ഒരിക്കല്‍ ഒരു അഞ്ചു വയസ്സുകാരൻ, രാത്രി ആകാശത്തെ സ്വർഗ്ഗീയ വെളിച്ചം നോക്കി വിസ്മയിച്ചു നിന്നു. അവിടെ വെളിച്ചം വിരിയിക്കുന്ന സ്നേഹ സമ്പൂര്‍ണ്ണനായ ആളെ ഓര്‍ത്ത് ആശ്ചര്യപ്പെട്ടു. മറ്റെല്ലാ കുട്ടികളേയും പോലെ, കൗതുകമുള്ള ഹൃദയത്തോടെ – അതിരുകളില്ലാത്ത ഭാവനകളോടെ-നിന്ന ആ കുട്ടി ഞാനായിരുന്നു. ആകാശത്ത് നിന്ന് ഇങ്ങോട്ട് വന്ന്, കൃത്യസമയത്ത് മടങ്ങുന്ന ഞാൻ ഈ ലോകത്തിന്‍റേതല്ലെന്ന് എങ്ങനെയോ എനിക്ക് ഉറപ്പായിരുന്നു. പക്ഷെ, ഇവിടെ ഞാൻ എന്താണ് ചെയ്യേണ്ടത്?
ഈ ചോദ്യം എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരുന്നു. എന്നെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ഉത്തരവും എന്‍റെ മാതാ പിതാക്കൾക്ക് ഉണ്ടായിരുന്നില്ല. താമസിയാതെ എന്‍റെ മതപഠനവും സാമൂഹികവും സാംസ്കാരികവുമായ രംഗത്തുള്ള എന്‍റെ ഇടപെടലുകളും ആരംഭിച്ചു. എന്‍റെ പിതാവ് പ്രവാചകന്മാരുടെ ജീവിതത്തിൽ നിന്ന് വിവരിച്ച കഥകളായിരുന്നു മതത്തെക്കുറിച്ച് ഞാൻ പഠിച്ച പാഠങ്ങളിൽ ഞാൻ ഇഷ്ടപ്പെട്ട ഒരേയൊരു പാഠം.
ഞാൻ വളർന്നതോടെ സ്വർഗ്ഗവും നരകവും എന്ന ആശയം എനിക്ക് പരിചിതമായി. മതപരമായ എല്ലാ ആചാരങ്ങളും ഞാന്‍ അനുവര്‍ത്തിക്കുന്നത് ഇഹത്തിലും പരത്തിലും പ്രതിഫലം ലഭിക്കുന്നതിനായിട്ടാണെന്ന് കാലക്രമേണ ഞാൻ കണ്ടെത്തി. “ശരിതെറ്റുകളുടെ ആശയങ്ങൾക്കപ്പുറം ഒരു മേഖലയുണ്ട്;.ഞാൻ അവിടെ നിങ്ങളെ കാണും”എന്ന് ‘റൂമി’ പറയുന്നതു പോലെ; നശ്വരമായ ഐഹിക ജീവിത്തിനുമപ്പുറമുള്ള എന്തോ ഒന്നിനെ (സത്തയെ) ഞാന്‍ അന്വേഷിക്കുകയായിരുന്നു.
ജീവിതം പൂത്തുലഞ്ഞു തുടങ്ങിയപ്പോള്‍, “മേഖല ” കണ്ടെത്തണമെന്ന ആഗ്രഹം എങ്ങോ പോയിമറഞ്ഞു.. കുടുംബത്തിലെ പ്രിയപ്പെട്ട കുട്ടി എന്ന നിലയിൽ, ഞാൻ സമ്പന്നനായിരുന്നു. എന്‍റെ തീരുമാനങ്ങളിൽ എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. എന്‍റെ ഇഷ്ടത്തിന് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതുവരെ എന്‍റെ ഈഗോ തടസ്സമില്ലാതെ കുതിച്ചുകൊണ്ടിരുന്നു. ലൗകിക ജീവിതത്തോട് അത്രമേൽ താല്‍പര്യമുള്ളവനായിരുന്നു ഞാൻ. അതിനാല്‍ ജീവിതത്തിന്‍റെ യാഥാർത്ഥ്യം ഞാൻ പൂർണ്ണമായും മറന്നു. ഒരുനാള്‍ കുടുംബ ബന്ധങ്ങള്‍ ആകെ തകർന്നതോടെ, എല്ലാം എന്‍റെ കൈകളിൽ നിന്ന് മണൽത്തരികൾ പോലെ വഴുതിപോകുന്നത് ഞാന്‍ കണ്ടു നിന്നു.
ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ, ഈ ലോകത്തിന്‍റെ മിഥ്യാധാരണയിൽ നിന്ന് എന്നെ പുറത്തെടുത്ത്, സത്യത്തിന്‍റെ പാതയിൽ എത്തിക്കുവാനുള്ള ദൈവത്തിന്‍റെ മനോഹരമായ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
എന്നെ അമ്പരപ്പിച്ചു കൊണ്ട് എല്ലാവരും എന്നിൽ നിന്ന് അകന്നു പോയി. തന്‍റെ തന്നെ കാരണമെന്നാരോപിച്ചു ഒരു കുട്ടിയുടെ ഒറ്റയായ രക്ഷിതാവ് എന്ന് കണ്ട് സമൂഹം എന്നെ പുച്ഛിച്ചു തള്ളി. തുരങ്കത്തിന്‍റെ അറ്റത്ത് മിന്നുന്ന വെളിച്ചം പോലെ എന്നെ ജീവനോടെ നിലനിർത്തിയ ഒന്നുണ്ടായിരുന്നു. മറ്റെല്ലാ സ്നേഹവും നഷ്ടപ്പെടുമ്പോഴും ഒട്ടും കുറയാതെ സംരക്ഷിച്ചു നിര്‍ത്തുന്ന ‘ദൈവ സ്നേഹം’. അത് സ്രഷ്ടാവിൽ വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചു. ആ സ്നേഹം വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നമുക്കു തരുകയും തുടർന്ന് ചോദിക്കുകയും ചെയ്യുന്നു; “ഇപ്പോൾ പറയൂ, നിങ്ങളുടെ നാഥനല്ലാതെ മറ്റാരാണ് നിങ്ങളുടെ അരികിലുള്ളതെന്ന്”.
ഒരു വ്യക്തിയുടെ ദൈവവുമായുള്ള ബന്ധം മതത്തിനും ആചാരങ്ങള്‍ക്കും മേലെയാണെന്ന് ഞാൻ മനസ്സിലാക്കി. നശ്വരമായ സ്നേഹത്തേക്കാൾ വിലയുള്ള ആ ബന്ധം സ്വർഗ്ഗ- നരകങ്ങളേക്കാള്‍ വിശാലമാണ്. ഇത് തിരച്ചറിയുന്ന ആത്മാന്വേഷണത്തിന്‍റെ ആ അവസ്ഥയിലാണ് എന്‍റെ ‘സ്വപ്നലോകം’ പെട്ടെന്ന് സജീവമായത്. അക്കാലത്ത് നടന്ന മറക്കാനാവാത്ത ഒരു സംഭവമായിരുന്നു, എനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു സൂഫി മാസ്റ്ററോടൊത്തു നടത്തിയ സ്വപ്നതുല്യമായ ഒരു യാത്ര. പിന്നീടാണറിഞ്ഞത് ആ സൂഫി മാസ്റ്റര്‍ ഷെയ്ഖ് ഹമീദ് ഹസൻ ആണെന്ന്.
വർഷങ്ങൾ കടന്നുപോയി, ഒരു ദിവസം ഒരു ബന്ധുവിന്‍റെ വീട്ടില്‍ ഇരിക്കുമ്പോൾ ഹസ്രത്ത് ഷംസി തബ്‌രീസിയെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കുവാനുള്ള അവസരം കിട്ടിയത് ജീവിത്തില്‍ ഒരു വഴിത്തിരിവായിരുന്നു! അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവം എന്നെ വളരെയധികം സ്വാധീനിച്ചു. തുടര്‍ന്ന് സൂഫി സന്യാസിമാരുടെ ജീവിതത്തെയും പഠിപ്പിക്കലിനെയും കുറിച്ച് ഞാൻ കൂടുതല്‍ വായിക്കാൻ തുടങ്ങി. കുറച്ചു മാസങ്ങൾ കൊണ്ട് ഗുരുവിന്‍റെ പ്രത്യക്ഷപ്പെടലിനായി ഞാൻ പാകപ്പെട്ടതായി എനിക്ക് തന്നെ തോന്നി .
