എന്റെ ആത്മീയ വഴികാട്ടിയായ സൂഫി ഷെയ്ഖിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, അദ്ദേഹം കാട്ടിതരുന്ന പാത എന്നെ ഒരു പുതിയ ജീവിതത്തിലേക്കും വിശ്വാസത്തിലേക്കും നയിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇത് വർഷങ്ങൾ കൊണ്ട് സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെ പുരോഗമിക്കുകയും വെളിപ്പെടുകയും ചെയ്യുന്ന ഒരു സംഗതിയാണ്.
1970-കളിലെ പൊതുസ്വഭാവമായിരുന്ന സുഖഭോഗജീവിതശൈലിയില്‍ തികച്ചും അലിഞ്ഞുപോയ ഒരു യുവത്വം ആയിരുന്നു എന്‍റേത്. എന്‍റെ ഇരുപതുകളുടെ അവസാനത്തിൽ, ശാന്തമാക്കാൻ കഴിയാത്ത ആന്തരിക ശൂന്യതയും അസംതൃപ്തിയും ഞാൻ അനുഭവിച്ചു. ആത്മീയ വികാസത്തിന്‍റെ വിവിധരീതകളെ കുറിച്ച് വർഷങ്ങളോളം പഠിച്ചതിനു ശേഷം, ജീവിതത്തില്‍ ഒരു മാറ്റത്തിന് എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു, അതിനാൽ ഞാൻ ദൈവശാസ്ത്ര പഠനങ്ങൾ ഉൾപ്പെടുന്ന യോഗയില്‍ തീവ്രമായ പരിശീലനം ആരംഭിച്ചു. കാലം കടന്നുപോകുംന്തോറും യോഗയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും കൂടുതൽ അച്ചടക്കമുള്ളതും കൂടുതൽ വഴക്കമുള്ളതുമായ ഒരാളായി. എന്നാല്‍ എനിക്ക് പേരറിയാത്തതുമായ മറ്റെന്തിനോ വേണ്ടി ഞാൻ ദാഹിച്ചുകൊണ്ടിരുന്നു.
എന്‍റെ എല്ലാ മുൻകാല പരിശീലനങ്ങളും ജീവിതശൈലിയും ജീവിതം മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചു, പക്ഷേ എന്‍റെ വൈകരിക ഭാവദ്വന്ദ്വങ്ങളെ സുസ്ഥിരപ്പടുത്താനോ വൈകാരിക സ്വഭാവം സന്തുലിതമാക്കാനോ അവശ്യമായ ഒരു രീതി കണ്ടെത്തുവാന്‍ എനിക്ക് കഴിഞ്ഞില്ല.
പൂർണ്ണ മനുഷ്യനെ രൂപപ്പെടുത്തുന്നതിനുള്ള സൂഫിസത്തിന്‍റെ പ്രായോഗിക വിദ്യകൾ എന്നെ ആകർഷിച്ചു. നൂറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത ഈ വിദ്യകൾ യാത്ര പൂര്‍ത്തിയാക്കിയ ഒരു ഷെയ്ഖിന്‍റെ മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാർത്ഥിക്ക് എല്ലായ്പ്പോഴും പകർന്നു കിട്ടുന്നു. ഒരു ഗുരുവിനെ കാട്ടിതരണമെന്ന ദൈവങ്ങളോടുള്ള എന്‍റെ അവസാന പ്രാർത്ഥനയ്ക്ക് ഏതാനും ആഴ്ചകൾക്കുശേഷം, ഒരു സൂഫി ഷെയ്ഖ് മെൽബൺ സന്ദർശിക്കുന്നുണ്ടെന്നും വ്യക്തിപരമായി കാണാനുള്ള അവസരം ലഭ്യമാണെന്നും ഒരു സുഹൃത്ത് അറിയിച്ചു. നിരാശയോടെയുള്ള എന്‍റെ നിലവിളികൾക്ക് ഉത്തരം ലഭിച്ചതായി എനിക്ക് തോന്നി.
