80-കളുടെ തുടക്കത്തിൽ ഞാൻ ഇന്ത്യയിലേക്ക് വന്നു. അക്കാലത്തു ന്യൂഡൽഹിയിലെ നിസാമുദ്ദീൻ ഫ്രീ സ്കൂളിൽ സമയം ചിലവഴിക്കുകയും ബസ്തിയിൽ താമസിച്ചിരുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇടയിൽ സന്നദ്ധ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു. 1975-ൽ മുർഷിദ് ഇനായത് ഖാന്‍റെ മകൻ പിർ വിലിയത് ഖാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. എന്‍റെ ജന്മദേശമായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനിരിക്കെ, സൂഫി മാർഗ്ഗത്തിൽ എന്‍റെ ആദ്യ അദ്ധ്യാപകനായി തീര്‍ന്ന മുർഷിദ് ഷെരീഫ് ജാൻസനെ കണ്ടുമുട്ടി. മുഷറഫ് മൗലമിയ ഖാന്‍റെ ഇളയ സഹോദരൻ ആയിരുന്നു അദ്ദേഹം. ഡച്ച് വംശജനായിരുന്ന അദ്ദേഹം ഇനായത്തിന്‍റെ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം കുടുംബത്തോടെ വളർന്നത് ഇന്തോനേഷ്യയിലും അവിടെ തന്നെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭൂരിഭാഗം സമയം ഒരു ജാപ്പനീസ് പട്ടാള ക്യാമ്പിൽ പ്രായോഗിക പരിശീലനത്തിലുമായിരുന്നു.ഞാൻ അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹത്തിന് പ്രായം വളരെ ഏറിയിരുന്നു. 1950-കളുടെ തുടക്കത്തിൽ അദ്ദേഹം ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാരനായി എത്തി, സിഡ്‌നി ബീച്ചിന്‍റെ പ്രാന്തപ്രദേശമായ ക്രോണുള്ളയിൽ തന്‍റെ ഭാര്യയോടൊപ്പം ഒരു സാധാരണ ജീവിതം നയിച്ചുപോന്നു. ഞാൻ അദ്ദേഹത്തിന്‍റെ മുരീദ് ആയിത്തീർന്നതിന് പിന്നാലെ 1990-ൽ അദ്ദേഹം മരണമടഞ്ഞു. നിർഭാഗ്യവശാൽ, ആറുവർഷമേ അദ്ദേഹവുമായി ഇടപഴകുവാൻ എനിക്ക് കഴിഞ്ഞുള്ളൂ. എന്നെ നയിക്കാൻ അദ്ദേഹത്തിന്‍റെ അത്ര ആത്മീയ വളര്‍ച്ചയും ആധികാരികതയും ഉള്ള മറ്റൊരു അധ്യാപകനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ എനിക്ക് നിരാശയും ദുഃഖവും തോന്നി.
ആധികാരികതയുള്ള മറ്റൊരു അധ്യാപകനെ കണ്ടെത്താൻ എനിക്ക് നീണ്ട 35 വർഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 2015-ൽ ശൈഖ് ഹമീദ് ഹസന്‍റെ അനുഗ്രഹീതസാന്നിദ്ധ്യം കൊണ്ട് അല്ലാഹു എന്നെ അനുഗ്രഹിക്കുന്നതു വരെ എന്‍റെ ക്ഷമയോടെയുള്ള കാത്തിരിപ്പ് തുടര്‍ന്നു. മുജദ്ദിദി-നഖ്ശബന്ദി തരീഖയുടെ ശൈഖ് ഹസ്രത്ത് ഹമീദ് ഹസന്‍റെ മുരീദാകാനുള്ള അനുഗ്രഹീതമായ അവസരം ബ്രിസ്ബേനിലെ ഒരു പ്രാദേശിക മീറ്റിംഗിലാണ് ലഭിച്ചത്. ഈ മീറ്റിംഗിൽ ഒരു പ്രതിനിധി തരീഖയെക്കുറിച്ചുള്ളഒരു ഹ്രസ്വ പ്രഭാഷണം നടത്തുകയും ഹൃദയത്തെക്കുറിച്ചുള്ള ധ്യാനത്തിന്‍റെ ആദ്യഘട്ടങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഹംദുലില്ലാഹ്, ഇത് യഥാർത്ഥമാണെന്ന് എനിക്കറിയാമായിരുന്നു. ഒടുവിൽ ഞാൻ വീണ്ടും സത്യത്തിലേക്കുള്ള വഴി കണ്ടെത്തി.
