മുപ്പതുകളുടെ തുടക്കത്തിൽ യോഗയിലൂടെയാണ് ഞാൻ എന്‍റെ ആത്മീയാന്വേഷണം ആരംഭിച്ചത്. ഒരു പരമ്പരാഗത തായ് മസാജ് തെറാപ്പിസ്റ്റായി പരീശീലനത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് ആഴ്ചയിൽ 4 മണിക്കൂർ അയ്യങ്കാർ യോഗ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. അതോടൊപ്പം പോഷകാഹാര വിദഗ്ധനാകാൻ പരിശീലനവും നടത്തിയിരുന്നു. സുഖഭോഗ ജീവിതശൈലി നയിച്ചിരുന്ന ഞാന്‍ കുടുംബവുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എന്നാൽ, ജീവിതത്തില്‍ എന്തോ കുറവ് ഉണ്ട് എന്ന തോന്നല്‍ എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഒരു ഇന്ത്യൻ ഷെയ്ഖ് മെൽബൺ സന്ദർശിക്കുന്നതിനെക്കുറിച്ച് ഒരു യോഗി സുഹൃത്ത് എന്നോട് പറഞ്ഞു. നഗരപ്രാന്തത്തിലെ ഒരു വീട്ടിൽ വച്ച് ഈ ശൈഖിനെ കാണുന്നതിലും അദ്ദേഹത്തന്‍റെ ഉപാസനരീതികളില്‍ പങ്കെടുക്കുന്നതിലും സംശയാലുവായിരുന്നുവെങ്കിലും സുഹൃത്തിനോടൊപ്പം ഞാനും പോയി. വിരളമായി സജ്ജീകരണങ്ങളുള്ള ഒരു മുറിയിലേക്ക് അവര്‍ എന്നെ നയിച്ചു. അവിടെ തറയിൽ ഒരു തലയണയിൽ ഗ്രാൻഡ് ഷെയ്ഖ് ഇരിക്കുന്നു. അദ്ദേഹത്തിന് എതിരെ ഇരിക്കാൻ എന്നെ ക്ഷണിച്ചു, ഞാൻ എന്താണ് അന്വേഷിക്കുന്നതെന്ന് ശൈഖ് എന്നോട് ചോദിച്ചു. ദൈവത്തോട് കൂടുതൽ അടുക്കാനും സമാധാനം കണ്ടെത്താനും ആഗ്രഹിക്കുന്നുവെന്ന് ഞാൻ മറുപടി നൽകി. പ്രകാശം പരത്തിയ മുഖത്തോടെ പുഞ്ചിരിച്ചു കൊണ്ട് നമുക്ക് കുറച്ച് മുറഖബ (ധ്യാനം) ചെയ്യാം എന്ന് പറഞ്ഞു. കൃത്യമായ ലക്ഷ്യത്തോടെ ഹൃദയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ധ്യാനം നടത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ആ 40 മിനിറ്റ് ഞാൻ പ്രപഞ്ചിക ലോകത്തില്‍ നിന്ന് പുറത്തായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്‍റെ യോഗ ക്ലാസുകളിൽ മണിക്കൂറുകളോളം ചെലവഴിച്ചു നേടിയതെല്ലാം ഞാൻ മറന്നു. എനിക്ക് ഈ അവസ്ഥ കൂടുതൽ അനുഭവിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഗ്രൂപ്പ് മാനേജരുമായി കൂടിയാലോചിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഈ അനുഭവത്തിന്‍റെ യഥാർത്ഥ പ്രാധാന്യം അറിയാതെ ഞാൻ മുറി വിട്ടു, പക്ഷേ, എന്‍റെ ഹൃദയത്തിൽ എന്തോ ജ്വലിക്കുന്നതായി എനിക്ക് തോന്നി. വളരെ വിനീതമായ ഈ ഭവനത്തിലെ പ്രതിവാരയോഗങ്ങളിൽ ഞാൻ അടുത്ത വർഷം ചേർന്നു. ശൈഖ് വീണ്ടും സന്ദർശിക്കുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ കാണാൻ ഞാന്‍ അക്ഷമനായിരുന്നു. അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, ഞാൻ ‘ബൈഅത്ത്’ നൽകി, ഒരു മുരീദായിത്തീർന്നു. മുജദ്ദിദി-നക്ഷ്ബന്ദി ഓർഡറിലെ ആദ്യ പത്ത് പാഠങ്ങളിൽ ഞാന്‍ ഉപദേശം സ്വീകരിച്ചു.
