക്ഷ്യസ്ഥാനം മനസ്സിലാക്കുവാനും അതിൽ എത്തിച്ചേരാനുള്ള മാർഗം കണ്ടെത്തുവാനും കഴിയൂ.
മതങ്ങളുടെയും ആത്മീയ പാരമ്പര്യങ്ങളുടെയും വിശ്വാസപ്രമാണങ്ങൾ എല്ലായ്പ്പോഴും ഈ അടിസ്ഥാന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവയെല്ലാം മനുഷ്യരാശിക്ക് ദൈവം നൽകിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുംവിധം അതതു കാലഘട്ടങ്ങളിlൽ ലോകവീക്ഷണവും പ്രായോഗിക മാർഗനിർദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഈ പഠനങ്ങള്‍ ജ്ഞാനത്തിന്‍റെ ഉറവിടങ്ങളായി ഇന്നും തുടരുന്നു. എന്നാൽ കാലവും സാഹചര്യങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ, അവയുടെ വ്യാഖ്യാനങ്ങൾ സ്ഥൂലവും സുസ്ഥിരവും ആകാൻ അനുവദിക്കരുത്. അവരുടെ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളുമായി അവർ പൊരുത്തപ്പെടുത്തിയതിനാൽ അന്ന് ആ പഠനങ്ങള്‍ പ്രാവർത്തികമായി. നമ്മുടെ കുട്ടികളുടെ കാലഘട്ടത്തിലും അവ പ്രാവർത്തികമാണമെങ്കിൽ നമ്മുടെ കുട്ടികളുടെ ആവശ്യങ്ങളുമായും അത് പൊരുത്തപ്പെടുത്തേണ്ടതുണ്ട്.
ഞങ്ങളുടെ സൂഫിപരമ്പര ആന്തരികവും ബാഹ്യവുമായ പഠനങ്ങൾ, വ്യക്തിപരവും ആഗോളവുമായ ആശങ്കകൾ, പരമ്പരാഗതജ്ഞാനം, ഭാവിപരിഗണനകൾ എന്നിവയെ സംയോജിപ്പിക്കുന്നു. ആറ്റങ്ങൾക്കുള്ളിൽ അപരിമേയമായ ഊർജ്ജം അടങ്ങിയിരിക്കുന്നു എന്ന ദൃഢവിശ്വാസത്തെപ്പോലെ, ദ്രവ്യത്തിന്‍റെ ഏറ്റവും വികസിത രൂപമായ മനുഷ്യശരീരവും അനന്തമായ സാധ്യതകളുടെ ഒരു സംഭരണിയാണെന്ന ബോധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് അതിന്‍റെ അദ്ധ്യാപനങ്ങൾ. സ്‌ഫുടം ചെയ്‌ത ശാസ്‌ത്രീയ സമീപനവും പരീക്ഷണരീതിയും ഉപയോഗിച്ച് സൂഫി സാധകൻ അത് തിരയുന്നു. മനുഷ്യൻ, പ്രപഞ്ചം, പ്രപഞ്ചവുമായുള്ള മാനവികതയുടെ ബന്ധം എന്നിവയുടെ അനിവാര്യമായ സ്വഭാവം കാലികപ്രസക്തമായ രീതിയിൽ മനസ്സിലാക്കാൻ അവർ ശ്രമിക്കുന്നു.
ഈ കണ്ടെത്തലുകൾ മനുഷ്യരുടെ വ്യക്തിപരവും സംയോജിതവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നമ്മെ സഹായിക്കും. ഭൗതിക ശാസ്ത്ര കണ്ടുപിടുത്തങ്ങൾ മനുഷ്യരാശിയുടെ സേവനത്തിനു വേണ്ടി തുടർന്നും ഉപയോഗിക്കേണ്ടതാണെങ്കിലും സൂഫിസം ലക്ഷ്യമിടുന്നത് മനുഷ്യന്‍റെ ഉള്ളിലെ കഴിവുകൾ കണ്ടെത്താനും എല്ലാ സൃഷ്ടികളുടെയും പ്രയോജനത്തിനായി അവയെ ഉപയോഗപ്പെടുത്താനുമാണ്.
സൂഫികൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത് തന്‍റെ ഉള്ളിൽത്തന്നെ മറഞ്ഞിരിക്കുന്ന രഹസ്യശക്തിയായ സ്നേഹത്തെയാണ്. സങ്കുചിതത്വത്തിന്‍റെയും ഭൗതികതയുടെയും സ്വാർത്ഥതയുടെയും ബന്ധനങ്ങളിൽ നിന്ന് മനുഷ്യരെ മോചിപ്പിക്കുന്നത് സ്നേഹമാണല്ലോ. സഹിഷ്ണുത, സഹാനുഭൂതി, ദയ, ആത്മത്യാഗം എന്നിവയിലൂടെ ആവിഷ്കാരം കണ്ടെത്തുന്നത് സ്നേഹമാണല്ലോ. സ്നേഹം എപ്പോഴും പ്രചോദിപ്പിക്കുന്നു, എന്നും പ്രേരണയായി നിൽക്കുന്നു, എവിടെയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു… തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.
ഭാവി എന്തായിരിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ. എന്നാൽ, മനുഷ്യത്വം തലമുറതലമുറയായി പരിണമിക്കുന്നേരം സ്വന്തം സ്വത്വത്തെയും ദൈവത്തെയും കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം, മറ്റു ജീവജാലങ്ങളുടെയും നമ്മുടെ ആവാസ വ്യവസ്ഥയുടെയും പ്രപഞ്ചത്തിന്‍റെ തന്നെയുമുള്ള ആവശ്യങ്ങൾക്കനുസരിച്ചു നമ്മുടെ മനോനിലയും പെരുമാറ്റവും ക്രമീകരിക്കുന്നതിനുള്ള ഏറ്റവും മികച്ച പ്രതീക്ഷയായി നിലനിൽക്കും. ഈ ഒരു ജ്ഞാനം മനുഷ്യന്‍റെ അസ്തിത്വം, സൃഷ്ടിപ്രപഞ്ചം, സ്രഷ്ടാവ് എന്നിവയുടെ പരസ്പര ബന്ധത്തെ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ പ്രാപ്തരാക്കും. ദൈവം ഇച്ഛിച്ചാൽ, ഈ ഒരു ജ്ഞാനം കൊണ്ട് നമ്മുടെ കുട്ടികൾക്ക് സാർവത്രിക സാഹോദര്യത്തിലൂന്നിയ ഒരു വിശ്വാസപ്രമാണം ലോകത്ത് പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയും. നമ്മുടെ പൗത്രന്മാര്‍ക്കു ദൈവത്തിന്‍റെ അതിരുകളില്ലാത്ത സ്നേഹത്തിലൂടെ എല്ലാ മനുഷ്യരും അഭിവൃദ്ധി പ്രാപിക്കുന്നതു കാണുവാൻ കഴിയുന്ന ഒരു ദിവസം വരെ ഒരു പക്ഷെ ജീവിക്കാനും സാധിച്ചേക്കും .