ചെറുപ്പത്തില്‍ തന്നെ എന്നേക്കാൾ ഉയർന്ന “ദൈവം” എന്ന ഒന്നിനെക്കുറിച്ച് എനിക്ക് അവബോധം ഉണ്ടായിരുന്നു. എങ്കിലും ഈ സാന്നിധ്യത്തിന്‍റെ യാഥാർത്ഥ്യം പിന്തുടരാത്ത പുതുയുഗ സിദ്ധാന്തങ്ങളിൽപ്പെട്ട് ഈ ആശയം എന്നില്‍ അവ്യക്തമായിരുന്നു. ഒറ്റനോട്ടത്താല്‍ എന്നെ നിയന്ത്രിക്കുന്ന എന്‍റെ പിതാവിന്‍റെ കൂടെയാണ് ദൈവത്തിന്‍റെ മൂർത്തമായ സാന്നിധ്യത്തെക്കുറിച്ച് ഞാൻ ആദ്യമായി മനസ്സിലാക്കിയതും ഞാൻ ‘ബറക’യാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതും.
ധ്യാനം എനിക്ക് താൽപ്പര്യമുള്ള വിഷയമായിരുന്നുവെങ്കിലും അതില്‍ ദീര്‍ഘനേരം മുഴുകിയിരിക്കുവാന്‍ എളുപ്പമായിരുന്നില്ല. പത്തൊൻപതാം വയസ്സിൽ ചൈനീസ് ‘തായ്ചി’യിലേക്കും ഒപ്പം ഊര്‍ജ്ജ നിയന്ത്രണം, ഡാൻസ് ടെക്നിക്കുകളുടെ പഠനം ഉൾപ്പെടെയുള്ള ‘സോമാറ്റിക്’ (ശരീരസംബന്ധിയായ) പഠനങ്ങളിലേക്കും ഞാൻ യാത്ര ആരംഭിച്ചു. അത് എന്‍റെ ജീവിതത്തിന് സമതുലിതാവസ്ഥയും കാര്യക്ഷമതയും കൊണ്ടുവന്നു. കോളേജിൽ ബി.എ തിയേറ്റർ സ്റ്റഡീസ് പൂർത്തിയാക്കിയ ശേഷം പാരമ്പര്യ നൃത്തരീതികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കോറിയോഗ്രാഫിയോ കോമ്പോസിഷനോ ഇല്ലാതെ നടനമാടുക എന്നതാണ് ഈ രീതി. അതിലൂടെ നിങ്ങളുടെ ധാരണാപരമായ കഴിവ് പരിഷ്കരിക്കുകയും, നിമിഷങ്ങൾക്കുള്ളിൽ സന്തുലിതാവസ്ഥയും ഐക്യവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും ആ കര്‍മ്മശേഷി ശരീരത്തിനുള്ളിൽ ആവശ്യമായ വൈദഗ്ധ്യം വികസിപ്പിക്കാനും കഴിയും. ഈ രീതിയുടെ കാതലാണ് പരിശീലകര്‍ (ഇംപ്രൊവൈസേഷൻ പ്രാക്ടീഷണർമാർ) “ഈ നിമിഷത്തില്‍ ആയിരിക്കുക” (‘ബിയിംഗ് ഇൻ ദ മോമന്‍റ്’) എന്ന് വിളിക്കുന്ന പ്രതിഭാസം. ഇതിനെ അടിസ്ഥാനമാക്കി എന്‍റെ പ്രബന്ധത്തിനോടനുബന്ധിച്ച് നർത്തകിമാരെ ഇൻറർവ്യൂ ചെയ്യാൻ
ഞാൻ ന്യൂയോർക്കിലേക്ക് പോയി. ‘സാന്നിദ്ധ്യം’ (presence) മനസ്സിലാക്കാനുള്ള താൽപ്പര്യമാണ് എന്‍റെ സ്വന്തം പരിശീലനത്തെ നയിച്ചത്. ‘ ഈ നിമിഷത്തിൽ ആയിരിക്കുന്നത്’ ഞാൻ ചെയ്യുന്ന കാര്യത്തിലേക്ക് കൊണ്ടുവന്ന ഐക്യത്തിന്‍റെ വികാരം എനിക്ക് ഇഷ്ടപ്പെട്ടു. ഈ രീതിയിൽ പ്രബുദ്ധസമയം വർദ്ധിപ്പിക്കുന്നതിനുള്ള സങ്കേതങ്ങൾക്കായി തിരയുകയായിരുന്നു ഞാന്‍. ഈ അവസ്ഥ അനുഭവിക്കുമ്പോൾ, നൃത്തം അനായാസമായിത്തിരും, എല്ലാറ്റിന്‍റേയും പരസ്പര ബന്ധമുള്ള എന്‍റെ ധാരണ ചാർജ് ചെയ്യപ്പെടും, കൂടാതെ നിയന്ത്രിത ആത്മബോധത്തിൽ നിന്നും വ്യക്തതയിൽ നിന്നുമുള്ള സ്വാതന്ത്ര്യം ഞാൻ കണ്ടെത്തുകയും ചെയ്യും.
