ആചാരങ്ങളില്‍ നിഷ്ഠയില്ലാത്ത ഒരു മുസ്ലീം കുടുംബത്തിലാണ് ഞാൻ വളർന്നത്. പക്ഷേ എനിക്ക് മതത്തോടും ആത്മീയതയോടും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. 9-10 വയസ്സായപ്പോള്‍ തന്നെ മതവിശ്വാസികളുടെ കൂട്ടായ്മയോട് അടുപ്പം ഉണ്ടാവുകയും പ്രാർത്ഥിക്കുവാനും ഉപവസിക്കുവാനും തുടങ്ങുകയും ചെയ്തു. ഞാൻ വിവധതരം ധ്യാനങ്ങളും ഹിപ്നോസിസും പരിശീലിച്ചു പോന്നു. അത് എന്‍റെ ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുകയും ചില ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാന്‍ സഹായകമാവുകയും ചെയ്തു.
സൂഫി ശിഷ്യന്മാർ ചിന്തിക്കുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യാതെ അവരുടെ അധ്യാപകരെ അന്ധമായി പിന്തുടരുകയാണെന്ന് ഞാൻ കരുതിയിരുന്നു. ലോകത്തെ മനസ്സിലാക്കാനുള്ള ഒരേയൊരു വാതിൽ മനസ്സാണെന്നും അതിനാല്‍ ഒരിക്കലും ചിന്തിക്കുന്നത് നിർത്തരുതെന്നും ചിന്തയെ പിന്തുണക്കുന്ന ഒരാളെന്നനിലയില്‍, ഞാൻ വിശ്വസിച്ചിരുന്നു. എനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ പഠനാനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു സൂഫി മാർഗം പഠിക്കുന്നത്. കാരണം സൂഫിസം അനുഭവപരമാണ്. മനസ്സിലൂടെ നേടിയെടുക്കാൻ കഴിയാത്ത അറിവ് നേടാൻ പ്രാപ്തരാക്കുന്ന ബോധ കേന്ദ്രങ്ങളുണ്ടെന്ന് സൂഫിസം പഠിപ്പിക്കുന്നു. അതിശയകരമെന്നു പറയട്ടെ, അൽപനേരത്തെ പരിശീലനം കൊണ്ടു തന്നെ അറിവ് നേടുന്നതിനുള്ള പ്രധാന തടസ്സം മനസ്സാണെന്ന് ഞാന്‍ മനസ്സിലാക്കി. മനസ്സ് ശുദ്ധമല്ല കാരണം, കുടുംബം, സമൂഹം, മാധ്യമങ്ങൾ, രാഷ്ട്രീയം, ചിന്താധാരകൾ എന്നിങ്ങനെയുള്ള ബാഹ്യ ഘടകങ്ങളാൽ മനസ്സ് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. ചില സമയങ്ങളിൽ, ഗ്രൂപ്പ് മാനേജർ എന്താണ് ചെയ്യുന്നതെന്നോ എന്‍റെ ചില ചോദ്യങ്ങൾക്ക് എന്തുകൊണ്ടാണ് അദ്ദേഹം ഉത്തരം നൽകാത്തതെന്നോ എനിക്ക് മനസ്സിലായില്ല. ശരിയായ സമയത്ത് ശരിയായ ഉത്തരം ഞാൻ സ്വയം കണ്ടെത്തണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ താല്‍പര്യം. അദ്ദേഹം നിര്‍ദ്ദേശിച്ചതു പോലെ വിശ്രമിക്കാനും കാത്തിരിക്കാനും ഞാൻ തീരുമാനിച്ചു. അവസാനം അവ ഞാൻ കണ്ടെത്തി. ഇപ്പോൾ എനിക്ക് വലിയ വിശ്വാസമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, എന്‍റെ ഏറ്റവും നല്ല നിമിഷങ്ങള്‍ ശ്രദ്ധിക്കാനും പഠിക്കാനും ഞാൻ ചെലവഴിക്കുന്ന നിമിഷങ്ങളാണ്. ആ സംഭാഷണങ്ങൾ എന്‍റെ മനസ്സിനെയും എന്‍റെ ഹൃദയത്തെയും എന്‍റെ ആത്മാവിനെയും പരിപോഷിപ്പിക്കുന്നു. കാരണം അവ അല്ലാഹുവിനെക്കുറിച്ചും അവന്‍റെ സ്നേഹത്തെക്കുറിച്ചും ആണ്. അവനോട് എങ്ങനെ അടുക്കാം എന്നും അവനുദ്ദേശിക്കുന്ന രീതിയിൽ ഈ ലോകത്ത് എന്നെത്തന്നെ എങ്ങനെ അവതരിപ്പിക്കാം എന്നതിനെക്കുറിച്ചും ആണ്.