ഞങ്ങളുടെ പ്രിയപ്പെട്ട ഷെയ്ഖ് ഹമീദ് എനിക്ക് ഞാൻ അറിയുന്ന മറ്റുള്ളവരെപ്പോലെയല്ല. അസാധാരണ വ്യക്തിത്വങ്ങളോട് സമാനമായ നിരവധി സ്വഭാവ സവിശേഷതകൾ അദ്ദേഹത്തിനുണ്ടെങ്കിലും, എന്‍റെ ജീവിതത്തിൽ അദ്ദേഹത്തിന്‍റെ പങ്ക് ആത്യന്തികമായി എന്‍റെ ശൈഖിന്‍റേതാണ്.
ശൈഖിന്‍റേയും മുരീദിന്‍റേയും ബന്ധം വിശുദ്ധമായ, അനുകരിക്കാന്‍ വളരെ പ്രയാസമുള്ള ഒരു ബന്ധമാണ്. ആത്മാർത്ഥത, വിശ്വാസം, അച്ചടക്കത്തോടെയുള്ള പരിശീലനം, നിരന്തരമായ ആത്മപരിശോധന എന്നിവ എടുത്തു പറയാമെങ്കിലും ആ ബന്ധം യഥാർത്ഥത്തിൽ എന്താണെന്ന് വ്യക്തമാക്കാൻ പോലും ബുദ്ധിമുട്ടുള്ളത്ര ആത്മസമർപ്പണത്തിന്റേതാണ്. ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വ ഘടനയെ ശുദ്ധീകരിക്കാനും പുനഃക്രമീകരിക്കാനുമുള്ള ശ്രമങ്ങളിൽ സ്വയം സഹകരിക്കേണ്ടതുണ്ട്. അത്തരമൊരു ഉദ്യമത്തിന്‍റെ അരികുപറ്റി സഞ്ചരിക്കാൻ ആവശ്യമായ സുരക്ഷിതമായ നിയന്ത്രണവും സംരക്ഷണവും ദിശാബോധവും നൽകി ശൈഖ് വിദ്യാർത്ഥിയുടെ വഴികാട്ടിയായി നില്‍ക്കുന്നു. ശൈഖ്-മുരീദ് ബന്ധത്തിനുള്ളിൽ, ഈശ്വര പിന്തുണയില്ലാതെ ഒരാൾ ദൈവത്തെ അന്വേഷിച്ചാൽ അത് വഴിതെറ്റിപ്പോകാനും ആശയക്കുഴപ്പത്തിലാകാനും സാധ്യതയുണ്ട്. ആത്മാന്വേഷണം ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ ദൗർഭാഗ്യകരമായ ഫലമാണിത്.
ഈ പരസ്പര ബന്ധത്തിൽ, കഴിയുന്നത്ര ആത്മാർത്ഥത നൽകുന്നു. ആത്മ ശുദ്ധീകരണമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ യാത്രയെ ശൈഖ് ഹമീദ് മേൽനോട്ടം വഹിക്കുകയും നയിക്കുകയും ചെയ്യുന്നു. അതിനിടയിൽ ഞങ്ങളുടെ യാത്രയിൽ ഉണ്ടാകുന്ന തെറ്റുകള്‍ അദ്ദേഹം ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു.
ഈ പാത തുടർച്ചയായ വെളിപാടിന്‍റെ ഒന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. യഥാര്‍ത്ഥ സത്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അനുസരിച്ച് ആണ് സത്യത്തിൽ നമ്മുടെ പ്രിയപെട്ടവരെ നമ്മൾ അടുത്തറിയുന്നതു തന്നെ.
ഈ അമൂല്യമായ പാതയിലുള്ള എന്‍റെ കൂടിക്കാഴ്ചകളുടെ ആദ്യകാലത്തു തന്നെ ഗ്രാൻഡ് ഷെയ്ഖ് എനിക്ക് സ്വപ്നസദൃശമായ ഒരു ദർശനം നൽകി. എന്നിലേക്കുള്ള ആത്മീയതയുടെ കൈമാറ്റം എന്‍റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു. ഹൃദയം ഹൃദയത്തോടും ആത്മാവ് ആത്മാവിനോടും ആഴത്തില്‍ ബന്ധിപ്പിച്ച ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ആത്മാന്‍റെ അനന്തത വിനീതനായ ഒരു ദൈവദാസന്‍റെ തിളങ്ങുന്ന, ആർദ്രമായ, സ്നേഹനിർഭരമായ ഒരു നോട്ടത്തിലൂടെ എന്നിലെത്തി. യഥാർത്ഥ ദൈവദാസന്‍റെ സാന്നിധ്യത്തിലായിരുന്നു ഞാൻ എന്നതിൽ എനിക്ക് സംശയമില്ലായിരുന്നു. എന്‍റെ അപര്യാപ്തമായ ധാരണയ്‌ക്കപ്പുറമുള്ള കാര്യങ്ങളെ ഞാൻ പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു. ആ ദർശനം എത്ര നേരം നീണ്ടു നിന്നു എന്ന് എനിക്കറിയില്ല. തീവ്രവും ആഴമേറിയതുമായ ആ ദർശനം പെട്ടെന്നാണ് നടന്നത്. 35 വർഷക്കാലം അള്ളാഹു എന്നെ ക്ഷമയോടെ നയിച്ചത് ഈ ആന്തരികമായ സംഗമത്തിലേക്കായിരുന്നു.