ഞാൻ നൃത്തം ചെയ്യുമ്പോൾ ‘ഈ നിമിഷത്തിലായിരിക്കുക’ എന്ന അനുഭവം എല്ലായ്പ്പോഴും ലഭ്യമാവില്ലെന്ന് മനസ്സിലാക്കുകയും നിലവിലുള്ളതിനോട് കീഴടങ്ങേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിലവിലുള്ള മറ്റെന്തെങ്കിലും ഒന്നിനെ നൃത്തത്തില്‍ സന്നിവേശിപ്പിച്ച് സ്റ്റേജിൽ അവതരിപ്പിക്കുവാന്‍ നിര്‍ബ്ബന്ധിതമായി. എന്നാൽ പ്രതീക്ഷിച്ച വിമോചിതാവസ്ഥയില്‍ എത്താൻ എപ്പോഴും സാധിച്ചിരുന്നില്ല. കോളേജിനുശേഷം ഞാൻ നൃത്തവും പ്രകടനവും പഠിക്കുന്നത് തുടർന്നു. എന്നാൽ ധ്യാനാത്മകമായ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്നതും നൃത്ത ചട്ടക്കൂടിന്‍റെ തുറന്നുകാട്ടുന്ന ആവശ്യങ്ങളിലേക്ക് പോകാനുള്ള ആഗ്രഹവും സമന്വയിപ്പിക്കുന്നത് ബുദ്ധിമുട്ടായി മാറി. ചിലപ്പോൾ ‘ ‘ഈ നിമിഷത്തിലായിരിക്കുക’ എന്നതിന്‍റെ തീവ്രത എന്നെ നിശ്ചലമായി നിർത്തി. വ്യക്തിത്വവികസനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചലന ക്ലാസുകളിൽ ഞാൻ പങ്കെടുക്കാൻ തുടങ്ങി. ഈ സമയത്ത് ഭക്തി സമ്പ്രദായങ്ങളെക്കുറിച്ച് ബോധവാനാവുകയും ചെയ്തു. എന്നിരുന്നാലും, ഒരു പ്രത്യേക മതപാതയിലേക്കും ആകർഷിക്കപ്പെടാതെ, ജീവിതത്തോട് യോജിച്ചുപോകുവാനുള്ള എന്‍റെ കഴിവിനെ പൂർവാവസ്ഥയിലാക്കാൻ കഴിയുമെന്ന് വിശ്വസിച്ചു കൊണ്ട് ‘സ്വയം’ വികസിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഞാൻ അപ്പോഴും ശരീരിക പ്രയത്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
2001- ഞാൻ ഗ്രീൻവിച്ച് ആർട്സ് ആൻഡ് കൾച്ചറൽ ഓഫീസിൽ ജോലിക്ക് ചേര്‍ന്നു. എന്‍റെ പ്രായത്തിലുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾ ചുറ്റുമുള്ളവരോട് കാണിച്ച അസാധാരണമായ ഊഷ്മളതയും ദയയും എന്നെ സ്പർശിച്ചു. ഞങ്ങളുടെ സഹപ്രവർത്തകരുമായി അവൾ സ്നേഹത്തോടെ പെരുമാറി. ഒരു ചെറുപ്പക്കാരിയും വെളുത്തവളും ഇംഗ്ലീഷുകാരിയുമായ ഒരു സ്ത്രീ എങ്ങനെ ഇസ്ലാം മതം സ്വീകരിച്ചു എന്നറിയാൻ ഞാൻ തല്‍പരയായിരുന്നു. അവളുടെ ആത്മീയ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ അവളോട് ചോദിച്ചു. അതിനെ കുറിച്ച് ഉദാരമായി സംസാരിച്ചെങ്കിലും അവർ എന്തോ സംരക്ഷിച്ചു സംസാരിക്കുന്നതു പോലെ തോന്നി.. അവർ സൂഫിസത്തെക്കുറിച്ച് അധികം സംസാരിക്കുകയോ, മീറ്റിംഗുകളിൽ പങ്കെടുക്കാൻ എന്നെ പ്രേരിപ്പിക്കുകയോ ചെയ്തിരുന്നില്ല.
