ഇത്തരമൊരു അത്ഭുതകരമായ ആത്മീയ ഗ്രൂപ്പിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു പദവിയാണ് എന്ന് ഞാൻ കരുതുന്നു. മുസ്ലിമായി ജനിച്ചെങ്കിലും സാംസ്കാരികമായ സമ്മർദ്ദങ്ങളോട് എപ്പോഴും പോരാടിക്കൊണ്ടിരുന്ന ഒരാളാണ് ഞാൻ. ഞാൻ താമസിച്ചിരുന്ന പാകിസ്ഥാനിൽ മതത്തേക്കാൾ സംസ്കാരത്തിന് ഒട്ടേറെ മുൻതൂക്കം ഉണ്ടായിരുന്നു.
സത്യത്തിനും ദൈവത്തി\നും വേണ്ടിയുള്ള എന്‍റെ അന്വേഷണത്തിൽ, സാധ്യമായതെല്ലാം ഞാൻ പരീക്ഷിച്ചു. പ്രാർത്ഥിക്കുന്നത് മുതൽ വസ്ത്രധാരണം വരെ, ഉപവാസം മുതൽ മാതാപിതാക്കളോട് ഉള്ള അനുസരണം വരെ ഞാൻ ചെയ്തുകൊണ്ടിരുന്ന പലതും മനസ്സിന്‍റെ യുക്തിയുടെ ഒരു തലത്തിൽ നിന്നാണ് വന്നത്; സാരാംശത്തിൽ, അത് എന്‍റെ ഹൃദയത്തിൽ നിന്ന് വന്നതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ ഞാൻ എന്നെത്തന്നെ മറന്ന, അന്ധകാരത്തിൽ അകപ്പെട്ട പോലെയുള്ള ഒരു ഘട്ടത്തിലൂടെ കടന്നുപോയി.
ബുല്ലെ ഷാ, റൂമി, അല്ലാമ ഇഖ്ബാൽ തുടങ്ങിയവരുടെ കവിതകളും പ്രശസ്തമായ ഏഷ്യൻ സൂഫി സംഗീതവും മാത്രമാണ് എനിക്ക് അല്പമെങ്കിലും ആശ്വാസം നൽകിയിരുന്നത്.
എന്നിരുന്നാലും, മതം, ആത്മീയത എന്നിവയുടെ കാര്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. ഞാൻ ആത്മീയനാണെന്നും എന്നാൽ മതവിശ്വാസിയല്ലെന്നും ഞാൻ എന്നെക്കുറിച്ചു കരുതി.
മാർഗനിർദേശത്തിനായി തിരയുന്നതിനിടയിൽ, പാശ്ചാത്യ എഴുത്തുകാരുടെ ഏതാനും പുസ്തകങ്ങൾ ഞാൻ വായിച്ചു. അവ ഒരു പരിധി വരെ എന്നെ സഹായിച്ചുവെങ്കിലും ഞാൻ പൂർണ്ണമായും തൃപ്തനായില്ല, എന്‍റെ ഉള്ളിൽ അപ്പോഴും ഒരു ശൂന്യത അനുഭവപ്പെട്ടു.
ഞാൻ ധ്യാനത്തിൽ താൽപ്പര്യം വളർത്തിയെടുക്കുകയും സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് എന്ന വെബ്സൈറ്റ് ആകസ്മികമായി കാണാനിടയായി. സൂഫി സമ്പ്രദായങ്ങൾ, എന്താണ് സൂഫി പരമ്പര തുടങ്ങിയവയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നിരുന്നാലും, അധികം ആലോചിക്കാതെ ഞാൻ നിശബ്ദ ധ്യാനം അഭ്യസിക്കാൻ തുടങ്ങി. ഞാൻ അത് ആസ്വദിച്ചു, ക്രമേണ ഞാൻ കൂടുതൽ കൂടുതൽ ധ്യാനിക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ പതിവായി ഗ്രൂപ്പ് മീറ്റിംഗുകളിൽ പങ്കെടുക്കുകയും അത് എന്നിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
നമ്മുടെ ശൈഖിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നതായിരിക്കാം എനിക്ക് അനുഭവപ്പെട്ട ഏറ്റവും ശ്രദ്ധേയമായ പരിവർത്തനം. എനിക്ക് ആദ്യമായി യഥാർത്ഥ ദിശാബോധം അനുഭവപ്പെട്ടു. അദ്ദേഹത്തിന്‍റെ സാന്നിധ്യമില്ലാതെ എത്തിച്ചേരാൻ പ്രയാസമുള്ള ഒരു പ്രത്യേക അവസ്ഥയും സന്തോഷവും എനിക്ക് വ്യക്തമായി അനുഭവപ്പെട്ടു. ആ പരിശീലന സമ്പ്രദായത്തോട് പൂർണ്ണമായും കീഴ്പെട്ടതോടെ എന്‍റെ ജീവിതം പൂർണ്ണമായും രൂപാന്തരപ്പെട്ടു.
