ഏഴോ എട്ടോ വയസ്സുള്ള ഒരു കുട്ടിയായിരുന്നപ്പോള്‍ മുതൽ സന്തോഷാർത്ഥം ആരാധനാലയങ്ങളില്‍ ഏകാന്തത കണ്ടെത്തുകയും തിരുവെഴുത്തുകൾ വായിക്കുകയും ചെയ്തിരുന്നത് ഞാനോർക്കുന്നു. ഈശ്വര സാന്നിധ്യത്തിൽ കണ്ണുകൾ അടച്ച്, മറ്റെല്ലാ ചിന്തകളും മനസ്സിൽ നിന്നകറ്റി ദൈർഘ്യമേറിയ പ്രാര്‍ത്ഥനകളില്‍ ഞാന്‍ മുഴകിയിരുന്നു
പ്രദേശിക സോഷ്യലിറ്റ് സാഹിത്യങ്ങളില്‍ താല്‍പര്യം ഉണ്ടാകുവാന്‍ തുടങ്ങുകയും യുക്തിയെ ആധാരമാക്കി വസ്തുതകളുടെ കാര്യകാരണങ്ങള്‍ തേടാന്‍ തുടങ്ങിയ പതിനാറോ പതിനേഴോ വയസ്സ് ആകുന്നതു വരെ ഈ ജീവിതശൈലി ഞാന്‍ തുടര്‍ന്നു. എനിക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നതിനും അവയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുന്നോട്ടുള്ള വഴിയൊരുക്കുന്നതിനുമുള്ള ഒരു മികച്ച ഉപകരണമാണ് ഈ യുക്തിചിന്തയെന്ന് ഞാന്‍ കരുതി. യുക്തിചിന്ത, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് വിനാശകരമോ സൃഷ്ടിപരമോ ആയ ഒരു ഉപകരണം മാത്രമാണെന്ന് അന്ന് എനിക്ക് മനസ്സിലായില്ല. ദൈനംദിന ജീവിതത്തില്‍ കണ്ടുമുട്ടുന്ന ആളുകളേയും അവരുടെ വീക്ഷണങ്ങളേയും യുക്തിയുടെ അടിസ്ഥാനത്തില്‍ വെല്ലുവിളിക്കുന്നതും അവർ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ഞാന്‍ ആസ്വദിക്കാൻ തുടങ്ങി. യുക്തിയുടെ അടിസ്ഥാനത്തില്‍ മതങ്ങളുടെ വിശ്വസപ്രമാണങ്ങളെ ചോദ്യം ചെയ്യുക എന്നത് എന്‍റെ പ്രിയപ്പെട്ട ലക്ഷ്യമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ജീവിതത്തിലെ സൂക്ഷ്മവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് യാതൊരു വിലയും കൊടുക്കാതെ, വളർന്നുകൊണ്ടിരുന്ന എന്‍റെ അഹന്തയെ തൃപ്തിപ്പെടുത്താന്‍ വഴിയിലുള്ളതെല്ലാം തച്ചുതകര്‍ത്ത് മുന്നോട്ടു പായുന്ന കാളയെ പോലെ, എന്‍റെ അഹന്തയെ ഉണർത്താൻ ആ സംഭാഷണങ്ങളിലൂടെ ഞാൻ വഴി കണ്ടെത്തുകയായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.