ഗ്രീൻവിച്ചിലെ എന്‍റെ ജോലിയുടെ അവസാന നാളുകളില്‍ ഒരു യോഗ റിട്രീറ്റിന് ഞാന്‍ ഈജിപ്തിലേക്ക് പോയി. മുസ്ലീങ്ങൾ വ്രതമെടുക്കുന്ന റമദാൻ മാസമായിരുന്നു അത്. ഷറം അൽ ശൈഖിൽ എത്തിയപ്പോൾ ആ ഭൂമിയുടെ ശക്തി പെട്ടെന്ന് തിരിച്ചറിയുകയും ‘വിശുദ്ധനാട്’ എന്ന പദം എനിക്ക് പെട്ടെന്ന് മനസ്സിലാവുകയും ചെയ്തു. ഞാൻ പ്രകൃതിയോട് എപ്പോഴും സംവേദനക്ഷമതയുള്ള ആളായിരുന്നു. അതിനാല്‍ ലോകത്തിലെ പർവതനിരകളും ഊർജ്ജസ്വലമായ മറ്റു പ്രദേശങ്ങളും എന്നെ എപ്പോഴും ആകർഷിച്ചിരുന്നു. എന്നാൽ ഈ സ്ഥലത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇവിടെ വച്ചാണ്, ആദ്യമായി, എന്‍റെ ഹൃദയത്തിൽ തുളച്ചു കയറുന്നതായി തോന്നിയ ഒരു ശബ്ദം ഞാൻ കേട്ടത്. വാക്കുകളുടെ അർത്ഥമെന്താണെന്ന് അറിയില്ലെങ്കിലും പർവതങ്ങളിലെ മസ്ജിദിൽ നിന്ന് മുഴങ്ങുന്ന അദാൻ അല്ലെങ്കിൽ പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം എന്നോട് വളരെ വ്യക്തമായി ആശയവിനിമയം നടത്തുന്നതായി തോന്നി.
ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ ഞാൻ എന്‍റെ സുഹൃത്തിനോട് അവളുടെ വീട്ടിൽ വെച്ച് അവളോടൊപ്പം ധ്യാനിക്കാന്‍ അനുവദിക്കുമോ എന്ന് ചോദിച്ചു. ആ ധ്യാനം എന്തായാലും ശ്രദ്ധേയമായിരുന്നില്ല എങ്കിലും വീണ്ടും ധ്യാനിക്കണമെന്നും അവരുടെ ധ്യാന ഗ്രൂപ്പിനെ സന്ദർശിക്കണമെന്നും തീരുമാനിച്ചു. ഞാൻ എന്തിനാണ് വന്നതെന്ന് ഗ്രൂപ്പ് മാനേജർ ചോദിച്ചപ്പോൾ, ‘സത്യം എന്താണെന്ന് അറിയാൻ’ എന്ന ഉത്തരം എന്‍റെ മനസ്സില്‍ തെളിഞ്ഞു. ‘നിശ്ചയം’, ‘സത്യം’ എന്നിവയാണ് സൂഫിസത്തിലെ പ്രധാന പദങ്ങൾ എന്ന് എനിക്ക് അറിയാമായിരുന്നു. ഈ ഉൾക്കാഴ്ചയുടെ വ്യക്തത ഞെട്ടിക്കുന്നതായിരുന്നു. അതുവരെ ഞാൻ എന്താണ് അന്വേഷിച്ചതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ആ നിമിഷത്തിലേക്ക് നയിച്ച എല്ലാ പോയിന്‍റുകളും പ്രകാശിക്കുന്നത് പോലെ തോന്നി. പ്രാർത്ഥനയ്ക്കുള്ള വിളി എന്നിൽ ഉത്തരമായി പ്രതിധ്വനിച്ചു. അതിശയകരമെന്നു പറയട്ടെ, ആ രാത്രിയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ധ്യാനം പൂർത്തിയാക്കാൻ എളുപ്പമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ധ്യാനിക്കുന്നതിനിടയിൽ ഞാൻ അനുഭവിച്ച ഊഷ്മളതയും ഉള്ളില്‍ നിറഞ്ഞ സന്തോഷവും ധ്യാനം തുടരാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാൻ ദൈനംദിന ധ്യാനം തുടർന്നു.