എന്‍റെ പതിവ് പരിശീലനങ്ങളിലും പാരായണങ്ങളിലും മുഴുകി സ്വയം അച്ചടക്കമുള്ള ഒരു വിദ്യാർത്ഥിയാകാൻ ഞാൻ ശ്രമിച്ചു. പരിശീലനം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലെത്താൻ ഞാൻ ആഗ്രഹിച്ചു. വളരെ കുറച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ എങ്കിലും ആഴ്ചതോറുമുള്ള മീറ്റിംഗുകളിൽ ശാന്തനും സാത്വിക മുഖഭാവത്തോടു കൂടി കാണപ്പെട്ട മുതിർന്ന ഗ്രൂപ്പ് അംഗങ്ങൾ എനിക്ക് പ്രചോദനമായി. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്നതു പോലെ ഒരു നേര്‍രേഖീയ പാതയല്ല ഇതെന്നും പകരം പരിശീലനങ്ങളിൽ ആഴത്തിൽ മുഴുകാൻ എനിക്ക് കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്നും മനസിലായി. ഇത് എന്‍റെ ആദ്യ ഉൾക്കാഴ്ചകളിൽ ഒന്നായിരുന്നു. ഓരോ തവണയും ആദ്യത്തെ പത്ത് പാഠങ്ങൾ വീണ്ടും വായിക്കുമ്പോൾ ശ്രദ്ധിക്കാതെ പോയ ചിലത് ഞാൻ ശ്രദ്ധിച്ചു. പഠനത്തില്‍ ഞാൻ വേഗത കുറയ്ക്കാൻ തുടങ്ങി, വേഗത്തിൽ പുരോഗമിക്കാനുള്ള ആഗ്രഹം നഷ്‌ടപ്പെട്ടു. എനിക്ക് ചുറ്റുമുള്ള മറ്റ് വിദ്യാർത്ഥികൾ കൂടുതൽ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ചതായും ജീവിതത്തിൽ അവര്‍ക്ക് കാര്യമായ മാറ്റങ്ങളുണ്ടായതായും ഞാന്‍ കണ്ടു.
ഇസ്‌ലാം സ്വീകരിക്കുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല, കാരണം ആ സിദ്ധാന്തം എനിക്ക് ഇഷ്ടമായിരുന്നു. ഇസ്‌ലാമിന്‍റെ ആധാരശിലകൾ ആന്തരിക ധ്യാനത്തെ എങ്ങനെ സന്തുലിതമാക്കുന്നുവെന്ന് എനിക്ക് കാണാൻ കഴിഞ്ഞു. എന്നിരുന്നാലും, ഞാൻ ഒരു യോഗദിനചര്യ പോലെ പ്രാർത്ഥനകൾ പഠിച്ചു, പക്ഷേ എനിക്ക് അനുഗ്രഹങ്ങൾ ലഭ്യമാകുന്നതായി അനുഭവപ്പെട്ടില്ല. ‘മുറഖബ’ പോലെ ശ്രദ്ധയോടെയും വ്യക്തമായ നെയ്യത്തോടെ പ്രാർത്ഥനകളും ചെയ്യേണ്ടതുണ്ട്. ഖുർആനിലെ കൂടുതൽ സൂറത്തുകൾ പഠിക്കാൻ ഞാൻ ആഗ്രഹിച്ചു. അറബിക് എനിക്ക് പഠിക്കാൻ എളുപ്പമായിരുന്നില്ല, എന്നാൽ ഖുർആൻ ശ്രവിക്കുകയും വായിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം കടന്നു പോയ വർഷങ്ങളിൽ മനസ്സിലാക്കി. പ്രാർത്ഥനയ്ക്ക് ശേഷം ഞങ്ങളുടെ പ്രാർത്ഥനാ പരവതാനികളിൽ ഇരുന്നിരുന്ന ഗ്രാൻഡ് ഷെയ്ഖിനൊപ്പം ഖുർആൻ ഷെരീഫ് ധ്യാനം നടത്തുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ശൈഖ് ഖുർആനിൽ നിന്ന് വായിക്കുമ്പോൾ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ പാരായണം ചെയ്യാൻ ഞങ്ങളോട് നിർദ്ദേശിച്ചു. തുടർന്നുള്ള പാരായണവേളയിൽ എനിക്ക് തീ പിടിച്ചത് പോലെയും ആത്മീയ നിദ്രയിൽ മുഴുകിയതു പോലെയും ആണ് അനുഭവപ്പെട്ടത്.
