യൂറോപ്പിലെ ഒരു കത്തോലിക്കാ രാജ്യത്ത് വളർന്നതിനാൽ, മതജീവിതവുമായി ഒഴിവാക്കാനാവാത്ത ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. ഞാൻ ഒരു കത്തോലിക്കനായിട്ടാണ് വളര്‍ന്നത് അതിനാല്‍ കത്തോലിക്കാ വിശുദ്ധരുടെ ജീവിതത്തിലേക്ക് ചെറുപ്പത്തിലേ ആകർഷിക്കപ്പെട്ടു, ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥി ആയിരിക്കവേ അൾത്താര ബാലനായിരുന്നെങ്കിലും വലിയ വിശ്വാസമോ അറിവോ ഉള്ള ആളുകളെന്ന നിലയിൽ പുരോഹിതന്മാര്‍ എന്നെ ആകർഷിച്ചില്ല. അവരുടെ പല ജോലികളും പൊതു സമൂഹത്തിനുള്ള സേവനമാണെന്ന ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത്.
കൗമാരപ്രായത്തിലെത്തിയതോടെ തത്ത്വചിന്ത, മതങ്ങൾ എന്നിവ പഠിക്കുന്നതിനും എന്നെത്തന്നെ അന്വേഷിച്ച് ഞാൻ ആരാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനും ഇടയിൽ എന്‍റെ ചിന്തകള്‍ അലയടിച്ചു നടന്നു. ഇത് കത്തോലിക്കാ മതത്തിൽ നിന്നുള്ള എന്‍റെ വേർപിരിയലൈനും ഇടയാക്കി. 70-കളിൽ തിയോസൊഫി അധ്യാപനങ്ങളും അതിൽ നിന്ന് ഉരുത്തിരിഞ്ഞ റുഡോൾഫ് സ്റ്റൈനെർ, ആലിസ് ബൈലി മുതലായവരുടേതുമായ ചില അധ്യാപനങ്ങളുമായി ബന്ധപ്പെടുവാന്‍ ഇടയായി. അക്കാലത്ത് പോളണ്ടിൽ ആത്മീയ സാഹിത്യ രംഗം ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഒരാൾക്ക് ക്രിസ്തുമതത്തെക്കുറിച്ച് മാത്രമേ വായിക്കാൻ കഴിയൂ, അല്ലെങ്കിൽ ബുദ്ധമതം, സെൻ, യോഗ എന്നിവയെക്കുറിച്ച് അൽപ്പം മാത്രമേ വായിക്കാൻ കഴിയൂ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പോളണ്ട് ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം ബദൽ സാഹിത്യങ്ങളോ അത്തരം ഗ്രൂപ്പുകളുടെ പൊതുയോഗങ്ങളോ അനുവദിച്ചിരുന്നില്ല. മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പുസ്തകങ്ങൾ കൊണ്ടുവരാൻ അല്ലെങ്കിൽ അവ കള്ളകടത്തു നടത്താൻ ചില വഴികൾ ഉണ്ടായിരുന്നു. വാമൊഴിയായി മാത്രമായിരുന്നു വിവിധ ചെറിയ പഠന ഗ്രൂപ്പുകളുടെ സംഗമം. പോളണ്ടില്‍ ലഭ്യമായ പഠനങ്ങളുടെ പ്രഭാവത്താൽ, എന്‍റെ സ്വന്തം താൽപ്പര്യങ്ങൾ കൂടുതല്‍ നിഗൂഢതലങ്ങളിലേക്കു പോവുകയും ആത്മീയ വിഷയങ്ങളിൽ എനിക്ക് കണ്ടെത്താൻ കഴിയുന്നതെല്ലാം ഞാൻ പഠിച്ചെടുക്കുകയും ചെയ്തു.
1980-ൽ പാശ്ചാത്യരാജ്യങ്ങളായ ഇംഗ്ലണ്ടിലേക്കും പിന്നീട് ഓസ്‌ട്രേലിയയിലേക്കും മാറിയതോടെ എന്‍റെ മുമ്പില്‍ ഒരുപാട് അവസരങ്ങള്‍ തുറക്കപ്പെട്ടു. എനിക്ക് ഇഷ്ടാനുസരണം പുതിയ കാലഘട്ടത്തിലെ എല്ലാ ആശയങ്ങളിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലുവാന്‍ കഴിഞ്ഞു. എന്നാൽ ഞാൻ പിന്തുടർന്നു വന്ന ബൗദ്ധിക പഠനങ്ങളില്‍ ഞാന്‍ സംതൃപ്തനായില്ല. തിയോസഫിക്കൽ പഠനങ്ങളിലും പുതിയ ചിന്തകളിലുമുള്ള എന്‍റെ പഠനങ്ങള്‍ സൂഫിസത്തിൽ എത്തുന്നതുവരെ തുടര്‍ന്നുകൊണ്ടേയിരുന്നു.
എൺപതുകളുടെ മധ്യത്തോടെ, ഒരാൾ എനിക്ക് ഒരു പുസ്തകം അയച്ചുതന്നു. ഇദ്രീസ് ഷായുടെ “സൂഫി മാസ്റ്ററുമൊത്തുള്ള യാത്രകൾ” എന്ന പുസ്തകമായിരുന്നു അത്. ആ പുസ്തകം എന്നെ വളരെയധികം ആകർഷിച്ചു. ഞാൻ ഷായുടെ കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി, അതോടെ ഞാന്‍ അന്വേഷിക്കുന്ന മാര്‍ഗ്ഗം ഇതാണ് എന്ന് എനിക്ക് തോന്നി. സൂഫിസത്തെക്കുറിച്ച് ഞാൻ കൂടുതൽ വായിക്കുന്തോറും അത് ഹൃദയത്തിലേക്ക് ആഴത്തില്‍ പതിച്ചു കൊണ്ടേയിരുന്നു.
എന്നിരുന്നാലും, ഒറ്റ ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പാതയിൽ ഒരാൾക്ക് ഒരു ആത്മീയ വഴികാട്ടി ആവശ്യമാണെന്ന് ഞാൻ വായിച്ചിട്ടുള്ള എല്ലാ സൂഫി പുസ്തകങ്ങളും പറയുന്നു. ഇത് എന്‍റെ ആധുനിക ആശയങ്ങളോട് ഒട്ടും യോജിക്കുന്നതായിരുന്നില്ല. ബാഹ്യ സഹായമില്ലാതെ, അതീന്ദ്രിയമായ ഇടപെടലിനാല്‍ മാത്രം ഒരാള്‍ക്ക് ആത്മീയപൂര്‍ണതക്ക് ആവശ്യമായതെല്ലാം സ്വയം ചെയ്യാൻ കഴിയും എന്നായിരുന്നു എന്‍റെ വിശ്വാസം. ഒരു അധ്യാപകനെ കണ്ടെത്താൻ ഒരാൾ എവിടെയാണ് തിരിയേണ്ടത്? ഒരു പുസ്‌തകത്തോടൊപ്പം അധ്യാപകനെ കിട്ടുന്നില്ല, അതിനാൽ എനിക്ക് ഒരെണ്ണം തിരഞ്ഞെടുക്കുകയോ കാത്തിരിക്കുകയോ ചെയ്യേണ്ടി വന്നു. അക്ഷമനായ ഞാൻ ആദ്യത്തേത് തിരഞ്ഞെടുത്തു.