യുക്തിചിന്തയുടെ അന്ധതയ്യിൽ ജീവിതപാതയിലെ വഴിത്തിരിവുകളുടെ ട്രാക്ക് നഷ്ടപ്പെട്ട ഞാന്‍ ഏകദേശം ഇരുപത് വർഷമായി അലഞ്ഞുതിരിഞ്ഞു നടന്നതിന്‍റെ വിശദാംശങ്ങൾ ഇവിടെ പ്രസക്തമല്ല. എങ്കിലും അത് എന്‍റെ അസ്തിത്വത്തെ ആഗ്രഹങ്ങളുടെ അടിമത്തത്തിലേക്ക് തള്ളിവിടുകയും, ഒപ്പം ഹൃദയത്തിൽ മൂടുപടം വലിച്ചുകെട്ടുകയും ചെയ്തതായി ഞാൻ കരുതുന്നു. പിന്നീട്, സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് സംഘടിപ്പിച്ച ഒരു ഗ്രൂപ്പ് മീറ്റിൽ പങ്കെടുക്കുകയുണ്ടായി. ഞാൻ മുമ്പ് ചെയ്തിരുന്ന മറ്റ് ചില ധ്യാനരീതികളില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമായിരുന്നു. ബാഹ്യമായ എല്ലാത്തിൽ നിന്നും താൽക്കാലികമായി പിൻവാങ്ങാനും നിശബ്ദതയിൽ ഇരിക്കുമ്പോൾ ഉള്ളിലേക്ക് തിരിയാനും ഇത് വളരെ ഫലപ്രദമായ മാർഗമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
വളരെ കുറച്ച് സമയമേ ഞാൻ ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നുള്ളൂ. ഇതുവരെയുള്ള എന്‍റെ യാത്രയിൽ, ഞാൻ അനുഭവിച്ച വ്യക്തിപരമായ പരിവർത്തനം ഒരു അത്ഭുതമായിരുന്നു. എന്നാല്‍, നേട്ടങ്ങളുടെ അവകാശവാദങ്ങളേക്കാൾ എന്‍റെ അഭിലാഷങ്ങളാണ് ഇനി ഞാൻ എഴുതാൻ പോകുന്നത്. ഈ അഭിലാഷങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമാണ്. ഞാൻ ഒരിക്കൽ കൂടി എന്‍റെ ഹൃദയവുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങി. ഹൃദയവും തലച്ചോറും തമ്മില്‍ യോജിപ്പിൽ പ്രവർത്തിക്കാൻ തുടങ്ങി. അല്ലെങ്കിൽ ഒരുപക്ഷേ കാൾ ജംഗ് പറഞ്ഞതുപോലെ, ഞാൻ എന്‍റെ അനിമയെ ഉണർത്താനും സമന്വയിപ്പിക്കാനുമുള്ള ശ്രമം ആരംഭിച്ചു.’അദാബ്’ (ആത്മീയമര്യാദ)ന്‍റെ പ്രാധാന്യത്തെ അറിയുവാന്‍ തുടങ്ങി. മറ്റുള്ളവരോട് കൂടുതൽ ക്ഷമിക്കുവാനും അവരോട് ആത്മാർത്ഥതയും ബഹുമാനവും മര്യാദയും കാണിക്കുവാനും ഞാൻ ശ്രമിച്ചു തുടങ്ങി. സാമ്പത്തികമായി പോലും എനിക്ക് കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാനുള്ള ശക്തമായ ഉള്‍പ്രേരണകൾ എനിക്കുണ്ടായി. ഞാന്‍ എപ്പോഴും ഒന്നാമനായിരിക്കണമെന്ന ചിന്ത ക്രമേണ കുറഞ്ഞു തുടങ്ങി. പകരം, മറ്റുള്ളവരെ കൂടുതൽ ശ്രദ്ധയോടെയും സഹാനുഭൂതിയോടെയും കേൾക്കാനുള്ള പ്രവണത കൂടിവന്നു. “ഒരുപാട് ചോദ്യങ്ങളുമായി ഞാൻ തുടങ്ങി, ഉത്തരങ്ങൾ കിട്ടാന്‍ തുടങ്ങിയപ്പോഴേക്കും, ചോദ്യങ്ങൾ എന്താണെന്ന് മറന്നുപോയി” എന്നു പറഞ്ഞതുപോലെ മാറ്റത്തെ ബൗദ്ധികമായി പ്രോസസ്സ് ചെയ്യാനുള്ള എന്‍റെ കഴിവിനേക്കാൾ വേഗത്തിൽ എന്‍റെ വ്യക്തിത്വവും കാഴ്ചപ്പാടും പെരുമാറ്റവും മാറിക്കൊണ്ടിരിക്കുന്നതിനാൽ തിരിച്ചു വരവിന്‍റെ ആദ്യ വര്‍ഷങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു.
