ആത്മശുദ്ധി, ഹൃദയശുദ്ധി, ധാർമ്മിക മര്യാദകൾ, സന്മനോഭാവം (ഇഹ്‌സാൻ), ഈശ്വര സാമീപ്യം, ജ്ഞാനം (മഅ്‌രിഫത്ത്), ഉന്മൂലനം(ഫനാ), നിലനിൽപ് (ബഖാ) തുടങ്ങിയ മഹത്തായ ഗുണങ്ങളുടെ വികാസമാണ് സൂഫിസത്തിന്‍റെ പ്രധാന ലക്ഷ്യം.
ചുരുക്കത്തിൽ, ആത്മീയമായ പരിശീലനത്തിലൂടെ സാധകനിൽ സ്വഭാവപരിവർത്തനം വരുത്തുകയും അത്യധികം മാനുഷികവും ധാർമ്മികവുമായ ഒരു വ്യക്തിത്വമാക്കി മാറ്റുകയും ആണ് സൂഫിസത്തിന്‍റെ യഥാർത്ഥ ഉദ്ദേശ്യം.
നമ്മുടെ ദൈനംദിനജീവിതത്തിന്‍റെ ആവശ്യങ്ങളെയും ആന്തരികമായ ആത്മീയ ചോദനകളെയും സന്തുലിതമാക്കി നിർത്തുക എന്നത് വേഗമേറിയതും ഭൗതികോന്മുഖമായ സമകാലികലോകത്തു നമ്മെ വെല്ലുവിളിക്കുന്ന ഒരു വിഷയമാണ്. അറിവ് തേടുന്നതിനുള്ള യാത്രയിൽ നമുക്ക് നിരവധി അവസരങ്ങളാണ് ലഭ്യമായിട്ടുള്ളത്.
വിജ്ഞാനത്തിലേക്കുള്ള നിരവധിയായ തിരഞ്ഞെടുപ്പുകൾക്കിടയിൽ, സമഗ്രമായ ഒരു ആത്മീയതത്ത്വചിന്തയുടെ പശ്ചാത്തലത്തിൽ ജീവിതം നയിക്കാനുള്ള ഒരു വഴിയാണ് അംഗീകൃതരായ അധ്യാപകരുടെ ഒരു ശൃംഖലയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു വന്ന സൂഫിവിജ്ഞാന ധാര വാഗ്ദാനം ചെയ്യുന്നത്. ജോലി, കുടുംബം, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവയുമായി സമന്വയിപ്പിക്കാൻ കഴിയുന്നതരത്തിലുള്ള പ്രായോഗിക സാധനാരീതികളുടെ ആവശ്യകതക്ക് സൂഫി പരമ്പരയിലെ നഖ്ഷബന്ദി-മുജദ്ദിദി ശാഖയിലെ ഗുരുക്കന്മാർ പ്രത്യേക പരിഗണന തന്നെ നൽകിയിട്ടുണ്ട്.
തലമുറകളായി അന്വേഷകരെ ഉയർത്തിയ അവരുടെ അധ്യാപനങ്ങൾ വ്യത്യസ്ത അഭിരുചികളും സ്വഭാവങ്ങളും ഉള്ള അന്വേഷകർക്ക് പ്രയോജനപ്പെട്ടേക്കാം. കഴിഞ്ഞ നൂറ്റാണ്ടുകളിലെ ബഹുമാന്യരായ ശൈഖുമാരുടെ അനുഗ്രഹത്താൽ മാത്രമാണ് സൂഫി അധ്യാപനങ്ങൾ നിലനിൽക്കുന്നത്.