എങ്കിലും എന്‍റെ തിരച്ചിൽ എനിക്ക് കൂടുതൽ നിരാശയാണ് നല്‍കിയത്. സൂഫികൾക്കായുള്ള എന്‍റെ തിരച്ചിലിനിടയിൽ, ‘സൂഫി’ എന്ന് സ്വയം അവകാശപ്പെടുന്ന നിരവധി ഗ്രൂപ്പുകളെ ഞാൻ കണ്ടുമുട്ടി. എന്നാൽ അവരെ കുറച്ചുകൂടി നന്നായി പഠിച്ചപ്പോള്‍, ഗ്രൂപ്പിലെ അംഗങ്ങൾ ഒരു പ്രത്യേക ഉപാസന സമ്പ്രദായത്തിലെ അംഗങ്ങളെ പോലെ പ്രവചനാതീതമായി പെരുമാറുന്നതായി കണ്ടു. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം ഉയര്‍ന്നു വന്ന പല നവയുഗ ആശയങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഗ്രൂപ്പുകളിൽ പലതും. ഇത്തരം ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊരു ഗ്രൂപ്പില്‍ ചേരുന്നതിന്‍റെ അവശ്യം എന്താണ്?. മൂടൽമഞ്ഞ് പോലെ അവ്യക്തരായ അവര്‍ “സാർവത്രിക മതങ്ങൾ” എന്ന് അവകാശപ്പെടും. “ആത്മീയമായിരിക്കുക”, ഒരു ആത്മീയ നാമം സ്വീകരിക്കുക, ഭൂതകാലത്തില്‍ ജീവിക്കുക, സസ്യാഹാരം മാത്രം കഴിക്കുക തുടങ്ങിയ ഉപദേശങ്ങള്‍ നല്‍കികൊണ്ടിരിക്കും. അവരുടെ സ്ഥാപകരേയും നേതാക്കളെയും പുകഴ്ത്തുന്നതില്‍ അവര്‍ ഒട്ടും പിശുക്ക് കാണിക്കാറില്ല. അവര്‍ ഏതെങ്കിലും തത്വങ്ങൾ, അല്ലെങ്കിൽ നിയമങ്ങൾ പാലിക്കുന്നരായോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപിത മതത്തെ പിന്തുടരുന്നവരായോ ഒരിക്കലും കാണപ്പെടില്ല. ഇക്കൂട്ടരിലേക്ക് ആദ്യം ഞാന്‍ ആകര്‍ഷിക്കപ്പെട്ടു എന്ന കാര്യം സമ്മതിക്കുന്നു, എന്നാല്‍ അത് ദീര്‍ഘകാലം നീണ്ടുനിന്നില്ല. താമസിയാതെ, വീര്യംകുറഞ്ഞ ഒന്നാണിതെന്ന് ഞാൻ കണ്ടെത്തി, യഥാർത്ഥ സൂഫിസവുമായി ഇതിന് വലിയ ബന്ധമില്ലെന്ന് ഞാൻ മനസ്സിലാക്കി.
ഏകദേശം പത്ത് വർഷത്തോളം ഒരു ആത്മീയ വഴികാട്ടിയെ ഞാന്‍ തിരഞ്ഞു, വിദൂര പർവതങ്ങളിൽ ജീവിക്കുന്ന തിയോസഫിയുടെ നിഗൂഢമായ ഗുരുവിനെയല്ല, ഭൗതികനായ ഒരു ഗുരുവിനെയാണ് ഞാന്‍ അന്വേഷിച്ചത്. ഈ തിരച്ചിൽ തീർച്ചയായും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഞാൻ അക്കാലത്ത് താമസിച്ചിരുന്ന ഓസ്‌ട്രേലിയയിലെ മെൽബൺ സന്ദർശിക്കാൻ ഒരു സൂഫി ടീച്ചർ വരുമെന്ന് കേട്ടപ്പോൾ സ്വാഭാവികമായും ഞാൻ വളരെ ആവേശഭരിതനായി.
മെൽബണിന്‍റെ പ്രാന്തപ്രദേശത്ത് വെച്ച് ശൈഖ് ഹസ്രത്ത് ആസാദ് റസൂലിനെ ഞാൻ കണ്ടുമുട്ടി. ചില ഓസ്‌ട്രേലിയൻ വിദ്യാർത്ഥികളെ സന്ദർശിക്കുന്നതിനായി അവിടെ വന്ന് താമസിക്കുകയായിരുന്നു അദ്ദേഹം. സൂഫിസത്തെക്കുറിച്ച് എനിക്ക് എന്തെല്ലാമോ അറിയാമെന്ന ധാരണയായിരുന്നു ശൈഖിനെ ആദ്യമായി കണ്ടുമുട്ടിയ സമയത്ത് എനിക്കുണ്ടായിരുന്നത്. സൂഫി വിഷയങ്ങളിൽ പ്രശസ്തരായ ചില എഴുത്തുകാരുടെ ചില പുസ്തകങ്ങള്‍ വായിച്ച പരിജ്ഞാനം ആയിരുന്നു അതിനു കാരണം. സൈദ്ധാന്തികവും തികച്ചും ഉപരിപ്ലവവുമായ അറിവായിരുന്നു എന്‍റേതെന്ന് അധികം താമസിക്കാതെ ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സത്യാന്വേഷി ഒരിക്കലും ആയിരിക്കാന്‍ പാടില്ലാത്ത വിധം മുൻവിധിയോടു കൂടിയവനും, അഹങ്കാരിയും, സ്വാര്‍ത്ഥനുമായിരുന്നു അക്കാലത്ത് ഞാന്‍. ആത്മീയത എന്തായിരിക്കണം അല്ലെങ്കിൽ എന്തായിരിക്കരുത് എന്നതിനെക്കുറിച്ചും ഒരു സൂഫി ശൈഖ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും ചില മുന്‍ ധാരണകള്‍ എനിക്കുണ്ടായിരുന്നു.