സൂഫി പാതയിലൂടെ സഞ്ചരിക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ശൈഖുകളെയും വിശുദ്ധന്മാരെയും സൂഫികള്‍ അതിയായി ബഹുമാനിക്കുകയും ഒട്ടൊക്കെ ആരാധിക്കുകയും ചെയ്തുവരുന്നുവെങ്കിലും ഈ വിശുദ്ധര്‍ ആരാണെന്ന് എനിക്ക് പൂർണ്ണമായി മനസ്സിലായിട്ടില്ല. ശൈഖ് ഹമീദ് ഹസനെ കണ്ടുമുട്ടിയതിന് ശേഷമാണ് തങ്ങളുടെ അധ്യാപകരെ സൂഫികൾ ഇത്രയധികം സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായത്. മടക്കയാത്രക്കു മുമ്പ് യാത്ര പറയുവാന്‍ സന്ദര്‍ശിച്ചപ്പോഴും സമാധാനവും ശാന്തതയും പ്രസരിപ്പിച്ചു കൊണ്ടിരുന്ന ശൈഖിനെയാണ് കണ്ടത്. ഞാൻ എന്‍റെ മനസ്സിൽ പലതരം ചോദ്യങ്ങൾ ചോദിച്ചു. ആ ചോദ്യങ്ങള്‍ ഒരു പണ്ഡിതനോട് ചോദിച്ചിരുന്നെങ്കിൽ, അത്തരം ചോദ്യങ്ങൾ പിശാചിൽ നിന്നുണ്ടായതാണെന്നും അവയെ പറ്റി ചിന്തിക്കരുതെന്നും പശ്ചാത്തപിക്കണമെന്നും എന്നെ ഉപദേശിക്കുമായിരുന്നു. എന്നാൽ ശൈഖ് ഹമീദ് ക്ഷമയോടെ എന്നെ കേൾക്കുകയും ശാന്തമായി ഉത്തരം നൽകുകയും ചെയ്തു. ഏറ്റവും ഉന്നതമായ ലക്ഷ്യത്തിലേക്ക്, ദൈവത്തിലേക്കുള്ള യാത്രയില്‍ എത്രയധികം ചുവടുകൾ വയ്ക്കുന്നുവോ അത്രയും മധുരം നല്‍കി എന്‍റെ കൈപിടിച്ച് എന്നോടൊപ്പം നടക്കുന്ന ശൈഖിനോട് എനിക്ക് കൂടുതൽ ആദരവ് തോന്നുന്നു.
അല്ലാഹു മനുഷ്യരെ ഭൂമിയിൽ ‘ഖലീഫ’കളായി (പ്രതിനിധി) സൃഷ്ടിച്ചു. അതിനാൽ അള്ളാഹുവിന്‍റെ നാമത്തിൽ പ്രവർത്തിക്കാനുള്ള നിയമപരമായ അധികാരമുള്ള അവർ ഉത്പാദനപരമായും സമൂഹത്തിനു പ്രയോജനകരവുമായി പ്രവര്‍ത്തിക്കണം. എന്നാല്‍ സൂഫികൾ ആകട്ടെ ഏകാന്തതയിൽ ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകി വളരെയധികം സമയം ചെലവഴിക്കുന്നു എന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. ആ വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞു. ഗ്രാൻഡ് ഷെയ്ഖ് ഹസ്രത്ത് ആസാദ് റസൂൽ പ്രസ്താവിച്ചിരിക്കുന്നത് “ദൈവ സ്നേഹത്തിലേക്കുള്ള വഴി സേവനത്തിന്‍റെ താഴ്വരയിലൂടെ കടന്നുപോകുന്നു” എന്നാണ്. ഈ ലോകത്ത് മികച്ച വ്യക്തി ആകുവാന്‍ ആത്മീയത ഒരുവനെ പ്രാപ്തനാക്കുന്നുവെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. അവ തീർച്ചയായും സമയം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തിയല്ല. കാരണം, ആത്മീയ പരിശീലനങ്ങള്‍ക്കൊപ്പം സമയത്തിലും പരിശ്രമത്തിലും കൂടിയാണ് ബറക (അനുഗ്രഹങ്ങൾ) വരുന്നത്.
