മതത്തിന് വലിയ സ്വാധീനമില്ലാത്ത ഒരു സമൂഹത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കുട്ടിക്കാലത്ത് ഞാൻ വളരെ വിരളമായേ ചർച്ചിൽ പോയിരുന്നുള്ളൂ. മതപരമായ ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്തരം യാത്രകള്‍. ആ സന്ദര്‍ശനങ്ങളാകട്ടെ എനിക്ക് ഒരുതരത്തിലുമുള്ള ആത്മീയ അനുഭവങ്ങളും നൽകിയിരുന്നില്ല. സഭയുടെ നിയമങ്ങളും വൈദികരുടെ പ്രസംഗങ്ങളൊന്നും എനിക്ക് മനസ്സിലായിട്ടുമില്ല. മത ചടങ്ങുകളില്‍ മറ്റുള്ളവരെ അനുകരിച്ച് ജനക്കൂട്ടത്തെ അന്ധമായി പിന്തുടരുകയായിരുന്നു. എനിക്ക് ഏകദേശം ഇരുപത് വയസ്സുള്ളപ്പോൾ, ആചാരങ്ങൾ ബാഹ്യാനുഭവത്തിൽ മാത്രം ഒതുക്കിയുള്ള വിശ്വാസത്തിന് അന്തസത്ത കുറവാണെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ആത്മസത്യം തേടിയുള്ള അന്വേഷണം ആരംഭിക്കാന്‍ ഞാൻ തീരുമാനിച്ചു.
ഈ കാണുന്ന ബാഹ്യലോകത്തിനപ്പുറം കൂടുതൽ എന്തോ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുകയും “കാണാത്ത” ആ ലോകം സത്യത്തിലേക്കുള്ള പാതയുടെ താക്കോലായിരിക്കുമെന്നു അനുമാനിക്കുകയും ചെയ്തു. ഞാൻ പരീക്ഷിച്ച വ്യത്യസ്ത ആത്മീയ പരിശീലനങ്ങൾ ഒന്നും എന്നെ ലക്ഷ്യത്തിൽ എത്തിച്ചില്ല. അതിനാല്‍ വ്യത്യസ്ത ധ്യാന രീതികൾ ഞാന്‍ പരീക്ഷിച്ചു കൊണ്ടേയിരുന്നു. സത്യത്തിലേക്കുള്ള വഴി കണ്ടെത്താൻ സഹായിക്കുന്ന ഒരു അധ്യാപകനെ തേടി ഞാൻ പലതവണ ഇന്ത്യയിലേക്ക് പോയി. നാഗരികജീവിതത്തിന്‍റെ മുൻവിധികളിൽ നിന്ന് മുക്തി നേടാമെന്ന പ്രതീക്ഷയിൽ വനാന്തരങ്ങളില്‍ അലഞ്ഞുനടന്നു. എന്‍റെ ആത്മീയാന്വേഷണത്തിൽ കഠിനമായ പരിശ്രമങ്ങൾ നടത്തിയിട്ടും ആഴത്തിലുള്ള വേദന പലപ്പോഴും അനുഭവിക്കുകയും ലോകത്തോട് ഇടപഴകുന്നതിൽ ഏറെ പ്രശ്‌നങ്ങൾ നേരിടുകയും ചെയ്തു.
ജീവിതത്തിന്‍റെ അർത്ഥമെന്തെന്നു അറിയാൻ കഴിയാത്തിലുള്ള ആന്തരിക വേദന അതികഠിനമായ സമയത്ത് സൂഫികളെക്കുറിച്ചുള്ള ഒരു സിനിമ കാണുവാന്‍ ഇടയായി. തുടര്‍ന്ന് ഞാൻ സൂഫിസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ഒരു സൂഫി ഷെയ്ഖിനെ തിരയാൻ ആരംഭിക്കുകയും ചെയ്തു. 2011 അവസാനത്തോടെ ഇൻറർനെറ്റിൽ ഞാൻ സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് കണ്ടെത്തി. ഷെയ്ഖ് ലണ്ടൻ സന്ദർശിക്കാൻ പോകുകയാണെന്ന വിവരവും ലഭിച്ചു. സൂഫി ആചാരങ്ങൾ ഇസ്ലാമുമായി ബന്ധപ്പെട്ടതിനാൽ ലണ്ടനിൽ മുസ്ലീം സമൂഹത്തെ സന്ദർശിക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. ഉക്രൈനിൽ മാധ്യമങ്ങൾ ഇസ്ലാമിനെ തെറ്റിയ ചിത്രീകരിക്കുന്നതിനാൽ പൊതുവെ ഇസ്ലാമിനോടുള്ള ഭയം പ്രകടമാണ് എങ്കിലും ഭാഗ്യവശാൽ, എനിക്ക് ഇസ്ലാമിനെക്കുറിച്ചു അത്തരം ഭയമില്ലായിരുന്നു.