മെൽബണിന്‍റെ പ്രാന്തപ്രദേശത്ത് ലളിതമായി സജ്ജീകരിച്ച ഒരു മുറിയിൽ ഷെയ്ഖ് ആസാദ് റസൂൽ നിലത്തിരുന്നു. വ്യത്യസ്‌ത സംസ്‌കാരത്തിൽ നിന്നും വ്യത്യസ്‌ത പാരമ്പര്യത്തിൽ നിന്നുമുള്ള – ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത – ഈ മനുഷ്യനോട് എന്ത് പറയും? എന്ന ആശങ്ക എന്നില്‍ നിറഞ്ഞു. ഒരുപക്ഷേ അദ്ദേഹം എന്‍റെ ചിന്തകൾ വായിക്കുകയും എന്‍റെ ഉള്ളിലെ ഇരുട്ട് കാണുകയും ചെയ്യും. വിഷമിക്കേണ്ട ആവശ്യമില്ലായിരുന്നു. പാശ്ചാത്യ വിദ്യാർത്ഥികളുമായി പരിചിതനായിരുന്നു ശൈഖ്. അദ്ദേഹത്തില്‍ൽ നിന്ന് പ്രസരിക്കുന്ന നന്മയുടെ ഊര്‍ജ്ജവും വിശ്രമസമയത്തു പോലും ജാഗ്രതയോടുള്ള പെരുമാറ്റവും എന്നെ ആകർഷിച്ചു. പ്രായത്തെ തെറ്റിക്കുന്ന ഒരു ആന്തരിക വെളിച്ചം അദ്ദേഹത്തിന്‍റെ കണ്ണുകളിലും മുഖത്തും ശോഭിച്ചിരുന്നു.
ശൈഖുമായിയുള്ള പരിചയപ്പെടലിനു ശേഷം, എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ച അദ്ദേഹം നിശബ്ദനായി ഇരുന്നു. ഏതോ സൂക്ഷ്മ തലത്തിൽ എന്നെ ‘വായിക്കുക’യാണെന്ന തോന്നൽ എനിക്കുണ്ടായി. എന്‍റെ മോശവശങ്ങള്‍ അറിയുമോ എന്ന ഭയത്താൽ ഒന്നും ആലോചിക്കാതെ ഞാനും നിശ്ചലമായി ഇരുന്നു. പിന്നീട് ആത്മീയ മേഖലയിലുള്ള എന്‍റെ താൽപ്പര്യത്തെക്കുറിച്ചും സൂഫിസത്തിന്‍റെ രീതികൾ പരിശീലിക്കുവാനുള്ള എന്‍റെ ആഗ്രഹത്തെക്കുറിച്ചും അന്വേഷിച്ചു. സംസാരത്തിൽ മാന്യത പുലർത്തിയിരുന്ന അദ്ദേഹം അനാവശ്യമായി ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്‍റെ ഗൗരവവും എന്നാൽ ഒരു പോലെ നർമ്മബോധവും എന്‍റെ മനസ്സിൽ അദ്ദേഹത്തെകുറിച്ച് മതിപ്പും ആദരവും സൃഷ്ടിച്ചു.
പിന്നീട് എന്‍റെ സമ്മതത്തോടെ ഞങ്ങൾ ഒരുമിച്ച് ധ്യാനത്തിൽ ഇരുന്നു. ആത്മീയ സംപ്രേക്ഷണത്തിന്‍റെ ആദ്യ അനുഭവമായിരുന്നു എനിക്കത്. സൂഫിസത്തിന്‍റെ നഖ്ശബന്ദി-മുജദ്ദിദി പാതയുടെ അധ്യാപന പാരമ്പര്യത്തിൽ, ആത്മീയ ഊർജ്ജം ശൈഖിന്‍റെ ഹൃദയത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഹൃദയത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ഊർജ്ജ സംപ്രേക്ഷണം വിദ്യാർത്ഥിയുടെ വികാസത്തിന് അടിത്തറയിടുകയും പിന്നീടുള്ള പതിവ് ധ്യാനത്തിലൂടെ അത് കൂടുതൽ സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. ഹൃദയത്തെ കേന്ദ്രീകരിച്ച് ധ്യാനത്തിലിരിക്കുന്നതിനുള്ള ഒരു മാനസിക തീരുമാനം അഥവാ നിയ്യത്ത് (ഉദ്ദേശ്യം) അതിനു മുൻപ് ഉണ്ടായി.
