ജീവിതത്തിലുടീളം ഈശ്വരാന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ച ചില കാര്യങ്ങളുണ്ട്. ഒന്ന്, ഞാൻ പരിഹരിക്കാൻ ശ്രമിച്ച പ്രശ്നങ്ങൾക്കൊപ്പം ഉണ്ടാകുന്ന വൈകാരികവും ശാരീരികവുമായ വേദന. മറ്റൊന്ന്, ദൈവത്തോടുള്ള എന്‍റെ അദമ്യമായ മോഹത്തെ തൃപ്തിപ്പെടുത്താൻ ബാഹ്യാനുഭവങ്ങള്‍ക്കൊന്നും കഴിയില്ല എന്ന ഉള്ളുണർവ്.
മറ്റുള്ളവരുടെ വികാരവിചാരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാനുള്ള സംവേദനക്ഷമതയോടെയാണ് ഞാൻ ജനിച്ചത്, അതിന് അതിന്‍റേതായ കുറവുകളും ഉണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ മറ്റുള്ളവരുടെ വേദനകളെ സ്വാംശീകരിക്കുവാനും ഇല്ലാതാക്കുവാനും ഞാന്‍ ആഗ്രഹിച്ചു. വളരെ സമയമെടുത്തും വേദനയോടെയുമാണ് ഞാൻ മറ്റുള്ളവരെ അവരുടെ പ്രശ്നങ്ങൾ തീർക്കാൻ അവർക്കു തന്നെ വിട്ടു കൊടുക്കേണ്ടതെങ്ങനെയാണെന്നും എപ്പോഴാണ് അവരെ സഹായിക്കേണ്ടതെന്നും പഠിച്ചത്.
കവിതയെഴുതുവാനുള്ള കഴിവായിരുന്നു ജന്മനാ എനിക്ക് ലഭിച്ച മറ്റൊരു വരം. ചില സമയങ്ങളിൽ, ബുദ്ധിഗ്രാഹ്യവും എന്നാല്‍, ഹൃദയത്തിന് പൂർണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്തതുമായ ഒരു കാര്യത്തിന്‍റെ ആന്തരിക അറിവമായി കവിത എന്നിലേക്ക് മിന്നലായി വരുന്നു. ഈ അനുഭവങ്ങൾ എന്നെ ശാശ്വതമായി മറ്റൊരു അവസ്ഥയിലേക്ക് എത്തിക്കുന്നു.
ഒരിക്കൽ എന്‍റെ മകനോടൊപ്പം നീന്തൽക്കുളത്തിനരികിൽ ഇരിക്കുമ്പോൾ ഒരു കൊച്ചുകുട്ടിയുമായി അവിടെ ഇരിക്കുന്ന ആദിവാസി സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചു. ഒരു വ്യക്തിയുടെ പദവിയോ വിദ്യാഭ്യാസമോ അവന്‍റെ വംശമോ സംസ്‌കാരമോ വഴി അവനു ലഭ്യമാക്കുന്ന പ്രാധാന്യത്തിന്‍റെ മിഥ്യാ ധാരണയെക്കുറിച്ചുള്ള ഒരു അവബോധം മിന്നലാട്ടമായി എന്‍റെ ഉള്ളില്‍ നിറഞ്ഞു. എന്‍റെ ഹൃദയത്തിൽ ഈ അറിവ് പ്രകാശിച്ചു, ഞാൻ ചിന്തിച്ചു: കൊള്ളാം, ഈ അറിവ് എല്ലാവർക്കും മനസ്സിലായാല്‍ ഈ ലോകം എത്ര വ്യത്യസ്തമായിരിക്കും? ആ വിചാരങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ അവ കവിതയായി നിറഞ്ഞൊഴുകി.
അവള്‍
അവളുടെ സ്വന്തമായ
സംസ്കാരത്തെ
അകറ്റിനിര്‍ത്തി,
അതോടൊപ്പം
ലോകത്തിന്‍റെ വെളിച്ചവും.
ദശലക്ഷക്കണക്കിന്
നിന്ദകള്‍ തകരുന്നത്
സൂക്ഷമദൃഷ്ടിയോടെ
അവള്‍ കണ്ടുനിന്നു
പലപ്പോഴും എന്‍റെ ജീവിതകാലത്ത് അത്തരം നിമിഷങ്ങൾ, ഉണ്ടായിട്ടുണ്ട്. ദൈവവുമായുള്ള നിമിഷങ്ങൾ ആണതെന്ന് ഞാന്‍ കരുതുന്നു. മറ്റെന്തിനെക്കാളും ഞാൻ അവ വിലമതിക്കുന്നു, ഇഷ്ടാനുസരണം ഓര്‍മ്മിക്കുവാന്‍ കഴിയുമെങ്കിലും അവയും ശാശ്വതമല്ല എന്നു ഞാന്‍ തിരിച്ചറിയുന്നു, ജീവിതം ജീവിച്ചു തീര്‍ന്നേ മതിയാകൂ.