ശൈഖുമായി കണ്ടുമുട്ടിയ ആദ്യനിമിഷം മുതൽ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തിന്‍റെ വിദ്യാർത്ഥിയാകുന്നതിൽ ഏറെ സന്തോഷിക്കുകയും ചെയ്തു. ഈ പാതയിലുള്ള പരിശീലനങ്ങളിലേക്ക് ഞാന്‍ ആകൃഷ്ടനായെങ്കിലും ദൈനംദിന പരിശീലനങ്ങളുടെ പുതിയ വ്യവസ്ഥയിലേക്ക് എന്‍റെ ജീവിതം ക്രമീകരിക്കാൻ വളരെയധികം സമയമെടുത്തു. ശൈഖിന്‍റെ നിർദ്ദേശങ്ങൾ കിട്ടി ഏതാനും മാസങ്ങൾക്കു ശേഷമാണ് ദിവസവും ധ്യാനത്തിൽ ഇരിക്കാൻ എനിക്ക് സാധിച്ചത്. ഈ കാലയളവിൽ എന്‍റെ ജീവിതം സൂഫി പാതയിലേക്ക് ക്രമീകരിക്കാൻ ശൈഖിൽ നിന്ന് എനിക്ക് വളരെയധികം പിന്തുണ ലഭിച്ചു. ആറുമാസത്തെ ദൈനംദിന പരിശീലനം കൊണ്ട് എന്‍റെ ജീവിതത്തിലും എന്നിലും നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങി. ലൗകികവും ആത്മീയവും ആയ എല്ലാ കാര്യങ്ങളിലും ഉപദേശങ്ങൾ നൽകാൻ ശൈഖ് സദാ സന്നദ്ധനായിരുന്നതിനാൽ അദ്ദേഹം എന്‍റെ ജീവിതത്തിൽ പ്രത്യേക പ്രാധാന്യമുള്ള വ്യക്തിയായി മാറി. ശൈഖിൽ ഞാൻ കൂടുതൽ വിശ്വാസം അര്‍പ്പിച്ചു. വിദ്യാർത്ഥി-അധ്യാപക ബന്ധം ദൃഢമാക്കുന്നത് പാതയിലൂടെയുള്ള വളര്‍ച്ചക്ക് അനിവാര്യ ഘടകമാണെന്നും അത് വിദ്യാർത്ഥിയുടെ ഹൃദയത്തെ നിരുപാധികമായ സ്നേഹത്തിലേക്ക് നയിക്കുമെന്നും ഞാനറിഞ്ഞു. ശൈഖിനോട് എത്രയധികം ഹൃദയം തുറന്നുവോ അത്രയധികം ആത്മീയ പാതയിൽ എന്നെ സഹായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ഞാൻ മനസ്സിലാക്കി. ഒരു വിദ്യാർത്ഥിയും ശൈഖും തമ്മിലുള്ള അത്തരമൊരു ബന്ധം വളരെ സവിശേഷവും വിലപ്പെട്ടതുമാണ്.
എന്‍റെ അനുഭവത്തില്‍ സൂഫി സമ്പ്രദായങ്ങൾ വളരെ ആഴമേറിയതും ഗഹനവുമാണ്. അവർ അന്വേഷകനെ ‘കണ്ട ലോക’ത്തില്‍ നിന്നും അപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഈ രീതികൾ ഞാൻ മുമ്പ് പരീക്ഷിച്ച മറ്റെല്ലാ തരത്തിലുള്ള ധ്യാന, മതപരമായ രീതികളില്‍ നിന്നും വ്യത്യസ്തമാണ്. ഇപ്പോള്‍ പ്രചാരത്തിലുള്ള ‘”മൈൻഡ്ഫുൾനെസ് മെഡിറ്റേഷ”ന്‍റെ മൂല്യം എനിക്കറിയാമെങ്കിലും സൂഫി ധ്യാനം (മുറഖബ) അതിനോട് താരതമ്യപ്പെടുത്താനാവില്ല. ‘മുറഖബ’ അന്വേഷകരെ അതുല്യമായ നിഗൂഢാനുഭവങ്ങളിലേക്ക് എത്തിക്കുകയും വ്യക്തിത്വത്തിന്‍റെ കാതലിലേക്ക് മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നു. ഞാൻ പരീക്ഷിച്ച മറ്റ് ധ്യാന രീതികള്‍ സമ്മർദ്ദം ഒഴിവാക്കുന്നതിനും മനസ്സിന്‍റെ അവസ്ഥ മാറ്റുന്നതിനും മാത്രമായി പരിമിതപ്പെടുത്തി യിരിക്കുന്നുവെങ്കില്‍; സൂഫി സമ്പ്രദായങ്ങൾ അതിനപ്പുറത്തേക്ക് പോകുകയും അന്വേഷകന്‍റെ വ്യക്തിത്വത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുകയും ചെയ്യുന്നു.
എന്നെ സംമ്പന്ധിച്ചിടത്തോളം ഈഗോ(നഫ്സ്)യെ പരിവർത്തനത്തിനു വിധേയമാക്കുക എന്നതാണ് സൂഫി സമ്പ്രദായങ്ങളുടെ പ്രധാന വശങ്ങളിലൊന്ന്. സൂഫികളുടെ അഭിപ്രായത്തിൽ, ഒരു വ്യക്തിയുടെ പെരുമാറ്റം സാധാരണയായി നിർണ്ണയിക്കുന്നത് ‘അഹം’(ഞാനെന്ന ഭാവം) ആണ്. വ്യക്തിത്വത്തിന് മേലുള്ള അഹന്തയുടെ പിടി ഒരു വ്യക്തിയെ ആരും അറിയാതെ അഹം കേന്ദ്രീകൃതമായ(സ്വാർത്ഥമായ) രീതിയിലേക്ക് നയിക്കുന്നു. ദൈവികമായ അനുഗ്രഹങ്ങൾ ഒരാളുടെ ഹൃദയത്തിൽ കൊണ്ടു വരുന്നതിലൂടെ സൂഫി സമ്പ്രദായങ്ങൾ ഒരു വ്യക്തിയുടെ അഹത്തെ ദൈവിക ബോധത്താല്‍ നിറക്കുവാനും അങ്ങനെ സ്വാർത്ഥത കുറയുവാനും സഹായിക്കുന്നു. അങ്ങനെ അയാള്‍ മികച്ച മനുഷ്യനാകാൻ തുടങ്ങുന്നു.
സൂഫി സമ്പ്രദായങ്ങൾ എന്‍റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപാട് നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു. ദേഷ്യം കുറഞ്ഞു തുടങ്ങി. മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെട്ടു. എനിക്കിപ്പോൾ ജോലിയുമായി ബന്ധപ്പെട്ട സംഘര്ഷങ്ങൾ ഇല്ല, ജോലി സന്തോഷകരവും സമ്മർദ്ദമില്ലാത്തതുമായി മാറിയിരിക്കുന്നു. ലോകത്ത് നടക്കുന്ന പ്രക്രിയകളുടെ സങ്കീർണ്ണമായ കാഴ്ചപ്പാട് വികസിപ്പിക്കാൻ സൂഫി സമ്പ്രദായങ്ങൾ സഹായിക്കുന്നു. വ്യക്തിപരവും തൊഴില്‍ പരവുമായ ജീവിതത്തില്‍ എന്‍റെ പ്രവൃത്തിയിലെ അർത്ഥം കാണാൻ ഈ പരിശീലനം സഹായിക്കുന്നു. കൂടാതെ, സൂഫി സ്കൂളിലെ മറ്റ് വിദ്യാർത്ഥികളെ കണ്ടുമുട്ടുന്നത് എല്ലായ്പ്പോഴും സന്തോഷകരമായ ഒരു അനുഭവമാണ്, അത് എന്‍റെ ജീവിതത്തെ കൂടുതൽ വർണ്ണാഭമാക്കുന്നു.
സൂഫി പാത പരിശീലനത്തിന്‍റെ പാതയാണ്. അതിനെ പറ്റി എത്ര വേണമെങ്കിലും എഴുതാമെങ്കിലും വാക്കുകൾ കൊണ്ട് ശരിയായി വിവരിക്കാൻ കഴിയുന്നില്ല. സൂഫി സ്കൂളിലെ ഓരോ വിദ്യാർത്ഥിക്കും തനതായ സൂഫി അനുഭവങ്ങൾ ഉണ്ട്. അത് ബാഹ്യത്തേക്കാൾ ഉപരി ആന്തരികമാണ് എന്നതാണ് യാഥാർഥ്യം.