ആത്മീയതയിലേക്ക് തിരിയുന്ന പലരെയും പോലെ, കൗമാരം മുതൽ ഞാനും ജീവിതത്തിന്‍റെ ആഴത്തിലുള്ള അർഥം അന്വേഷിച്ചു കൊണ്ടിരുന്നു. ആ വഴിയിൽ നിരവധി തെറ്റായ വളവുകളും അടഞ്ഞ വഴികളും ഉണ്ടായിരുന്നു. കൗമാരകാലത്തു തന്നെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടു. ജീവിതമെന്ന പ്രതിഭാസം സ്‌കൂളിൽ പഠിപ്പിക്കുന്നതിനേക്കാളും മാതാപിതാക്കൾക്ക് അറിയാവുന്നതിനേക്കളുമെല്ലാം അപ്പുറത്തുള്ള എന്തോ ഒന്ന് ആണെന്ന അവബോധം എന്നിൽ വളരാൻ തുടങ്ങി.
ഐസ്ക്രീം വിൽപ്പനക്കാരൻ എനിക്ക് കടുംനിറമുള്ള എൽഎസ്ഡി ടാബുകൾ വിൽക്കുമ്പോൾ അവ എടുത്ത് അതിശയകരമായ സാഹസികത കാണിക്കുമെന്ന് ഒരിക്കൽ ഞാൻ ദിവാസ്വപ്നം കണ്ടു. പിന്നീട് ഞാൻ യഥാർത്ഥ ജീവിതത്തിൽ എൽഎസ്ഡി ഉപയോഗിക്കാൻ തുടങ്ങി. എന്‍റെ അനുഭവങ്ങൾ കൂടുതൽ അരോചകമായതിനാൽ പിന്നീട് ഞാനത് ഉപേക്ഷിച്ചു. എന്‍റെ ആദ്യ അനുഭവങ്ങളിലൊന്ന് പ്രപഞ്ചം പ്രണയത്താൽ നിർമ്മിതമാണ് എന്നും എങ്ങും വ്യാപകമായ ആ സ്നേഹത്തിൽ ഒരാൾക്ക് പൂർണ്ണമായും വിശ്വസിക്കാൻ കഴിയും എന്നുമുള്ള തോന്നൽ ആയിരുന്നു.
എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഞാൻ ശ്രമിച്ചുവെങ്കിലും ഞാൻ എന്താണ് സംസാരിക്കുന്നതെന്ന് പോലും അറിയുന്ന ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല! എന്‍റെ ഇരുപതുകളുടെ തുടക്കത്തിൽ ബുദ്ധമതത്തിൽ ഒരു യഥാർത്ഥ പാത കണ്ടെത്തിയതായി എനിക്ക് തോന്നി. ഉള്ളിലേക്ക് തിരിയുന്നതിലൂടെയാണ് സത്യവും അർത്ഥവും കണ്ടെത്തേണ്ടത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ടായിരുന്നു. ‘ജ്ഞാനോദയം’ എന്ന ആശയം മുറുകെപ്പിടിച്ചു കൊണ്ട് ബുദ്ധധ്യാനത്തെക്കുറിച്ചുള്ള പാഠങ്ങൾ ഞാൻ കണ്ടെത്തി. ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ആ സമയത്തെ ബോധ്യം എന്ന് ഞാൻ കരുതിയത് യഥാർത്ഥത്തിൽ ഒരു പ്രതീക്ഷ മാത്രമായിരുന്നെന്നു ഇപ്പോൾ മനസ്സിലാകുന്നു. ബുദ്ധമതത്തിന്‍റെ വർണ്ണാഭവും മാന്ത്രികവും അമ്പരപ്പിക്കുന്നതുമായ ടിബറ്റൻ രൂപങ്ങളുമായി ഇടപെട്ടതിനു ശേഷം പാശ്ചാത്യ ബുദ്ധമതക്രമം സ്ഥാപിച്ച ഒരു ഇംഗ്ലീഷ് ബുദ്ധമത അനുയായിയിലൂടെ ഞാൻ അക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കണ്ടെത്തി.