ഞങ്ങളുടെ പാതയിലെ ശൈഖ് ഹസ്രത്തിനെ കണ്ടുമുട്ടുന്നതിന് ഒരു വർഷം മുമ്പായിരുന്നു അത്. വാര്‍ഷിക സന്ദര്‍ശനങ്ങള്‍ക്കു വരുമ്പോള്‍ അദ്ദേഹം ലണ്ടൻ ഗ്രൂപ്പ് മാനേജർക്കും കുടുംബത്തിനും ഒപ്പം താമസിക്കുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്‍റെ വീട് ഹസ്രത്തിന്‍റെ മുരീദുകൾക്കായി തുറന്നു കൊടുക്കും. ഹസ്രത്ത് ഉള്ളപ്പോൾ ശാന്തിയുടെയും സമാധാനത്തിന്‍റേയും മനോഹരമായ ഒരു മധുര സാന്നിദ്ധ്യം ആ വീട്ടിൽ നിറയും. കഴിയുന്നത്ര സമയം അവിടെ ആയിരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. ശൈഖിന്‍റെ വാർഷിക സന്ദർശനവേളകളില്‍ അദ്ദേഹത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ എല്ലാവരും പരിശ്രമിക്കുകയും ഹസ്രത്തിന് ചായ ഉണ്ടാക്കുവാന്‍ വിദ്യാർത്ഥികൾ മത്സരിക്കുകയും ചെയ്യുന്നത് ഞാന്‍ നിരീക്ഷിച്ചു. അദബിന്‍റെ ഈ രൂപങ്ങൾ എനിക്ക് അന്യമായിരുന്നു എങ്കിലും അള്ളാഹുവിലേക്ക് അടുക്കുന്നതില്‍ വിദ്യാർത്ഥി – അധ്യാപക ബന്ധത്തിന്‍റെ പ്രാധാന്യം ഞാൻ മനസ്സിലാക്കാൻ തുടങ്ങി. അവിടെ വിദ്യാർത്ഥിക്കുള്ള മൂല്യം എനിക്ക് കാണാൻ കഴിഞ്ഞു.
ഹസ്രത്തുമായുള്ള എന്‍റെ ആദ്യ കൂടിക്കാഴ്ചക്ക് വേണ്ടി ഒരു ശൂന്യമായ മുറിയിലേക്ക് എന്നെ നയിച്ചു. അവിടെ അദ്ദേഹം ഒരു നേർത്ത മെത്തയിൽ ഇരിപ്പുണ്ടായിരുന്നു. ആദ്യം തന്നെ ചോദ്യങ്ങൾ ചോദിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഞാൻ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എന്നോട് ചോദിച്ചു. ദിവസങ്ങളുടെ തയ്യാറെടുപ്പില്‍ ഞാന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ പോലും ചോദിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ വാക്കുകൾ അപ്രസക്തമായി. ചിന്തകളുടെ അർത്ഥം പോലും എന്‍റെ നിസ്സഹായ മനസ്സിൽ നിന്ന് വഴുതിപ്പോയി. ഞാൻ പറയാൻ ആഗ്രഹിക്കുന്നത് വ്യക്തമാക്കാൻ ശ്രമിക്കുന്നത് കാത്ത് ഹസ്രത്ത് എന്നോട് പറഞ്ഞു, “നിങ്ങൾക്ക് ചോദ്യം അറിയില്ലെങ്കിൽ, ഉത്തരം കണ്ടെത്താൻ കഴിയില്ല.”