ഒടുവിൽ ഞാൻ സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് വെബ്‌സൈറ്റിൽ കയറി പരിശോദിക്കുന്നതിനിടയില്‍ റോസാപ്പൂവ് പിടിച്ചിരിക്കുന്ന ഹസ്രത്ത് ആസാദ് റസൂലിന്‍റെ(റ) ചിത്രമുള്ള പേജ് കണ്ടു. അദ്ദേഹം വ്യക്‌തിപരമായി എന്നോടു സമ്പർക്കപെടുന്നത് പോലെ ഞാൻ അതിലേക്ക് ആകൃഷ്ടനായി. താമസിയാതെ ഞാൻ ഡൽഹിയിലുള്ള സൂഫി സ്കൂളിന്‍റെ കേന്ദ്രത്തിലേക്ക് എഴുതിയ കത്തിന് താമസംവിനാ മറുപടി ലഭിച്ചു. ചെറിയ മുന്നൊരുക്കത്തിനു ശേഷം, ഖൽബിൻ മേൽ ഉള്ള മുറാഖബയുടെ ആദ്യ പാഠം എനിക്ക് നൽകി. ആദ്യത്തെ കുറച്ച് മാസങ്ങൾ ചില തടസ്സങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും തുടര്‍ന്ന് ആന്തരിക സൗഖ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടു. ഞാൻ ആത്മീയ യാത്ര ആരംഭിച്ചു. സ്വന്തം ഹൃദയത്തിലേക്ക് തിരിയുന്ന യാത്ര. വഴി എത്ര പ്രക്ഷുബ്ധമായിരുന്നാലും, അത് എന്തിനേക്കാളും ഉത്തമമാണ് എന്ന ബോധ്യം ആത്മീയ ആചാരങ്ങളിലുള്ള എന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തി.
താമസിയാതെ ഞാൻ ശൈഖുമായി നേരിട്ട് ബന്ധപ്പെട്ടു. ഓരോ മെയിൽ വഴിയും അദ്ദേഹവുമായി ഒരു പ്രത്യേക ബന്ധം വളർന്നു. അതുമൂലം ദൈവത്തോടുള്ള ആത്മബന്ധം വര്‍ദ്ധിക്കുകയും സമാധാനത്തിന്‍റെ ഒരു ഉറപ്പ് എനിക്ക് ലഭികയും ചെയ്തു. പഠിക്കാനും മറക്കാനും എല്ലാം സ്വീകരിക്കാനും കർമപ്രവാഹത്തിലൊഴുകാനും ഞാൻ തുടങ്ങി. ജീവസുറ്റതും എന്നാല്‍ യാതൊരു ഉത്കണ്ഠയുമില്ലാത്തതുമായ ആത്മാവിന്‍റെ സുസ്ഥിരത കൈവന്നതായി എനിക്ക് അനുഭവപ്പെട്ടു. ലളിതമായി പറഞ്ഞാൽ, ആത്മശാന്തിയുടെ സുഖം ഞാന്‍ അനുഭവിക്കുവാന്‍ തുടങ്ങി!