സൂഫിപാതയില്‍ ഞാന്‍ സഞ്ചാരം ആരംഭിക്കുന്നതിന് മുമ്പ്, സമൂഹത്തിലെ ചില വ്യവസ്ഥിതികളോട് എനിക്ക് അടങ്ങാത്ത ദേഷ്യം ഉണ്ടായിരുന്നു. എനിക്ക് ചുറ്റുമുള്ള അനീതികൾ കാരണം എന്‍റെ ചില ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു, എന്നില്‍ ജ്വലിച്ച കോപം ഒരു നഗരത്തെ മുഴുവൻ കത്തിക്കാൻ കഴിയുന്ന ഒരു തീയായിരുന്നു. എന്നാൽ ഇപ്പോൾ ആ തീ അണഞ്ഞിരിക്കുന്നു. സൂഫി സമ്പ്രദായങ്ങൾ എന്നെ ആകെ മാറ്റിമറിച്ചു, സൂഫിപാത ആരംഭിക്കുന്നതിന് മുമ്പ് എനിക്ക് എന്നെത്തന്നെ നന്നായി അറിയാമെന്ന് കരുതി. പക്ഷേ പരിശീലനത്തിലൂടെ ഞാൻ എന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ കണ്ടെത്തി. പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. എന്നില്‍ കണ്ടെത്തിയ ആത്മീയ രോഗങ്ങളിൽ എനിക്കിപ്പോള്‍ ലജ്ജ തോന്നുന്നു. പക്ഷേ ഇൻഷാ അല്ലാഹ് ഇത് വിനയവും പശ്ചാത്താപവും അല്ലാഹുവുമായുള്ള അടുപ്പവും വര്‍ദ്ധിപ്പിക്കുന്നു. ഈ കുറ്റബോധവും ഭയവും ഒരു പരിധിവരെ നല്ലതാണെന്ന് എന്‍റെ ഗ്രൂപ്പ് മാനേജർ ഒരിക്കൽ എന്നോട് പറഞ്ഞു. എന്നിരുന്നാലും, അവ എന്നില്‍ നിരാശയും നിരുത്സാഹവും ഉണ്ടാക്കുന്നു. ഇപ്പോൾ ഞാൻ എന്നോട് തന്നെ കൂടുതൽ അനുകമ്പയുള്ളവനാണ്. അതിലുപരി അല്ലാഹുവിന്‍റെ സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ച് കൂടുതൽ ബോധവാനാണ്. മുമ്പ് ഭൗതിക കാര്യങ്ങളിലായിരുന്നു ഞാന്‍ കൂടുതല്‍ മുഴുകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് മുക്തനായിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിൽ കൂടി പോകുന്ന ഒരു അടിമയെപ്പോലെയാണ്. യഥാർത്ഥ സ്വാതന്ത്ര്യം ആകട്ടെ ‘അല്ലാഹുവിന്‍റെ മാത്രം അടിമ’യായിരിക്കുക എന്നതാണ്.
വ്യക്തിഗത പരിശീലനങ്ങള്‍ കൂടാതെ ഗ്രൂപ്പ് പരിശീലനങ്ങളും ഞങ്ങളുടെ ക്രമത്തിൽ അത്യന്താപേക്ഷിതമാണ്. ഞങ്ങളുടെ ഗ്രൂപ്പ് എനിക്ക് സുരിക്ഷിതത്വ ബോധം ലഭിക്കുന്ന എന്‍റെ രണ്ടാമത്തെ കുടുംബമായി മാറി. ഗ്രൂപ്പിലെ അംഗങ്ങൾ മികച്ച ലക്ഷ്യത്തിനായി ഒത്തുകൂടുന്നു. ദൈവവുമായി കൂടുതൽ അടുക്കാനും തങ്ങൾക്ക് ആകാൻ കഴിയുന്നത്ര ഏറ്റവും മികച്ച മനുഷ്യരായി സ്വയം പരിഷ്കരിക്കാനും ശ്രമിക്കുന്നു. സൂഫിപാതയില്‍ ‘തികഞ്ഞ മനുഷ്യർ’ (അൽ-ഇൻസാൻ അൽ-കമൽ) അന്വേഷണങ്ങൾ നടത്തുകയും സാധ്യമാകുമ്പോഴെല്ലാം പരസ്പരം സഹായിക്കുകയും ചെയ്യുന്നു. എന്‍റെ പ്രയാസകരമായ സമയങ്ങളിൽ ഗ്രൂപ്പ് മാനേജർ എന്നെ ക്ഷമയോടെ പിന്തുണച്ചു. ഞാൻ ചോദിച്ച ചില ചോദ്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അവ വലിയ മണ്ടത്തരങ്ങളായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. കാരണം ഇപ്പോൾ എനിക്ക് കൂടുതൽ അറിയാം. ഒരിക്കല്‍ ഞാൻ അവനോട് ചോദിച്ചു: “നിങ്ങൾ എന്നെ എങ്ങനെ സഹിക്കുന്നു?” അദ്ദേഹം മറുപടി പറഞ്ഞു “ഇത് യഥാർത്ഥ ‘നിങ്ങൾ അല്ല’ അതിനാൽ സഹിക്കാൻ എളുപ്പമാണ്” എന്ന്. ഷെയ്ഖോ ഗ്രൂപ്പ് മാനേജർമാരോ എന്തുചെയ്യണം അല്ലെങ്കിൽ എന്തുചെയ്യരുത് എന്ന് ആരോടും പറയുന്നില്ല. അവർ ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ അംഗീകരിക്കപ്പെടുന്നു. ആ സ്വീകാര്യതയും നമ്മൾ വിവിധ ഘട്ടങ്ങളിലാണെന്ന അറിവും എന്‍റെ അകക്കണ്ണ് തുറപ്പിച്ചു.