തികച്ചും വ്യക്തിപരമായ ഈ കൂടിക്കാഴ്ച വിവരിക്കാൻ പ്രയാസമാണെങ്കിലും, ദൈവീകമായ അസ്തിത്വത്തിന്‍റെ അനന്തമായ യാഥാർത്ഥ്യത്തോടുള്ള ആർദ്രതയും സ്നേഹവും തുറന്ന മനസ്സും അവിടെ സ്പഷ്ടമായിരുന്നു. കടന്നുപോയ ആ നിമിഷത്തില്‍ എല്ലാറ്റിന്‍റേയും ഉറവിടവുമായുള്ള എന്‍റെ വ്യക്തിപരമായ ബന്ധം തിരിച്ചറിയാനും അനുഭവിക്കാനും എനിക്ക് കഴിഞ്ഞു. ഗ്രാൻഡ് ഷെയ്ഖിന്‍റെ ഉദ്ദേശ്യം എന്‍റെ ഹൃദയം തിരിച്ചറിഞ്ഞു. ഞങ്ങളുടെ മിഴികൾ തമ്മിൽ ഇടയുമ്പോൾ, ഞാൻ സ്‌നേഹിക്കപ്പെടുന്നുവെന്നും അംഗീകരിക്കപ്പെട്ടുവെന്നും ആ നിമിഷം ഞാൻ മനസ്സിലാക്കി.
പ്രിയങ്കരനായ ഷെയ്ഖ് ഹമീദിന്‍റെ ഉദാരതയിൽ , ഗ്രാൻഡ് ഷെയ്ഖിന്‍റെ ഖബറിടത്തിൽ വെച്ച് സലാം നൽകുമ്പോൾ അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ മറ്റൊരു തലം കൂടി ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്തു. ആ വിശുദ്ധ സ്ഥലത്ത് പുണ്യാത്മാവായ ശൈഖിന്‍റെ മഹത്വം നേരിട്ടുള്ള അനുഭവത്തിലൂടെ പ്രഘോഷിതമായി. സജ്ദയിൽ തല നിലത്ത് വച്ചിരുന്ന അദ്ദേഹത്തിന്റെ ഹൃദയം വിശുദ്ധ ഭാവത്തിൽ നിന്ന് പിന്നീടൊരിക്കലും ഉയർന്നില്ലെന്നു എനിക്ക് തോന്നി. തന്‍റെ നാഥന്‍റെ മുമ്പിൽ എന്നേക്കും താഴ്മയുള്ള, അള്ളാഹുവിനു കീഴ്പെട്ടതു പോലെയുള്ള, മഖ്ബറയിലെ നിശബ്ദതയിൽ അത് പ്രകടമായിരുന്നു. തന്‍റെ ദയയും സ്രഷ്ടാവിനോടുള്ള സമർപ്പണവും കൊണ്ട് അദേഹം വിജയിച്ചു. സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിൽ ഗ്രാൻഡ് ഷെയ്ഖ് അങ്ങേയറ്റം വിനയാന്വിതനും ആദരണീയനും ആയിരുന്നു.അള്ളാഹു തന്‍റെ കാരുണ്യം കൊണ്ട് അദ്ദേഹത്തെ തന്റെ സത്യത്തിന്റെ കിരീടമണിയിച്ചത് എന്നേക്കും തുടരുമാറാകട്ടെ.
ജീവിതത്തിൽ അനുഭവിച്ചു അറിയേണ്ട ഒരു നിഗൂഢതയാണ് സൂഫി പഠനങ്ങളും അതിന്‍റെ പാതയും. അതിലൂടെയുള്ള ഈ യാത്രയിൽ ദൈവത്തിന്‍റെ കരുണ ഞാൻ ആഗ്രഹിക്കുന്നു. ഈ പാത നിങ്ങൾ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ നിങ്ങളെ തിരഞ്ഞെടുക്കുകയോ ചെയ്താൽ, തീർച്ചയായും നിങ്ങളും അനുഗ്രഹീതരായിരിക്കും.