എന്‍റെ ശൈഖ് വിവിധ രാജ്യങ്ങള്‍ സന്ദർശിക്കുന്നതായി കേട്ടതോടെ അദ്ദേഹത്തെ കാണാൻ എന്‍റെ മനസ് തുടിച്ചു. അങ്ങനെയാണ് ഞാൻ ആദ്യത്തെ റിട്രീറ്റിൽ പങ്കെടുക്കുന്നത്. അവിടെ സഹപാഠികളെ കണ്ടുമുട്ടിയതിൽ ഞാൻ സന്തുഷ്ടനായിരുന്നു. അവിടെവച്ച് ആരോ എന്നോട് ശൈഖ് ഹമീദിനെ അഭിവാദ്യം ചെയ്തോ എന്ന് ചോദിച്ചു. സാധാരണ പാശ്ചാത്യ വസ്ത്രം ധരിച്ചിരുന്ന അദ്ദേഹത്തെ ഞാന്‍ പെട്ടന്ന് തിരിച്ചറിഞ്ഞില്ല. സൂഫി സംഘടനയിൽ ചേരുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഞാൻ എന്‍റെ സ്വപ്നങ്ങളിൽ കണ്ടുമുട്ടിയ നീളമുള്ള മുടിയും നീളമുള്ള വെള്ള വസ്ത്രം ധരിച്ച എന്‍റെ ശൈഖ് ആയിരുന്നു അദ്ദേഹം എന്നറിഞ്ഞ് ഞാന്‍ അത്ഭുതപ്പെട്ടു.
പിന്നീട് നിരവധി ധ്യാനങ്ങളില്‍ എന്‍റെ ശൈഖിനോപ്പം പങ്കെടുത്ത് അദ്ദേഹത്തിന്‍റെ അനുഗ്രഹീതമായ സഹവാസം അനുഭവിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അന്നുമുതൽ ഹസ്രത്തുമായി ഞാന്‍ നിരന്തരം സമ്പർക്കം പുലർത്തി വരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ സമ്മതം ചോദിച്ചേ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും ഞാന്‍ ഏര്‍പ്പെടുകയുള്ളൂ. അദ്ദേഹം വളരെ ഗൗരവക്കാരനായി തോന്നുമെങ്കിലും, വിദ്യാർത്ഥികളോട് അങ്ങേയറ്റം ദയയും ശ്രദ്ധയും ഉള്ളവനായിരുന്നു.
ആദ്യമൊക്കെ “അവിശ്വസനീയ ” പ്രതിവിധികളാണ് എന്‍റെ പ്രശ്നങ്ങൾക്ക് ഞാൻ ഷൈഖിൽ നിന്ന് പ്രതീക്ഷിച്ചതു എന്നാൽ ഏറ്റവും ലളിതമായ ഉപദേശങ്ങളേ അദ്ദേഹം നല്‍കിയിരുന്നുള്ളൂ. അങ്ങനെ, ജീവിതം എങ്ങനെ ലളിതമാക്കാമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു.
വർഷങ്ങളായി, ഹസ്രത്തിന്‍റെ ‘തവജ്ജുഹ്’ എന്നിലേക്ക് പ്രവഹിക്കുന്നതും അത് എന്നില്‍ ലയിച്ചു ചേരുന്നതും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ തന്നെ മറ്റൊരു മികച്ച പതിപ്പായി മാറിയെന്ന് നിങ്ങൾ സ്വയം മനസ്സിലാക്കുന്നു. നിങ്ങൾ ഈ ലോകത്തിലാണ്, പക്ഷേ അതിലില്ല. ജീവിതം നിങ്ങളിലൂടെ ശാന്തമായി ഒഴുകുന്നു. അത് മനസിലാവുന്നതോടെ നിങ്ങളുടെ തെറ്റായ ഈഗോ പൂര്‍ണമായും തകർന്നിരിക്കുന്നു.