ആത്മീയ ഗ്രന്ഥങ്ങളില്‍ പറയുന്നതുപോലെ “ആദ്യ കാഴ്ചയിൽ തന്നെയുള്ള പ്രണയമോ” പ്രബലമായ ഒരു അനുഭവമോ ഒന്നുമായിരുന്നില്ല ഹസ്രത്തുമായുള്ള എന്‍റെ ആദ്യ കൂടിക്കാഴ്ച. ശൈഖ് എന്നെ അതഭുതപ്പെടുത്തുകയോ, അദ്ദേഹം ഒരു തരത്തിലും എന്നിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിക്കുകയോ ചെയ്തില്ല. കടങ്കഥകളിൽ സംസാരിക്കുകയോ, വിവരണാതീതമായ കാര്യങ്ങളെക്കുറിച്ച് സൂചന നൽകുകയോ ചെയ്യുന്ന ഒരു നിഗൂഢ പൗരസ്ത്യ വ്യക്തിയായിരുന്നില്ല ഷെയ്ഖ്. അദ്ദേഹം എന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ദയയുള്ള, പ്രായമായ ഒരു സാധാരണ, മനുഷ്യന്‍ മാത്രമായിരുന്നു. എന്‍റെ അധ്യാപകനല്ലെങ്കിലും അദ്ദേഹം ഒരു യഥാർത്ഥ സൂഫി അധ്യാപകനാണെന്ന് എനിക്ക് വ്യക്തമായി.
അക്കാലത്ത്, വടക്കേ അമേരിക്കയിലേക്ക് പോകാനും അവിടെയുള്ള മറ്റ് ചില സൂഫി അധ്യാപകരെ കാണാനും ഞാൻ തയ്യാറെടുത്തിയിരുന്നു. പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഞാൻ ഒരിക്കൽ കൂടി ശൈഖിനെ കാണാൻ പോയി. ബോധത്തിന്‍റെ ആദ്യ സൂക്ഷ്മ കേന്ദ്രത്തെ (ലത്തീഫ) എങ്ങനെ ധ്യാനിക്കണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. ഞാനാവശ്യപ്പെട്ടിരുന്നില്ല എങ്കില്‍ പോലും അദ്ദേഹത്തിന്‍റെ ആത്മീയ ചൈതന്യം എന്നിലേക്ക് സംക്രമണം ചെയ്തു. അത് ഞാൻ കാര്യമാക്കിയില്ല എങ്കില്‍ പോലും അദ്ദേഹം പകര്‍ന്നു നല്‍കിയ ചൈതന്യം എന്നില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു, എന്നിരുന്നാലും അദ്ദേഹം എന്നെ പഠിപ്പിച്ച സമ്പ്രദായങ്ങള്‍ ഞാൻ അനുവര്‍ത്തിച്ചില്ല. കാരണം, ഞാൻ ഒരു “മഹാനായ സൂഫി ശൈഖിനെ” തിരയുകയായിരുന്നു. ഇതിനകം അദ്ദേഹത്തെ കണ്ടുമുട്ടിക്കഴിഞ്ഞു എന്ന ഒരു ചെറിയ ധാരണ പോലും എനിക്ക് ഉണ്ടായിരുന്നില്ല.
1994-ന്‍റെ തുടക്കത്തിൽ ഞാൻ ആദ്യം യുഎസിലേക്കും പിന്നീട് കാനഡയിലേക്കും പോയി. ഞാൻ വായിച്ചുകൊണ്ടിരുന്ന സൂഫി സാഹിത്യത്തിൽ നിന്ന്, സൂഫികൾക്ക് ഇസ്ലാമുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിരുന്നു. എന്നാൽ ഈ ബന്ധം എന്താണെന്ന് വ്യക്തത ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരു സാഹചര്യത്തിലും ഇസ്ലാമികമല്ലാത്ത, കൂടുതൽ സാർവത്രികമായ മറ്റൊരു സൂഫിസത്തിനായി ഞാൻ തിരയുകയായിരുന്നു.
യു.എസിലെ “സൂഫി”കളുമായുള്ള കണ്ടുമുട്ടൽ വലിയ പരാജയമായിരുന്നു. പല നവയുഗ ആശയങ്ങളും ഗ്രൂപ്പുകളുമായി എനിക്ക് ബന്ധമുണ്ടായിരുന്നതിനാൽ, യുഎസിൽ ഞാൻ കണ്ട മിക്കവാറും എല്ലാ സൂഫി സംഘടനകള്‍ക്കും ഈ ഗ്രൂപ്പുകളുമായുള്ള സാമ്യം ഞാൻ പെട്ടന്ന് തിരിച്ചറിഞ്ഞു, അവരുമായി ഞാന്‍ നിരന്തരം സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അവരില്‍ തീര്‍ച്ചയായും മതമുണ്ടായിരുന്നില്ല. പകരം ആധുനിക മനഃശാസ്ത്രത്തിന്‍റെ ചില പൊടിക്കൈകള്‍, പൗരസ്ത്യ പദങ്ങളുടെ കൂട്ടിക്കലര്‍ത്തല്‍, ചെറിയ ധ്യാനങ്ങള്‍, അതിനോടനുബന്ധിച്ച് നടത്തുന്ന രോഗശാന്തി ശ്രമങ്ങൾ ഇതൊക്കെ ചേര്‍ന്ന രീതികളായിരുന്നു ആ ഗ്രൂപ്പുകളിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. തികച്ചും വൈകാരിക സമീപനമായിരുന്നു അവരുടേത്. ചില ബൗദ്ധിക ചായ്‌വുകളോടെ, അവർ സൂഫിസത്തിന്‍റെ ചില വശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാ മതങ്ങളെയും പുകഴ്ത്തുന്ന തരത്തിലുള്ള സമന്വയ ആരാധനകൾ മാത്രമായിരുന്നു അവരുടേത്. എന്നാൽ അതിലൊന്നിനേയും അവര്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്നുമില്ല.
ആ സൂഫി അദ്ധ്യാപകരിൽ പലരും ഉപജീവനത്തിനു വേണ്ടി കൃത്യമായ ഒരു ജോലിയും ചെയ്യുന്നതായി തോന്നിയില്ല. സൂഫിസം ഇസ്ലാമിന് മുമ്പുള്ളതാണെന്നും ഇസ്‌ലാമിൽ നിന്ന് സ്വതന്ത്രമാണെന്നും അവരെല്ലാം പറഞ്ഞുകൊണ്ടിരുന്നു. സൂഫിസം ഇസ്‌ലാമികമായിരിക്കുന്നതാണ് നല്ലത് എന്നാണ് അവര്‍ കരുതിയിരുന്നത്. ഒരു വര്‍ഷം നീണ്ടുനിന്ന ഈ യാത്ര കൊണ്ട്, കിഴക്കൻ പാരമ്പര്യത്തെ പാശ്ചാത്യർ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നും അതിന്‍റെ ഏതൊക്കെ വശങ്ങളിലാണ് അവർക്ക് കൂടുതൽ താൽപ്പര്യമുള്ളതെന്നും സൂക്ഷ്മമായി മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു. അവര്‍ക്ക് അവശ്യമെന്നു തോന്നുന്ന സൂഫിസത്തിന്‍റെ ചില വശങ്ങളെ മാത്രം തിരഞ്ഞെടുത്തു. അതോടെ ഞാൻ മനസ്സിലാക്കിയിരുന്ന എല്ലാ പഠിപ്പിക്കലുകളും ശിഥിലമായതായി തോന്നി. “സമഗ്രനായിരിക്കുക” എന്ന് എപ്പോഴും പഠിപ്പിക്കുന്ന ആളുകളിൽ നിന്നും ഇത്തരമൊരു സമീപനം എനിക്ക് വൈരുദ്ധ്യമായി തോന്നി. യോഗയുടെ പാശ്ചാത്യ ശൈലിയാണ് സൂഫിസത്തിന്‍റെ ഈ പാശ്ചാത്യ രൂപം എന്നെ ഓർമ്മിപ്പിച്ചത്. അതിൽ മസിൽ സ്‌ട്രെച്ചിംഗ് വ്യായാമങ്ങളല്ലാതെ മറ്റൊന്നുമില്ല. ഇവിടെ സൂഫിസത്തിന്‍റെ കാര്യത്തിൽ, ഒരുപക്ഷെ അത് വലിയ സത്തയൊന്നും ഉള്‍ക്കൊള്ളാതെ മാനസികവും ബൗദ്ധികവുമായ വലിച്ചു നീട്ടലായിരുന്നു.