എന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഞാൻ ഒരു ആത്മീയന്വേഷകനായിരുന്നു, കൂടാതെ ആത്മീയ സമുദ്രത്തിലെ ചില മേഖലകളിൽ ഞാൻ സ്പർശിച്ചിട്ടുണ്ട്. അനുഭവങ്ങളൊന്നും പാഴായതായി ഞാൻ കരുതുന്നില്ല, 30 വർഷം മുമ്പ് ഞാൻ പഠിച്ച അതീന്ദ്രിയധ്യാനവും കഴിഞ്ഞ 25 വർഷമായി ഞാൻ പങ്കെടുത്ത ചില പരിപാടികളും എന്നിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നിരുന്നാലും, എനിക്ക് ശാശ്വതമായ ഈശ്വരാനുഭൂതി നൽകുന്നതിനെ ഞാൻ തിരയുകയായിരുന്നു, ചിലപ്പോൾ അതിൽ നിന്ന് ദൂരെ പോകുകയും മറ്റു ചിലപ്പോൾ അതിൽ നിമഗ്നനാവുകയും ചെയ്തു.
നഖ്‌ശബന്ദി, മുജദ്ദിദി, ചിശ്തി തുടങ്ങിയ സൂഫി പാതകള്‍ ഞാൻ കണ്ടെത്തിയിട്ട് ഇപ്പോൾ മൂന്ന് വർഷമാകുന്നു. ദൈവത്തിനോടൊപ്പമുണ്ടാകാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു, എന്‍റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം ദൈവമാണെന്ന് ഞാൻ വിശ്വസിച്ചു. ഒരുപാട് ആന്തരിക അസ്വസ്ഥതകൾ അനുഭവിച്ചിട്ടുള്ളതിനാൽ എനിക്ക് ജീവിതം സമാധാനത്തിന്‍റെ ഒരിടമായിരുന്നില്ല. ജീവിത കെട്ടുപാടുകളില്‍ നിന്നെല്ലാം അകന്ന് ഒരു സന്യാസി മഠത്തിൽ ചേരാൻ ഞാൻ കൊതിച്ച സമയങ്ങളുണ്ട്. വെളിച്ചത്തിന്‍റേയും യോജിപ്പിന്‍റേയും കൂടുതൽ ശാശ്വതത്വം ഞാന്‍ ആഗ്രഹിക്കുന്നുവെങ്കിലും പുറം ലോകത്ത് വിപരീതമായി അനുഭവപ്പെടുന്നത് സ്വാഭാവികമായും എന്‍റെ ജീവിതത്തിൽ കലഹം സൃഷ്ടിച്ചു.
തീർച്ചയായും, എന്‍റെ വിശ്വാസങ്ങൾ, ചിന്തകൾ, പ്രതികരണങ്ങൾ എന്നിവ ഉപയോഗിച്ച് ആ പൊരുത്തക്കേടുകൾ ഞാൻ തന്നെ സൃഷ്ടിക്കുന്നുവെന്ന് ആദ്യം ബുദ്ധിയിലും പിന്നീട് എന്‍റെ ഹൃദയത്തിലും സാവധാനത്തില്‍ ആത്മാവിലും ഞാൻ മനസ്സിലാക്കി. ഈ വിപരീതങ്ങളെ സന്തുലിതമാക്കാൻ സൂഫിപാത എന്നെ സഹായിച്ചിട്ടുണ്ട്. ഹൃദയത്തിൽ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും രൂപത്തിൽ മുമ്പത്തേതിലും കൂടുതൽ ദൈവസാമീപ്യം ഞാൻ ഇപ്പോള്‍ അനുഭവിക്കുന്നു. സ്വയം നഷ്ടപ്പെടാതെ പൊരുത്തക്കേടുകളെ എന്നോടൊപ്പം കൊണ്ടുപോകാൻ എനിക്ക് കഴിയും. ലോകത്തിലെ വേദനയിൽ നിന്ന് എന്നെ വേർപെടുത്തിയതു പോലെ എനിക്ക് കൂടുതൽ സന്തുലിതാവസ്ഥയിൽ സഞ്ചരിക്കാൻ കഴിയും. ഞാൻ കൂടുതൽ സംതൃപ്തനാണെന്നും ഈയിടെയായി പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ എന്‍റെ ക്ഷമ വർദ്ധിച്ചതായും തോന്നുന്നു. ഞാൻ ഈ നിമിഷത്തിൽ കൂടുതൽ കൂടുതൽ ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. ഇതെല്ലാം സൂഫി അനുഷ്ഠാനങ്ങളിലൂടെ എനിക്ക് ലഭിച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്‍റെ ബാഹ്യ സാഹചര്യങ്ങൾ ഞാൻ സൂഫി പാതയിൽ വരുന്നതിന് മുമ്പത്തേതിലും വളരെ വ്യത്യസ്തമല്ല, പക്ഷേ അവയോടുള്ള എന്‍റെ ആന്തരിക മനോഭാവവും ധാരണയും മാറിയിരിക്കുന്നു. എനിക്ക് കൂടുതൽ സ്വീകാര്യതയും സമാധാനവും ലഭിച്ചിരിക്കുന്നു.
ആദ്യത്തെ ലത്തീഫ എനിക്ക് നൽകിയ ആദ്യ ദിവസം ഉണ്ടായ, എന്‍റെ ജന്മഗേഹത്തില്‍ തന്നെ എത്തിയെന്ന തോന്നല്‍ മൂന്ന് വർഷങ്ങൾക്ക് ശേഷവും അങ്ങനെ തന്നെ നിലനില്‍ക്കുന്നു. ദൈവസാമീപ്യത്തോടുള്ള എന്‍റെ മോഹം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ മുറഖബ, പ്രാർത്ഥന, ദിക്ർ എന്നിവയിലൂടെ ആ ദാഹം ദിവസവും ഭാഗികമായി പരിഹരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഈ പാതയിലേക്ക് എത്താൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനായി എന്നു കരുതുന്നു.