ദൈവത്തോലുള്ള സമർപ്പണവും അവന്‍റെ സ്മരണയും തകര്‍ന്നു പോകുന്ന അവസ്ഥകളില്‍ നിന്ന് കൈപിടിച്ച് എഴുന്നേല്‍പ്പിക്കുന്നു. എന്‍റെ ശൈഖിന്‍റെ സ്നേഹത്തിലൂടെ ഞാൻ ദൈവത്തിന്‍റെ യഥാർത്ഥ സ്നേഹം തിരിച്ചറിഞ്ഞു. ധ്യാന പരിശീലനങ്ങളിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ യഥാർത്ഥമാണ്. അത് സുഗമമായ ജീവിതം ഉറപ്പുനൽകുന്നില്ല, എന്നാല്‍ തീർച്ചയായും നിങ്ങളെ ഒരു മികച്ച മനുഷ്യനാക്കുന്നു. ജീവിതത്തിൽ എല്ലാം നന്ദിയോടെ സ്വീകരിക്കുവാന്‍ നിങ്ങളെ പ്രാപ്തനാക്കുന്നു. ദൈവത്തിലുള്ള വിശ്വാസം വളരുന്നതിനനുസരിച്ച് ജീവിതത്തിലെ ആകുലതകള്‍ അവസാനിക്കും. അതോടെ നിങ്ങള്‍ തികച്ചും സ്വതന്ത്രരാകും. വർഷങ്ങൾക്ക് മുമ്പ് ഹസ്രത്തിന്‍റെ പിതാവിന്‍റെ ‘ഹൃദയത്തിലേക്ക് തിരിയുന്നു’ എന്ന പുസ്തകം ഞാൻ വായിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും സത്യമാണെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ ഇപ്പോള്‍ പറയാൻ കഴിയും.
ഞാൻ എന്‍റെ ഈഗോയുമായി നിരന്തരമായ പോരാട്ടത്തിലായിരുന്നു, എന്നാൽ അതിനു സമാന്തരമായി ഒരു അവബോധ പ്രകൃയയും (എന്‍റെ നഫ്സിന്‍റെ (അഹം) തന്ത്രങ്ങളെക്കുറിച്ചുള്ള അവബോധം) എന്നില്‍ സംഭവിച്ചുകൊണ്ടിരുന്നു. എന്‍റെ അഹന്ത പിശാചിനെക്കാൾ വലുതായി തോന്നി. എന്നാല്‍, ‘ഞാന്‍’ എന്ന ബോധത്തെക്കുറിച്ചുള്ള അവബോധം ശുദ്ധീകരണ പ്രക്രിയയുടെ ആദ്യപടിയാണെന്ന് ഹസ്രത്ത് എന്നോട് വിശദീകരിച്ചു തന്നു. മാലിന്യത്തെ കാണാതെ വൃത്തിയെ പ്രശംസിക്കുവാന്‍ കഴിയാത്തതുപോലെ, ഒരാളുടെ ബലഹീനതകൾ ശക്തിയായി മാറുന്നതിന് മുമ്പ് ഈ അവബോധം പ്രധാനമാണ്. ഇതൊരു ചലനാത്മക പ്രക്രിയയാണ്, കാലം മാറുന്നതിനനുസരിച്ച് മെച്ചപ്പെടുത്തൽ വരുന്നു. ഹസ്രത്ത് പറഞ്ഞു; ‘നിങ്ങൾ ക്ഷമയും അള്ളാഹുവിലും പാഠങ്ങളിലും പൂർണമായി വിശ്വസിക്കുക”.
ഞാൻ എന്‍റെ ശൈഖിനെ വിശ്വസിച്ചു. ഇപ്പോൾ, നേട്ടങ്ങൾ കൊയ്യാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഉപദേശിച്ചത് ഞാൻ ഓർക്കുന്നു: ‘അല്ലാഹുവിന്‍റെ പാതയിൽ നമ്മുടെ ഉദ്ദേശം വളരെ പ്രധാനമാണ്. പഴയതെല്ലാം ഇല്ലാതാക്കാനും സ്വയം മാറാനും സമയമെടുക്കും. നമുക്ക് ശരിയായ ഉദ്ദേശം ഉള്ളിടത്തോളം, സ്ഥിരതയോടെയും ക്ഷമയോടെയും പരിശീലനങ്ങൾ നിലനിർത്താൻ പരിശ്രമിക്കുക, ജീവിതം കാലത്തിനനുസരിച്ച് പൂർണ്ണമായും രൂപാന്തരപ്പെടും. എന്‍റെ ശ്രദ്ധയും പ്രാർത്ഥനയും എപ്പോഴും നിങ്ങളോടൊപ്പമുണ്ട്.’