യുഎസിലേക്കുള്ള എന്‍റെ യാത്ര ഒരുതരം കണ്ണാടിയായിരുന്നു, സൂഫിസത്തെക്കുറിച്ചുള്ള എന്‍റെ ആശയങ്ങളുടേയും മുൻധാരണകളുടേയും കാരിക്കേച്ചർ അതില്‍ പ്രതിഫലിച്ചു. ഒരു വർഷത്തിനുശേഷം ഞാൻ നിരാശയോടെ മെൽബണിലേക്ക് മടങ്ങി.
ഞാൻ മെൽബണിൽ തിരിച്ചെത്തി ഏതാനും മാസങ്ങൾക്കുശേഷം, ‘ദി സ്കൂൾ ഓഫ് സൂഫി ടീച്ചിംഗിന്‍റെ ഗ്രൂപ്പ് ഫെസിലിറ്റേറ്റർ എന്നെ വീണ്ടും ധ്യാന ഗ്രൂപ്പിൽ ചേരാൻ ക്ഷണിച്ചു. ഷെയ്ഖ് ഉടൻ തന്നെ മെൽബണിലേക്ക് ഒരു സന്ദർശനം നടത്തുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ശൈഖുമായുള്ള ചോദ്യോത്തര സെഷനുകളുടെ ട്രാൻസ്ക്രിപ്റ്റുകൾ അടങ്ങിയ രണ്ട് ലഘുലേഖകളും അദ്ദേഹം എനിക്ക് തന്നു. ഈ ലഘുലേഖകൾ എന്നെ ആകർഷിച്ചു, ശൈഖിന്‍റെ അധ്യാപനത്തെ നന്നായി വിലയിരുത്താൻ എനിക്ക് കഴിഞ്ഞു. അവ സാമാന്യബുദ്ധിയ്ക്കു മനസ്സിലാക്കുന്നതും അസാധാരണമാം വിധം ലളിതവും ആയിരുന്നു. ലഘുലേഖകളിലെ ഉള്ളടക്കങ്ങൾ എന്‍റെ ചിന്തകളോട് പൊരുത്തപ്പെടുന്നതായിരുന്നു. അതിനാല്‍, കൂടുതൽ പഠിക്കാമെന്ന പ്രതീക്ഷയോടെ ഞാൻ ശൈഖിനെ വീണ്ടും കാണാൻ തീരുമാനിച്ചു.
ഞാൻ ഉടനെത്തന്നെ ശൈഖിനെ വീണ്ടും കാണാൻ പോയി. പതിവുപോലെ അദ്ദേഹം എന്നെ സ്വാഗതം ചെയ്തു, വിദേശത്തെ എന്‍റെ അനുഭവങ്ങളിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ ഞാൻ കൂടുതൽ വിനയാന്വിതനും ശൈഖിനോടും യോഗത്തിൽ അന്തർലീനമായ മറ്റെല്ലാ സാധ്യതകളോടും കൂടുതൽ തുറന്ന മനസ്സോടു കൂടിയവനും ആയിരുന്നു. കൂടുതൽ പരിശീലനങ്ങൾ നടത്താനുള്ള എന്‍റെ ആഗ്രഹം ഞാൻ അറിയിച്ചു. ശൈഖ് കൂടുതൽ പാഠങ്ങളും സംപ്രക്ഷേപണങ്ങളും നൽകി എന്നെ അനുഗ്രഹിച്ചു.
ശൈഖിനൊപ്പമുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ സെഷൻ എന്നെ അത്ഭുതപ്പെടുത്തുന്ന അനുഭവമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ശൈഖില്‍ നിന്നുള്ള ചൈതന്യ സംപ്രേഷണം എന്നെ ബാധിച്ചത്. ഈ അനുഭവം കഴിഞ്ഞയുടൻ ഞാൻ ശൈഖിനോട് എന്നെ വിദ്യാർത്ഥിയായി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ ഒരു മുരീദായി, സൂഫി പാതയിലെ ശിഷ്യനായി.
ശൈഖിന്‍റെ പഠിപ്പിക്കലുകൾ എന്നിൽ കൊണ്ടുവന്ന ആന്തരിക പരിവർത്തനത്തെക്കുറിച്ചു ഉണ്ടാകുന്ന അവബോധം എന്തായിരുന്നു? മനുഷ്യജീവിതത്തിന്‍റെ ഗതിയെ മാറ്റുന്ന അനുഭവങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചേക്കാം. ആന്തരിക പരിവർത്തന പ്രക്രിയയെ വിവരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ അത്തരം വിവരണങ്ങൾ പലപ്പോഴും അതിന്‍റെ ആഴങ്ങളെ വളച്ചൊടിക്കാനും അതിനെ നിസ്സാരവത്ക്കരിക്കാനും അപൂർവ്വമായി ചിലപ്പോള്‍ നിന്ദ്യമായ പരിഹാസത്തിന് വിധേയമാക്കാനും മാത്രമേ സഹായിക്കൂ. എന്നിരുന്നാലും, ഈ അനുഭവങ്ങളെക്കുറിച്ച്, ഒരു കാര്യം ഞാൻ പറയാം. “യഥാർത്ഥവും അഗാധവുമായ ചിലത് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്‍റെ ജീവിതത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിട്ട എന്തോ ഒന്ന്”.
ഏകദേശം 40 വർഷത്തോളം ഞാൻ എന്‍റെ ഈഗോയ്‌ക്കായി (എന്‍റെ നഫ്‌സിനായി) ജീവിച്ചു, എന്നാൽ ഇപ്പോൾ എന്‍റെ നഫ്സിന്‍റെ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ശ്രദ്ധ ചെലുത്താതെ, പ്രപഞ്ച നാഥന്റെ മാർഗത്തിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു,.