ശൈഖുമൊത്തുള്ള ഈ ആദ്യ ഇരുത്തം എന്‍റെ മനസ്സില്‍ ശാന്തതയുണ്ടാക്കുകയും ഹൃദയം ആഹ്ളാദത്താൽ നിറയുകയും ചെയ്തു. ഉന്നതവും ആഴമേറിയതുമായ ഒന്നുമായി സമ്പർക്കം പുലർത്തിയതായും എന്റെ ദൈനംദിന ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി എന്തോ ഒന്ന് എനിക്ക് അനുഭവപ്പെട്ടതായും തോന്നി. ശാന്തമായ സാന്നിധ്യവും തുറന്നതും നേരിട്ടുള്ളതുമായ പെരുമാറ്റവും ഗ്രഹണാത്മകമായ അഭിപ്രായപ്രകടനങ്ങളും കൊണ്ട് ശൈഖ് എന്നെ ആകർഷിച്ചു. അദ്ദേഹം എന്നോട് ഒന്നും ചോദിച്ചില്ല. എനിക്ക് ധ്യാന രീതി പരീക്ഷിച്ചു നോക്കാം, അത് പ്രയോഗികമല്ലെങ്കിൽ എനിക്ക് വിട്ടുപോകാം. എന്നാല്‍ അദ്ദേഹത്തിന്‍റെ മുഖത്തും കണ്ണുകളിലും തിളങ്ങിക്കണ്ട ആ പ്രകാശം എന്നെ തുടരാന്‍ പ്രേരിപ്പിച്ചു.
ഞാൻ ഇത്രകാലം അനുർത്തിച്ചു വന്ന മറ്റ് രീതികളുമായി താരതമ്യപ്പെടുത്തികൊണ്ട്, ദിവസവും ധ്യാനം പരിശീലിച്ചു. ശൈഖ് പ്രവചിച്ചതു പോലെതന്നെ, ഏതാനും ആഴ്‌ചകൾ കൊണ്ട് ഹൃദയധ്യാന രീതിക്ക് മറ്റുള്ള ധ്യാനരീതികളേക്കാള്‍ പ്രാമുഖ്യം ലഭിച്ചു. ഹൃദയധ്യാനം എന്‍റെ ജീവിത ഭാഗമായി മാറി. ഞാൻ തിരഞ്ഞു കൊണ്ടിരുന്ന പൂര്‍ണത ലഭ്യമാവും എന്ന് ഉറപ്പായി. അങ്ങനെ, സൂഫിസത്തിന്‍റെ പാതയിലേക്ക് ഞാന്‍ ചുവടുവച്ചു.
12 മാസങ്ങൾക്ക് ശേഷമേ ഷെയ്ഖുമായുള്ള എന്‍റെ അടുത്ത കൂടിക്കാഴ്ച്ച നടക്കൂ. അതിനിടയിൽ, ഞാൻ എന്‍റെ ദൈനംദിന പരിശീലനം തുടരുകയും ശൈഖിന്‍റെ ഗ്രൂപ്പിലെ മറ്റ് വിദ്യാർത്ഥികളോടൊപ്പം പ്രതിവാര ധ്യാനത്തിൽ പങ്കെടുക്കുകയും ചെയ്തു. ധ്യാനഗ്രൂപ്പിലെ മറ്റു അംഗങ്ങൾ ജോലിയിലും പ്രായത്തിലും വ്യക്തിത്വത്തിലും വ്യത്യസ്തരായിരുന്നു. എന്നിരുന്നാലും, അവരെ സംബന്ധിച്ചിടത്തോളം ഏകരൂപമായത് ശാന്തമായ അവസ്ഥയുടെ സ്വയം സ്വീകാര്യതയാണ്. അവർ സ്വയം സ്വസ്ഥത അനുഭവിക്കുന്നവരും നിശബ്ദതയിൽ ശാന്തരും ആയിരുന്നു. ഇതൊരു സോഷ്യൽ ക്ലബ് ആയിരുന്നില്ല, പകരം മറ്റുള്ളവരോടൊപ്പം ഇരിക്കാനും ഒരുമിച്ച് ധ്യാനിക്കുന്ന അനുഭവത്തിൽ നിന്ന് പ്രയോജനം കൈവരിക്കാനുമുള്ള പരിശീലനമാണ്.