ഹസ്രത്തിന്‍റെ പ്രഭാവലയിത്തിനു മുമ്പില്‍ ഹൃദയത്തിൽ നിന്ന് വരാത്തതെല്ലാം അര്‍ത്ഥ ശൂന്യമായി. എന്‍റെ ചോദ്യം ആത്മാർത്ഥമായിരുന്നില്ല എന്ന് എനിക്ക് വ്യക്തമായി. ‘സത്യം’ എന്നത് ഹൃദയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആണ് എന്ന് ഹസ്രത്ത് എന്നെ പഠിപ്പിച്ചു. പിന്നീട്, ഞാൻ എഴുതിയ ഒരു കവിത ഹസ്രത്തിനെ കാണിച്ചപ്പോള്‍, ഞാൻ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. കവിത അത് വ്യക്തമാക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ എന്‍റെ അർത്ഥങ്ങൾ പലപ്പോഴും മൂടുപടം നിറഞ്ഞ് മങ്ങിയതായി അദ്ദേഹം എന്നെ ബോധിപ്പിച്ചു. ഹസ്രത്ത് എന്നെ കൂടുതല്‍ എഴുതാൻ പ്രേരിപ്പിച്ചു. അദ്ദേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എന്‍റെ വഴി ഇതായിരിക്കാം എന്ന് ഞാൻ കരുതുന്നു. ആത്യന്തിക ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പറയാൻ ആഗ്രഹിക്കുന്നത് നേരിട്ടും ആത്മാർത്ഥമായും പറയുക: അങ്ങനെ കവിത പൂർത്തിയാക്കേണ്ടതിന്‍റെ പ്രാധാന്യം ഹസ്രത്ത് എന്നെ പഠിപ്പിച്ചു. ഇവയ്‌ക്കെല്ലാം ആഴത്തിലുള്ള ആത്മീയ അർത്ഥങ്ങളുണ്ടെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.
ഹസ്രത്ത് എങ്ങനെയാണ് എന്നെ പഠിപ്പിക്കുന്നതെന്ന് പലപ്പോഴും എനിക്ക് മനസ്സിലായില്ല. എന്‍റെ ഈഗോ അപ്രധാനമെന്ന് തോന്നുന്ന ചില സമ്മേളനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ഞാൻ ആരാണെന്ന് അറിയാതെ ഒരാൾക്ക് എങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് മനസിലായില്ല. ഹൃദയം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നിടത്തോളം കാലം, അധ്യാപക – വിദ്യാർത്ഥി ബന്ധത്തിന്‍റെ ബാഹ്യമായ ഔപചാരികതകൾ ഒരു തടസ്സമല്ലന്ന് എന്നെ മനസ്സിലാക്കാന്‍ ഹസ്രത്ത് ശ്രമിച്ചു. പക്ഷേ ഇത് മനസ്സിലാക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഞാന്‍ മനസ്സിലാക്കാത്ത പലതും തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്നുണ്ടായിരുന്നു. അത് എന്‍റെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഞാൻ ബോധവാനും ആയിരുന്നു. എന്‍റെ ജീവിതത്തിൽ തടസ്സമായി നിന്നിരുന്നതും വളരെ ബുദ്ധിമുട്ടുള്ളതും ആയ പല കാര്യങ്ങളും കുറഞ്ഞ സമയം കൊണ്ട് മാറിക്കൊണ്ടിരിക്കുന്നതു എനിക്ക് മനസ്സിലായതോടെ ഞാൻ ഹസ്രത്തിനെ വിശ്വസിക്കാൻ തുടങ്ങി.