അനുഭവങ്ങൾ ലോകത്തിലെ ആളുകളെപ്പോലെ വൈവിധ്യപൂർണ്ണമാണ്. സ്വന്തം ആന്തരിക അനുഭവങ്ങൾ വെളിപ്പെടുത്താതിരിക്കുന്നതാണ് പലപ്പോഴും നല്ലതെന്ന് സൂഫിസത്തിന്‍റെ വിദ്യാർത്ഥി പെട്ടെന്ന് മനസ്സിലാക്കുന്നു, കാരണം ആന്തരിക അനുഭവങ്ങൾ വ്യത്യസ്ത ആളുകളില്‍ എപ്പോഴും വ്യത്യസ്തമായിരിക്കും. സ്വന്തം അനുഭവങ്ങളെ ക്കുറിച്ച് സംസാരിക്കുന്നത് ശ്രോതാവിനെ സ്വാധീനിക്കുകയും അവനിൽ അല്ലെങ്കിൽ അവളിൽ സമാനമായ അനുഭവങ്ങൾക്കായി പ്രതീക്ഷ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ രണ്ട് അനുഭവങ്ങളും ഒരിക്കലും ഒരുപോലെയാകില്ല. നാമെല്ലാവരും നിസ്തുലജീവികളാണ്, ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവവും അതുല്യമാണ്. ഒരു സൂഫി ആന്തരികമായി ഉന്മത്തനാണെങ്കിലും, അവൻ ബാഹ്യമായി ശാന്തനാണ്. സൂഫികൾക്ക് പരസ്‌പരം ആന്തരികാവസ്ഥ അറിയാനും മനസ്സിലാക്കാനും കഴിയുമെങ്കിലും, അപൂർവമായ സാഹചര്യങ്ങളില്‍ അല്ലാതെ അവർ ഒരിക്കലും ഈ അറിവ് പ്രകടിപ്പിക്കുകയില്ല. ശരാശരി വ്യക്തികൾക്ക് പ്രാപ്യമല്ലാത്ത ആന്തരിക അവസ്ഥകളുടെയോ ശക്തികളുടെയോ തെളിവുകൾ കാണിച്ച് തങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാൻ അവർ ശ്രമിക്കുകയില്ല.
സൂഫി പാതയിൽ, ഒരു വിദ്യാർത്ഥിക്ക് തന്‍റെ ആന്തരിക അനുഭവങ്ങളും ദർശനങ്ങളും സ്വപ്നങ്ങളും ആത്മീയ വഴികാട്ടിയുമായി മാത്രം പങ്കുവക്കാം. കാരണം, അത്തരം അനുഭവങ്ങൾ നന്നായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അവരുടെ ശൈഖിന് മാത്രമേ കഴിയൂ.
ഇസ്‌ലാമും സൂഫിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഉൾക്കാഴ്‌ചയായിരുന്നു എന്‍റെ പരിവർത്തിത അനുഭവത്തിന്‍റെ ആദ്യ ഉള്‍ക്കാഴ്ച. അത്തരമൊരു ബന്ധം എനിക്ക് വളരെ വ്യക്തമായിരുന്നു. ഇസ്‌ലാമിക ജ്ഞാനം (ഇർഫാൻ) എന്‍റെ മുന്നിൽ തുറന്നത് പോലെ എനിക്ക് തോന്നി. ഖുർആനിന്‍റെ അർത്ഥവും സൂഫി ക്ലാസിക്കുകളിലെ പഠനങ്ങളും കൂടുതൽ വ്യക്തവും ഗ്രാഹ്യവുമായി. സൂഫി ജ്ഞാനത്തിന്‍റെ അളവറ്റ സമ്പത്ത് – ഒരു വിശുദ്ധ ശൃംഖലയ്‌ക്കോ സിൽസിലയ്‌ക്കോ (അധ്യാപകരുടെ ശൃംഖല) മാത്രം നൽകാൻ കഴിയുന്ന ദിവ്യജ്ഞാനം – വിശദീകരിക്കാൻ പ്രയാസമുള്ള വഴികളിലൂടെ എനിക്ക് സ്വീകരിക്കുവാന്‍ കഴിയുമെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നു. നഖ്‌ശബന്ദിയിലെയും മറ്റ് സൂഫി വംശങ്ങളിലെയും മഹത്തായ സന്യാസിമാരുടെ, എല്ലായ്പ്പോഴും ഒരു നിശ്ചിത ബിന്ദുവില്‍ ഒത്തുചേരുന്ന ആ ശൃംഖലയുമായി ഞാൻ ബന്ധപ്പെട്ടു നിൽക്കുന്നുവെന്ന് എനിക്ക് തോന്നി.
ഞാന്‍ വർഷങ്ങളോളം പഠിച്ച ആൽക്കെമി (അസാധാരത്വത്തിലേക്കുള്ള പരിവര്‍ത്തനം) ഇപ്പോൾ ഒരു ശൂന്യമായ ചിത്രമോ പ്രതീകമോ എന്നതിലുപരി യാഥാർത്ഥ്യമായി. ചുവന്ന സൾഫറായ ഷെയ്ഖിന്‍റെ സാന്നിധ്യത്തിൽ ഈ പരിവർത്തനം സാധ്യമാണെന്ന് സാക്ഷ്യപ്പെടുത്താൻ എനിക്ക് കഴിയും. ഒരു “ഏജന്‍റ്” മുഖേനയോ അല്ലെങ്കിൽ രൂപാന്തരപ്പെടേണ്ടതുമായി ബന്ധപ്പെട്ട് ഉയർന്നതും വലുതും അതിരുകടന്നതുമായ മറ്റെന്തെങ്കിലും ചാലകം വഴിയോ മാത്രമേ ഒരു പരിവർത്തനം സംഭവിക്കുകയുള്ളൂ, അതില്ലാതെ ആ വസ്തു എന്നെന്നേക്കുമായി മാറ്റമില്ലാതെ നിലനിൽക്കും. അതുപോലെ, സത്യാന്വേഷികൾക്ക്, യാത്രയുടെ അവസാനത്തിലെത്തിയ ഒരാളിൽ നിന്ന് മാത്രമേ യഥാർത്ഥ പരിവര്‍ത്തനത്തിനുള്ള സഹായം ലഭിക്കൂ.