ആൽക്കെമിയെക്കുറിച്ച് മുമ്പ് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ അത് ടീച്ചറുടെ കൈകളിൽ നിന്ന് നേരിട്ട് അനുഭവിച്ചു എന്നുപറഞ്ഞതു പോലെ, ഞാൻ മുമ്പ് കേട്ടിട്ടു മാത്രമുള്ള പലതും ജീവിതാനുഭവമായി മാറാന്‍ തുടങ്ങി. മുമ്പ് എങ്ങനെയിരിക്കും എന്ന് അറിയാത്ത സ്നേഹം, അനുകമ്പ, കൃതജ്ഞത, സ്വീകാര്യത, ക്ഷമ, അവബോധം, വിനയം, ദയ തുടങ്ങിയ പല വാക്കുകളും ഉണ്ടായിരുന്നു. ഈ ഗുണങ്ങൾ ഒരാളുടെ ഹൃദയത്തില്‍ നിന്ന് അനായാസമായി ഒഴുകാൻ തുടങ്ങുമ്പോൾ, ചിലര്‍ക്കത് സ്വീകാര്യമാകുന്നു. മറ്റു ചിലർക്കു നിസ്വാർത്ഥ സേവനം ഒരു നല്ല കാര്യമായി തോന്നില്ല; അത് ജീവിതമാർഗം മാത്രമാകുന്നു. മറ്റുചിലരാകട്ടെ സാമൂഹിക ഇടപെടൽ, കഴിവുകൾ വളർത്തിയെടുക്കൽ തുടങ്ങിയവ സ്വയം കണ്ടെത്തുന്നതിനും ഈശ്വരനെ കണ്ടെത്തുന്നതിനും ഉള്ള മാര്‍ഗ്ഗമാക്കി മാറ്റുന്നു. ചുറ്റുമുള്ള എല്ലാവരെയും സേവിച്ചു കൊണ്ട് ചിലര്‍ ഈശ്വരന്‍റെ വാസസ്ഥലത്തേക്കുള്ള വഴി കണ്ടെത്തുന്നു. അവരുടെ ഓരോ ശ്വാസത്തിലും ഈശ്വരന്‍ ജീവിക്കുന്ന ഒരു രൂപമായി മാറുന്നു
മറ്റുള്ളവരെ മാത്രമല്ല, എന്നെ തന്നെയും അനുകമ്പയോടേയും ക്ഷമയോടേയും ദയയോടേയും നോക്കി കാണാന്‍ എനിക്കു കഴിഞ്ഞു. എന്‍റെ പ്രതിച്ഛായ സാമൂഹിക വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള മനസ്സിന്‍റെ നിര്‍മ്മിതി മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ എന്നെ തന്നെ കാണാൻ ആഗ്രഹിക്കുന്നതും മറ്റുള്ളവർ എന്നെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും ഞാൻ ആരാണെന്നല്ല ഞാൻ യഥാർത്ഥത്തിൽ എന്താണോ അതാണെന്ന് എനിക്ക് വ്യക്തമായി. ദൈനംദിന പരിശീലനങ്ങളിലൂടെ, എന്‍റെ വ്യക്തിത്വത്തിലെ മുഖംമൂടികള്‍ മാഞ്ഞു തുടങ്ങി, പകൽ വെളിച്ചത്തിൽ ഞാന്‍ എന്നെ ആദ്യമായി കാണുന്നത് പോലെ തോന്നി. ഞാൻ ഇതുവരെ വിജയകരമായി ആഴത്തിൽ കുഴിച്ചിട്ടിരുന്ന – എന്നിൽ നിന്ന് പോലും മറഞ്ഞിരുന്ന – എന്‍റെ ആഴമില്ലാത്ത ഭാവങ്ങളുടെ വിവിധ നിഴലുകളായ, ഭയം, അസൂയ, കാമം, അത്യാഗ്രഹം, കോപം, മായ തുടങ്ങിയ എന്‍റെ തന്നെ സ്വകാര്യ ഭാവങ്ങളെ കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെടുകയും ഭയപ്പെടുകയും ചെയ്തു. ഉപബോധമനസ്സില്‍ ഞാൻ എന്നെക്കുറിച്ച് ധരിച്ചുവച്ചിരുന്നത്ര അനുകമ്പയുള്ളവനും നിസ്വാർത്ഥനും വിശുദ്ധനും പ്രബുദ്ധനും ആയിരുന്നില്ല ഞാൻ എന്ന് തിരിച്ചറിഞ്ഞു. വിരുദ്ധമായ വാസനകൾ ഉള്ള വെറും ഒരു മനുഷ്യനാണ് ഞാന്‍ എന്ന് എനിക്ക് അംഗീകരിക്കേണ്ടി വന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എനിക്ക് എന്‍റെ മാനസിക സിംഹാസനത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ചെളികള്‍ എവിടെയാണെന്ന് തിരിച്ചറിഞ്ഞ് ‘എന്‍റെ സ്വന്തം വീട്’ ആയിരിക്കണം ആദ്യം വൃത്തിയാക്കേണ്ടത്. അഭിനയിക്കുക അല്ല യഥാർത്ഥത്തിൽ വിനയം കാണിക്കുകയും മറ്റുള്ളവരെ വിധിക്കുന്നത് നിർത്തുകയും വേണം.