സംഘരക്ഷിത ബൗദ്ധികമായി ഏറെ വ്യക്തത നേടിയിരുന്നു എന്നതിനൊപ്പം അദ്ദേഹത്തിന്‍റെ അനുയായികൾക്ക് ജ്ഞാനോദയത്തിന്‍റെ ഗൂഢമായ ചില തലങ്ങളിൽ ചിലത് സാധിച്ചിരുന്നു. ഷെഫീൽഡിലെ പ്രാദേശിക ബുദ്ധമതകേന്ദ്രത്തിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിലൂടെ, ഈ ധ്യാന സമ്പ്രദായത്തിന്‍റെ നട്ടെല്ല് ആയ ജാഗരൂക ശ്വസനത്തിന്‍റേയും സ്നേഹം, കരുണ എന്നിവ വളർത്തുന്നതിനുള്ള ധ്യാനത്തിന്‍റേയും പരിശീലനം ഞാൻ നേടി.
സംഘരക്ഷിത നിരവധി പുസ്തകങ്ങൾ രചിക്കുകയും ബുദ്ധമതത്തിന്‍റെ അധ്യാപനങ്ങളെ വ്യക്തമാക്കുന്നതും അതിലെ ദുരൂഹത ഇല്ലാതാക്കുന്നതുമായ നൂറുകണക്കിന് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും, സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക വിനിമയങ്ങളാൽ മൂടിപ്പോയ ബുദ്ധമതത്തിന്‍റെ സത്തയെ വേർതിരിച്ചു കാണിക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. 5 വർഷത്തെ ഈ ധ്യാനപരിശീലഞങ്ങൾക്ക് ശേഷം ഞാൻ പാശ്ചാത്യ ബുദ്ധമതവിഭാഗത്തിൽ ഔപചാരികമായി ചേരുകയും പുതിയ പേര് സ്വീകരിക്കുകയും ‘സാധന’ എന്ന ധ്യാനപരിശീലനക്രമം പിൻപറ്റുകയും ചെയ്തു. ഭാവനാത്മകവും മന്ത്രപാരായണപരവും സങ്കീർണ്ണവുമായ ആചാരങ്ങളും ഉള്ള ധ്യാനരീതിയാണ് ‘സാധന’. ടിബറ്റൻ സംസ്കാരത്തിൽ വളരെ പ്രചാരമുള്ളതും അവിടെ ഡോൾമ എന്ന് വിശേഷിപ്പിക്കുന്നതുമായ ‘ഗ്രീൻതാര’ എന്ന ബുദ്ധമത ശക്തിയുടെ ഭാവനാത്മകധ്യാനം ആണ് ഞാൻ സ്വീകരിച്ചത്. കുറേ വർഷങ്ങൾ ഞാൻ ധ്യാന പരിശീലനങ്ങൾ ആത്മാർത്ഥമായി നടത്തിയെങ്കിലും ഒട്ടേറെ ചോദ്യങ്ങൾ എന്നെ വിഷമിപ്പിച്ചുകൊണ്ടിരുന്നു.
ഭാവനാത്മകധ്യാനരൂപത്തിൽ നിന്ന് ധ്യാനിക്കുന്ന വ്യക്തിയുടെ ഹൃദയത്തിലേക്ക് അനുഗ്രഹം സ്വീകരിക്കലാണ് ‘സാധനാ’ ധ്യാനത്തിന്‍റെ സമാപനം. ‘ആരാണ് ഈ താര? അവൾ യഥാർത്ഥത്തിൽ ഉണ്ടോ?, ഏത് അർത്ഥത്തിലാണ് അവൾ നിലനിൽക്കുന്നത്?, അവൾ എന്തിനെ പ്രതിനിധീകരിക്കുന്നു? ഞാൻ വെറുതെ എന്തെങ്കിലും സങ്കൽപ്പിച്ച് ഉണ്ടാക്കുകയാണോ? ബുദ്ധമത പാരമ്പര്യത്തിൽ നിന്ന് ഞാൻ കണ്ടെത്തിയ ധ്യാനത്തെക്കുറിച്ചുള്ള രചനകളിൽ ഇതിന്‍റെ ഉത്തരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്തോ പ്രധാനപ്പെട്ട ഒരു സംഗതി ഇതിൽ വ്യക്തമല്ലെന്ന ചിന്ത എന്നെ അലട്ടി. വ്യത്യസ്ത ബുദ്ധമതവിഭാഗങ്ങൾ വ്യത്യസ്ത രൂപങ്ങളെ ധ്യാനിക്കുന്നത് എന്നെ കൂടുതൽ വിഷമിപ്പിച്ചു. ധ്യാനിക്കാവുന്ന നിരവധി ശക്തികളുടെ ചിത്രങ്ങൾ ബുദ്ധമതക്കാരുടെ വലിയ ദേവാലയത്തിൽ കാണാം. ദൈവികയാഥാർത്ഥ്യത്തെ ഒരു മനുഷ്യന്‍റെ രൂപത്തിൽ ചിത്രീകരിക്കുന്നത്തിലെ പരിമിതികൾ എനിക്ക് വെളിവായി.