എനിക്കുണ്ടായ പരിവർത്തനത്തിന്‍റെ മറ്റൊരു ഫലം എന്‍റെ സ്വന്തം പരിമിതികൾ, കുറവുകൾ, തെറ്റുകൾ എന്നിവയെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായി എന്നതാണ്. പരിവര്‍ത്തനത്തിന്‍റെ പാതയിൽ ഒരു ഗൈഡ് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒടുവിൽ മനസ്സിലായി. “ന്യൂ ഏജ്” എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തെ ക്കുറിച്ചുള്ള ചില ധാരണകള്‍ ഇവിടെ ഉയർത്തിക്കാട്ടുന്നത് ഉചിതമാണെന്ന് തോന്നുന്നു. ഈ പ്രത്യയ ശാസ്ത്രത്തിന്‍റെ വക്താക്കൾ അവകാശപ്പെടുന്നത് മനുഷ്യന് സ്വന്തം കഴിവുകൾ വീണ്ടെടുക്കാനും സ്വയം എന്തും നേടാനും കഴിയുമെന്നാണ്. അങ്ങനെ ഒരു മനുഷ്യൻ അവന്‍റെ സ്വന്തം അധികാരിയായിത്തീരുന്നു, അവന്‍റെ അഹം (നഫ്സ്) അവന്‍റെ “ദൈവം” ആയിത്തീരുന്നു. “നമ്മളെല്ലാം ദൈവങ്ങളാണ്” എന്നതു പോലുള്ള വാക്യങ്ങൾ അത്തരം കേന്ദ്രങ്ങളില്‍ നിന്നു കേൾക്കുന്നത് സാധാരണമാണ്. എന്നാൽ, ദൈവത്തെ നിരാകരിക്കുന്നതിലൂടെ, മനുഷ്യനിൽ ദൈവത്തിന്‍റെ യഥാർത്ഥ പ്രത്യക്ഷതയുമായുള്ള ബന്ധം അവർ വിച്ഛേദിക്കുന്നു. അതിനാൽ പുതുയുഗ മനുഷ്യൻ സ്വന്തം പ്രത്യയശാസ്ത്രത്തിന്‍റെ പരിമിതിയില്‍ കുടുങ്ങിപ്പോയെന്ന് സ്വയം കണ്ടെത്തുന്നു.
സ്വന്തം തലമുടി വലിച്ചുയര്‍ത്തിക്കൊണ്ട് സ്വയം ഉയർത്താൻ ശ്രമിക്കുന്ന ഒരു മനുഷ്യൻ അസാധ്യമായ ഒരു ജോലിയാണ് ചെയ്യുന്നത്. അതുപോലെ, ഒരു മനുഷ്യന്‍റെ അഹംഭാവത്തിന് സ്വന്തം പരിമിതികൾക്കപ്പുറം സ്വയം രൂപാന്തരപ്പെടാന്‍ കഴിയില്ല. ഈഗോയ്‌ക്ക്, ഒരു ഫലവും കൊണ്ടുവരാൻ കഴിയില്ല. അതിന് മനുഷ്യനെ പൂര്‍ണ്ണമായും പരിവർത്തനം ചെയ്യാൻ കഴിയില്ല. പുതിയ യുഗം അഹംബോധത്തിന്‍റെ പ്രമേയങ്ങളിലും സാധ്യതകളിലും മയങ്ങിപ്പോയിരിക്കുന്നു, അതിൽ കൂടുതലൊന്നും ഇല്ല. ഇതിനെ “ആത്മീയ” അല്ലെങ്കിൽ “വ്യക്തിഗത” പ്രവർത്തനം എന്ന് വിളിക്കാമെങ്കിലും, അത് അഹം-ബന്ധിതമായി തുടരുന്നു.
മനുഷ്യൻ അഹങ്കാരത്തിനപ്പുറത്തേക്ക് നീങ്ങിയാൽ ലഭ്യമാകുന്ന വിശാല സാധ്യതകളെക്കുറിച്ച് എനിക്ക് പരിവർത്തനം സാധ്യമായപ്പോഴാണ് തിരിച്ചറിവുണ്ടായത്. വർഷങ്ങളായി പുതുയുഗ ഗ്രൂപ്പുകള്‍ എന്നു വിളിക്കുന്ന നിഗൂഢസംഘങ്ങള്‍ യഥാർത്ഥ മിസ്റ്റിസിസത്തിന്‍റെ അധഃപതിച്ച രൂപങ്ങളാണെന്ന് ഞാൻ മനസ്സിലാക്കി. ഇക്കാലത്ത് ധാരാളമായി കാണപ്പെടുന്ന ഈ ഗ്രൂപ്പുകള്‍ പരസ്പരം സമന്വയിപ്പിക്കുകയും യഥാർത്ഥ മിസ്റ്റിക്‍ ഗ്രൂപ്പുകളുടെ പാതകളെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഈ പകർപ്പുകളിലൊന്നിനെ പിന്തുടരാൻ ശ്രമിക്കുമ്പോൾ, അവരെ നയിക്കുന്നതില്‍ അവർ പൂര്‍ണ്ണമായി പരാജയപ്പെടുന്നു.
എല്ലാ മതങ്ങളിൽ നിന്നുള്ള പ്രവാചകന്മാരും അനേകം വിശുദ്ധരും (ദൈവമനുഷ്യർ) ചില ശക്തികളുടെ ഉടമകളായിരുന്നു, എന്നാൽ ഈ ശക്തി ഒരിക്കലും ജീവിതത്തിന്‍റെ ഭൗതിക വശത്ത് നിന്നോ, രൂപത്തിൽ നിന്നോ, അവരുടെ സ്വന്തം അഹന്തയിൽ നിന്നോ ഉണ്ടായതല്ല, മറിച്ച് അത് ദൈവിക സ്വത്വത്തിൽ നിന്നു വന്നതാണ്. ഇവ ദൈവിക ദാനങ്ങളാണ്. സൂഫികൾ പരമ്പരാഗതമായി ടെലിപതി, ട്രാൻസ്‌ലോക്കേഷൻ, ഭാവി പ്രവചിക്കാനുള്ള കഴിവ്, ഡീമെറ്റീരിയലൈസ് ചെയ്യൽ, രോഗശാന്തി മുതലായവ പോലുള്ള അസാധാരണ ശക്തികള്‍ കൈവരിച്ചവരാണ്. തങ്ങൾക്കുണ്ടായേക്കാവുന്ന എല്ലാ ശക്തികളും ദൈവികേച്ഛയുടെ പ്രകടനമാണെന്ന് സൂഫികൾ കരുതുന്നു. എന്നാല്‍, ചിലര്‍ നടത്തുന്ന അനുഷ്ഠാനങ്ങളിലൂടെ ലഭിക്കുന്ന നിഗൂഢ ശക്തികൾ പോലെ നിസ്സാരമായ ഒന്നുമല്ല ഇത്. അത്തരം ശക്തികൾ ബോധപൂർവ്വം നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും ആത്യന്തികമായി ദൈവിക ശക്തികളെ അനുകരിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ്. അത്തരം ശക്തികൾക്കായുള്ള ആഗ്രഹം അഹംഭാവത്തിൽ നിന്നാണ് ഉണ്ടാകുന്നത്, ഇവ മനഃപൂർവ്വം വികസിപ്പിക്കുന്നത് അഹംഭാവത്തെ ശക്തിപ്പെടുത്തുകയും അങ്ങനെ മനുഷ്യനും ദൈവവും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സൂഫി പാതയിലെ എന്‍റെ തുടരനുഭവങ്ങൾ ശൈഖിന്‍റെ ഫലപ്രാപ്തിയും ആധികാരികതയും സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തത്. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നോ കാലിഫോർണിയയിൽ നിന്നോ ഞാൻ പഠിച്ച സൂഫിസത്തിന്‍റെ പാശ്ചാത്യ പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസങ്ങൾ ശ്രദ്ധേയമാണ്. ന്യൂഏജ് ഗ്രൂപ്പുകളിലേത് പോലെ എല്ലാവർക്കും എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് അവരുടേതായ നിയമങ്ങൾ ഉണ്ടാക്കാൻ സ്വാതന്ത്ര്യമുണ്ട്. വിദ്യാർത്ഥിയുടെ ധാർമിക ജീവിതത്തിലെ ഒരു കാര്യത്തിലും ശൈഖ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. നമ്മുടെ ദൈനംദിന കർത്തവ്യങ്ങൾ അവഗണിക്കാതെ, ജോലി ചെയ്യാനും, കുടുംബത്തിനു വേണ്ടിയുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും, സമൂഹത്തിൽ ജീവിക്കാനും, അതേ സമയം, നമ്മുടെ ശീലങ്ങൾക്കായി എല്ലാ ദിവസവും കുറച്ച് സമയം നീക്കിവയ്ക്കാനും നാമെല്ലാവരും ബാധ്യസ്ഥരാണ്. അങ്ങനെ സൂഫി നിയമങ്ങള്‍ അനുസരിക്കുമ്പോള്‍ ‘നമ്മള്‍ ലോകത്തിലായിരിക്കാൻ, പക്ഷേ അതിൽ അല്ല’ എന്ന അവസ്ഥയിലേക്ക് നയിക്കപ്പെടും നമ്മൾ മികച്ച വ്യക്തികള്‍ ആകുന്നിടത്തോളം ലോകവും മികച്ചതായിരിക്കും. അതിനാലാണ് സൂഫിസം ഒരു സദാചാര സമ്പ്രദായം മാത്രമാണെന്ന് ചില സൂഫികൾ പറയുന്നത്.