പതിനെട്ടു മാസങ്ങള്‍ക്കുള്ളില്‍ ഷെയ്ഖ് ഹമീദ് ഹസനുമൊത്തുള്ള രണ്ട് ഹ്രസ്വ മീറ്റിംഗുകൾക്ക് ശേഷം എന്നില്‍ സ്വാധീനം ചെലുത്തിയിരുന്ന തിളങ്ങുന്ന ശീർഷകങ്ങളോടുള്ള അഭിനിവേശങ്ങള്‍, സാമൂഹിക അംഗീകാരങ്ങളോടുുള്ള ആഗ്രഹം, ആഢംബര വസ്തുക്കളോടുള്ള ഭ്രമം, തുടങ്ങിയവയില്‍ നിന്നും സംതൃപ്തിയുടെയും ആന്തരിക ആനന്ദത്തിന്‍റേയും പുതിയ ലോകത്തിലേക്ക് ഞാൻ എത്തി. ഷെയ്ഖ് ഹമീദ് ഹസനുമൊത്തുള്ള സംഭാഷണങ്ങള്‍ യാദൃശ്ചികവും സൗഹാർദ്ദപരവും ആയിരുന്നു. എന്നിട്ടും, അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ മനസ്സിന്‍റെ ആഴത്തിലുള്ള എന്തോ ഒന്ന് മാറാൻ തുടങ്ങുന്നതായി ഞാനറിഞ്ഞു. നിശബ്ദ ധ്യാനത്തിലൂടെ അദ്ദേഹവുമായി സ്ഥാപിച്ച ബന്ധത്തിന്‍റെ അർത്ഥമെന്താണെന്ന് വിവരിക്കാൻ ഞാൻ ഇപ്പോഴും പാടുപെടുകയാണ്. ദൈവിക രഹസ്യങ്ങളിലേക്ക് തുറക്കുന്ന താമരയാണ് ഹൃദയമെങ്കിൽ, എല്ലാ മൂടുപടങ്ങളും ഇരുട്ടുകളും നീക്കി അതിന്മേൽ അത് പ്രകാശം ചൊരിയുന്ന, അതിനെ പരിപോഷിപ്പിക്കുന്ന സൂര്യനാണ് ശൈഖ് ഹമീദ് ഹസൻ.
