ഞാൻ ചെറുപ്പത്തിൽ “പ്രകൃതി”യോട് പ്രണയത്തിലായിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മരങ്ങളോടും വയലുകളോടും കടലിനോടും അതിലെ പാറക്കെട്ടുകളോടും ആകാശത്തിനോടുമായിരുന്നു എന്‍റെ പ്രണയം. അതിലൂടെ അലഞ്ഞു തിരിയാനും പര്യവേക്ഷണം നടത്താനും ഞാൻ ഇഷ്ടപ്പെട്ടു. ഞാൻ കടലിനെ ആരാധിക്കുന്ന ഒരു ചെറിയ കുട്ടിയായിരുന്നു. ഞാൻ ഗൗരവമും അമർത്ഥതയുമുള്ള ആളായിരുന്നു ,പക്ഷെ അധികാരികതയും അധിക അച്ചടക്ക ബോധവുമുള്ള ഉയർന്ന രീതിയിലുള്ള വിദ്യാഭ്യാസത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ സ്കൂളിൽ ഡിബേറ്റിംഗ് സൊസൈറ്റി നടത്തുകയും “കമ്മ്യൂണിറ്റി സർവീസ്” പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. വിമതനായി, CND-യോട് അനുഭാവം പ്രകടിപ്പിച്ച ഒരു ഘട്ടത്തിൽ “വിധ്വംസക” പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടു എന്നാരോപിച്ച് സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുന്ന അവസ്ഥയുമുണ്ടായി.
പതിമൂന്ന് വയസ്സ് ആയപ്പോള്‍ ഞാൻ സ്വന്തം തീരുമാന പ്രകാരം ഞാൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ചേർന്നു. വായനശീലം വളരെയധികം ഉള്ള ഞാന്‍ ഏകദേശം 16വയസ് ആയപ്പോഴേക്കും പ്രമുഖ “അസ്തിത്വവാദി” കളായ സോറൻ കീർക്കെഗാഡ്, പോൾ ടിലിച്ച്, ഡീട്രിച്ച് ബോൺഹോഫർ (1945-ൽ നാസികൾ വധിച്ചു) തുടങ്ങിയ ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞരാൽ സ്വാധീനിക്കപ്പെട്ടു. ഈ സമയത്ത് ചില ഗുർഡ്‌ജിയ്‌ഫ് കൃതികൾ വായിക്കുകയും സെൻ ബുദ്ധിസത്തിൽ താൽപ്പര്യം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ക്രിസ്ത്യൻ പള്ളിയോടുള്ള താല്‍പര്യം കുറഞ്ഞു തുടങ്ങി. പിന്നീട് അത് പൂര്‍ണമായും നിലച്ചു എങ്കിലും ആത്മീയതയെക്കുറിച്ചുള്ള സംവാദങ്ങളിൽ ഞാൻ തീവ്രമായി ശ്രദ്ധിച്ചിരുന്നു. എന്‍റെ 20-കളിലും 30-കളിലും മാർക്‌സിസത്തിലായിരുന്നു പ്രധാന താൽപ്പര്യവും വിശ്വാസവും.
കൗമാരപ്രായത്തിൽ “നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെ സ്നേഹിക്കുക” എന്ന ക്രിസ്തുവിന്‍റെ കൽപ്പനയുടെ അർത്ഥം ഒരു സുഹൃത്തുമായി ചർച്ച ചെയ്തത് ഞാൻ ഓർക്കുന്നു.”സ്വയം സ്നേഹിക്കുക”യാണ് ആദ്യം ആവശ്യമായതെന്ന് ഞാന്‍ മനസ്സിലാക്കി. ആ വർഷങ്ങളിൽ എനിക്ക് എന്നോട് തന്നെ വലിയ സ്നേഹമൊന്നും തോന്നിയിരുന്നില്ല. പലപ്പോഴും വിഷാദരോഗത്തിന്‍റെ പിടിയിലമര്‍ന്നു. പിന്നീട്, വളരെ യാഥാസ്ഥിതികമല്ലാത്ത ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ “ദൈവം സ്നേഹമാണ്” എന്ന് പറഞ്ഞവരെ ന്യായീകരിച്ചത് ഞാൻ ഓർക്കുന്നു. “സ്നേഹം” പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ശക്തിയാണ്, അതിനാൽ “സ്നേഹം” ആയിരിക്കണം.”ദൈവം”എന്ന് ഇപ്പോള്‍ മനസിലാക്കുന്നു.