സൂഫിസം അനുഭവപരമാണ്. അനുഭവങ്ങളില്‍ ചിലത് വ്യക്ത്യാധിഷ്ഠിതം ആയിരിക്കുമ്പോൾ മറ്റുള്ളവ പൊതുവും സാധാരണവുമാണ്. പതിവ് ധ്യാന പരിശീലനത്തിലൂടെ, എന്‍റെ മാറിക്കൊണ്ടിരിക്കുന്ന വികാരങ്ങളിൽ നിന്നും മനസ്സിന്‍റെ നിരന്തരമായ സംഭാഷണങ്ങളിൽ നിന്നും സ്വതന്ത്രമായ എന്‍റെ ഒരു ഭാഗവുമായി ഞാൻ ബന്ധം വികസിപ്പിച്ചെടുത്തു. ഈ കണ്ടെത്തൽ ആന്തരിക സമാധാനത്തിന്‍റേയും ശാന്തതയുടെയും ബോധത്തിലേക്ക് നയിച്ചു, ഇത് ക്രമേണ ജീവിതത്തെക്കുറിച്ച് കൂടുതൽ ശുഭാപ്തി വിശ്വസം വളര്‍ത്തുകയും മറ്റുള്ളവരുമായി മികച്ച ബന്ധത്തിന് കാരണമാവുകയും ചെയ്തു. എപ്പോഴും പ്രശ്നങ്ങള്‍ നിറഞ്ഞ എന്‍റെ മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെട്ടതായി ഞാൻ കണ്ടു. സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ഉള്ള എന്‍റെ ഇടപെടലുകളില്‍ ആധിപത്യം സ്ഥാപിക്കുന്ന പ്രവണതയില്‍ നിന്ന് ഈഗോ ക്രമേണ വിട്ടൊഴിഞ്ഞു പോവുകായും ബന്ധങ്ങള്‍ സുദൃഢമാവുകയും ചെയ്തു.
ശൈഖിന്‍റെ ആഗമനം അടുക്കുന്തോറും എന്‍റെ ഹൃദയത്തിൽ അശ്വസ്ഥത വർദ്ധിച്ചു വന്നു. ഉൾക്കാഴ്ചയും ആന്തരിക ജ്ഞാനവും എനിക്ക് കൂടുതല്‍ ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഗ്രൂപ്പിലെ ചില ‘പ്രായമായ’ അംഗങ്ങൾ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്‌തതായി എനിക്കറിയാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വിദൂര സാധ്യത പോലുമില്ലാത്ത ഒരു കാര്യമായിരുന്നു ഇത്. അവരുടെ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുകയോ പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കുകയോ ചെയ്തില്ല, പുരുഷന്മാർ സമൂഹത്തിലെ സാധാരണ അംഗങ്ങളെപ്പോലെ പ്രത്യക്ഷപ്പെട്ടു. എനിക്കറിയാത്ത പ്രധാാനപ്പെട്ട എന്തോ ചില പ്രധാന സംഗതികൾ അവര്‍ക്കറിയാമെന്ന മട്ടില്‍ അവരെല്ലാം ഒരു സമഗ്രതയും ഉറപ്പും പ്രകടിപ്പിച്ചിരുന്നു.