ഞാൻ പലപ്പോഴും എന്‍റെ നിരാശകളും അനുഭവങ്ങളും പരാമർശിച്ച് ഗ്രാൻഡ് ഷെയ്ഖിന് കത്തുകൾ എഴുതിയിരുന്നു. “പ്രിയ സുഹൃത്തേ” എന്ന് എപ്പോഴും എന്നെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ദയയോടെ മറുപടി നൽകി. ചില സമയങ്ങളില്‍ അദ്ദേഹം പെട്ടെന്ന് മറുപടി നൽകിയില്ല. നമ്മള്‍ ഒരു സുപ്രധാന ദർശനമോ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവമോ ആണെന്ന് കരുതുന്ന കാര്യങ്ങൾ പലപ്പോഴും നിസ്സാരമാണെന്നും അത്തരം ചിന്തകള്‍ എന്‍റെ പുരോഗതിക്ക് തടസ്സമാകുമെന്നും എനിക്ക് മനസ്സിലായി. ശൈഖിന് ഞാൻ എഴുതുകയും അദ്ദേഹം എന്‍റെ കത്തുകൾ വായിക്കുകയും ചെയ്യുമ്പോൾ, ഞങ്ങൾ ഞങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ‘’റാബിത’’ എന്നറിയപ്പെടുന്ന ഒരു ബന്ധം വളർത്തിയെടുക്കുകയായിരുന്നു എന്നതിനാൽ ശാരീരികമായി ശൈഖിനൊപ്പം ഉണ്ടായിരിക്കേണ്ടതില്ലെന്ന് ഞാൻ മനസ്സിലാക്കി. ഗ്രൂപ്പ് അംഗങ്ങൾ തമ്മിലുള്ള വാത്സല്യത്തിന്‍റേയും സ്നേഹത്തിന്‍റേയും വിശ്വാസത്തിന്‍റേയും അടിസ്ഥാനത്തിലുള്ള ഈ ബന്ധം എത്ര പ്രധാനമാണെന്ന് കാലക്രമേണ ഞാൻ സാക്ഷ്യപ്പെടുത്താൻ തുടങ്ങി. ഞാൻ ഒരേ സമയം വ്യത്യസ്തമായ വളരെയധികം ആത്മീയ പരിശീലനങ്ങൾ ചെയ്യുന്നതു ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് ഒരു കത്തിൽ അദ്ദേഹം എഴുതി. മറ്റ് ചില സമ്പ്രദായങ്ങൾ പഠിക്കാൻ ഞാൻ ഗണ്യമായ സമയം ചെലവഴിച്ചിരുന്നു താനും. അതിനാൽ പ്രകൃതിയെയും മനുഷ്യനെയും ദൈവത്തെയും യഥാർത്ഥ വീക്ഷണകോണിൽ മനസ്സിലാക്കാനും ആത്മീയ ഉൾക്കാഴ്ച കൈവരിക്കാനും സൂഫി സമ്പ്രദായങ്ങളിൽ പൂർണമായും സമർപ്പിക്കാൻ അദ്ദേഹം ശുപാർശ ചെയ്തു. ഗണിതശാസ്ത്രത്തിന്‍റേയും സയൻസിന്‍റേയും പരിശീലനം ലഭിച്ച ഒരു സെക്കൻഡറി അധ്യാപകനായി തൊഴിലിലേക്ക് മടങ്ങാൻ ഗ്രാൻഡ് ഷെയ്ഖ് നിർദ്ദേശിച്ചു. എന്‍റെ മസാജ് പരിശീലനം എനിക്ക് ലഭിക്കുന്ന വെളിച്ചം എടുത്തുകളയുന്നതായി അദ്ദേഹം വിശദീകരിച്ചു. ഒരു ദിവസത്തെ മസാജ് ചെയ്തതിന് ശേഷം ഞാൻ പലപ്പോഴും തളർന്നു പോകുന്നതിനാല്‍ ഇത് അർത്ഥവത്താണെന്ന് എനിക്ക് വ്യക്തമായി. ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും എടുക്കാൻ ഗ്രാൻഡ് ഷെയ്ഖ് നിർദ്ദേശിച്ചു. സർവ്വശക്തന്‍റെ കൃപയാൽ, ശൈഖിന്‍റെ ഉപദേശം അനുസരിച്ച് എനിക്ക് ഈ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞു. കഴിഞ്ഞ 22 വർഷമായി ഞാൻ ഒരു പ്രശസ്തമായ സ്വകാര്യ സ്കൂളിൽ ജോലി ചെയ്തുവരുന്നു. വിദ്യാർത്ഥികളുമായി ഹൃദയത്തിലൂടെ ബന്ധപ്പെടാൻ എന്‍റെ ‘മുറഖബ’ പരിശീലനങ്ങൾ എന്നെ സഹായിച്ചു, എന്‍റെ അധ്യാപനത്തിലൂടെ എനിക്ക് ലഭിച്ച ഉൾക്കാഴ്ചകളാൽ അവരെ സഹായിക്കാൻ എനിക്ക് കഴിഞ്ഞു. വിദ്യാർത്ഥികളോടുള്ള ബന്ധവും സർവ്വശക്തനിൽ നിന്നുള്ള അനുഗ്രഹങ്ങളും എന്നെ ശാന്തമായി സമീപിക്കാവുന്നവനാക്കി മാറ്റാന്‍ സഹായിച്ചതായി കരുതുന്നു.