ഈ വിശ്വാസം എന്‍റെ ഉള്ളിൽ വളരുകയായിരുന്നു, ഹസ്രത്ത് എന്‍റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എന്‍റെ ബുദ്ധി തിരിച്ചറിഞ്ഞപ്പോഴേക്കും എന്‍റെ ഹൃദയം ഞാൻ ഹസ്രത്തിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമ്പോൾ കവിഞ്ഞൊഴുകുന്ന സ്നേഹവും അദ്ദേഹത്തിന്‍റെ സാമീപ്യത്തില്‍ സംഭവിക്കുന്ന പരിവര്‍ത്തനാവസ്ഥയും ഞാൻ തിരിച്ചറിഞ്ഞു. ഞാൻ അദ്ദേഹത്തോടൊപ്പം ആയിരിക്കുമ്പോള്‍ എന്‍റെ വ്യക്തിത്വത്തിന്‍റെ നിര്‍മ്മതിയെക്കുറിച്ച് എനിക്ക് കൃത്യമായ ബോധം ഉണ്ടാകുമായിരുന്നു, ഹസ്രത്തിന്‍റെ സാന്നിദ്ധ്യം സങ്കുചിതമായ ആ നിര്‍മ്മിതാവസ്ഥയില്‍ നിന്ന് എന്നെ പുറത്തെടുക്കുകയും കൂടുതൽ വികസിതമായ മറ്റൊരനുഭവത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അല്ലാഹുവിന്‍റെ കാരുണ്യത്താൽ ഹസ്രത്ത് എന്‍റെ ജീവിതത്തിലേക്ക് കടന്നു വരുകയും ഹ്രസ്വമായിരുന്ന പ്രാരംഭ യോഗങ്ങളിലൂടെ തന്നെ എന്‍റെ വളര്‍ച്ചയുടെ വഴിയിലുള്ള തടസ്സങ്ങൾ മനസ്സിലാക്കുകയും ചെയ്തു. അള്ളാഹുവിന് പൂര്‍ണ്ണമായും കീഴ്പ്പെടണമെങ്കില്‍ അധ്യാപക – വിദ്യാർത്ഥി ബന്ധത്തിന് കീഴടങ്ങേണ്ട തുണ്ടെന്ന് സൂക്ഷ്മമായ തലങ്ങളിലൂടെ ഞാൻ തിരിച്ചറിയാൻ തുടങ്ങി. അദ്ദേഹം ഇതെല്ലാം ചെയ്തത് ഹൃദയത്തിലൂടെ ആയിരുന്നു. ഹസ്രത്ത് ഒരിക്കലും അതിനെക്കുറിച്ച് സംസാരിക്കുകയോ എന്നെ ‘ബൈഅത്ത്’ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. പകരം ഒരു മുസ്ലീമാകാനുള്ള തീരുമാനത്തിന്‍റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുമെന്നും അതിന്‍റെ ഉത്തരവാദിത്തം തികച്ചും എനിക്കുതന്നെ ആയരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം എന്നോടു സ്വീകരിച്ച സമ്മർദരഹിതമായ ഈ സമീപനം തന്നെയാണ് ഞാൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന പാതയെന്ന് എനിക്ക് തീര്‍ച്ചയായി.
