ആഴ്‌ചയിൽ രണ്ടു പ്രാവശ്യമെങ്കിലും എന്‍റെ കുട്ടികളുമൊരുമിച്ച് ഇരുന്നത്താഴം കഴിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഫുട്‌ബോൾ പരിശീലനവും അറബിക് ക്ലാസുകളും കരാട്ടെ പരിശീലനവും അടക്കം സ്‌കൂൾ സമയത്തിന് ശേഷം നിരവധി കാര്യങ്ങൾ ഉള്ളതിനാൽ അത് പലപ്പോഴും എളുപ്പമായിരുന്നില്ല. എങ്കിലും, ഇത്തരം കൂടിച്ചേരലുകളിലാണ് സംഭാഷണങ്ങൾ, തമാശകൾ, അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള കഥകൾ, അല്ലെങ്കിൽ ബ്രെയിൻ ടീസറുകൾ തുടങ്ങിയവയിൽ നിന്ന് അതിശയകരവും സന്തോഷകരവുമായ പലതും ഉയർന്നു വരുന്നത്. അത്തരമൊരു സംഭാഷണത്തിനിടയിൽ എന്‍റെ മകൾ ചോദിച്ചു, “എന്തുകൊണ്ടാണ് നമ്മൾ മുസ്ലീം ആയിരിക്കുന്നത്?” അവളുടെ ചോദ്യത്തിന് എങ്ങനെ മികച്ച ഉത്തരം നൽകണം എന്നു ചിന്തിച്ചുകൊണ്ട്, ‘നമ്മുടെ പാരമ്പര്യം’ എന്ന ലളിതമായ ഉത്തരമാണ് ഞാൻ നൽകിയത്. ഞാൻ മുസ്ലീമായി വളർന്നതിനാൽ നമ്മൾ മുസ്ലീങ്ങളാണ്, ഇസ്ലാം ഞങ്ങളുടെ പാരമ്പര്യമാണ്, അത് ഞങ്ങളുടെ കുടുംബ ചരിത്രത്തിന്‍റെ ഭാഗമാണ്, ഞങ്ങൾ ആ പാരമ്പര്യം പിന്തുടരുകയാണ്.
ലളിതമായ ഉത്തരങ്ങൾ ഫലിക്കാത്ത പ്രായത്തിലായിരുന്ന എന്‍റെ മകൾ ചോദിച്ചു, ‘അങ്ങനെയാണോ? എങ്കില്‍ എന്തിനാണ് പാരമ്പര്യം പിന്തുടരുന്നത്? മറ്റ് മതങ്ങൾ പരീക്ഷിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?.” എന്റെ മകനും അതിനെ പിന്താങ്ങിയതോടെ, ലളിതമായ ഒരു സമീപനത്തിനപ്പുറത്തു കൂടുതൽ ആഴത്തിലുള്ള, അർത്ഥപൂർണ്ണമായ മറ്റൊരു ഉത്തരം ആവശ്യമായി വരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. “ഞാൻ മറ്റ് മതങ്ങളെ ബഹുമാനിക്കുന്നു, ദൈവം എല്ലാവരോടും സ്നേഹമുള്ളവനാണെന്ന് ഞാൻ വിശ്വസിക്കുന്നു”. ഞാൻ മറുപടി പറഞ്ഞു. എന്തുകൊണ്ടാണ് ഞാൻ ഒരു മുസ്ലീമായതെന്ന് വിശദീകരിക്കുകയും മുഹമ്മദ്(സ) ഒരു പ്രവാചകനാണെന്ന് കരുതുന്നതിനുള്ള കാരണങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഇസ്ലാം സത്യമാണെന്ന് കരുതാവുന്ന അഞ്ചു കാര്യങ്ങൾ ഉണ്ടെന്നും ഞാൻ വിശദീകരിച്ചു.
- മുഹമ്മദ് നബി (സ)യ്ക്ക് ദൈവികമായ വെളിപാട് ലഭിച്ചു. തന്‍റെ ആദ്യ വെളിപാടിനോടുള്ള മുഹമ്മദിന്‍റെ(സ) പ്രതികരണം ഭയം നിറഞ്ഞതായിരുന്നു. അതേത്തുടർന്ന് അദ്ദേഹം സംശയാലുവും ഭയചകിതനുമായതായും തളർന്നു ബലഹീനനായി ഭാര്യ ഖദീജയുടെ അടുത്ത് എത്തി ആശ്വാസം തേടിയതായും ഇസ്ലാമിക ചരിത്രം പറയുന്നു. ദൈവത്തെ വിശ്വസിക്കണമെന്നും ദൈവം അദേഹത്തെ അപമാനിക്കില്ലെന്നും ഖദീജ ഉറപ്പ് നൽകുന്നു. ദൈവത്തിൽ ആശ്രയിക്കാനും തനിക്ക് ലഭിച്ച സന്ദേശം ഉൾക്കൊള്ളാനും ഖദീജ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം ഖദീജയുടെ ഉപദേശം ഹൃദയപൂർവം സ്വീകരിക്കുകയും തന്‍റെ പ്രവാചകത്വത്തെ സ്വീകരിച്ചുകൊണ്ട് സ്വയം അംഗീകരിക്കുകയും ചെയ്തു.
- അതുവരെ പരസ്പരം പോരടിച്ചിരുന്ന ആളുകളെ ഒരുമിപ്പിക്കുവാൻ മുഹമ്മദിന്(സ) കഴിഞ്ഞു. ഒരു പുരാതന ചരിത്രകാരൻ പറയുന്നതനുസരിച്ച്, ഇസ്‌ലാമിന്‍റെ ആവിർഭാവത്തിന് മുമ്പ് ചില യഹൂദ പ്രതിനിധികൾ അറബ് സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് സാധിച്ചില്ല. ചരിത്രകാരൻ എഴുതുന്നു: “അവർ [യഹൂദർ] മരുഭൂമിയിലേക്കു പുറപ്പെട്ട് അറേബ്യയിൽ ഇസ്മായേലിന്‍റെ മക്കളുടെ ഇടയിൽ എത്തി; അവരുടെ സഹായം തേടുകയും ബൈബിൾ അനുസരിച്ച് തങ്ങൾ അറബികളുടെ ബന്ധുക്കളാണെന്ന് വിശദീകരിക്കുകയും ചെയ്തു. ഈ ബന്ധത്തെ അംഗീകരിക്കാൻ അറബികൾ തയ്യാറായെങ്കിലും, യഹൂദന്മാരുടെ രീതികൾ വ്യത്യസ്തമായതിനാൽ ജനങ്ങളെ മുഴുവൻ ഐക്യത്തിലേക്കു എത്തിക്കാൻ കഴിഞ്ഞില്ല. എന്നാല്‍ അറബികൾക്ക് ഒരുമിച്ചിരിക്കാൻ സാധിക്കുന്ന ഒരു ഹൃദയപരിവർത്തനത്തിനു തുടക്കമിടാൻ മുഹമ്മദ്നബി (സ)ക്ക് കഴിഞ്ഞു.
- മുഹമ്മദ്(സ) തന്‍റെ സമൂഹത്തിലേക്ക് പകർന്നുനൽകിയ ‘ഖുർആൻ’, അറബി ഭാഷയെ സമ്പന്നമാക്കുകയും പരിവർത്തനാത്മകമായ സ്വാധീനം ചെലുതുകയും ചെയ്തു. ഏറെക്കുറെ വരമൊഴി മാത്രമായിരുന്ന അറബിഭാഷയ്ക്ക് സാഹിത്യപരമ്പര്യമുണ്ടാക്കാൻ ഖുർആൻ സഹായിച്ചു. “ഇസ്‌ലാമിനു മുമ്പുള്ള കവിതകൾ ലിഖിത രൂപത്തിൽ രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമുള്ള പ്രധാന പ്രേരകമായി ഖുർആൻ പ്രവർത്തിച്ചു. അവബോധത്തിന്‍റേയും ഭാവനാത്മക തയുടെയും സംസ്കാരത്തിൽ നിന്ന് പഠനത്തിന്‍റേയും വിചിന്തനത്തിന്റെയും വഴിയിലേക്ക്, വാമൊഴിയിൽ നിന്ന് ലിഖിത സംസ്കാരത്തിലേക്ക് ഉള്ള മാറ്റമായിരുന്നു അത്. വായിക്കാനും എഴുതാനും അറിവില്ലാതിരുന്ന മുഹമ്മദ്(സ)ക്ക് ഇത് സാധിച്ചത് തികച്ചും അസാധാരണമാണ്.