ഞാൻ മുറഖബയും പാരായണവും നടത്തുന്നതിനാൽ കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടു. എന്നിലെ മാറ്റം അവർക്കും കാണാമായിരുന്നു. തന്നിൽത്തന്നെയുള്ള മാറ്റങ്ങൾ കാണുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്നെന്ന് ഞാൻ കരുതുന്നു. മറ്റുള്ളവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വരുന്ന പരിവർത്തനങ്ങള്‍ കാണാൻ എളുപ്പമാണ്. കുടുംബത്തോടൊപ്പമുള്ളപ്പോഴാണ് മാറ്റങ്ങൾ കാണാൻ കഴിയുന്നത്. എന്‍റെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന മറ്റൊരു ഗൂഢസംഘത്തിൽ ഞാൻ ചേരുകയാണെന്ന് അവർ സംശയിച്ചു. പതിവ് പ്രതിവാര ഗ്രൂപ്പ് മീറ്റിംഗിലേക്കുള്ള എന്‍റെ താല്‍പര്യം അവർ നിരീക്ഷിക്കുകയായിരുന്നു, ഞാനൊരു മുസ്ലിമാകുന്നതിൽ അവർക്കു ആശങ്കയുണ്ടായിരുന്നു. ഈ മീറ്റിംഗുകളുടെ സമയത്തു കുടുംബ പരിപാടികളോ ക്രിസ്മസ് പോലുള്ള പ്രത്യേക അവസരങ്ങളോ വന്നാൽ ഞാൻ അവ ഒഴിവാക്കുന്നതും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സർവശക്തന്‍റെ കൃപയാൽ അവർ എന്‍റെ സൂഫി സുഹൃത്തുക്കളെ കണ്ടുമുട്ടുകയും എന്‍റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണുകയും ചെയ്തു, അത് അവരെ സമാധാനിപ്പിച്ചു, നാം ആരോട് സംസാരിക്കുന്നു, എന്താണ് സംസാരിക്കുന്നത് എന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം എന്ന വിലപ്പെട്ട പാഠവും ഞാൻ പഠിച്ചു. മുറഖബയില്‍ പങ്കെടുക്കാത്ത ഒരാളോട് നിങ്ങൾക്ക് മുറഖബയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, ഈ പാത എല്ലാവർക്കുമുള്ളതല്ല. ഒരാളോട് ഒരു പുസ്തകം വായിക്കാനോ ശൈഖിനെ കാണാനോ നിർദ്ദേശിക്കുന്നതിന് മുമ്പ് അവർ പരിശീലനങ്ങളെക്കുറിച്ച് ചോദിക്കുന്നത് വരെ നിങ്ങൾ കാത്തിരിക്കണം. പഴയ ശീലങ്ങളും സൗഹൃദങ്ങളും ഉപേക്ഷിക്കേണ്ടി വന്നതിനാൽ ആദ്യമൊക്കെ എന്‍റെ സത്യാന്വേഷണ യാത്ര വളരെ ഏകാന്തമായിരുന്നു. എന്നിരുന്നാലും, പരിശീലന സമ്പ്രദായങ്ങളിലൂടെ ദൈവവുമായുള്ള എന്‍റെ ബന്ധം വളർത്തിയെടുത്തപ്പോൾ, ഞാൻ സ്വാശ്രയസമ്പന്നനും എന്‍റെ സ്വന്തം കണ്ടെത്തലില്‍ പൂർണ്ണ സംതൃപ്തനും ആയിത്തീരുകയും ചെയ്തു.