ഹസ്രത്ത് തിരിച്ചു പോയതിനു ശേഷം, എന്‍റെ ഗുരുവിനേയും ഇസ്‌ലാമിനേയും കുറിച്ചുള്ള എന്‍റെ ബോധ്യം എന്നില്‍ ആഴത്തിൽ വേരൂന്നി. തുടര്‍ന്നും പ്രക്ഷേപണങ്ങൾ എനിക്ക് ഇസ്‌ലാമിന്‍റെ സത്ത വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഈ മതത്തിന്‍റെ ആചാരങ്ങള്‍ സ്വീകരിക്കാത്തിടത്തോളം ഈ പാതയിൽ ഇനി മുമ്പോട്ടു പോകുവാന്‍ കഴിയില്ലെന്ന് എനിക്കുറപ്പായിരുന്നു. ദീർഘകാലമായി ഞാന്‍ അനുവര്‍ത്തിച്ചുവരുന്ന പെരുമാറ്റരീതികൾ ഇല്ലാതാക്കാനും ‘നഫ്‌സി’ന്‍റെ സങ്കോചകരമായ പിടിയിൽ നിന്ന് സ്വയം മോചിപ്പിക്കാനുമുള്ള ഒരു മാർഗമാണ് ഇസ്ലാമിന്‍റെ ആചാരങ്ങള്‍ പാലിക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. ഒരു യഥാർത്ഥ മുസ്‌ലിം എന്നതിന്‍റെ അർത്ഥം ജീവിതത്തെ അന്ധമായ വിശ്വാസത്തിലേക്ക് ചുരുക്കുകയല്ല, മറിച്ച് ദൈവത്തിന്‍റെ സാന്നിദ്ധ്യം അതിന്‍റെ എല്ലാ അളവിലു അനുഭവിക്കാൻ സ്വയം പ്രാപ്തനാവുക എന്നതാണെന്ന് ഞാൻ കണ്ടെത്തി. ഭൗതിക ലോകത്തിനും അപ്പുറമുള്ള ജീവിതത്തിന്‍റെ ഉറപ്പിൽ ഞാൻ വീണ്ടും പ്രചോദിതനായി. ആചാര സമ്പ്രദായങ്ങൾ ദൈനംദിന ജീവിതത്തിൽ നിന്ന് എന്നെ വിച്ഛേദിക്കുന്നതിനു പകരം എന്‍റെ ലൗകിക ബന്ധങ്ങളെ കൂടുതൽ വിലയേറിയതാക്കുകയും എന്‍റെ പ്രവൃത്തികൾ കൂടുതൽ തീവ്രമാക്കുകയും എന്‍റെ വിശകലന മനസ്സില്‍ ആധിപത്യം പുലർത്തുന്ന വൈകാരിക അവസ്ഥകളിൽ നിന്നും വിടുതല്‍ നൽകുകയും ചെയ്തു. ഇത് എന്‍റെ അനുഭവങ്ങളെ ഏറെ സചേതനമാക്കി.
ഹസ്രത്ത് എനിക്ക് മതത്തിന്‍റെ സൗന്ദര്യം തുറന്ന് കാട്ടി തന്നു, ദൈവത്തോട് അടുത്തിരിക്കുന്ന ഒരു മനുഷ്യന് മാത്രമേ ദൈവീക പ്രകാശത്തിന്‍റെ മിന്നിത്തിളക്കത്തിന്‍റെ സൗന്ദര്യം കൃത്യമായി ആസ്വദിക്കുവാന്‍ നമ്മെ സഹായിക്കാൻ കഴിയൂ. വിഭജിക്കപ്പെട്ട എന്‍റെ സ്വത്വത്തിൽ നിന്ന് അല്ലാഹുവിന്‍റെ ഏകത്വത്തിലേക്ക് എന്നെ നയിക്കുവാനും അള്ളാഹുവിനോടുള്ള ശക്തമായ ബന്ധവും, ആരാധനയുടെ പ്രാധാന്യവും മനസ്സിലാക്കുവാനും ഏറ്റവും സൂക്ഷ്മമായ ഉപദേശങ്ങളിലൂടെ അദ്ദേഹം എന്നെ സഹായിച്ചു. ആത്യന്തിക യാഥാർത്ഥ്യത്തിലേക്കുള്ള വാതിൽ തുറക്കുമ്പോൾ ആണ് എന്നില്‍ ഉറങ്ങിക്കിടക്കുന്ന ബോധപൂർവമായ സാധ്യതകളിലേക്ക് തുറക്കുന്ന ഒരു പാതയിലാണ് ഞാൻ എന്ന് തിരിച്ചറിയുന്നത്. ഈ നേരായ പാതയിൽ വിശ്വാസവും സ്ഥിരതയും കൊണ്ട് എക്കാലവും അനുഗ്രഹിക്കപ്പെട്ടവന്‍ ആയിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പൂർണ്ണഹൃദയത്തോടെ അറിയാൻ ആഗ്രഹിക്കുന്ന അങ്ങിലേക്ക് കൂടുതൽ അടുക്കാൻ കാരണമാക്കിയ അനുഗ്രഹീതനായ ഒരു അധ്യാപകനിലേക്ക് എന്നെ നയിച്ചതിന് അള്ളാഹുവേ, പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങേക്ക് നന്ദി പറയുന്നു.