ഇസ്ലാമിന്‍റെ ആത്മീയമാനവുമായി സൂഫിസം എല്ലായ്‌പ്പോഴും ബന്ധപ്പെട്ടിരുന്നുവെങ്കിലും ഇസ്‌ലാം മതം സ്ഥാപിതമായ ശേഷമുള്ള ഏറെക്കാലത്തോളം “സൂഫിസം” എന്ന പദം ഉപയോഗിച്ചിരുന്ന തായി കാണുന്നില്ല. അപ്പോൾ സൂഫിസത്തിന്‍റെ ചരിത്രം എന്താണ്, അത് എവിടെ നിന്നാണ് ഉത്ഭവിച്ചത്?
ഉൽക്കടമായ ആഗ്രഹവും ആത്മീയ അശാന്തിമൂലവും പ്രാർത്ഥന, ധ്യാനം എന്നിവയിൽ സമയം ചിലവഴിക്കാൻ പ്രേരിതരായ വ്യക്തികൾ എല്ലാ ദേശകാലങ്ങളിലും ഉണ്ടായിരുന്നു. പ്രവാചകനെന്ന നിലയിലുള്ള വെളിപാടുകൾ ലഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ദൈവത്തെ ആരാധിക്കുന്നതിനായി മക്കയ്ക്ക് പുറത്തുള്ള ഒരു ഗുഹയിലേക്ക് ഇടയ്ക്കിടെ പിൻവാങ്ങാറുണ്ടായിരുന്ന ആളായിരുന്നു പ്രവാചകൻ മുഹമ്മദ് നബി (സ).
ക്രമേണ മുസ്‌ലിംകളുടെ ആദ്യകാലസമൂഹം ഉയർന്നുവന്നപ്പോൾ, മുഹമ്മദിന്‍റെ കൂട്ടാളികളിൽ ചിലരും അവരുടെ ദൈവസ്‌നേഹത്തിന്‍റെ ആഴത്തിലുള്ള പ്രകടനത്തിലും പൂർത്തീകരണത്തിലും ആഭിമുഖ്യം ഉള്ളവരായി.
“താങ്കൾ (മുഹമ്മദ്) രാത്രിയുടെ മൂന്നിൽ രണ്ട് ഭാഗവും ചിലപ്പോൾ അതിന്‍റെ പകുതിയോ മൂന്നിലൊന്നോ, ദൈവമാർഗ്ഗത്തിൽ ഉണർന്നിരിക്കുന്നുവെന്ന് തീർച്ചയായും നിങ്ങളുടെ രക്ഷിതാവിന് അറിയാം,“ [ഖുർആൻ, LXXIII, 20]
സൂഫി കർമങ്ങളുടെ അടിസ്ഥാന മാർഗനിർദേശങ്ങളുടെ രൂപം ഖുർആനിലും പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ അധ്യാപനങ്ങളിലും കണ്ടെത്താം. ഉദാഹരണത്തിന്, മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റ അല്ലെങ്കിൽ പാലായന വേളയിൽ ഒരു ഗുഹയിൽ രണ്ടുപേരും അഭയം തേടിയപ്പോൾ ദൈവ നാമം (ദിക്ർ ഖാഫി) നിശ്ശബ്ദമായി ചെയ്യുന്ന രീതി പ്രവാചകൻ (സ) തന്‍റെ അനുചരനായ അബൂബക്കറിനെ (D. 634 CE) ആദ്യമായി പഠിപ്പിച്ചു. ദൈവസ്തുതികൾ ഉച്ചത്തിൽ ചൊല്ലുന്ന സൂഫിസമ്പ്രദായം (ദിക്ർ ജാലി) പ്രവാചകൻ (സ) തന്‍റെ മരുമകനും ഇസ്‌ലാം സ്വീകരിച്ച ആദ്യത്തെ വ്യക്തിയുമായ അലിക്ക് (D. 661 C.E.) നൽകിയ മാർഗ്ഗനിർദ്ദേശത്തിൽ നിന്ന് മനസ്സിലാക്കാം.