ഈ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഞാൻ മറ്റുവഴികളിൽ അന്വേഷണം തുടങ്ങി. നിയോ പ്ലാറ്റോണിസവും ജംഗിന്‍റെ പ്രവർത്തനവും ആഴത്തിൽ പഠിച്ച, സൈക്കോളജിസ്റ്റായ ജെയിംസ് ഹിൽമാന്‍റെ രചനകളിലേക്ക് അന്വേഷണം എത്തി. ‘ഹൃദയത്തിന്‍റെ ചിന്ത’യെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ രചനയിലൂടെ ഞാൻ തികച്ചും അപ്രതീക്ഷിതമായ ഒരു വിജ്ഞാന സ്രോതസ്സിലേക്ക് നയിക്കപ്പെടുകയായിരുന്നു. മഹാനായ ഷെയ്ഖ് ഇബ്നു അറബിയെക്കുറിച്ചുള്ള ഹെൻറി കോർബിന്‍റെ രചനകളെക്കുറിച്ച് അദ്ദേഹം പ്രചോദനാത്മകമായ രീതിയിൽ എഴുതിയിരിക്കുന്നു. എനിക്കൊട്ടും അറിയാത്ത ഇസ്ലാം എന്ന പാരമ്പര്യത്തിലെ, ഞാൻ കേട്ടിട്ടില്ലാത്ത ഒരു പേരായിരുന്നു ഇബ്‌നു അറബി. എന്നിട്ടും മധ്യകാല സ്‌പെയിനിൽ നിന്നുള്ള ഈ മനുഷ്യൻ ഞാൻ വർഷങ്ങളായി ഉത്തരം തേടുന്ന വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതാനുഭവം കാരുണ്യമുള്ള ഒരു വ്യക്തി എങ്ങനെ ക്രമീകരിച്ചുവെച്ചിരിക്കുന്നു, നമുക്ക് ഉണ്ടാകുന്ന സംഭവങ്ങൾ യാദൃശ്ചികമോ കർമ്മത്തിന്‍റെ ഫലമോ അല്ല, മറിച്ച് അല്ലാഹുവിന്‍റെ പ്രകടനങ്ങളാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.
നിരീശ്വരവാദിയെന്ന് വര്ഷങ്ങള്‍ക്കു മുന്നേ പ്രഖ്യാപിച്ച ഞാൻ ഇപ്പോൾ ദൈവത്തെക്കുറിച്ച് അർത്ഥപൂർണ്ണമായ വായന നടത്തുകയാണ് എന്നത് എന്നെ ആശയക്കുഴപ്പത്തിലാക്കി. സങ്കൽപ്പിക്കാനും തള്ളിക്കളയാനും പറ്റുന്ന രീതിയിൽ ചെറുപ്പത്തിൽ ഞാൻ കേട്ടുവളർന്ന ഒരു ദൈവ സങ്കല്‍പ്പത്തെക്കുറിച്ചല്ല ഇബ്നു അറബി സംസാരിച്ചത്. വില്യം ബ്ലേക്കിന്‍റെ വെളുത്ത താടിയുള്ള, പർവതത്തെ രൂപപ്പെടുത്തുന്ന വയസ്സൻ അല്ല, ദൈവം തികച്ചും വ്യത്യസ്തമായ ഒരുസംഗതി ആയിരുന്നു. മനുഷ്യന്‍റെ സംസാരത്തിനോ ധാരണയ്‌ക്കോ ഗ്രഹിക്കാൻ കഴിയുന്ന എന്തിനേക്കാളും മഹത്തായ, ഓരോ നിമിഷത്തിലും ഒരു അവതാരമായി സാഫല്യത്തിൽ എത്തുന്നത്, അതാണ് ദൈവം. ഒരു ദിവസം ദൈവത്തിൽ വിശ്വസിക്കാൻ എനിക്ക് സാധിച്ചത് ഞാൻ ഓർക്കുന്നു. അത് ഒരുതരം വിപരീത ദൈവദൂഷണം പോലെയായിരുന്നു! ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്ന് പരിഭ്രമത്തോടെ സ്വയം പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. വളരെക്കാലമായി ഇത് ചെയ്യാൻ എന്‍റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നത് പോലെ അത് വളരെ വലിയ ഒരു ആശ്വാസമായിരുന്നു.
