സൂഫികളുടെ പാതയിലൂടെ സഞ്ചരിക്കുന്നവരുടെ അന്വേഷണങ്ങൾ പ്രായോഗികവും വ്യക്തിപരവുമാണ്, അതു സൈദ്ധാന്തികമല്ല. അതുകൊണ്ട് തന്നെ ഈ യാത്രയിൽ ഉണ്ടാകുന്ന തിരിച്ചറിവുകൾ പറഞ്ഞറിയിക്കുവാൻ പ്രയാസവുമാണ്.
തിരിച്ചറിവുകൾ
വിദ്യാർത്ഥികളിൽ ഒരു അതീന്ദ്രിയമാനത്തെക്കുറിച്ചുള്ള അവബോധമാണ് ആദ്യമുണ്ടാകുന്ന തിരിച്ചറിവുകളിൽ ഒന്ന്. സാമാന്യബുദ്ധിക്ക് അതീതമായ പ്രാപഞ്ചികതലങ്ങളായി ഭൗതിക പ്രതിഭാസങ്ങൾക്ക് അപ്പുറമുള്ള എന്തോ ഒന്നിന്‍റെ അനുഭവം അവർക്ക് കൈവരും. അതോടെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു പുതിയ ദർശനം അവരുടെ ജീവിതത്തെയും ചിന്തകളെയും സ്വാധീനിക്കാൻ തുടങ്ങുന്നു.
ഹൃദയത്തെയും മറ്റ് ലതാഇഫിനെയും (ആത്മബോധത്തിന്‍റെ സൂക്ഷ്മ കേന്ദ്രങ്ങൾ) ഉണർത്തുമ്പോൾ, അവനവന്‍റെ സ്വത്വത്തേക്കുറിച്ച ഉൾബോധത്തിന് ആഴം കൈവരുന്നു. അവരുടെ യുക്തിബോധം വികസിക്കുകയും അസ്‌തിത്വത്തിന്‍റെ എല്ലാ വശങ്ങളും ശരിയായ വീക്ഷണ കോണിൽ കാണാൻ ആവശ്യമായ തെളിച്ചം നേടുകയും ചെയ്യുന്നു.
പിന്നീടുള്ള തിരിച്ചറിവുകൾ
പരിശീലനക്രമം ശുഷ്കാന്തിയോടെ പിന്തുടരുന്ന വിദ്യാർത്ഥികൾക്ക് ഇനിപ്പറയുന്ന വ്യക്തിപരമായ അനുഭവങ്ങൾ ലഭിച്ചേക്കാം:
- നാം കാണുന്ന സ്ഥൂലപ്രപഞ്ചവും സ്വന്തം വ്യക്തിബോധവും തികച്ചും ഭാഗികമായ ഒരു യാഥാർത്ഥ്യം മാത്രമാണെന്ന തിരിച്ചറിവ്.
- മനുഷ്യന് സ്വന്തം അനുഭവത്തിൽ നിന്ന് ഭിന്നമായ, ശാശ്വതമായൊരു സ്വത്വം ഉണ്ട്
- യുക്തിചിന്തക്കും ബുദ്ധിക്കും അതീതമായി ശ്രദ്ധാപൂർവം സ്വബോധത്തെ പരിപാലിച്ചാൽ ഒരാൾക്ക് നേരിട്ടുള്ള ദൈവികാനുഭവം നേടാനാകും.
- ഒരു ആധികാരികതയുള്ള ഗുരുവിനെ വിശ്വസ്തതയോടെ പിന്തുടർന്നാൽ, പരിമിതമായ സ്വത്വബോധത്തിൽ നിന്ന് ഭിന്നമായ തന്‍റെ തന്നെ യഥാർത്ഥ സ്വത്വത്തെ വ്യക്തമായി തിരിച്ചറിയാൻ കഴിയും.