പ്രവാചകന്‍റെ (സ) മിറാജ് അഥവാ സ്വർഗ്ഗത്തിലേക്ക് പോയ രാത്രിയാത്ര, ആത്മീയ പാതയുടെ രൂപകമായി ആത്മീയവാദികൾക്ക് ഏറെക്കാലം പ്രചോദനം നൽകിപ്പോന്നിട്ടുണ്ട്. ദൈവം പ്രവാചകനെ (സ) മക്കയിൽ നിന്ന് ജറുസലേമിലേക്ക് ഉടലോടെ കൊണ്ടുപോകുകയും അവിടെ നിന്ന് ഏഴ് ആകാശങ്ങളും കടന്ന് ദൈവസന്നിധിയിൽ (“രണ്ട് വില്ലുകൾ” ക്കുള്ളത്ര അടുത്ത്) എത്തിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ സൂഫിവര്യന്മാരും സ്ഥലകാലങ്ങളുടെ ഭൗതിക പരിമിതികളെ മറികടന്നു ദൈവികതയിലേക്ക് അടുക്കാൻ അനവരതം പ്രയത്നിക്കുന്നു. ഈ സംഭവവും മറ്റ് ഉദാഹരണങ്ങളും തെളിയിക്കുന്നത് മുഹമ്മദ് നബി (സ)യുടെ ജീവിതത്തിൽ ശക്‌തമായ ഒരു ആത്മീയ തലം ഉണ്ടായിരുന്നു എന്നാണ്.
“സൂഫികൾ” എന്ന മേൽവിലാസം നൽകപ്പെട്ട ആദ്യ വ്യക്‌തികളുടെ ഉദയം ഏഴാം നൂറ്റാണ്ടിലെയും എട്ടാം നൂറ്റാണ്ടിലെയും ചരിത്ര സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്രിസ്ത്വാബ്ദം 622നും 632നും മദ്ധ്യേ സമത്വം, നീതി, സമവായം, ദൈവഭക്തി, സംവേദനാത്മക നേതൃത്വം എന്നിങ്ങനെയുള്ള ഇസ്ലാമിക തത്വങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സമൂഹത്തെ മുഹമ്മദ് നബി (സ) മദീനയിൽ രൂപപ്പെടുത്തി. അദ്ദേഹത്തിന്‍റെ കാലശേഷം അധികാരത്തിലിരുന്ന ആദ്യ നാല് പിൻഗാമികളായ ഖലീഫമാരും പ്രവാചകന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പിന്തുടർന്നുപോന്നു. ഖുർആനിന്‍റേയും സുന്നത്തിന്‍റേയും (പ്രവാചകന്‍റെ വാക്കുകളും പ്രവർത്തികളും പെരുമാറ്റ മാതൃകകളും) അധ്യാപനങ്ങൾക്ക് അനുസൃതമായി അവർ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം പ്രദേശങ്ങൾ ഭരിച്ചു.
ഹിജ്റയുടെ നൂറു വർഷത്തിനുള്ളിൽ തന്നെ കാര്യമായ രാഷ്ട്രീയ പ്രക്ഷുബ്ധതകൾ ഉണ്ടാവുകയും മുസ്ലീം സമുഹത്തിന്‍റെ നേതൃത്വം ഏറ്റവും മതഭക്തരായ അംഗങ്ങളിൽ നിന്ന് കൈമോശം വരികയും ചെയ്തു. തങ്ങളുടെ ഭരണാധികാരികൾ ലൗകികകാര്യങ്ങളിലും സ്വാർത്ഥ ലക്ഷ്യങ്ങളിലും മുഴുകിയിരിക്കുകയാണെന്ന് സമുദായത്തിലെ വിവിധവിഭാഗങ്ങൾ മനസ്സിലാക്കി. അറിയപ്പെടുന്നവരും ആദരണീയരുമായ നിരവധി മുസ്‌ലിംകൾ അധികാരകേന്ദ്രങ്ങളിൽ നിന്ന് പൂർണമായി ബന്ധം മുറിച്ചു. മുഹമ്മദ് നബി(സ)യുടെ കാലശേഷം ഇരുന്നൂറ് വർഷത്തിനകം തന്നെ മതേതര ഭരണകൂടത്തെ നിരാകരിച്ചവരിൽ ചിലർ സൂഫികൾ എന്ന് വിളിക്കപ്പെടാൻ തുടങ്ങി. പേർഷ്യൻ ശൈഖ് അബു ഹാഷിം കൂഫി (റ) (ഏകദേശം 776 സി.ഇ) ആണ് ഈ പേരിൽ അറിയപ്പെട്ട ആദ്യവ്യക്തി. AD 660 നും 850 നും ഇടയിൽ ആദ്യകാല സൂഫീ ഹൽഖകൾ ഉയർന്നുവന്നു.