താവോയിസത്തിന്‍റേയും കൺഫ്യൂഷ്യനിസത്തിന്‍റേയും മിശ്രിതമായ “ഐ ചിംഗ്” അല്ലെങ്കിൽ ‘മാറ്റങ്ങളുടെ പുസ്തകം’ എന്ന പുരാതന ചൈനീസ് ഓറാക്കുലർ ആശയങ്ങള്‍ എന്നെ വർഷങ്ങളോളം ആകർഷിച്ചു. ആഗ്രഹിച്ച ഉത്തരം ലഭിക്കുന്നതു വരെ ഈ “ഒറാക്കിൾ” കൂടിയാലോചന ഞാൻ നടത്തിക്കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയപ്പോൾ അതും നിർത്തി.
സൂഫിസത്തിൽ നിന്ന് വിവിധ ആശയങ്ങളും പ്രയോഗങ്ങളും “കടം” എടുത്ത ഗുർജിഫിന്‍റെ വായനയിലൂടെയല്ലാതെ, ഓക്‌സ്‌ഫോർഡിലെ എന്‍റെ വിദ്യാർത്ഥി കാലഘട്ടത്തിലെ ഒരു പഴയ പരിചയക്കാരൻ എന്നോട് പറയുന്നത് വരെ, എനിക്ക് സൂഫിസവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം അയാൾ അതിൽ ഒട്ടും പുണ്യവാൻ ചമയുകയോആത്മപ്രശംസ നടത്തുകയോ ചെയ്തില്ല എന്നുള്ളതാണ്.
അതിനു ശേഷം എന്‍റെ ജീവിതയാത്ര ആപത്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയത്. മയക്കുമരുന്നും ലഹരിപാനീയങ്ങളും പരീക്ഷിക്കുവാന്‍ തുടങ്ങി. എന്‍റെ സ്വന്തം ജീവിതത്തെക്കുറിച്ച് അശ്രദ്ധയായിരുന്നു ഞാൻ. ഒരു ഇടിയോടെ “താഴോട്ട്” ആ യാത്ര അവസാനിച്ചത് ഒരു മനസികാശുപത്രിയിലാണ്. ചില അപരിചിതർ എന്നോട് വലിയ സ്നേഹവും കരുതലും കാണിച്ചു, അത് എന്‍റെ ആത്മാവിനെ പുനരുജ്ജീവിപ്പിച്ചു.
എന്‍റെ 20-കളുടെ അവസാനമായപ്പോഴേക്കും വ്യത്യസ്‌തമായ പല ജോലികളും ചെയ്‌തു സ്ഥിരവാസമാരംഭിച്ചു. ഞാന്‍ ഒരു അച്ഛനുമായി. പല പ്രശ്നങ്ങളെ തുടർന്ന് എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. എന്‍റെ മകന് ഒരു വയസ്സുള്ളപ്പോൾ അവന്‍റെ അമ്മ ജോലിക്ക് പോയതിനാല്‍ അവനെ നോക്കി ഒരു വർഷം വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. ഈ അനുഭവം എന്നെ ശാന്തതയുള്ളവനാക്കാന്‍ തുടങ്ങി. പിന്നെ ഞാൻ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ പ്ലേ ലീഡറായി അഞ്ചു വർഷം ജോലി ചെയ്തു. ഇത് എന്നെ കൂടുതൽ മയപ്പെടുത്തി.
ഈ സമയത്ത്, ആത്മീയ കാര്യങ്ങളിലെ താൽപ്പര്യം എന്നിൽ പുനരുജ്ജീവിക്കാൻ തുടങ്ങി. ഒരു ദിവസം ബുക്ക്‌ഷോപ്പില്‍ രജനീഷിന്‍റെ (ഓഷോ) ഒരു പുസ്തകം കണ്ടു. പിന്നീട് അദ്ദേഹത്തിന്‍റെ ഡസൻ കണക്കിന് പുസ്തകങ്ങൾ ഞാന്‍ വായിച്ചു തീര്‍ത്തു. അതിലൊന്ന് സ്വാതന്ത്ര്യത്തിലേക്ക് നേരേ” എന്ന സൂഫിസത്തെ കുറിച്ചുള്ള പുസ്തകമായിരുന്നു, പിന്നീട് രെഷാദ് ഫീൽഡിന്‍റെ “അദൃശ്യമായ വഴി” എന്ന പുസ്തകം വായിക്കാന്‍ അവസരം കിട്ടി അതിന്‍റെ പുറംചട്ടയിലെ മനോഹരമായ ഫോട്ടോ, തീരപ്രദേശം, കടൽ, പാറകൾ തുടങ്ങിയവയായിരുന്നു. (അത് എന്നില്‍ ഉറങ്ങികിടന്നിരുന്ന പഴയ പ്രകൃതി മിസ്റ്റിക്‍നെ ഉണര്‍ത്തി) രെഷാദ് ഫീൽഡിന്‍റെ പുസ്തകങ്ങളുടെ ആരാധകനായി ഞാന്‍ മാറി.
അക്കാലത്ത് സൂഫികളുമായി ബന്ധപ്പെടണമെന്ന് തീരുമാനമെടുത്തു. എന്നാല്‍, എവിടെയാണ് അവരെ കണ്ടെത്തുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഈസ്റ്റ് ലണ്ടനിലെ ഡാൾസ്റ്റണിലെ ഒരു വീട്ടിലാണ് ഞാന്‍ താമസിച്ചിരുന്നത്. ധ്യാനമാര്‍ഗേണ ഈശ്വരനുമായി ബന്ധപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ (കമ്യൂണ്‍) താമസിക്കുന്ന ഒരു വലിയ വീടിന് പുറകിലായിരുന്നു എന്‍റെ വീട്. എന്നാൽ ഈ ആളുകൾ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ പലതരത്തിലുള്ള കമ്യൂണുകളിൽ താമസിച്ചിട്ടുണ്ട് സാധാരണഗതിയിൽ വളരെ അരാജകത്വമുള്ളവരാണ് ഇക്കൂട്ടര്‍, എന്നാൽ ഇവര്‍ എത്തരക്കാരാണെന്ന് അറിയുവാന്‍ എനിക്ക് കഴിഞ്ഞില്ല. എല്ലായിപ്പോഴും സ്‌ത്രീകൾ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതു പോലെ തോന്നി, ഇടയ്‌ക്കിടെ പലതരം പുരുഷന്മാർ ഗോവണിയിൽ കയറിയിറങ്ങുന്നതായി കാണപ്പെട്ടു, രാത്രിയിൽ പലപ്പോഴും, ശരീരം സമതുലിതാവസ്ഥയാക്കുന്നതിന്‍റെ കല പരിശീലിക്കുന്നതു പോലെ കാണപ്പെട്ടു. ഇടയ്ക്കിടെ ഒരു സ്കോട്ടിഷ് ഭൂവുടമയെ പോലെയുള്ള ഒരു കഥാപാത്രം പൂന്തോട്ടത്തിൽ വന്ന് റോസാപ്പൂക്കൾ മണക്കുന്നതായി കണ്ടു. അപ്പോൾ ഞാൻ ഡാൽസ്റ്റണിലെ “വേര്‍ളിങ്ങ് ഡെര്‍വീഷസ്” എന്ന ചില പത്രങ്ങളിൽ വന്ന പരാമർശം ഓർത്തു പോയി. തുടര്‍ന്ന് ഞാന്‍ ഈ വീടിന്‍റെ വാതിലിൽ മുട്ടി. “നിങ്ങൾ സൂഫികളാണോ?” ഞാൻ ചോദിച്ചു. “അതെ, പക്ഷെ നീ എങ്ങനെ അറിഞ്ഞു?”എന്ന തിരിച്ചുള്ള ചോദ്യമായിരുന്നു മറുപടി. എന്‍റെ മറുപടി തൃപ്തികരമായതു കൊണ്ടാവാം, അവരുടെ ടീച്ചർ നടത്തുന്ന പ്രതിവാര പ്രസംഗങ്ങളിലേക്ക് എന്നെ ക്ഷണിച്ചു. ഞാൻ വർഷങ്ങളോളം പ്രഭാഷണങ്ങളിൽ പങ്കെടുക്കുകയും ഈ അധ്യാപകൻ നിർദ്ദേശിച്ച വിവിധ രീതികള്‍ പരിശീലിക്കുകയും ചെയ്തു, എന്നിരുന്നാലും അദ്ദേഹവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതിൽ ഞാൻ സംശയാലുവായിരുന്നു. എങ്കിലും, അദ്ദേഹം അതീന്ദ്രിയജ്ഞാനം ഉള്ളവനും അദ്ദേഹത്തിന്‍റെ ശ്രോതാക്കളില്‍ ഞാൻ ഉൾപ്പെടെ ചില വ്യക്തികളിലേക്ക് അദ്ദേഹത്തിന്‍റെ ചിന്തകള്‍ നേരിട്ടെത്തിക്കുവാന്‍ പ്രാപ്തനുമായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് ശേഷം ഇത്തരം ചർച്ചകൾ നിലച്ചു, ടീച്ചർ ചില വിദ്യാർത്ഥികളെയും കൂട്ടി വിദേശത്തേക്ക് പോയതായി ഞാൻ അറിഞ്ഞു. ഒരു തരത്തിലുമുള്ള മാർഗനിർദേശമോ ഒരു അധ്യാപകനുമായുള്ള സമ്പർക്കമോ കൂടാതെ, അദ്ദേഹം നിർദ്ദേശിച്ച പരിശീലനങ്ങളും പാരായണങ്ങളും തുടരുക എന്ന വിവരക്കേട് ഞാന്‍ തുടര്‍ന്നു. കുറച്ച് വർഷങ്ങൾക്കൊണ്ട് ഉത്കണ്ഠയുടെ ഉച്ഛസ്ഥായിയില്‍ ഭ്രാന്തമായ അവസ്ഥയില്‍ ഞാന്‍ എത്തി. എനിക്ക് അടിയന്തരമായി സഹായം ആവശ്യമാണെന്ന് മനസ്സിലായി, പക്ഷേ എവിടേക്ക് തിരിയണമെന്ന് എനിക്കറിയില്ല. ഞാൻ സ്വിറ്റ്സർലൻഡിൽ റെഷാദ് ഫീൽഡിന് ഒരു കത്ത് പോസ്റ്റ് ചെയ്യാൻ പോയപ്പോൾ പഴയ സ്കോട്ടിഷ് ടീച്ചറുടെ വിദ്യാർത്ഥികളിൽ ഒരാൾ റോഡിലൂടെ പോകുന്നത് ഞാൻ കണ്ടു. അവനെ ഞാൻ അവഗണി ച്ചു. അത് തെറ്റായി പോയെന്ന് പിന്നീട് തോന്നി. എന്‍റെ വിഡ്ഢിത്തത്തെ ശപിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങി.”വിഡ്ഢി, അത് നിന്നെ സഹായിക്കാൻ വേണ്ടിയായിരുന്നു !” ഞാൻ എന്നോട് തന്നെ പറഞ്ഞു. ഒരാഴ്‌ചയ്‌ക്ക് ശേഷം അതേ തെരുവിൽ അദ്ദേഹത്തിന്‍റെ പങ്കാളിയെ കണ്ടു (അവർ ആ പ്രദേശത്തേക്ക് താമസം മാറിയിരുന്നു). ഇത്തവണ ഞാൻ അദ്ദേഹത്തോട് എന്‍റെ വിഷമാവസ്ഥ വിശദീകരിച്ചു, അവർ ഇപ്പോൾ ഹസ്രത്ത് എന്ന പുതിയ അധ്യാപകനുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് സുഹൃത്ത് പറഞ്ഞു, അവരുടെ പ്രതിവാര മീറ്റിംഗുകളിലേക്ക് എന്നെ ക്ഷണിച്ചു.
എന്തൊരു ആശ്വാസമായിരുന്നു അത്! ഞാൻ ഹസ്രത്തിന്‍റെ ധ്യാനം പരിശീലിക്കാന്‍ തുടങ്ങി. അത് എന്നിൽ ശാന്തതയും സുസ്ഥിരതയും നിറച്ചു. ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ ഹസ്രത്ത് ഇംഗ്ലണ്ടിലേക്ക് വന്നു, പക്ഷേ, ഞാൻ അദ്ദേഹത്തെ കാണാൻ പോയില്ല. ഒടുവിൽ സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു: “എന്തുകൊണ്ടാണ് നിങ്ങൾ ഹസ്രത്തിനെ കാണാത്തത്? ഇതുപോലുള്ള അവസരങ്ങൾ എല്ലായിപ്പോഴും കിട്ടണമെന്നില്ല”.
ഞാൻ ഡാൽസ്റ്റണിൽ നിന്ന് ബ്രിക്‌സ്റ്റണിലേക്ക് പുറപ്പെട്ടു. ഞാൻ ഹസ്രത്തിനെ കണ്ടുമുട്ടി, എനിക്ക് ആകെ ആശങ്കയായിരുന്നു. പക്ഷേ ഞാൻ അദ്ദേഹത്തോടൊപ്പം ഇരുന്നപ്പോൾ എനിക്ക് ആശ്വാസം തോന്നി. അതോടെ എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരാളാണ് ഇദ്ദേഹമെന്ന് ഞാന്‍ ഉറപ്പിച്ചു. ഹസ്രത്ത് ഭൂമിയില്‍ വളരെ സാധാരണക്കാരനായും ആത്മീയതയില്‍ അസാധാരണക്കാരനായും അനുഭവപ്പെട്ടു. രണ്ടും ഒരാളില്‍ തന്നെ ഒരേസമയം. ആത്മീയതയുടേയും ലൗകീകതയുടേയും അസാധാരണ സംയോജനമായാണ് അദ്ദേഹം കാണപ്പെട്ടത്. രണ്ടും ഒരുപോലെ പ്രധാനമാണ്. ഇവ രണ്ടും അവനെ ഗുരുവാക്കി മാറ്റുന്നു. എന്തായാലും ഞാൻ അങ്ങനെയാണ് അദ്ദേഹത്തെ കാണുന്നത്.
അന്നുമുതൽ ഞാൻ ലണ്ടനിൽ ഈ ഗ്രൂപ്പിനൊപ്പം താമസിച്ചു, മിക്ക വർഷങ്ങളിലും ശരത്കാലത്തിലാണ് ഞങ്ങളുടെ കൂടെ താമസിക്കാൻ ഹസ്രത്ത് വരുന്നത്. ഞാൻ ഈ രീതിയിലുള്ള പരിശീലനം തുടരുന്നു, ഞാൻ ആഴ്ചതോറുമുള്ള മീറ്റിംഗുകളിൽ പതിവായും അല്ലാതേയും പങ്കെടുത്തുവരുന്നു. 12-ഓ 13-ഓ വർഷങ്ങൾക്ക് മുമ്പ് പരിചിതമായ ചില മുഖങ്ങൾ ഇപ്പോഴും ഉണ്ടെങ്കിലും ഗ്രൂപ്പിന്റെ ഘടന മാറിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, നമ്മൾ ചെയ്യുന്നതിന്റെയോ അല്ലെങ്കിൽ ചെയ്യാൻ ശ്രമിക്കുന്നതിന്റെയോ സാരാംശം അതേപടി തുടരുന്നു.
ഞാൻ ആദ്യമായി ഗ്രൂപ്പിൽ പങ്കെടുത്തപ്പോൾ എനിക്ക് മതപരമായ ആചാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം, യേശുവിന്‍റെ ആത്മീയത സത്യമാണെന്ന് എനിക്ക് തോന്നി. വീണ്ടും ചർച്ച് ഓഫ് ഇംഗ്ലണ്ടിലേക്ക് മടങ്ങി. അൽപ്പം ഭയത്തോടെ ഇതിനെക്കുറിച്ച് ഞാൻ ഹസ്രത്തിനോട് സംസാരിച്ചു. പക്ഷേ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു, “നിങ്ങൾ ഏതെങ്കിലും മതത്തിലേക്ക് മടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്!” അതിനുശേഷം ഞാൻ ക്വാക്കർമാരുമായി സമ്പർക്കം പുലർത്തുകയും ചിലപ്പോൾ പ്രാദേശിക ക്വാക്കർ മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, സ്‌കൂൾ ഓഫ് സൂഫി ടീച്ചിംഗ് ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ചാർണി മാനറിൽ ക്വാക്കർ സുഹൃത്തുക്കൾക്കായി സൂഫിസത്തെ കുറിച്ച് ഒരു വാരാന്ത്യ ചര്‍ച്ച നടത്തിയിരുന്നു, അവിടെ ഞങ്ങൾ സ്വന്തം റിട്രീറ്റുകൾ നടത്താറുണ്ട്. ക്വാക്കറിസവും സൂഫിസവും തമ്മിൽ നിരവധി ബന്ധങ്ങളുണ്ടെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. നിലവിൽ ലണ്ടനിൽ കണ്ടുമുട്ടുന്ന ഗ്രൂപ്പുകളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്, എന്നാൽ മുസ്ലീമാകാൻ എനിക്ക് ഒരിക്കലും താല്‍പര്യം തോന്നിയിട്ടില്ല. “ആളുകൾ ദൈവത്തോട് കൂടുതൽ അടുക്കുന്നുണ്ടോ എന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ”എന്ന് ഹസ്രത്ത് എന്നോട് എപ്പോഴും പറയാറുണ്ട്.
എന്‍റെ അനുഭവത്തില്‍, ആത്മീയ വളര്‍ച്ചക്കായി ഒരാൾ നടത്തുന്ന യാത്ര അഥവ പരിശീലനം ചിലപ്പോൾ എളുപ്പവും ചിലപ്പോൾ ദുഷ്കരവുമായിരിക്കും. ഒരാള്‍ യഥാർത്ഥത്തിൽ ആരാണ് എന്നതിനെക്കുറിച്ച് ക്രമേണ വളരുന്ന അവബോധമാണത്, ആ തിരിച്ചറിവിലേക്കുള്ള യാത്രയില്‍ ഉപയോഗശൂന്യമോ അല്ലങ്കില്‍ കഠിനമോ ആയ അവന്‍റെ സ്വഭാവ രീതികള്‍ ദഹിപ്പിച്ചുകളയുന്നു. ഇത് ഒരേസമയം എളുപ്പമുള്ളതും വളരെ ബുദ്ധിമുട്ടുള്ളതുമായ പാതയാണ്. ഈ വിരോധാഭാസം എനിക്ക് വിശദീകരിക്കാൻ കഴിയില്ല.