നമ്മുടെ ധ്യാനം, മറ്റ് പരിശീലനങ്ങൾക്കൊപ്പം, യഥാർത്ഥ ആത്മീയ അന്വേഷകന്‍റെ വളരെ ശക്തമായ ഒരു ഉപകരണമാണ്. മതം ഒരു സങ്കൽപ്പമല്ലെന്നും മതം മനസ്സിലാക്കാൻ നിങ്ങളുടെ ഹൃദയം തുറക്കണമെന്നും അപ്പോൾ മാത്രമേ മതത്തിന്‍റെ യഥാർത്ഥ അർത്ഥവും ആത്മീയതയും ദൈവസാമീപ്യവും മനസ്സിലാക്കാൻ തുടങ്ങുകയുള്ളൂവെന്നും ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.
ഞാൻ എപ്പോഴും ബാഹ്യതലത്തിൽ മാത്രം അന്വേഷിച്ചിരുന്ന ആ സ്ഥലം ഞാൻ കണ്ടെത്തി. ആ സ്ഥലം എന്‍റെ ഉള്ളിലാണ്, പുറത്തല്ല. മനസ്സിന്‍റെ പല വൈരുദ്ധ്യങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും ഞാൻ എന്നെത്തന്നെ മോചിപ്പിച്ചു. സൂഫി സമ്പ്രദായങ്ങൾ എന്‍റെ ആത്മാവുമായി ബന്ധപ്പെടാനും എന്‍റെ ഹൃദയം തുറക്കാനും എന്നെ സഹായിച്ചു. നമ്മുടെ പ്രിയപ്പെട്ട ഷെയ്ഖിന്‍റെ മാർഗനിർദേശപ്രകാരം, സമ്പ്രദായങ്ങളും ക്രമത്തിന്‍റെ ഭാഗവും ഇല്ലായിരുന്നുവെങ്കിൽ, ഇത് സാധ്യമാകുമായിരുന്നില്ല. ജീവിതത്തിൽ നമ്മുടെ മാതൃക നമ്മുടെ ശൈഖാണ്. നിങ്ങളുടെ ജീവിതത്തിന്‍റെ മറ്റ് മേഖലകളിൽ നിങ്ങൾക്ക് ഒരു അദ്ധ്യാപകനും മാർഗ്ഗനിർദ്ദേശവും ആവശ്യമുള്ളതുപോലെ, നിങ്ങളുടെ ആത്മീയ യാത്രയ്ക്കും മാർഗ്ഗനിർദ്ദേശം ആവശ്യമാണ്.
സത്യം അന്വേഷിക്കുന്ന ഏതൊരാളോടും ‘നിങ്ങളെത്തന്നെ സ്നേഹിക്കുക’ എന്നതാണ് പ്രധാനമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയം അംഗീകരിക്കുക, സ്വയം പഠിക്കുക, സ്വയം ബഹുമാനിക്കുക. തിരുനബി(സ) യിൽ നിന്നുള്ള വചനങ്ങളിൽ ഒന്ന്;
“സ്വയം അറിയുന്നവൻ തന്‍റെ നാഥനെ അറിയുന്നു”.
ഞങ്ങളുടെ സൂഫി ക്രമം പിന്തുടരുന്ന നാല് ലക്ഷ്യങ്ങൾ എല്ലാ സംഗതികളെയും വിശദീകരിക്കുന്നു:
- ഒരു മികച്ച വ്യക്തിയാകുക (ഇഖ് ലാഖ് )
- ആത്മശുദ്ധീകരണം (തസ്കിയ അൽ നഫ്സ്)
- ഹൃദയ ശുദ്ധീകരണം
- ദൈവസാമീപ്യം (ഖുർബുതൻ ഇലല്ലാഹ് )
എന്‍റെ അനുഭവത്തിൽ, എത്രത്തോളം പരിശീലന ക്രമങ്ങൾക്കായി സമയം നീക്കിവയ്ക്കുന്നുവോ അത്രയധികം ഈ നാല് പ്രധാന വശങ്ങളിലും പ്രകടമായ പുരോഗതി നിങ്ങൾക്ക് കാണാൻ കഴിയും; നിങ്ങളുടെ ഉദ്ദേശ്യം മനസ്സിലാക്കാനും നിങ്ങളുടെ ജീവിതത്തിന്‍റെ അർത്ഥവും ദിശയും കണ്ടെത്താനും കഴിയും. എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് അതല്ലേ?