അത്യധികം സ്‌നേഹത്തോടെ വിളമ്പിയ വീഞ്ഞിന്‍റെ (ട്രാൻസ്മിഷൻ) ആദ്യ തുള്ളിയില്‍ തന്നെ ഞാൻ ഹര്‍ഷോന്മത്തനായി. വൈൻ ശേഖരിക്കാൻ വേണ്ടി മാത്രം രൂപകൽപ്പന ചെയ്‌ത പാനപാത്രം മാത്രമാണ് ഞാനെന്ന് തിരിച്ചറിഞ്ഞു. ഒരു മുന്തിരിത്തോട്ടം തന്നെ ആകാൻ ഞാന്‍ കൊതിച്ചു, പ്രിയതമയുടെ പാദസ്പര്‍ശ മേല്‍ക്കുന്ന വഴിയിലെ പൊടിയായിരിക്കുന്നതിൽ പരമാനന്ദം കണ്ടെത്തി. അവളുടെ വഴിയിൽ ഒന്നുമല്ലാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം എന്തെങ്കിലും ആയിരിക്കുന്നിടത്തോളം, എനിക്ക് പ്രിയപ്പെട്ടവളെ പൂർണ്ണമായി കാണാൻ കഴിയില്ല. ‘ആയിരിക്കുക’ എന്നത് ഒരു മൂടുപടം ആണ്, അത് ആഗ്രഹത്തിന്‍റെ സത്തയുമായുള്ള എന്‍റെ സമരസപ്പെടലിനെ തടസ്സപ്പെടുത്തും. ഇത് പ്രണയത്തിന്‍റെ പാതയാണോ, സൂഫിയുടെ വഴിയാണോ, അതോ റൂമിയുടെ കാവ്യമാണോ എന്നൊന്നും എനിക്കറിയില്ല; എന്നാല്‍, എന്‍റെ ആന്തരികവും ബാഹ്യവും എനിക്ക് ചുറ്റുമുള്ള മറ്റെല്ലാ കാര്യങ്ങളുമായി അത് പൂർണ്ണമായി യോജിച്ചു പോകുന്നതായി ഞാൻ കാണുന്നു. എന്‍റെ ഹൃദയം ആഹ്ളാദഭരിതമാണ്, എന്‍റെ മനസ്സ് സമാധാന പൂര്‍ണ്ണവും സംതൃപ്തി നിറഞ്ഞതുമാണ്, എന്‍റെ ആത്മാവ് പരമാനന്ദം അനുഭവിക്കുന്നു. ഹൃദയത്തിന്‍റെ പശ്ചാത്തലത്തിൽ നിന്നുയരുന്ന സംഗീതം പോലെയാണ്. അത് യാത്രയെ സുന്ദരമാക്കുന്നു.
മുന്നോട്ടുള്ള വഴി ദീര്‍ഘവും വഴുവഴുപ്പുള്ളതും നഫ്സിന്റെ കെണികളാൽ നിറഞ്ഞതുമാണ്. എന്‍റെ ശൈഖിന്‍റെ അനുഗ്രഹവും മാർഗനിർദേശവും ഇല്ലാതെ ഇനി ഒരു ചുവടു മുന്നോട്ട് വെക്കാന്‍ കഴിയില്ല. മുന്നോട്ടുള്ള ദുഷ്‌കരമായ യാത്ര കാണുമ്പോൾ ചിലപ്പോഴൊക്കെ ഭയം തോന്നുന്നു. എന്നിരുന്നാലും, മുന്നോട്ട് പോകാനുള്ള പ്രതീക്ഷ പിന്നോട്ടു പോകുമോ എന്ന ഭയത്തേക്കാൾ തീവ്രമാണ്. കാരണം ഭയം എന്നത് എന്‍റെ സ്വന്തം ബലഹീനതയെ അടിസ്ഥാനമാക്കിയുള്ളതാണ്, അതേസമയം പ്രതീക്ഷയാകട്ടെ ശൈഖിന്‍റെ സ്നേഹത്തിലും പിന്തുണയിലും അനുഗ്രഹത്തിലും അധിഷ്ഠിതമാണ്. എല്ലാത്തിനുമുപരി, ഒരാൾ നിശബ്ദമായി ധ്യാനത്തിൽ ഇരിക്കുന്നത് നിസാരകാര്യം ആണെന്ന് കരുതുന്നുവെങ്കില്‍ പാസഞ്ചർ സീറ്റിലിരുന്ന് മനോഹരമായ കാഴ്ച ആസ്വദിച്ചു കൊണ്ട് കുറച്ച് യാത്ര ചെയ്തുവെന്ന് ഞാൻ കരുതും. ജിം കാരി പറഞ്ഞതു പോലെ, “എല്ലാവരും സമ്പന്നരും പ്രശസ്തരും ആകണമെന്നും അവർ സ്വപ്നം കണ്ടതെല്ലാം സംഭവിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. കാരണം, അതിലൂടെ അവർ നേടിയതൊന്നും അല്ല അതിന്റെ ഉത്തരമല്ലെന്ന് അവർ തിരിച്ചറിയും”. എല്ലാവർക്കും ഹൃദയധ്യാനത്തിന്‍റെ അനുഭവം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ അവർക്ക് മനുഷ്യനായിരിക്കുന്നതിന്‍റെ സന്തോഷം പൂർണ്ണമായി അനുഭവിക്കാൻ കഴിയും.