സമകാലികസമൂഹത്തിനു മാത്രമല്ല ഭാവിയിൽ വരാനിരിക്കുന്ന മാനവരാശിയുടെ ദിശയെ രൂപപ്പെടുത്തുന്നതിനുള്ള കാര്യങ്ങളിലും സൂഫിസത്തിന്‍റെ സമീപനം തികച്ചും പ്രസക്തമാണ്. സാമുദായികമൂല്യങ്ങൾ, സാംസ്കാരിക വൈവിധ്യം, പരിസ്ഥിതി സംരക്ഷണം, സാമ്പത്തികസമത്വം, സംഘർഷപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം തന്നെ ഇസ്ലാമിന്‍റെ അധ്യാപനങ്ങളിൽ പരിഗണിക്കപ്പെടുന്നുണ്ട്. ചരിത്രപരമായിത്തന്നെ പല സൂഫി ആചാര്യന്മാരും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതായി കാണാം. ഇന്ന് സൂഫി സമ്പ്രദായങ്ങൾ അവലംബിച്ചു ജീവിക്കുന്ന ആളുകൾ സുസ്ഥിരവികസനം, വിദ്യാഭ്യാസം, ചികിത്സ, രക്ഷാകർതൃത്വം, ശാസ്ത്രസാങ്കേതികവിദ്യകൾ, മറ്റു സാംസ്കാരങ്ങളുമായുള്ള ആശയവിനിമയം എന്നിങ്ങനെ പല മേഖലകളിലും തസ്വവ്വുഫിൽ നിന്നു ലഭിച്ച ഉൾക്കാഴ്ച പ്രവർത്തികമാക്കിക്കൊണ്ടിരിക്കുന്നു.
എന്നാൽ ആഗോളപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള സൂഫിസത്തിന്‍റെ ഏറ്റവും വലിയ ഉപാധി സാമൂഹിക പ്രവർത്തനങ്ങളിലെ പാരമ്പര്യമല്ല. സൂഫിസത്തിന്‍റെ ശിഷ്യന്മാർ സേവനത്തെ ഒരു ലക്ഷ്യം എന്നതിനേക്കാൾ മാർഗം ആയാണ് കാണുന്നത്. മനുഷ്യഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾ അടിസ്ഥാനപരമായി പരിഹരിക്കാതെ മാനവികതയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഓരോ പ്രശ്നങ്ങളെയും അതെ തലത്തിൽ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ വിജയിക്കുമെന്ന് തോന്നിയാലും അത് പരാജയപ്പെടാൻ ആണ് കൂടുതൽ സാധ്യത. പുറത്തു കാണുന്ന പ്രകടനങ്ങൾക്കപ്പുറം എല്ലായിടത്തുമുള്ള മനുഷ്യരുടെ ഹൃദയങ്ങളിലേക്ക്, നമ്മുടെ തന്നെ ഹൃദയത്തിലേക്ക് നാം നോക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ഹൃദയം പരിശുദ്ധമാണെങ്കിൽ, അവന്‍റെ അല്ലെങ്കിൽ അവളുടെ വികാരങ്ങൾ ശുദ്ധവും പ്രബുദ്ധവും ആണെങ്കിൽ ആ വ്യക്തി ലോകത്തിനു ഒരു തടസ്സവും ഉണ്ടാക്കുകയില്ല. അത്തരം വ്യക്തി ഏതെങ്കിലും പ്രശ്നത്തിന്‍റെ ഭാഗമല്ല, മറിച്ച് പരിഹാരത്തിന്‍റെ ഭാഗത്തായിരിക്കും. സ്വന്തം ഹൃദയങ്ങളെ പ്രബുദ്ധമാക്കുവാൻ കൂടുതൽ ആളുകൾ ശ്രമിക്കുകയാണെങ്കിൽ, അവർ ഓരോരുത്തരും മാനവികതയുടെ പ്രശ്നങ്ങൾക്കുള്ള ഉത്തരത്തിന്‍റെ ഭാഗമായി മാറും. ഉച്ചകോടികളും ആഗോളസമിതികളും ഭരണസംവിധാനങ്ങളും സൂഫികളാൽ പ്രതിനിധീകരിക്കപ്പെട്ടിരുന്നെങ്കിൽ ലോകം ഇന്നത്തെ അവസ്ഥയിലാകുമായിരുന്നില്ല!
സൂഫിസത്തിന്‍റെ പാതയിലെ സമർപ്പിതമായ പരിശീലനം മാനസികമായി തികച്ചും സംയോജിതവും രൂപാന്തരപ്പെട്ടതുമായ ഒരു മനുഷ്യനെ സൃഷ്ടിക്കുന്നു. അത്തരമൊരു വ്യക്തിക്ക് തന്‍റെ സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന ഒരാൾ ആകാനേ സാധിക്കൂ. അവരുടെ ഭൗതികമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം സ്വയം ശുദ്ധീകരിക്കുകയും ആന്തരികമായി ശ്രദ്ധപുലർത്തുകയും ചെയ്യുന്ന പരിഷ്കൃതരായ ആളുകളെ ഇന്നത്തെ സമൂഹത്തിന് അനിവാര്യമായും ആവശ്യം ഉണ്ട്. പരിശുദ്ധവും സ്നേഹമസൃണവുമായ ഹൃദയത്തോടെ പ്രവർത്തിക്കുന്ന ആളുകളെ നമ്മുടെ എല്ലാ സമൂഹങ്ങളിലും ആവശ്യമാണ്.
ഒരാൾക്ക് ഒറ്റയ്ക്ക് ലോകത്തെ മാറ്റാൻ സാധിക്കുകയില്ല. ഓരോ വ്യക്‌തിക്കും അവനെ അല്ലെങ്കിൽ അവളെ മാറ്റാൻ സാധിക്കും , അങ്ങനെ സ്വയം മാറാൻ കഴിഞ്ഞാൽ ,സ്വയം മാറുവാൻ മറ്റുള്ളവരെ സ്വാധീനിക്കാൻ സാധിക്കും സാധിക്കും. സൂഫിസം ഒരു കാലത്തും ഒരു ബഹുജന പ്രസ്ഥാനമായിരുന്നില്ല; ഇപ്പോഴുമല്ല. വ്യക്തിഗതമായ തലത്തിലാണ് സൂഫിസം പ്രവർത്തിക്കുന്നത്. ഇരുട്ടിൽ മെഴുകുതിരികൾ കത്തിക്കാൻ അത് ശ്രമിക്കുന്നു. ഈ രീതിയിൽ, സൂഫിസം സമൂഹത്തിൽ ഒരു പ്രത്യേകഫലം വിളയിച്ചു കൊണ്ടിരിക്കുന്നു. ആ വിളവെടുപ്പിന്‍റെ ഫലം മുമ്പെന്നത്തേക്കാളും ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ് താനും.