സൂഫിസത്തിന്‍റെ പാതയിൽ വിദ്യാർത്ഥി പുരോഗമിക്കുമ്പോൾ, കൂടുതൽ അനുഭവങ്ങളും അറിവുകളും അവര്‍ക്കു മുമ്പില്‍ തുറക്കപ്പെടുന്നു. ഇസ്‌ലാമിന്‍റെ ചട്ടക്കൂട് ആന്തരികവളര്‍ച്ചാരീതികളെ പിന്തുണയ്ക്കുകയും പോഷിപ്പിക്കുകയും അവയെ സുരക്ഷിതമായ സ്ഥലത്ത് ഉൾക്കൊള്ളുകയും ചെയ്യുന്നു. ദൈവവുമായുള്ള ബന്ധം ഇത് വളർത്തുന്നു. ഇസ്ലാം എന്നാൽ ‘സമർപ്പണം’ എന്നാണ് അര്‍ത്ഥം. അള്ളാഹുവിനോടുള്ള സമർപ്പണം. ഒരു പുതിയ വിശ്വാസം സ്വീകരിക്കാൻ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു, എന്നിട്ടും ഞാൻ അത് തന്നെയാണ് ചെയ്തത്. ഞാൻ ബൈഅത് എടുക്കാൻ തീരുമാനിക്കുകയും ശൈഖിന്റെ സംരക്ഷണത്തിനും മാർഗ്ഗദര്ശനത്തിനും കീഴിൽ ആവുകയും ചെയ്തു. ഇസ്‌ലാമിന്‍റെ വിശ്വാസം സ്വീകരിക്കുമ്പോൾ, എന്നിൽ മധുരമായ ഒരു ആശ്വാസവും ആദരവും നിറഞ്ഞു. ഞാന്‍ ഉയര്‍ത്തപ്പെട്ടതായും, എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പ് ഉണ്ടായത് ഇപ്പോഴാണെന്ന് എനിക്ക് ബോധ്യമായി.
സൂഫിസത്തിന്‍റെ പാത പിന്തുടരുന്ന വിദ്യാർത്ഥി ലോകത്തിൽ നിന്ന് അകന്നു നില്‍ക്കുകയോ ദൈനംദിന ജീവിതത്തിന്‍റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയോ ചെയ്യുന്നില്ല. മറിച്ച്, ലോകവുമായുള്ള ദൈനംദിന ഇടപെടലിലൂടെ സ്വന്തം സ്വഭാവത്തെ പരിഷ്കരിക്കാൻ നിരന്തരം പരിശ്രമിക്കുന്നു, അതേ സമയം ദൈവവുമായുള്ള ആന്തരിക ബന്ധത്തെക്കുറിച്ച് അവര്‍ ബോധവാന്മാരും ആണ്. ഇസ്‌ലാമിന്‍റെ ആചാരം അനുവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ഈശ്വരനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അവബോധം സുദൃഢമാവുകയും അതിന്‍റെ ഫലമായി ദൈവത്തോട് നന്ദിയും വിനയവും വളരുകയും ചെയ്യുന്നു. ഇതുമൂലം മനോഹരമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കുന്നു, എന്നാൽ അത് വ്യക്തിപരമായ നേട്ടങ്ങളെ നിഷേധിക്കുന്നില്ല. സ്വന്തം കഴിവിന്‍റെ പൂർത്തീകരണവും സമ്പൂർണ്ണ വ്യക്തിയായിട്ടുള്ള വികാസവും സൂഫിസത്തിന്‍റേയും ഇസ്ലാമിന്‍റേയും അവിഭാജ്യ ഘടകമാണ്. ഈ രണ്ട് വിഷയങ്ങളും യഥാർത്ഥത്തിൽ നമ്മുടെ ആന്തരികവും ബാഹ്യവുമായ സ്വഭാവം