ഒരു സീനിയർ വിദ്യാർത്ഥിയാണെങ്കിലും, ചില സമയങ്ങളിൽ ഞാൻ വീണ്ടും ആദ്യചുവടുകൾ വെക്കുന്നതായി എനിക്ക് തോന്നുന്നു. ഏറ്റവും സീനിയർ വിദ്യാർത്ഥിക്ക് പോലും എപ്പോൾ വേണമെങ്കിലും വഴി തെറ്റാം എന്ന് ഗ്രൂപ്പ് മാനേജർ പറയുന്നത് ഞാൻ എപ്പോഴും ഓർക്കുന്നു. എന്നെ വഴിതെറ്റിച്ചേക്കാവുന്ന ശ്രദ്ധാ ശൈഥില്യങ്ങളിൽ നിന്ന് രക്ഷിക്കാൻ കൃത്യനിഷ്ഠയോടെയുള്ള പതിവു ധ്യാനരീതികൾ പാലിക്കേണ്ടതുണ്ടെന്ന് എനിക്കറിയാം. വർഷങ്ങളായി, എന്‍റെ പഴയ ജീവിതശൈലിയുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും എല്ലാം ഞാൻ മറികടന്നുവെന്ന ചിന്തയെ അട്ടിമറിച്ചു കൊണ്ട് പഴയ വാസനകൾ എന്നെ പിടിച്ചു വലിക്കുന്നത് ഇടയ്ക്കു അതിശയിപ്പിച്ചുകൊണ്ടിരുന്നു. ഒരാൾക്ക് നഫ്‌സിനെ നിയന്ത്രിക്കാൻ നിത്യജാഗ്രതയും സ്ഥിരമായ പ്രാർത്ഥനയും അനുഷ്ഠാനങ്ങളും നിർവ്വഹിക്കേണ്ടതുണ്ട് എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണത്.
ഗ്രാൻഡ് ഷെയ്ഖിന്‍റെ വിയോഗത്തിന് ശേഷം ഷെയ്ഖ് ഹമീദ് സൂഫി പരമ്പരയുടെ നേതൃത്വം ഏറ്റെടുത്തത് ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും ക്രമം വ്യാപിപ്പിച്ചുകൊണ്ട് സുഗമമായ ഒരു പരിവർത്തനമായിരുന്നു. അദ്ദേഹം വിപുലമായി യാത്ര ചെയ്തിരുന്നതിനാൽ ഷെയ്ഖ് ഹാമിദിനെ ഞാൻ കൂടുതൽ തവണ കണ്ടിരുന്നു, എന്‍റെ കത്തിടപാടുകൾ കൂടുതലും ഇമെയിൽ വഴിയായി. വർഷങ്ങളായി, ലോകത്തിന്‍റെ ഏതെങ്കിലുമൊരു ഭാഗത്ത് ഷെയ്ഖ് പങ്കെടുക്കുന്ന വാർഷിക റിട്രീറ്റിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. 5 ദിവസത്തെ ഈ റിട്രീറ്റ്കൾ ശൈഖിന്‍റെ സഹവാസത്തില്‍ ഒരു ഗ്രൂപ്പില്‍ ചെയ്യുമ്പോഴുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി കാണാൻ എന്നെ സഹായിച്ചു. പിൻവാങ്ങലിന് ശേഷം പുതു ഊര്‍ജ്ജവുമായി ഞാൻ വീട്ടിലേക്ക് മടങ്ങി എന്‍റെ പ്രാർത്ഥനകളിലും പാരായണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. വർഷങ്ങളായി എന്‍റെ ജോലിസ്ഥലത്തെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ബന്ധങ്ങൾ, തൊഴിലവസരങ്ങൾ, എന്‍റെ പരിശീലനങ്ങളിലെ നിർദ്ദേശങ്ങൾ, എന്‍റെ അദബ് അല്ലെങ്കിൽ ആത്മീയ മര്യാദ എങ്ങനെ മെച്ചപ്പെടുത്താം എന്നിവയെക്കുറിച്ച് ഉപദേശിക്കാനും ഷെയ്ഖ് എന്നെ സഹായിച്ചിട്ടുണ്ട്. ഗ്രൂപ്പ് മാനേജരുമായുള്ള പതിവ് മീറ്റിംഗുകളിലൂടെ ഞാൻ ചെയ്ത എന്‍റെ പ്രവർത്തനങ്ങളെയും ജീവിത കാര്യങ്ങളെയും കുറിച്ച് ഷെയ്ഖിനെ അറിയിക്കുന്നത് പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കി. ഒരു വിദ്യാർത്ഥിയെ മറ്റ് തലങ്ങളിൽ സഹായിക്കാനും അതിന്‍റെ മുഖവിലയ്ക്കപ്പുറം ഒരു സാഹചര്യം മനസ്സിലാക്കാനും ശൈഖിന് കഴിയുമെന്ന് ഞാൻ മനസ്സിലാക്കി, അത് നിങ്ങൾക്ക് നല്ലതാണോ എന്ന് അയാൾക്ക് കാണാൻ കഴിയും. കൂടുതൽ പണം ലഭിക്കുമെന്നതിനാൽ നല്ലതെന്നു നിങ്ങൾ കരുതുന്ന തൊഴിൽ അവസരമായിരിക്കാം, പക്ഷേ അത് മറ്റൊരു തലത്തിൽ നിങ്ങളുടെ പുരോഗതിക്ക് നല്ലതാവില്ല, കാരണം ഇത് നിങ്ങളുടെ പരിശീലനങ്ങളിൽ നിന്ന് നിങ്ങളെ അകറ്റിയേക്കാം. പലപ്പോഴും, എന്താണ് ചെയ്യേണ്ടതെന്ന് ശൈഖ് എന്നോട് പറഞ്ഞതു എന്നെ പുനർവിചിന്തനത്തിലാക്കി, പലപ്പോഴും ഞാൻ കാത്തിരിക്കുമ്പോൾ അത് കൂടുതല്‍ മികച്ചതായി മാറി. തന്‍റെ വിദ്യാർത്ഥികളെക്കുറിച്ച് ഷെയ്ഖിനെ അറിയിക്കുന്നതിൽ ഗ്രൂപ്പ് മാനേജർ എത്രമാത്രം ജാഗരൂകനായി പ്രവർത്തിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. മറ്റ് വിദ്യാർത്ഥികളുമായി സമ്പ്രദായങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കുന്നതും അമിതമായി സംസാരിക്കുന്നതിൽ നിന്ന് ജാഗ്രത പാലിക്കുന്നതും എത്രത്തോളം പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കി.
പ്രതിവാര ഗ്രൂപ്പ് ധ്യാനത്തിന്‍റെ പ്രാധാന്യം വർഷങ്ങളായി എനിക്ക് പൂർണ്ണമായി മനസ്സിലായിരുന്നില്ല. പലപ്പോഴും അതില്‍ നിന്ന് വഴുതിമാറാന്‍ ഞാൻ ശമിച്ചിരുന്നു. ചിലപ്പോള്‍ ഇഷാ നമസ്‌കാരത്തിന് ശേഷം നേരത്തെ ഉറങ്ങാനായി പോയെന്നിരിക്കാം, അല്ലെങ്കിൽ അടുത്ത ദിവസം നേരത്തെ എഴുന്നേൽക്കാൻ നേരത്തെ ഉറങ്ങിയെന്നിരിക്കാം, അതുമല്ലെങ്കിൽ ആ ആഴ്ചയിൽ ഞാൻ ക്ഷീണിതനായിരുന്നു വെന്നിരിക്കാം. എന്നിരുന്നാലും, ഗ്രൂപ് ധ്യാനങ്ങളിൽ നിന്ന് ദറൂദിന്‍റെ അനുഗ്രഹം ഞാൻ അനുഭവിക്കാൻ തുടങ്ങി, അത് എന്നെ ഊർജ്ജസ്വലനാക്കുകയും ഉറങ്ങാനുള്ള പതിപത്തി കുറയ്ക്കുകയും ചെയ്തു. സാവധാനം ഗ്രൂപ്പ് മെഡിറ്റേഷൻ ഇരുട്ടിനെ എങ്ങനെ ഇല്ലാതാക്കും എന്നും എനിക്ക് മനസ്സിലാകുവാന്‍ തുടങ്ങി. ഒരാഴ്ച കൊണ്ട് നമ്മിൽ വന്നു ചേർന്ന അന്ധകാരം ഇല്ലാതാക്കാൻ ഗ്രൂപ്പ് അംഗങ്ങൾ എത്രത്തോളം പരസ്പരം സഹായിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.