- ഖുർആനിക വിവരണം, പ്രത്യേകിച്ച് ജോസഫിനെക്കുറിച്ചുള്ള അധ്യായമായ ‘സൂറ യൂസുഫ്’ ഒരു ധാർമ്മിക മാതൃക വെളിപ്പെടുത്തുന്നു. ഈ അദ്ധ്യായം ഖുർആനിലെ ഏറ്റവും മികച്ചതും മനോഹരവുമായ വിവരണങ്ങളിൽ ഒന്നായി അടയാളപ്പെടുത്തിയിരിക്കുന്നു. ജോസഫിന്‍റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇത് എന്തുകൊണ്ടു അങ്ങനെയായി എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. ജോസഫ് പ്രലോഭനങ്ങളോട് പോരാടുകയും ചെറുത്തുനിൽക്കുകയും ചെയ്യുന്നു, തന്‍റെആദർശത്തിൽ ഉറച്ചുനിൽക്കുന്നു, ധാർമ്മികതയ്‌ക്കു മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു, ഒപ്പം ക്ഷമിക്കുന്നവനും അഗാധമായ എളിമയുള്ളവനുമാണ് അദ്ദേഹം. ഒരു ധാർമ്മിക മാതൃകയായി അദ്ദേഹം ഖുർആനിൽ പ്രത്യക്ഷപ്പെടുകയും അഗാധമായ സ്നേഹത്തോടെ വർത്തിക്കുന്ന ഒരാളായി കാണപ്പെടുകയും ചെയ്യുന്നു.
- ആദ്യകാല മുസ്ലീം സമൂഹത്തെ വിവരിക്കുന്നതിനായി ഖുറാൻ ‘തോറ’യിൽ നിന്നും സുവിശേഷത്തിൽ നിന്നുമുള്ള ഭാഗങ്ങളെ ചൂണ്ടിക്കാണിക്കുന്നു. “അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവർ കുമ്പിടുന്നതും (പ്രാർത്ഥനയിൽ) സാഷ്ടാംഗം പ്രണമിക്കുന്നതും നിങ്ങൾ കാണും. അവരുടെ മുഖങ്ങളിൽ അവരുടെ സുജൂദിന്‍റെ അടയാളങ്ങളുണ്ട്”. തോറയിലേയും സുവിശേഷത്തിലേയും വിവരണങ്ങളുമായുള്ള സാദൃശ്യം ഇതാണ്. “ഒരു വിത്ത് പൊട്ടിമുളക്കുകയും തളിർക്കുകയും ക്രമേണ ശക്തി നേടി സ്വന്തം തണ്ടിൽ നിൽക്കുകയും വിതക്കുന്നവർക്ക് പോലും അത്ഭുതവും സന്തോഷവും നൽകുകയും ചെയ്യുന്നു” (ഖുർആൻ 48:29).
ദൈവത്തിനു മുന്നിൽ തലകുനിക്കുന്നവരാണ് വിശ്വാസികൾ. അവരുടെ പരിണാമം മുളച്ച് തഴച്ചുവളരുന്ന ഒരു വിത്തിന് സമാനമാണ്. ഇസ്‌ലാമിന്‍റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അതിനു ബൈബിളിലെ വർണ്ണനകളുമായി സമാനതയുണ്ട്. യഹൂദരെപ്പോലെ മുസ്‌ലിംകളും അസാധാരണമായ ചില ഉയർച്ചകളും ഹൃദയഭേദകമായ താഴ്ചകളും അനുഭവിച്ചുകൊണ്ട് കാലങ്ങളായി നിലനിൽക്കുന്ന ഒരു സമൂഹമാണ്. ക്രിസ്ത്യൻ സമുദായത്തെപ്പോലെ, എളിയതായി തുടങ്ങുകയും ആഗോള തലത്തിലേക്ക് വളരുകയും ചെയ്ത മുസ്ലീം ഉമ്മത്തും അവിശ്വസനീയമാം വിധം വൈവിധ്യ പൂർണ്ണമാണ്.
ഈ അഞ്ച് നിരീക്ഷണങ്ങൾ ഒന്നാകെ പരിഗണിച്ചാൽ: അതായത് മുഹമ്മദിന്‍റെ സ്വയം ധാരണ, ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവ്, അറബി ഭാഷയിൽ ഖുർആൻ ഉണ്ടാക്കിയ പരിവർത്തനപ്രഭാവം, ധാർമ്മികതയിലും സ്നേഹത്തിലും ഖുർആനിന്‍റെ ശ്രദ്ധ, കാലാകാലങ്ങളിലെ സമൂഹങ്ങളോട് ഖുർആനിന്‍റെ കാഴ്ചപ്പാട് – ഈ അഞ്ച് നിരീക്ഷണങ്ങൾ, എന്നെ സംബന്ധിച്ചിടത്തോളം, ഇസ്ലാമിന്‍റെ സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതാണ് എന്‍റെ മക്കൾക്ക് സത്യസന്ധമായി ഞാൻ നൽകിയ മറുപടി.