ഒരു ഘട്ടം കഴിയുന്നതോടെ ഈ തിരിച്ചറിവുകൾ ആ വ്യക്തിയുടെ ജീവിതത്തിൽ നിന്ന് വേർതിരിക്കാന്‍ പറ്റാത്തതായിത്തീരുന്നു. മനുഷ്യർ സഹജവാസനയുടെ മാത്രം അടിമകളല്ലെന്നും ഉയർന്ന മൂല്യങ്ങൾ പുലർത്താനും സ്വന്തം പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള ഇച്ഛാശക്തി തങ്ങള്‍ക്കുണ്ടെന്നും വിദ്യാർത്ഥികൾക്ക് വ്യക്തമാകും. എല്ലാത്തിലും ദൈവിക സാന്നിദ്ധ്യം കാണാൻ തുടങ്ങുമ്പോൾ മനുഷ്യജീവിതത്തിന്‍റെ മാത്രമല്ല മാനവികതയുടെ മുഴുവൻ അർത്ഥവും മനസ്സിലാക്കാൻ അവർ പ്രാപ്തരാകും. ഇടുങ്ങിയ, അഹംഭാവകേന്ദ്രീകൃതമായ വീക്ഷണങ്ങൾ വിശാലമായ വീക്ഷണത്തിലേക്ക് വഴി മാറുന്നതോടെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും ‘ഇബാദത് (ആരാധന), ഖിദ്മത് (സേവനം) എന്നിവയാക്കി മാറ്റാൻ വിദ്യാർത്ഥികള്‍ക്ക് കഴിയുന്നു. വ്യക്തിപരമായ നേട്ടമോ ബാഹ്യസമ്മർദ്ദമോ ഇല്ലാത്ത സാഹചര്യങ്ങളിൽപ്പോലും ബോധപൂർവം നന്മ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് അവർ മാറുന്നു.
യാത്ര
എല്ലാം ദൈവഹിതത്താൽ ഭരിക്കപ്പെടുന്നുവെന്ന് ഉറപ്പായും അറിയുന്ന ജീവിതയാത്രയിൽ, അന്വേഷകർ ദൈവത്തെ ആശ്രയിക്കാനും എല്ലാം ക്ഷമയോടെ സ്വീകരിക്കാനും പഠിക്കുന്നു. മരണാനന്തര ജീവിതമുണ്ടെന്ന ബോധവും അവർക്ക് ഈ ആചാരാനുഷ്ടാനങ്ങളിലൂടെ കൈവന്നേക്കാം. ഈ ലോകം അടുത്തതിനായുള്ള ഒരുക്കമാണെന്ന് തിരിച്ചറിയുമ്പോൾ, കൂടുതൽ ഭക്തിയും സദ്‌ഗുണസമ്പന്നവുമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ അവർക്ക് ഉത്തേജനം ലഭിക്കുന്നു.
സൂഫിസം ആന്തരികബോധത്തിൽ നിന്ന് പുറത്തേക്കുള്ള യാത്രയാണ്. ആത്മസാക്ഷാത്കാരത്തിലൂടെ അന്വേഷകൻ ഈശ്വരനെ തിരിച്ചറിയുന്നു. ഈശ്വരസാക്ഷാത്കാരത്തിലൂടെ അന്വേഷകൻ നിസ്വാർത്ഥനാകുന്നു. ദൈവകൃപയാൽ ‘ഫനാ’യും ‘ബഖ’യും (ദൈവികമായ ഐക്യത്തിന്‍റെ അനുഭവം അഥവാ സർവ്വശക്തനോട് താദാത്മ്യം പ്രാപിക്കൽ) നേടുവോളം പടിപടിയായി അവന്‍റെ പൂർവ്വസ്വത്വം രൂപാന്തരപ്പെടുന്നു: .
ദൈവികതയോടുള്ള താദാത്മ്യത്തിന്‍റെ അനുഭവം സൂഫിയാത്രയുടെ അന്തിമ സാക്ഷാത്കാരമല്ല. ഈ ഘട്ടത്തിൽ എത്തുന്നവർ തങ്ങളുടെ സഹജീവികളെ കൂടി അങ്ങോട്ട് എത്തുന്നതിനു സഹായിക്കാൻ അതിൽ നിന്ന് മടങ്ങുന്നു. അവർ ഒരേസമയം ദൈവത്തോടൊപ്പവും ഈ ലോകത്തും ആണ്. സ്രഷ്ടാവിനോടുള്ള അവരുടെ സാമീപ്യത്തെ മറ്റു സൃഷ്ടികളുടെ സേവനത്തിനു അവർ ഉപയോഗിക്കുന്നു. ദൈനംദിന ജീവിതത്തിൽ ദൈവം കല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അവർ തയ്യാറായി നിൽക്കുന്നു. ദൈവം നടത്തുന്ന ഒരു വർക്ക്ഷോപ്പ് പോലെയാണ് ലോകം. അവിടെ സാക്ഷാത്കാരത്തിന്‍റെ ഏറ്റവും ഉയർന്ന ഘട്ടത്തിലുള്ള സൂഫി ഒരു തൊഴിലാളിയാണ്, ദൈവത്തിന്‍റെ കരുണയിലും അനുഗ്രഹത്തിലും ആശ്രയിച്ചു കൊണ്ട് തന്‍റെ ജോലി ഏറ്റവും മികച്ച രീതിയിൽ നിറവേറ്റാൻ അദ്ദേഹം ശ്രമിക്കുന്നു.