ഇബ്ന് അറബി ഒരു സൂഫിയാണെന്നും , ധാരാളം സൂഫികളുണ്ടെന്നുമുള്ള അറിവ് എന്നെ മറ്റൊരു മേഖലയിലേക്ക് കൊണ്ടുപോയി,റൂമിയുടെ കവിതകൾ. കോൾമാൻ ബാർക്‌സ് വിവർത്തനം ചെയ്ത റൂമിയുടെ ഇസ്‌ലാമികമുക്ത പതിപ്പുകൾ ഞാൻ കുറച്ച് വർഷങ്ങളായി വായിചിരുന്നു. എന്നാൽ റൂമി ഒരു മുസ്ലീമാണെന്ന് എനിക്കറിയില്ലായിരുന്നു! പെട്ടെന്ന് ഇബ്‌നു അറബിയുടെ പുനരാവിഷ്കരിച്ച ദൈവസങ്കല്പത്തെയും റൂമിയുടെ കവിതയേയും മനുഷ്യാത്മാവിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയേയും ഒരു ബുദ്ധമതക്കാരൻ എന്ന നിലയിലുള്ള നിലപാട് പുനർവിചിന്തനം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു. ബുദ്ധമതത്തിന്‍റെ ആചാരങ്ങളുടെ അർത്ഥം നഷ്ടപ്പെടാൻ തുടങ്ങുകയും അവ വിചിത്രമായി തോന്നുകയും ചെയ്തു. ഞാൻ പുതിയ ഒരു സങ്കൽപ്പത്തെ പ്രണയിക്കുന്നതുപോലെയാണ് ഇതിനെ വിവരിക്കുന്നത്. ഏകദേശം ഒരു വർഷത്തിനു ശേഷം ഞാൻ ബുദ്ധമതം ഉപേക്ഷിച്ചു.
തുർക്കിയിൽ ആരംഭിച്ച സൂഫി പരമ്പരയായ ‘മൗലവി’ വിഭാഗത്തിലെ ഒരു ഷെയ്ഖിന്‍റെ നേതൃത്വത്തിൽ ഞാൻ ഏതാനും സൂഫി ചടങ്ങുകളിൽ പങ്കെടുത്തു. ഞാൻ ദഫ് കളിക്കാൻ പഠിച്ചു. പ്രശസ്തമായ, വട്ടം ചുറ്റും സൂഫികൾ! കറങ്ങുന്ന നൃത്തചടങ്ങുകളിൽ പങ്കെടുത്തു, പക്ഷേ അവർ ശരിഅത്ത് പാലിക്കാത്തതിനാൽ എനിക്ക് ആ അധ്യാപകനിൽ വിശ്വാസമില്ലായിരുന്നു. സൂഫി ആചാരങ്ങൾ പാരമ്പര്യേതരമാണെങ്കിലും അവർ എല്ലായ്പ്പോഴും പ്രവാചകൻ മുഹമ്മദ് നബി(സ) സ്ഥാപിച്ച നിയമത്തിന്‍റെ പരിധിക്കുള്ളിലാണ് എന്നാണ് സൂഫിസത്തെക്കുറിച്ച് ഞാൻ വായിച്ചതെല്ലാം പ്രസ്താവിച്ചത്. ഒരു പുതിയ അദ്ധ്യാപകനെ തേടിയുള്ള അന്വേഷണം എന്നെ സൂഫി സ്കൂൾ ഓഫ് ടീച്ചിംഗിന്‍റെ ധ്യാന ക്ലാസുകളിലേക്ക് നയിച്ചു.