സൂഫി അധ്യാപനങ്ങളുടെ പ്രചാരത്തിന്‍റെ രണ്ടാം ഘട്ടം ഇസ്ലാമിക ചരിത്രത്തിന്‍റെ മറ്റൊരു പ്രധാനവശവുമായി ഇഴചേർന്ന് കിടക്കുന്നു. 850 C.E മുതൽ പത്താം നൂറ്റാണ്ട് വരെയുള്ള കാലത്ത് ഗ്രീക്ക് തത്ത്വചിന്തയും ശാസ്ത്രവും മുസ്ലീങ്ങൾക്കിടയിൽ നല്ല തോതിൽ പ്രചാരത്തിലായി. അതോടെ ഇസ്ലാമികസമൂഹം യുക്തിവാദത്തിന്‍റെ കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ട നില സംജാതമായി. സാധാരണക്കാർക്കു തങ്ങളുടെ മതവിശ്വാസങ്ങളുടെ അടിത്തറ ഇളകിയതായി തോന്നിത്തുടങ്ങി. സംശയങ്ങൾ അവരെ അലട്ടിക്കൊണ്ടിരുന്നു. ഗ്രീക്ക്കാരുടെ പക്കൽ നിന്ന് വന്ന ഈ സ്വാധീനങ്ങളെ ചെറുക്കാൻ സൂഫി ആചാര്യന്മാർ ഉൽക്കടമായ പ്രണയം (ഇഷ്‌ക് ) എന്ന സിദ്ധാന്തത്തിനും ഹൃദയത്തിന്‍റെ ആത്മീയ അവസ്ഥകളുടെ അനുഭവങ്ങൾക്കും ഊന്നൽ നൽകി.
സൂഫിസത്തിന്‍റെ വികാസത്തിന്‍റെ മൂന്നാം ഘട്ടം സി.ഇ പത്താം നൂറ്റാണ്ടിലാണ് നടന്നത്. ഈ കാലഘട്ടത്തിലെ സൂഫി ആചാര്യൻമാർ ജനങ്ങളുടെ ദൈനംദിനജീവിതത്തിൽ സദാസാന്ദ്രമാകുന്ന തരത്തിൽ മതബോധത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. മനുഷ്യഹൃദയങ്ങൾ മതേതരമായ ആശങ്കകളിൽ വ്യാപരിക്കുന്നിടത്തോളം കാലം മനുഷ്യന്‍റെ പെരുമാറ്റം മെച്ചപ്പെടില്ലെന്ന് അവർ മനസ്സിലാക്കി. ലൗകികമായ അന്വേഷണങ്ങളും യുക്തിവാദ ചിന്തകളും കൊണ്ട് ഉണ്ടായ പുതിയ മാനസികാവസ്ഥയെ മറികടക്കുവാൻ അവർ ആത്മശുദ്ധീകരണത്തിന് ഊന്നൽ നൽകി. ധാർമ്മികതയിൽ ഊന്നിയ ഒരു ഭൗതികജീവിതത്തിന് അച്ചടക്കത്തിന്‍റെ ചട്ടക്കൂടു നൽകിക്കൊണ്ട് മനുഷ്യരുടെ ആത്മീയജീവിതത്തെ പുനരുജ്ജീവിപ്പിക്കാൻ സൂഫിവര്യന്മാർ സഹായിച്ചു.
പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ സൂഫിസം പരക്കെ ആദരിക്കപ്പെട്ട ഒരു വിജ്ഞാനശാഖയായി മാറി. ഈ വിഷയങ്ങൾ പഠിപ്പിക്കാൻ അനേകം പണ്ഡിതന്മാരും ആത്മീയ ഗുരുക്കന്മാരും ഈ കാലഘട്ടത്തിൽ രംഗത്ത് വന്നതോടെ സൂഫി സമ്പ്രദായങ്ങളും പദപ്രയോഗങ്ങളും ശക്തമായ അടിത്തറ നേടി.അതോടെ സൂഫിപാതയിൽ ത്വരീഖകൾ (ശാഖകൾ) സ്ഥാപിതമായി.
പതിമൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, സൂഫിസം ആത്മീയ ഉണർവിനുള്ള, വ്യക്തമായി നിർവചിക്കപ്പെട്ട ഒരു ശാസ്ത്രമായി പരിണമിച്ചു. ശൈഖുമാർ നിരന്തരമായ പരീക്ഷണങ്ങളിലൂടെയും നീണ്ട അന്വേഷണത്തിലൂടെയും ആത്മശുദ്ധീകരണത്തിനായി, കൈമാറ്റം ചെയ്യാവുന്നതും ഫലപ്രാപ്തി കൊണ്ട് അനുചരന്മാരുടെ അനുഭവത്താൽ സാക്ഷ്യപെടുത്തപ്പെട്ടതുമായ വിദ്യകളും വികസിപ്പിച്ചെടുത്തു. സൂഫി തരീഖകൾ ഒരു മിസ്റ്റിക്കൽ പ്രസ്ഥാനത്തിന്‍റെ വ്യാപനത്തിന് അടിസ്ഥാനമായി മാറുകയും മനുഷ്യരാശിയുടെ അടിസ്ഥാനപരമായ ആത്മീയ അന്വേഷണത്തിന് പുതു ജീവൻ നൽകുകയും ചെയ്തു.