സ്വാതന്ത്ര്യപ്രിയരായ പാശ്ചാത്യര്‍ക്ക് സൂഫി രീതികള്‍ കർക്കശ പെരുമാറ്റച്ചട്ടങ്ങളായി തോന്നിയേക്കാമെങ്കിലും, ശൈഖ് അങ്ങേയറ്റം എളിമയും ദയയും സന്തോഷവാനും ക്ഷമാശീലനുമായ വ്യക്തിയായി തുടരുന്നു. ശൈഖ് ആരെയും ആക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്തതായിഞാൻ കേട്ടിട്ടില്ല, അദ്ദേഹം പഠിപ്പിക്കുമ്പോള്‍ ആരേയും ചോദ്യം ചെയ്യാതെ ഒരു കഥയോ ഉപമയോ ഉപയോഗിച്ച്, കാര്യങ്ങള്‍ വിശദീകരിക്കുന്നു. സൂഫിയുടെ വഴി സൂക്ഷ്മമാണ്… അതോടൊപ്പം ഫലപ്രദവും.
ശൈഖിന്‍റെ ഇന്ത്യയിലെ വസതിയിൽ ഞാൻ നടത്തിയ സന്ദർശനങ്ങളിലൂടെ സൂഫിസം യഥാർത്ഥത്തിൽ എന്താണെന്നതിനെ ക്കുറിച്ചു കൂടുതൽ ഉൾക്കാഴ്ച എനിക്ക് ലഭിച്ചു. ചില മുസ്ലീം രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സൂഫികൾ, മുസ്ലീങ്ങൾക്കിടയിൽ മാത്രമല്ല, മറ്റ് മതസ്ഥരുടെ ഇടയില്‍ പോലും ആദരിക്കപ്പെടുന്നു. മഹത്തായ സൂഫി സന്യാസിമാരുടെ കബറിടങ്ങളായ ദർഗകള്‍ അനുദിനം സജീവമായി കാണപ്പെടുകയും ജീവിതത്തിന്‍റെ സമസ്ത മേഖലകളില്‍ നിന്നുമുള്ള. ആയിരക്കണക്കിന് ആളുകൾ ദിവസവും അവിടം സന്ദര്‍ശിക്കുകയും ചെയ്യുന്നു. ഒരു സൂഫി സന്യാസിയുടെ ശവകുടീരത്തില്‍ (ദര്‍ഗ്ഗയില്‍) മതപരമോ വംശീയമോ ആയ യാതൊരു വ്യത്യാസങ്ങളും ആരും കാണുന്നുമില്ല.
ഇന്ത്യയിലെ സൂഫികേന്ദ്രം സന്ദർശിക്കുമ്പോള്‍ ഒരു പിതാവിനെപ്പോലെ തങ്ങളെ ശൈഖ് ശ്രദ്ധിക്കുന്നുണ്ടെന്ന് ഓരോരുത്തര്‍ക്കും തോന്നുന്നു. ആതിഥ്യമര്യാദ ഒരു കാര്യമാണ്, എന്നാൽ ശൈഖിൽ നിന്നു സുരക്ഷിതത്വവും ശാരീരികമായ സംരക്ഷണവും മാത്രമല്ല, എല്ലാറ്റിലുമുപരിയായി ആത്മീയ സംരക്ഷണവും ലഭിക്കുന്നു.
ഞാന്‍ ശൈഖിനെ പരിചയപ്പെട്ട ശേഷം ഒരു സമയത്തും അദ്ദേഹത്തിനു സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉള്ളതായി അനിഭവപ്പെട്ടിരുന്നില്ല. അധ്യാപനത്തിന് ഫീസ് ഇല്ലായിരുന്നു. ഖനേഖയിൽ താമസിക്കുമ്പോൾ പോലും, സാധാരണ ഒരു സന്നദ്ധ ദാനത്തിനു അപ്പുറം പണത്തെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടുമില്ല. ശൈഖ് ഒരിക്കലും ആരോടും പണമോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെട്ടിട്ടില്ല. സൂഫികളുടെ ആചാരമനുസരിച്ച്, ശൈഖ് ജീവിക്കുന്നത് സ്വന്തം ജോലിയുടെ വരുമാനത്തിൽ നിന്നാണ്, അല്ലാതെ വിദ്യാർത്ഥികളിൽ നിന്നല്ല. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് എത്ര പെട്ടെന്നാണ് ഖനേഖ പണിതത് എന്നു ചോദിച്ചു. ഖനേഖ നിർമ്മിക്കാൻ 25 വർഷമെടുത്തുവെന്നും തനിക്ക് സ്പോൺസർമാരില്ലെന്നും ഷെയ്ഖ് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ശൈഖ് ദൈവത്തോട് സഹായം ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അത് സാവധാനമെങ്കിലും ഉറപ്പായും ലഭിച്ചുവന്നതാണ് സത്യം.