എന്‍റെ ഉത്തരത്തെക്കുറിച്ച് മകളും മകനും ഒരു നിമിഷം ചിന്തിച്ചു. ശേഷം എന്റെ മകൻ പറഞ്ഞു “ഇത് ശരിയായ രീതിയല്ല. മുഹമ്മദ് നബി (സ)ക്ക് മാത്രമേ ദൈവവുമായി ബന്ധപ്പെടാൻ സാധിക്കൂ എന്ന് തോന്നുന്നു,അപ്പോൾ നമ്മുടെ കാര്യമോ? നമുക്കും ദൈവവുമായി കണ്ടുമുട്ടാൻ കഴിയുമോ?” ഈ ചോദ്യം എന്നെ ചിന്തിപ്പിച്ചു. ഞാൻ പറഞ്ഞു, “അതെ, നമുക്കും ദൈവത്തെ കണ്ടുമുട്ടാം, പക്ഷേ നമ്മുടെ പ്രവാചകന്‍റെ അതേ തരത്തിൽ അല്ലെന്നു മാത്രം”
സൂഫിസത്തെക്കുറിച്ചും എന്‍റെ ധ്യാനാനുഭവത്തെക്കുറിച്ചും അവരോട് ഞാൻ സംസാരിച്ചു. “എന്‍റെ ദൈവാനുഭവം സൗമ്യതയും സ്‌നേഹവുമെല്ലാം ഉൾക്കൊള്ളുന്ന ഒരു തരംഗവുമായുള്ള സംഗമം പോലെയാണ്. ഇത് തികച്ചും അസാദ്ധ്യമായ കാര്യമല്ല, നമുക്ക് ഓരോരുത്തർക്കും ഇത്തരം കണ്ടുമുട്ടൽ നടത്താൻ കഴിയും”. എന്‍റെ കുട്ടികൾ ഈ പ്രതികരണത്തിൽ തൃപ്തരായി എങ്കിലും അവര്‍ക്ക് കൂടുതല്‍ ചോദ്യങ്ങൾ ചോദിക്കാനുണ്ടാകുമെന്നു തോന്നി.
പത്തു വർഷത്തോളമായി ഓക്ക്‌ലൻഡിലെ സൂഫി ഗ്രൂപ്പിൽ ഞാൻ ഉണ്ട്. എങ്കിലും ഞാൻ ഇപ്പോഴും ഒരു തുടക്കക്കാരനാണ്. ധ്യാന പരിശീലനങ്ങൾ എനിക്ക് ആന്തരികാനുഭവങ്ങൾ തുറന്നു തരുന്നു, അത് ഒരേസമയം അസാധാരണവും ഏറെ വിനയാന്വിതവുമാണ്. പരിചയസമ്പന്നരായ അധ്യാപകരും ധ്യാനിക്കാൻ ഒരു ഗ്രൂപ്പും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ അനുവദിച്ചാൽ, ദൈവത്തിന്‍റെ സൗമ്യതയും സ്നേഹവും നിങ്ങളുടെ എല്ലാ ഞരമ്പുകളിലും പ്രസരിച്ചുകൊള്ളും, അതിന് നിങ്ങളെ മാനസാന്തരപ്പെടുത്താൻ കഴിയും. ചില സമയങ്ങളിൽ ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾക്കനുസൃതമായി ഞാനും ദേഷ്യവും നിരാശയും അനുഭവിക്കുന്നു. ചില സമയങ്ങളിൽ ഞാൻ പ്രവാചകന്‍റെ വഴിയിൽ നിന്ന് അശ്രദ്ധമായി വഴിമാറിപ്പോയിട്ടും അനുഷ്ഠാനങ്ങളിലേക്കു മടങ്ങുമ്പോൾ, ദൈവത്തിന്‍റെ സ്നേഹവും സൗമ്യതയും ഒരിക്കൽ കൂടി ഞാൻ അനുഭവിക്കുന്നു, അപ്പോൾ കോപവും ഇച്ഛാഭാംഗങ്ങളും ഇല്ല. നിങ്ങളുടെ ഹൃദയത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുന്നത്, ദൈവത്തിന്‍റെ ഹൃദയത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതു പോലെ തന്നെയാണ്.