നൂറ്റാണ്ടുകളിലൂടെയുള്ള അനുഭവം സൂഫിധ്യാനം (മുറാഖബ ) ആത്മീയപൂർണതയുടെ എല്ലാ തലങ്ങളിലേക്കും നയിക്കുമെന്ന് കാണിക്കുന്നു . ഈ കാരണം കൊണ്ടു തന്നെ പരമ്പരയിലെ ഷെയ്ഖുമാർ ‘ദിക്ർ’ ( ഈശ്വരനാമസ്മരണാവർത്തനം) ദുരൂദ് നബി(സഅ) യുടെ മേൽ അനുഗ്രഹങ്ങൾക്കായുള്ള പ്രാർത്ഥനകൾ), പാരായണങ്ങൾ എന്നിവ അനുഷ്ഠിക്കാറുണ്ടെങ്കിലും മുറാഖബയാണ് അവരുടെ ആന്തരിക പ്രവർത്തനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം .
ഉത്ഭവം
മുറാ ഖബയുടെ ഉത്ഭവം മുഹമ്മദ് നബി(സ.അ)യുടെ തിരുവചനത്തിൽ നിന്നാണ്. “നിങ്ങൾ അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കുക, നിങ്ങൾ അവനെ കാണുന്നില്ലെങ്കിൽ തന്നെയും അവൻ നിങ്ങളെ കണ്ട് കൊണ്ടേയിരിക്കുന്നുവെന്ന് അറിയുക.”
മുറാഖബ എന്ന പദത്തിന്‍റെ ഭാഷാപരമായ അർത്ഥം ‘കാത്തിരിക്കുക’, ‘ഉറപ്പ് നൽകുക’ അല്ലെങ്കിൽ ‘സംരക്ഷിക്കുക’ എന്നൊക്കെയാണ്. സൂഫി സാങ്കേതികപദമായി ഉപയോഗിക്കുമ്പോൾ മുറാഖബയുടെ അർത്ഥം അന്വേഷകൻ തന്‍റെ ഷെയ്ഖിൽ നിന്ന് ലഭിച്ച മാർഗദർശനത്തെ പരിപോഷിപ്പിക്കുവാനുള്ള ഉദ്ദേശ്യത്തോടെ നിശ്ചിത സമയത്തേക്ക് ലൗകികാന്വേഷണങ്ങളിൽ നിന്ന് വേർപെടുക എന്നതിനെയാണ് .
മറ്റൊരു രീതിയിൽ പറഞ്ഞാൽ, മനുഷ്യന്‍റെ ആന്തരിക സത്തയിൽ ഉയർന്ന അവബോധത്തിന്റെ സൂക്ഷ്മ കേന്ദ്രങ്ങൾ ഉണ്ട്. അപ്പോൾ മാർഗദർശന പ്രാപ്തിക്ക് ശേഷം ലൗകിക തേടലുകളിൽ നിന്ന് തന്‍റെ സമയത്തെ ഒരാൾ ഈ അവബോധകേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ചാൽ, അതാണ് ധ്യാനം. ധ്യാനം ഈശ്വരജ്ഞാനത്തിലേക്കു നയിക്കുകയും ഈശ്വരസാമീപ്യത്തിലേക്ക് വഴിതുറക്കുകയും ചെയ്യുന്നു. സാധകൻ അല്ലെങ്കിൽ സാധക സ്വയം തന്നെ മറ്റ് തേടലുകളിൽ നിന്ന് മാറി ഈശ്വരാനുഗ്രഹങ്ങൾക്കായി കാത്തിരിക്കുവാൻ തുടങ്ങുമ്പോൾ, പെട്ടന്ന് തന്നെയോ കാലക്രമേണയോ അയാളുടെ ഹൃദയത്തിൽ ചില സംവേദനങ്ങൾ അനുഭവപ്പെടാൻ തുടങ്ങുന്നു. അത് ചിലപ്പോൾ ചൂടിന്‍റെ രൂപത്തിലും മറ്റു ചിലപ്പോൾ ചലനങ്ങളായും മറ്റ് ചിലപ്പോൾ ഒരുതരം തുടിപ്പ് പോലെയും ആണ് അനുഭവപ്പെടുക .