ശൈഖിനെ കുറിച്ച് ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം, അദ്ദേഹം ഒരിക്കലും നവാഗതരെയോ പുതിയ വിദ്യാർത്ഥികളെയോ അന്വേഷിക്കുന്നില്ല എന്നതാണ്. ‘’ഒരു മനുഷ്യനെ ദൈവസാന്നിദ്ധ്യത്തിനും സാമീപ്യത്തിനും വേണ്ടി ഉണർത്തുക’’ എന്നതാണ് സൂഫിസത്തിന്‍റെ ലക്ഷ്യം എന്ന് എപ്പോഴും ഊന്നിപ്പറയുന്നു. സൂഫിസം ഒരു പ്രസ്ഥാനമല്ല, ചുരുക്കം ചിലർ മാത്രമേ അതിലേക്ക് ആകർഷിക്കപ്പെടുകയുള്ളൂ. അതിലും കുറച്ച് പേര്‍ മാത്രമേ യാത്രയുടെ അവസാനം വരെ എത്തുന്നുള്ളൂ. ഞാൻ ശൈഖിന്‍റെകൂടെ ആയിരുന്നപ്പോഴെല്ലാം മിഷനറി സ്പിരിറ്റിന്‍റേയോ മതപരിവർത്തനത്തിന്‍റേയോ സൂചന പോലും ഉണ്ടായിട്ടില്ല.
വർദ്ധിച്ചുവരുന്ന പാശ്ചാത്യ വിദ്യാർത്ഥികളെ മനസ്സിൽ വെച്ചുകൊണ്ട്, ശൈഖ് തന്‍റെ ഗുരുവിന്റെ സമ്മതത്തോടെ പരമ്പരാഗത സൂഫി തരീഖയായി പ്രവർത്തിക്കുന്ന “ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സേര്‍ച്ച് ഓഫ് ട്രൂത്ത്’ എന്ന പാഠശാല സ്ഥാപിച്ചു. സൂഫികൾ ഒരു ആശ്രമത്തിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ധ്യാനസന്യാസിമാരല്ലെന്ന് ശൈഖ് ഊന്നിപ്പറയുന്നു. ഒരു സൂഫി ലോകത്ത് എപ്പോഴും സന്നിഹിതനാണ്, അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, അവൻ രണ്ട് ലോകങ്ങളിലും ഉണ്ട്, അവന്‍ ബാഹ്യത്തെ ആന്തരികവുമായി സമന്വയിപ്പിക്കാൻ ശ്രമിക്കുന്നു. എല്ലാ മനുഷ്യരുടെയും ലക്ഷ്യം തികഞ്ഞ മനുഷ്യനാകുക (ഇൻസാനി കാമിൽ) എന്നതാണ്.
മനുഷ്യന്‍റെ ആത്മീയ വികാസത്തിനും അവന്‍റെ സ്രഷ്ടാവിലേക്കുള്ള മടങ്ങിപ്പോക്കിനും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ആണ് ചരിത്രപരമായി തന്നെ സൂഫികൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശൈഖ് ഹസ്രത്ത് ആസാദ് റസൂൽ, തന്‍റെ ശാരീരിക പ്രായം കൂടുതലാണെങ്കിലും, വർഷത്തിൽ ഒരിക്കലെങ്കിലും യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ തന്‍റെ ഗ്രൂപ്പുകൾ സന്ദർശിക്കാൻ ശ്രദ്ധിക്കുന്നു. ആ സന്ദർശനങ്ങളിൽ ശൈഖ് തന്‍റെ വിദ്യാർത്ഥികളുമായി സ്വകാര്യ സംഭാഷണങ്ങളിൽ മണിക്കൂറുകളോളം ചെലവഴിക്കുകയും നവാഗതരെ കാണുകയും ചെയ്യുന്നു. അദ്ദേഹം പ്രസംഗങ്ങളൊന്നും നടത്തുകയോ ജനക്കൂട്ടത്തെ ആകര്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല, എന്നാൽ അവരെ കാണുന്ന ആളുകള്‍ ആ സാന്നിധ്യത്തിലൂടെയും ആത്മാവിലൂടേയും എങ്ങനെയോ സ്വാധീനിക്കപ്പെടുന്നു.
ശൈഖുമായൊത്തുള്ള ആത്മീയ പരിശീലനം പ്രായോഗികവും അനുഭവപരവുമാണ്. വിശ്വസിക്കാൻ സിദ്ധാന്തങ്ങളില്ല. ശുപാർശ ചെയ്യപ്പെടുന്ന വായനാ ലിസ്‌റ്റുകളില്ല. ബൗദ്ധികവ്യായാമങ്ങൾ നടത്തേണ്ടതില്ല. വ്യക്തി സമ്പ്രദായങ്ങൾ അനുവദിക്കപ്പെടുമ്പോൾ, അത് എല്ലാ ആത്മാർത്ഥതയോടെയും ചെയ്യപ്പെടുമെന്ന് ഉറപ്പാക്കുന്നു. അല്ലെങ്കിൽ, പ്രാഥമിക സമ്പ്രദായങ്ങൾക്ക് ഫലമുണ്ടാകില്ല. ഒരു പാരമ്പര്യത്തിലും ഗൗരവമായി ഇടപെടാതെ, ആത്മീയപാതകളിൽ നിരന്തരമായ ഷോപ്പിംഗ് പ്രധാന ജോലിയായി തിരഞ്ഞെടുത്ത നിരവധി ആളുകളെ ഞാൻ വർഷങ്ങളായി കണ്ടിട്ടുണ്ട്. ആഴത്തിലുള്ള ഉറവയില്‍ എത്താൻ ഒരാൾ ഒരേ സ്ഥലത്തുതന്നെ ആഴത്തില്‍ കുഴിക്കണം, അല്ലാത്തപക്ഷം ഭൂമിയിൽ നിരവധി ചെറിയ കുഴികൾ ഉണ്ടാകും, പക്ഷേ ഒരിക്കലും ഒന്നിലും വെള്ളം കണ്ടെത്താനാവില്ലെന്ന് സൂഫികൾ എല്ലായ്പ്പോഴും ഊന്നിപ്പറയുന്നു. “ഒരേ സമയം ഒരാൾക്ക് രണ്ട് ബോട്ടിൽ യാത്ര ചെയ്യാൻ കഴിയില്ല.”
ശുഭാപ്തി വിശ്വാസത്തോടേയും എല്ലാ സത്യാന്വേഷികളെയും സന്തോഷിപ്പിക്കുന്ന വാക്കുകളോടേയും ഈ ചെറിയ സാക്ഷ്യപത്രം അവസാനിപ്പിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഉത്കണ്ഠകളും അശാന്തിയും അരക്ഷിതാവസ്ഥയും നിറഞ്ഞ ഒരു ലോകത്ത്, യഥാർത്ഥ ആത്മീയ പരിശീലനം എല്ലായ്പ്പോഴും ലഭ്യമാണ്. ഒരാൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും പൂർണ്ണ ഹൃദയത്തോടെ ആഗ്രഹിക്കുകയും ചെയ്താൽ, നമ്മുടെ യാത്രയുടെ അവസാനത്തിലേക്ക് നമ്മെ കൊണ്ടുപോകാൻ കഴിയുന്ന ഒരു യഥാർത്ഥ ആത്മീയ വഴികാട്ടിയെ ദൈവം നൽകുമെന്ന് ഉറപ്പാണ്.