മൗലവി വിഭാഗം ചെയ്യുന്നത് പോലെ എല്ലാ സൂഫികളും വിപുലമായതും സംഗീതപരവുമായ ആചാരങ്ങൾ അനുഷ്ഠിക്കുമെന്ന് തോന്നിയതിനാൽ തുടക്കത്തിൽ ഞാൻ അൽപ്പം ആശയക്കുഴപ്പത്തിലായിരുന്നു. എങ്കിലും ഇവിടെ ധ്യാനത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത് എന്നതിനാൽ ഞാൻ അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട് സൂഫി ധ്യാനത്തിന്‍റെ ലാളിത്യം എന്നെ പ്രശാന്തമായ അവസ്ഥയിലേക്ക് പെട്ടെന്ന് നയിച്ചു. ഹൃദയത്തിന് അതിന്‍റെ പ്രിയപ്പെട്ട അല്ലാഹുവിനോട് സ്വാഭാവികവും ശാശ്വതവുമായ അടുപ്പമുണ്ട് എന്നതിനാൽ, ‘ഹൃദയത്തിലേക്ക് തിരിയുക’ എന്ന സങ്കൽപ്പം തന്നെ ഞാൻ അന്വേഷിക്കുന്നതെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു.
ഈ ലളിതമായ സമ്പ്രദായം ഇബ്‌നു അറബിയുടെ ബുദ്ധിമുട്ടുള്ള മെറ്റാഫിസിക്‌സിന്‍റെ പ്രായോഗികരൂപവും ഒപ്പം റൂമിയുടെ കവിതകളിൽ വിവരിക്കുന്ന ആ പ്രക്രിയയിൽ ഏർപ്പെടാനുള്ള മൂർത്തമായ മാർഗവുമായിരുന്നു. എനിക്ക് നേരത്തെ ഉണ്ടായിരുന്ന ദൈനംദിന ധ്യാന പരിശീലനം ഇപ്പോൾ മുറഖബയുടെ പരിശീലനത്തിന് വഴിമാറി. എന്‍റെ ജീവിതത്തിലെ വളരെ പ്രക്ഷുബ്ധവും പരിവർത്തനപരവുമായ ഒരു കാലഘട്ടത്തിനിടയിൽ എന്‍റെ ഹൃദയത്തിന് വിശ്രമം കണ്ടെത്തുവാൻ ഉള്ള ഒരു ‘ഗുഹ’യായി മുറാഖബ മാറി.
ഞാൻ കുറച്ച് വർഷങ്ങളായി അസന്തുഷ്ടകരമായ ദാമ്പത്യത്തിന്‍റെ സമ്മർദ്ദത്തിലായിരുന്ന കാലഘട്ടം കൂടിയായിരുന്നു. ഞാനും ഭാര്യയും ആത്മീയമായ വ്യത്യസ്ത ദിശകളിലേക്ക് പോകാൻ തുടങ്ങിയിരുന്നു. എന്‍റെ ഹൃദയത്തിലെ ദീർഘകാലമായുള്ള അന്വേഷണത്തിന് ഉത്തരം ലഭ്യമാകാത്തതിനാൽ ആകണം, ഞാൻ ഉത്കണ്ഠയും വിഷാദവും കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ എനിക്ക് ഷെയ്ഖിനെ കാണാനുള്ള അനുഗ്രഹം ലഭിച്ചു. കുറച്ചുമാത്രമേ സംസാരിച്ചുള്ളൂവെങ്കിലും ശക്തമായ ഒരു വിശ്വാസബോധം എന്നിൽ അവശേഷിപ്പിച്ച ഒരു ഹ്രസ്വ കൂടിക്കാഴ്ചയായിരുന്നു അത്.