സൂഫി പാതയിലൂടെയുള്ള എന്‍റെ യാത്ര തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. അല്ലാഹു എനിക്ക് നൽകിയ ഏറ്റവും സമ്പന്നമായ അനുഗ്രഹവും അതിരുകളില്ലാത്ത കാരുണ്യവുമാണത്. ഞാൻ ഇപ്പോൾ ആരംഭിച്ച യാത്ര തുടരാൻ കാത്തിരിക്കുകയാണ്. ഈ ലോകം വിട്ട് എന്‍റെ പ്രിയനെ കാണാനുള്ള സമയമാകുമ്പോൾ ശുദ്ധവും സുസ്ഥിരവുമായ ഒരു ഹൃദയം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവന്‍റെ സന്തോഷമാണ് എനിക്കെല്ലാം.
അള്ളാഹുവേ, എന്‍റെ ഹൃദയം അന്ധകാരത്തിലാണ്.
നിന്‍റെ പ്രകാശത്തിന് മാത്രമേ അത് കുറക്കാൻ കഴിയൂ,
എന്‍റെ ഹൃദയത്തെ നിന്‍റെ പ്രകാശത്താൽ നിറയ്ക്കുക.
നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും വെളിച്ചം(നൂർ).
നിന്‍റെ സ്മരണയാൽ മാത്രം മാറാൻ കഴിയുന്ന നിർഭാഗ്യമാണ്
എന്‍റെ ഹൃദയത്തിൽ ഉള്ളത്.
അതിനാൽ അങ്ങയെ ഓർക്കാൻ എന്നെ സഹായിക്കൂ,
നന്ദിയിലും പൂർണതയിലും(ഇഹ്സാൻ) നിന്നെ ആരാധിക്കട്ടെ.
എന്‍റെ ഹൃദയം വളരെ കഠിനമാണ്, ഈ കാഠിന്യം ഉരുക്കാൻ
അങ്ങയുടെ സ്നേഹത്താല്‍ മാത്രമേ കഴിയൂ,
അതിനാൽ അങ്ങയുടെ സ്നേഹവും
അങ്ങ് സ്നേഹിക്കുന്നവരുടെ സ്നേഹവും
അങ്ങയുടെ സ്നേഹത്തിലേക്ക് എന്നെ അടുപ്പിക്കുന്ന
എല്ലാ പ്രവർത്തനങ്ങളുടെയും സ്നേഹവും
എനിക്ക് നല്‍കേണമേ.
യാ റബ്ബ്, ശൈഖ് ഹമീദിനും ഗ്രൂപ്പ് മാനേജർമാർക്കും
അങ്ങയുടെ സ്നേഹവും വെളിച്ചവും കാരുണ്യവും ബറകത്തും
ഇഹത്തിലും പരത്തിലും നൽകേണമേ.
അങ്ങയിലേക്ക് ആളുകളെ നയിക്കുന്ന ഓരോ വ്യക്തിക്കും
ഇഹത്തിലും പരത്തിലും ഇത് നൽകേണമേ
അൽഹംദുലില്ലാഹ് (എല്ലാ സ്തുതിയും ദൈവത്തിനാണ്).