വളർത്തുന്ന പ്രധാന ഘടകമാണ്. വിദ്യാർത്ഥി ഇസ്ലാം സ്വീകരിക്കണമെന്ന് നഖ്ശബന്ദി-മുജദ്ദിദി തരിഖയുടെ സമ്പ്രദായങ്ങൾ, ആവശ്യപ്പെടുന്നില്ല. ഈഗോയുടെ ആവശ്യങ്ങളേക്കാൾ ദൈവത്തിനായുള്ള ദാഹം വലുതാകുമ്പോൾ എടുക്കുന്ന വ്യക്തിഗത തീരുമാനമാണിത്. എന്‍റെ മതപരിവര്‍ത്തനം വ്യത്യസ്തമായ ഒരു സംസ്കാരത്തെ സ്വീകരിക്കുന്നതിനോ വിചിത്രമായ വസ്ത്രധാരണ രീതികളും ആചാരങ്ങളും അനുവര്‍ത്തിക്കുന്നതിനോ വേണ്ടി ആയിരുന്നില്ല. മറിച്ച്, എല്ലാ സൃഷ്ടികളിലും നിലനിൽക്കുന്ന സ്രഷ്ടാവിന്‍റെ അനിവാര്യമായ സ്നേഹത്തില്‍ നിലനില്‍ക്കുന്നതിനു വേണ്ടിയാണ്. ജീവിതത്തിന്‍റെ ലക്ഷ്യത്തിലും അർത്ഥത്തിലും അന്തര്‍ലീനമായിരിക്കുന്ന സ്വാഭാവിക വിശ്വാസത്തിന്‍റെ വളർച്ചയിലേക്ക് ഇത് നയിക്കുന്നു.
എന്‍റെ വൈകാരികമായ ഉയർച്ച താഴ്ച്ചകൾ ക്രമേണ ജീവിതത്തോടും അതിന്‍റെ വെല്ലുവിളികളോടുമുള്ള ശാന്തമായ സമീപനമായി രൂപാന്തരപ്പെട്ടു. വിഷാദഭരിതവും നിഷേധാത്മകവുമായ എന്‍റെ പ്രവണത കൂടുതൽ പോസിറ്റീവ് മനോഭാവമായി മാറിയിരിക്കുന്നു. അത് മറ്റുള്ളവരെ കൂടുതൽ ഉൾക്കൊള്ളുകയും പ്രത്യക്ഷമായതിന് അപ്പുറത്തേക്ക് നോക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ ഉള്ളതിനേക്കാള്‍ ഞാൻ എത്ര ശാന്തനും സ്വാസ്ഥ്യനുമാണെന്ന് ആളുകൾ ഇപ്പോള്‍ പറയുന്നു. ഒരാളുടെ സ്വഭാവത്തിലുള്ള ഈ മാറ്റങ്ങൾ മറ്റുള്ളവരെയും ബാധിക്കുന്നു. ഇത് കൂടുതൽ അർത്ഥവത്തായ ബന്ധങ്ങളും കൂടുതൽ സഹാനുഭൂതിയും സൃഷ്ടിക്കുന്നു.
നിരാശയോടെടെ ഉയര്‍ന്നിരുന്ന എന്‍റെ പ്രാർത്ഥന ഇപ്പോൾ നന്ദിപ്രകാശനത്തിന്‍റേതായി മാറിയിരിക്കുന്നു. ‘ജീവിതത്തിന്‍റെ ഉയർച്ച താഴ്ച്ചകൾക്ക് ഒപ്പം ഒഴുകാൻ എനിക്കിപ്പോള്‍ സാധിക്കും. എല്ലാത്തിനും ഞാൻ എന്‍റെ ശൈഖിനോട് കടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്‍റെ മാർഗ്ഗനിർദ്ദേശം എന്നെ എക്കാലത്തെയും വിപുലീകരിക്കുന്ന വഴികളിലേക്ക് നയിക്കുന്നു, ഒപ്പം ആന്തരിക സമാധാനത്തിലേക്കുള്ള പാതയും അതിന്‍റെ ബാഹ്യ പ്രകടനമായ സ്നേഹവും എനിക്ക് കാണിച്ചുതന്നു. മുൻകാലങ്ങളിലെന്നപോലെ ഇസ്‌ലാമിക സൂഫിസം ജനങ്ങള്‍ക്ക് ഇന്നും പ്രസക്തവും ഫലപ്രദവുമായി തുടരുന്നു.