സാധാരണ ജീവിതത്തിനിടയിൽ ആളുകൾ ആത്മീയത പിന്തുടരുക എന്നതാണ് ഈ സൂഫിക്രമത്തിന്‍റെ ദർശനമെന്നു ഷെയ്ഖ് എന്നോട് പറഞ്ഞു. സന്യാസം ഒരു ആദർശമായി കാണുന്ന ബുദ്ധമതത്തിൽ നിന്ന് വ്യത്യസ്തമാണത്. എന്‍റെ പുതിയ വിശ്വാസങ്ങൾക്ക് അനുസൃതമായി എന്‍റെ ദൈനംദിനജീവിതം പുനഃക്രമീകരിക്കാൻ ഞാൻ തീരുമാനിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ ഞാൻ ഒരു പുതിയ സ്ത്രീയെ കണ്ടുമുട്ടി. ഞാൻ പ്രണയത്തിലായി. ഇസ്‌ലാമിന്‍റേയും സൂഫിസത്തിന്‍റേയും അധ്യാപനങ്ങൾ എന്‍റെ ഹൃദയത്തിൽ പ്രവർത്തിക്കുന്ന അതേ സമയം, എനിക്ക് ബാഹ്യജീവിതവും അനായാസകരമായി മാറുകയും ഏറെക്കാലമായുള്ള പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കപ്പെടുകയും ചെയ്തു; അതും പലപ്പോഴും എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും മികച്ച വഴികളിൽകൂടി. ഇതിനുശേഷം, ധ്യാനങ്ങൾ എനിക്ക് സമാധാനം നൽകുന്നുവെന്ന് മാത്രമല്ല, ഞാൻ നയിക്കപ്പെടുന്നു എന്ന ബോധവും എന്നിൽ വികസിക്കാൻ തുടങ്ങി.
ഈ ഘട്ടം വരെയുള്ള എന്‍റെ ജീവിതം മുഴുവൻ ഞാൻ ഇതിലേക്ക് നയിക്കപ്പെടുകയായിരുന്നുവെന്നും തെറ്റായ വഴിത്തിരിവുകൾ യഥാർത്ഥത്തിൽ ഒരുതരം പഠനവും പരിശീലനവുമായിരുന്നു എന്നും ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ദൈവം നമ്മെ വിപരീതങ്ങളിലൂടെ പഠിപ്പിക്കുന്നതിനെക്കുറിച്ച് റൂമി സംസാരിക്കുന്നു. സൃഷ്ടിയിൽ അന്തർലീനമായ ഒരു സന്തുലിതാവസ്ഥയെക്കുറിച്ച് ഖുർആൻ തന്നെ പറയുന്നുമുണ്ട്. ഒരു കാര്യത്തെ യഥാർത്ഥമായി വിലമതിക്കാൻ ആദ്യം അത് നഷ്ടപ്പെടണം. അള്ളാഹുവിനോട് അടുക്കാൻ ആദ്യം വേർപാടിന്‍റെ കയ്പേറിയ വേദന നമ്മൾ അറിയണം. ഞാൻ മുൻപ് വെറുതെ വായിച്ച കാര്യങ്ങൾ ഇപ്പോൾ ഹൃദയത്തിൽ അർത്ഥപൂർണ്ണമായി സന്നിവേശിക്കാൻ തുടങ്ങിയിരിക്കുന്നു. എന്‍റെ സ്വഭാവത്തെക്കുറിച്ചും എന്നെക്കുറിച്ചു തന്നെയും ആഴത്തിലുള്ള സ്വീകാര്യതയും വളരാൻ തുടങ്ങി.
എന്‍റെ ജീവിതകാലം മുഴുവൻ സ്വയം സംശയത്തോടെ ജീവിതസമരം നടത്തിയിരുന്ന ഞാൻ ഇപ്പോൾ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന എന്തോ ഒന്ന് സാക്ഷാൽക്കരിച്ചതു പോലെ, ഞാനായിരിക്കുന്നതിൽ തികച്ചും സന്തുഷ്ടനാണ്. ബുദ്ധമതപാതയിലൂടെ രണ്ട് പതിറ്റാണ്ടുകളായി ഞാൻ തേടിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇസ്‌ലാമിക സൂഫി പാത സ്വീകരിച്ചതിനാൽ പെട്ടെന്ന് സഫലമായതിൽ അത്ഭുതപ്പെട്ടു. എന്‍റെ മുമ്പത്തെ പരിശീലനത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതു പോലെ വീട്ടിലേക്കു മടങ്ങിയെത്തിയ ഒരനുഭൂതി ഇതിനുണ്ട്. അതോടെ ഞാൻ ഔദ്യോഗികമായി ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു.