ലോകവുമായുള്ള എന്‍റെ ബന്ധവും അതിലുള്ള എല്ലാ കാര്യങ്ങളും പൂർണ്ണമായി നവീകരിച്ച സൂഫി പാതയിലൂടെ ആണ് കുറച്ചു കാലമായി ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യമായി ഈ പരിശീലനങ്ങൾ ആരംഭിച്ചപ്പോൾ വളരെ പരിചിതവും ദീർഘകാലമായി മറന്നുപോയതുമായ എന്‍റെ അസ്തിത്വത്തിന് അനിവാര്യമായ പോഷണമായാണ് അനുഭവപ്പെട്ടത്. ഈ പോഷണത്തിലൂടെ ആധുനികതയുടെ അപചയങ്ങൾക്കിടയിലും എല്ലായിടത്തും നിലനിൽക്കുന്ന സൗന്ദര്യത്തിലേക്കും ബന്ധത്തിലേക്കും എന്‍റെ ഹൃദയം ആഹ്ളാദഭരിതമായി ഉണർന്നു.
ഇത് വീണ്ടും ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയുടെ തുടക്കമായിരുന്നു, അതീന്ദ്രിയമായതിലേക്കും അതിലൂടെ പ്രകൃതിയുടെയും സൃഷ്ടിയുടെയും ആഴത്തിലുള്ള വശങ്ങളിലേക്കുള്ള ബന്ധം. ഈ ബന്ധം നമ്മുടെ സംസ്കാരത്തിന് നഷ്ടപ്പെട്ടു കഴിഞ്ഞ ഒന്നാണ്.ഈ നഷ്ടം നമ്മൾ നേരിടുന്ന ആഗോള പ്രതിസന്ധിയുടെ പ്രധാന ഭാഗമാണ്. എന്നാൽ നമുക്കെല്ലാവർക്കും ആഴത്തിലുള്ള ഈ ബന്ധത്തിന്റെ വിത്തുകളും അതിനെ പരിപോഷിപ്പിച്ചു വളർത്താനുള്ള വഴികളും നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
സൂഫി പാത ഹൃദയത്തെ കേന്ദ്രീകരിക്കുകയും ഹൃദയത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. പാശ്ചാത്യ സംസ്കാരത്തിന് ഇപ്പോഴും ഹൃദയത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഹൃദയത്തെ പിന്തുടരുന്നതിനെകുറിച്ചുമുള്ള നാടോടി പാട്ടുകളുടെ ഭൂതകാലസ്മരണയുണ്ട്. എന്നാൽ സയൻസ് പുരോഗമിക്കാത്ത കാലത്തു പ്രണയവുമായി ബന്ധപ്പെടിത്തിയിരുന്നു എന്നതൊഴിച്ചാൽ ഇന്ന് രക്തം പമ്പു ചെയ്യുന്ന ഒരു യന്ത്രം മാത്രമായി മനസ്സിലാക്കപ്പെടുന്നു. സൂഫി ചിന്താധാരയിൽ ഹൃദയത്തിന് അസാധാരണമായ ഒരു ആത്മീയ വശമുണ്ട്. അത് ബോധത്തിന്‍റേയും ധാരണയുടെയും കേന്ദ്രമാണ്. എല്ലാറ്റിനുമുപരിയായി, ലോകമെമ്പാടും പ്രസരിക്കുന്ന ജീവനുള്ള സാന്നിധ്യമായും അതിന്‍റെ സ്രോതസ്സായും അതിനെയും അതി ജീവിക്കുന്ന ആത്മീയ ബന്ധത്തിന്‍റെ സംഗമ ബിന്ദുവാണത്. നമ്മുടെ എല്ലാ ഹൃദയങ്ങൾക്കും ഈ കഴിവുണ്ട്. ബുദ്ധിക്ക് വിദ്യാഭ്യാസം പോലെ ഹൃദയത്തിന്‍റെ ഈ കഴിവും പരിപോഷിക്കപ്പെടണം
വിചിത്രവും എന്നാല്‍ പ്രായോഗിക തലത്തിൽ വളരെ ലളിതവുമായ ഈ വിദ്യാഭ്യാസം മനുഷ്യ മനസ്സിനെ പൂര്‍ണ്ണമായും പരിവര്‍ത്തന വിധേയമാക്കുന്നതാണ്. ദിവസേനയുള്ള ധ്യാനവും ചില പാരായണങ്ങളും ആഴത്തിലുള്ളതും സൂക്ഷ്മവുമായ മാറ്റങ്ങൾക്ക് പര്യാപ്തമാണ്. ബോധ മനസ്സിന് കീഴിൽ മഞ്ഞുമലയുടെ അടിയില്‍ മറഞ്ഞിരിക്കുന്ന ഇടത്തിലേക്ക് അത് എത്തിച്ചേരുന്നു. വീണ്ടും ആ സന്തുലിതാവസ്ഥയിലേക്കുള്ള ക്രമാനുഗതമായ ആ പ്രക്രിയ ‘മുഖറബ’യുടെ വാക്കുകളില്ലാത്ത അധ്യാപന രീതിയിലും പ്രക്ഷേപണ രീതിയിലും വികസിക്കുന്നു.
വാക്കുകൾ മൂർച്ചയുള്ളതും, തെറ്റിദ്ധരിപ്പിക്കുവാന്‍ വിവിധ ദിശകളിലേക്ക് വിരൽ ചൂണ്ടുന്നതുമായതിനാല്‍ ഇത് വാക്കുകളാല്‍ വിരിക്കുക വിഷമകരമാണ്. മൃദുവായ ജലത്താൽ കഠിനമായ പാറകളുടെ രൂപാന്തരമുണ്ടാക്കുന്ന വന്യമായ സൗന്ദര്യത്തെ നിങ്ങൾ എങ്ങനെ വിവരിക്കും. പർവതനിരകൾക്ക് മുകളിൽ കടലിനടിയിലെ ഫോസിലുകളുടെ സാന്നിധ്യം എങ്ങനെ വിശദീകരിക്കും. ചിത്രശലഭത്തിലേക്കുള്ള കൊക്കൂണിന്‍റെ രൂപാന്തരം എങ്ങനെയാണ്. ഇതേ രീതിയിൽ നമ്മുടെ ഉള്ളിലും ഇത്തരം പരിവർത്തനങ്ങൾ പ്രതിഫലിക്കുന്നുണ്ട്.
ഈ പരിവർത്തനത്തിലൂടെ സന്തോഷകരമെങ്കിലും ചിലപ്പോൾ വെല്ലുവിളി നിറഞ്ഞതുമായ നിരവധി മാറ്റങ്ങളും തിരിച്ചറിവുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിങ്ങൾ ബോധപൂർവ്വം ട്യൂൺ ചെയ്‌താലും ഇല്ലെങ്കിലും, യഥാർത്ഥത്തിൽ നിങ്ങളുടെ ഹൃദയത്തെ ബാധിക്കുന്നു, എല്ലാത്തിനും, എല്ലാവർക്കും ട്യൂൺ ചെയ്യാവുന്ന ഒരു പ്രസരണം ഉണ്ടെന്ന് ഞാൻ ക്രമേണ മനസ്സിലാക്കുകയും ചെയ്തു. ആധുനിക സംസ്‌കാരത്തിന്‍റെ തീവ്രമായ വന്യത ചുറ്റുപാടകളെ നിർജീവമാക്കുകയും ഇരുണ്ടതാക്കുകയും ചെയ്യുന്നതിൽ അതിശയിക്കാനില്ല. ശ്രദ്ധ പിടിച്ചുപറ്റുന്ന ഇമേജറി അടങ്ങിയ പരസ്യങ്ങളുടെ കുത്തൊഴുക്ക് നിരന്തരമായി മുഴങ്ങുന്ന സൈറൺ പോലെ ഉപഭോക്തൃസംസ്കാരത്തിലേക്കും ശ്രദ്ധയെ ഗതിമാറ്റുന്നതിലേക്കും നയിക്കുന്നു.
ധാരണയിലെ ഈ മാറ്റത്തോടൊപ്പം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന എന്റെ രീതിയിലും അപ്രതീക്ഷിതമായ മാറ്റം വന്നു. ബോധപൂർവമായ പരിശ്രമം കൂടാതെ തന്നെ എന്‍റെ ശക്തമായ അഭിപ്രായങ്ങളിൽ പലതും അയഞ്ഞു, ചിലത് പഴുത്ത ഇലകൾ പോലെ കൊഴിഞ്ഞുപോയി. അവയുടെ പ്രതിരൂപമായി പുതിയതൊന്നും വന്നതുമില്ല. ആന്തരികമായി പ്രതിഫലിക്കുന്ന രീതി എന്നില്‍ നിന്ന് ഒഴിഞ്ഞു മാറി. കാര്യങ്ങൾ ‘യുക്തിസഹമായി’ ചിന്തിക്കുമ്പോൾ, ചിന്തകളും നിഗമനങ്ങളും അതിന്‍റെ വെളിച്ചത്തിൽ എങ്ങനെ ദൃശ്യമാകുന്നു എന്നറിയാൻ ഞാൻ എന്‍റെ ഹൃദയത്തിലേക്ക് ഇപ്പോള്‍ നോക്കുന്നു. അല്ലെങ്കിൽ അത് സൂചിപ്പിക്കുന്ന ദിശയിലേക്ക് ഞാൻ എന്‍റെ ചിന്തകളെ നയിക്കുന്നു. ചിലപ്പോഴൊക്കെ നിർദ്ദേശങ്ങളും ഉൾക്കാഴ്ചകളും അതിൽ നിന്ന് ആവശ്യപ്പെടാതെ വരുന്നു. ഒരു കല്ലു പോലെ; മറ്റുചിലപ്പോൾ ഒരു പ്രാവ് കൊണ്ട് വന്നത് പോലെ, അല്ലെങ്കിൽ ഒരു വിളക്ക് പോലെ.
കൃപ! നമ്മുടെ സംസ്കാരത്തിൽ അവസാനമായി അതിനു എന്തെങ്കിലും അർത്ഥമുണ്ടായത് എപ്പോഴാണ്? അനുഗ്രഹം പുനഃസ്ഥാപിക്കുന്നതും രോഗശാന്തി നൽകുന്നതും ശുദ്ധീകരിക്കുന്നതും ക്ഷമിക്കുന്നതുമാണ്. അത് പ്രയാസങ്ങളെ എളുപ്പമാക്കുന്നു, നമ്മുടെ അസ്തിത്വത്തിന്‍റെ മനോഹരമായ ഭാഗങ്ങളിലേക്കുള്ള വാതിൽ തുറക്കുന്നു, ദയയും ഉദാരതയും സത്യവും എന്താണെന്നതിന്‍റെ അജ്ഞാതമായ രുചികൾ നൽകുന്നു. ഈ മനോഹരവും നിഗൂഢവും പൂർണ്ണമായും അറിയാത്തതുമായ അനുഗ്രഹം എന്നെ ഒരായിരം തവണ ഉയർത്തി എന്‍റെ കാലുകൾ റോഡിലേക്ക് തിരികെ വയ്ക്കുന്നു. ദൈനംദിന പരിശീലനത്തിലൂടെ ഒഴുകുന്ന ശക്തിപ്രവാഹത്തിൽ ഈ അനുഗ്രഹം അടങ്ങിയിരിക്കുന്നു. ഒരു നിശ്ചിത ഉദ്ദേശ്യത്തോടെ ധ്യാനത്തിൽ ഇരിക്കുന്നത് ഈ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യല്‍ ആണ്. അതിൽ “പ്രകാശവും” അടങ്ങിയിരിക്കുന്നു.
സൂര്യപ്രകാശം ജീവനുള്ളതാണെങ്കിൽ, ‘ആന്തരിക പ്രകാശം’ സൂര്യപ്രകാശത്തോട് സാമ്യമുള്ളതാണ്. അതിന്റെ ഒഴുക്ക് സ്ഥിരമല്ല. പല ഘടകങ്ങളെ ആശ്രയിച്ച് അത് മാറുന്നു. അതുപോലെ ആന്തരിക പ്രകാശത്തിന്‍റെ സ്വീകാര്യത ഈ ഘടകങ്ങളിൽ ഒന്നിനെ പോലെ മാറുന്നു എന്ന് ഞാൻ ക്രമേണ മനസ്സിലാക്കി. ഒഴുകുന്ന യാനം സജീവമാണെങ്കിൽ അതില്‍ ശേഖരിക്കാനും നിറയ്ക്കാനും പ്രകാശിപ്പിക്കാനും എളുപ്പമാണ്. തുരുമ്പിച്ച നിറയെ ഓട്ട വീണ ബക്കറ്റിൽ ഈ വിലയേറിയ വെളിച്ചം ശേഖരിക്കാനാണ് ഞാൻ ശ്രമിക്കുന്നതെന്ന് ക്രമേണ മനസ്സിലാക്കാൻ തുടങ്ങി. അബോധാവസ്ഥയിലുള്ള പെരുമാറ്റത്തിന്‍റെ ദൈനംദിന ശീലങ്ങൾ അതിനെ വറ്റിച്ചുകളയുന്നു, അല്ലെങ്കിൽ അതിന്റെ പ്രവാഹത്തെ തടയുന്നു. അത് ശേഖരിക്കുവാന്‍ അനുയോജ്യമായ ഒരു പാത്രം, അഥവാ ശരിയായ ഒരു ആന്തരികാവസ്ഥ എനിക്ക് ആവശ്യമായിരുന്നു. ക്രമേണ, സൂഫിചര്യകൾ ആണ് ആ പാത്രം എന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഇവിടെ ഗുണവും ദോഷവും ഉണ്ടായിരുന്നു. സംഘടിത മതത്തെ ഞാൻ എപ്പോഴും എതിർത്തിരുന്നു. ക്രിസ്തുമതത്തിന്‍റെ ഔപചാരിക ഘടന മതങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ പര്യാപ്തമായിരുന്നു. ആചാരങ്ങൾ ഉപയോഗശൂന്യമായ പ്രവർത്തനമായിട്ടാണ് ഞാൻ കണ്ടത്. സൂഫിസം ഇസ്‌ലാമുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. പുറത്ത് നിന്ന് നോക്കുമ്പോൾ ശക്തമായ രീതിയിൽ ഘടനാപരമായി നിയന്ത്രിക്കപ്പെട്ട, പ്രാർഥിക്കാനും ഉപവസിക്കാനുമുള്ള ആചാരങ്ങളും കടമകളും നിറഞ്ഞ ഒരു മതമാണ് ഇസ്ലാം.
ഞാൻ ഉൾപ്പെട്ട സൂഫി ഗ്രൂപ്പിൽ മുസ്ലീങ്ങൾക്കും അമുസ്ലിംകൾക്കും പ്രവേശനമുണ്ടായിരുന്നതിനാൽ ഈ ആചാരാനുഷ്ഠാനങ്ങൾ കാണാൻ എനിക്ക് അവസരമുണ്ടായി. ആളുകൾ പ്രാർത്ഥിച്ചു, വ്രതം അനുഷ്ടിച്ച, ചരിച്ചു, പക്ഷേ മതപരിവർത്തനം മാത്രം നടത്തിയില്ല. സാവധാനത്തിൽ, ഈ പ്രവർത്തനങ്ങൾ രൂപരഹിതമായതിനെ പിടിച്ചുനിർത്താനുള്ള പ്രകാശവുമായി ബന്ധിപ്പിച്ചിരിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. ഒടുവിൽ, കുറച്ച് വർഷത്തെ ധ്യാനത്തിന് ശേഷം, അനുഷ്ഠാനങ്ങൾ സ്വയം പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.
ആചാരപരമായ പ്രാർത്ഥനയുടെ സൗന്ദര്യവും ശക്തിയും ബന്ധവും ഒട്ടും പ്രതീക്ഷിക്കാത്ത അതിശയകരമായ ഒരു കണ്ടെത്തലായി പരിവർത്തനം ചെയ്തു. ആചാരങ്ങൾ ഞാൻ ബോധപൂർവം നേരിട്ട് ചെയ്തുവരുന്നതിനാൽ അതിന്‍റെ ഗുണനിലവാരം ധ്യാനത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ഞാൻ മനസ്സിലാക്കി. ഓരോ ദിവസവും ഭക്ഷണം കഴിക്കുന്നതും ജലം കുടിക്കുന്നതും ആവശ്യമാണ് എന്നതുപോലെ ദിവസവും അഞ്ച് പ്രാവശ്യം പ്രര്‍ത്ഥിക്കുക എന്ന ആശയവും വളരെ ആകർഷകവും ആവശ്യവുമാണ്.
ഇത് ശരിയായി വിശദീകരിക്കാൻ പ്രയാസമാണ്. റൂമി തന്‍റെ ‘ഫിഹി മാ ഫിഹി’ എന്ന പുസ്തകത്തില്‍ ശക്തമായ ഒരു പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു അമൂല്യ നിധിയെക്കുറിച്ച് വിവരിക്കുന്നു. ബോക്‌സു തുറക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ പലരും അതിന്‍റെ പുറംഭാഗവുമായി മാത്രം ഇടപഴകുന്നു. എന്നാൽ ബോക്സ് തുറക്കുന്നവർക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ലഭിക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഇതാ, ദൈവവുമായുള്ള ആഴത്തിലുള്ള സന്തുലിതമായ ബന്ധത്തിലാണ് ഞാൻ. പറയാനാകാത്തവിധം വിശാലവും മനോഹരവും ആർദ്രവും മനസ്സിലാക്കാനുള്ള എന്‍റെ കഴിവിന് അപ്പുറവുമാണ് ആ ബന്ധം. നമ്മൾ മനുഷ്യർ എപ്പോഴും നിര്‍മ്മിക്കുന്ന ദുർബലവും കൃത്രിമവുമായ തടസ്സങ്ങളാലും കാഠിന്യങ്ങളാലും നിയന്ത്രിക്കപ്പെടാത്ത വണ്ണം തീവ്രവും സങ്കീർണ്ണവുമായതാണ് അത്.
അടുത്ത കാലത്ത് അസാധാരണമായ ശക്‌തിവിശേഷമുള്ള ഒരു സ്ഥലമായ ജെറുസലേം തീർത്ഥാടനത്തിന് ശേഷം സോമേഴ്‌സ്റ്റിലെ വെസ്റ്റ് കൺട്രി ,വെസ്റ്റിൽ ഒരു കുടുംബസന്ദർശനം നടത്തി. അൽ അഖ്‌സയിലും (പാറയുടെ താഴികക്കുടത്തിലും അതിന്‍റെ ചുറ്റുപാടുകളിലും) വെൽസ് കത്തീഡ്രലിലും എനിക്ക് അനുഭവപ്പെട്ട സംപ്രേക്ഷണങ്ങളുടെ സമാനത അവിടെ പ്രതിഫലിപ്പിക്കുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. അതീന്ദ്രിയമായ ആ ബന്ധം മറ്റെല്ലാ കാര്യങ്ങളുമായും ഉണ്ടെന്നും, പ്രകൃതിയുടെയും സൃഷ്ടിയുടെയും ബന്ധം ആഴത്തിലുള്ളതാണെന്നും എനിക്ക് മനസ്സിലായി.
സൂഫിസം ഭൗതിക യാഥാർത്ഥ്യത്തെ നാല് ഘടകങ്ങളായി വിവരിക്കുന്നു: ഭൂമി, വെള്ളം, അഗ്നി , വായു എന്നിവയാണ് അവ. ഊർജത്തിന്റെ ഭീമാകാരമായ ദുരുപയോഗവും കോടാനുകോടി മനുഷ്യരുടെ അഹംഭാവവും തൃപ്തികരമല്ലാത്ത ആഗ്രഹങ്ങളും കൊണ്ട് നമ്മൾ ഈ ഭൂമി, സമുദ്രങ്ങൾ, അന്തരീക്ഷം എല്ലാം വിഷലിപ്തമാക്കുന്നു.
ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ എന്‍റെ മനസ്സ് അങ്ങുമിങ്ങും വ്യതിചലിച്ചു കൊണ്ടിരിക്കുന്നു. ധ്യാനത്തിലെ പ്രക്ഷേപണങ്ങൾ സ്ഥിരതയുള്ളതും പോഷിപ്പിക്കുന്നതുമാണ്, മാത്രമല്ല അത് വർത്തമാന കാലത്തിലെ സൗന്ദര്യം, ചൈതന്യം, പര്യാപ്തത എന്നിവയുമായി ബന്ധിപ്പിക്കാൻ എന്നെ ഓർമ്മിപ്പിക്കുന്നു. അതിന്റെ ആഴത്തിലുള്ള പ്രവാഹങ്ങൾ മനുഷ്യന്‍റെ പ്രവർത്തനത്തേക്കാൾ വളരെ വലുതും ശക്തവുമാണ്. എന്‍റെ മനസ്സ് മുന്നോട്ട് കുതിക്കാൻ ആഗ്രഹിക്കുന്നു, പരിഹാരങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ ഉള്ളിൽ നിന്ന് ആരംഭിക്കുന്നതിനായി എന്‍റെ ഹൃദയം എന്നെ പിന്നോട്ട് വലിക്കുന്നു, കാരണം ഉള്ളിൽ നിന്നാണ് ബാഹ്യമായതൊക്കെയും ഉൽഭൂതമാകുന്നത്.
നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് നമുക്കറിയില്ലല്ലോ. ഏതെങ്കിലും പത്രത്തിന്‍റെ തലക്കെട്ടുകൾ കാണിക്കുന്നതു പോലെ പുറം അടയാളങ്ങൾ ഭയപ്പെടുത്തുന്നതാണ്. എന്നാൽ ആന്തരിക സംപ്രേഷണങ്ങൾ നമ്മൽ ഒന്നായി നിന്നാൽ ലഭിക്കാൻ ഇടയുള്ള മറ്റ് സാധ്യതകളെക്കുറിച്ച് കൂടി ചിന്തിപ്പിക്കുന്നു.