ജീവിതത്തില്‍ ഉയർച്ച താഴ്ചകള്‍ സംഭവിക്കുമ്പോള്‍ ഈശ്വര സഹായം കൃത്യസമയത്ത് നമ്മിലേക്ക് എത്തുന്നു. കാരണം ദൈവത്തിന്‍റെ കരുണ അതിരുകളില്ലാത്തതാണ്, മുൻകാലങ്ങളിൽ എന്നോട് തെറ്റ്ചെയ്ത അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരോടും ഞാൻ ക്ഷമിച്ചു എങ്കിലും എന്‍റെ ഹൃദയം ശുദ്ധമായിരുന്നില്ല. എന്നാല്‍, ഞാൻ അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോള്‍ മുതല്‍ എന്നിൽ കാണുന്ന മാറ്റം അത്ഭുതാവഹമാണ്. തുടക്കത്തിൽ ഇത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കാരണം. എന്‍റെ ഈഗോ അതിന് എന്നെ അനുവദിച്ചിരുന്നില്ല. എന്നാൽ ആത്മീയ പരിശീലനത്തിലൂടെ എന്‍റെ ഹൃദയം ശുദ്ധവും പ്രാർത്ഥനകൾ ഹൃദയത്തിൽ നിന്നും വരുന്നതുമായി മാറുന്നു. മറ്റുള്ളവരോടുള്ള കുഴഞ്ഞുമറിഞ്ഞ വികാരങ്ങളിൽ നിന്ന് എന്‍റെ ഹൃദയം ശുദ്ധമാവുകയാണ്. ഹൃദയശുദ്ധി സുസ്ഥരമാണെന്നും അത് നേടിയെടുക്കാൻ പ്രയാസമില്ലെന്നും ഇപ്പോള്‍ മനസ്സിലാക്കുന്നു. എന്നാൽ നമ്മുടെ ‘അഹം’ എന്ന ബോധം നമ്മെ അതില്‍ നിന്നു തടയുന്നു. എന്നിരുന്നാലും അല്ലാഹുവിന്‍റെ കാരുണ്യത്താൽ നമുക്ക് അതിനെ ശുദ്ധീകരിക്കാൻ കഴിയും.
ഈ മാര്‍ഗ്ഗത്തിലെ ഒരു സഞ്ചാരി എന്ന നിലയില്‍ വളര്‍ച്ചയുടെ അടുത്ത നാഴികക്കല്ലുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. ഹസ്രത്ത് ഒരിക്കൽ പറഞ്ഞു, “ആത്മീയ രംഗത്തെ പരിശീലനങ്ങള്‍ ലൗകിക പ്രവർത്തനങ്ങളിലുള്ള താൽപ്പര്യം നഷ്ടപ്പെടുത്തുന്നു, പക്ഷേ, ലൗകിക ജീവിതവും അതിലുള്ള നമ്മുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കാൻ കഴിയില്ലെന്ന് ഓർക്കുക.
‘നാം ഈ ലോകത്തിലാണ്, പക്ഷേ അതിലില്ല’ എന്ന സത്യം നമ്മുടെ ബാഹ്യമായ പെരുമാറ്റത്തിൽ നിന്ന് ആർക്കും മനസ്സിലാക്കാനാവാത്ത വിധത്തില്‍ നാം പിന്തുടരേണ്ടതുണ്ട്. അള്ളാഹുവിനോട് അടുപ്പമുള്ള ആളുകളുടെ മഹത്വം, അവരുടെ ബാഹ്യരൂപത്തിലും പെരുമാറ്റത്തിലും ആളുകൾ അവരെ സാധാരണ സാധാരണക്കാരായി കണക്കാക്കും എന്നതാണ്.
വർഷങ്ങളായി, ഒരു ഗ്ലാസിലൂടെ എന്നവണ്ണം ദൈവത്തിന്‍റെ പ്രകാശം തന്നിലൂടെ കടന്നുപോകാൻ അനുവദിച്ച ഹസ്രത്തിനെ അല്ലാഹു (സ്വ) അനുഗ്രഹിക്കുകയും അവന്‍റെ മാർഗദർശനത്തിൻ കീഴിൽ നമ്മെ നിലനിർത്തുകയും ചെയ്യട്ടെ.