സാധനാ രീതി
ധ്യാനസമയത്ത് സാധകൻ തന്‍റെ ഹൃദയത്തിന്‍റെ രൂപത്തിലോ നിറത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കരുത്, പകരം ഗുണങ്ങൾക് അതീതമായ ഈശ്വരസത്തയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ പരിശീലനത്തിൽ കുറഞ്ഞത് മുപ്പത് മുതൽ നാൽപ്പത്തിയഞ്ച് മിനിറ്റ് വരെയെങ്കിലും ധ്യാനത്തിൽ ഇരിക്കേണ്ടതാണ്. ആദ്യഘട്ടത്തിൽ അന്വേഷകന്‍റെ മനസ്സിൽ ചിന്തകളുടെ ഒരു തിരതള്ളൽ അനുഭവപ്പെട്ടേക്കാം. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഹസ്രത്ത് ആസാദ് റസൂൽ (റ.അ) പറയാറുണ്ടായിരുന്നു: “യോഗയിലും മറ്റ് ആത്മീയ സങ്കേതങ്ങളിലും ഉള്ളതുപോലെ നമ്മൾ ചിന്തകളെ ഏകാഗ്രമാക്കുവാൻ അല്ല ശ്രമിക്കുന്നത്, നാം ഹൃദയത്തെ ഉണർത്തുവാൻ ആണ് ശ്രമിക്കുന്നത്.
ലക്ഷ്യം
ഹൃദയം ഉണർന്നു കഴിഞ്ഞാൽ, ചിന്തകൾ താനെ ശമിക്കുന്നു . അന്വേഷകന് ആത്മീയനിദ്രയുടെ അനുഭവമുണ്ടാകുകയും മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു . ഈ അനുഭവവും ഉറക്കവും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ഉന്മൂലനത്തിന്‍റെ നിഴലാണ് ഈ പാതി മയങ്ങിയ അവസ്ഥ. ഹസ്രത്ത് ഷെയ്ഖ് അഹ്മദ് ഫാറൂഖി സിർഹിന്ദി (റ അ.) പറഞ്ഞു: “അവൻ വരുന്നു, അവൻ നിങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു…..”
ഉറക്കത്തിൽ ആത്മാവ് താഴ്ന്ന ഒരു തലത്തിലേക്ക് ഇറങ്ങുകയും ഹൃദയത്തോട് ചാഞ്ഞു നിൽക്കുകയും ചെയ്യുന്നു. ആത്മീയനിദ്രയിൽ ആത്മാവ് കൂടുതൽ ഉയർന്ന ഒരു തലത്തിലേക്ക് ഉയർന്ന് നഫ്സിൽ അഭയം പ്രാപിക്കുന്നു. ഈ ധ്യാനാവസ്ഥയിൽ ഇരിക്കുമ്പോൾ, സാധകൻ തന്‍റെ വ്യക്തിത്വത്തെക്കുറിച്ച് അത്രയൊന്നും ബോധവാൻ ആയിരിക്കില്ല. ഈ അവസ്ഥയിൽ അയാൾക്ക് ചില ദർശനങ്ങളും (കഷ്ഫ്) അനുഭവിക്കാൻ കഴിയും. അത്തരം സന്ദർഭങ്ങളിൽ സാധകൻ തന്‍റെ തന്നെ ചില ചിന്തകൾക്കനുസരിച്ചു ആവേശിതൻ ആകാൻ ഇടയുള്ളതിനാൽ ഈ അനുഭവങ്ങൾക്ക് വലിയ പ്രാധാന്യം നൽകി അതിൽ മുഴുകാൻ ശ്രമിക്കേണ്ടതില്ല. ഹസ്രത്ത് ഷെയ്ഖ് അഹ്മദ് ഫാറൂഖി സിർഹിന്ദി (റഅ) പറഞ്ഞു:
“ഈ അനുഭവങ്ങൾ സാധകന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്. അതേസമയം, അയാളുടെ അന്തിമ ലക്ഷ്യസ്ഥാനം അതിനും അപ്പുറത്താണ്.”
ഹസ്രത്ത് അലാഉദ്ദീൻ അത്തർ (റ.അ) (ഡി.1400) മുറാഖബ നിഷേധ അനിഷേധ ദിക്റിനേക്കാൾ നന്നാണ് എന്ന് പറയുകയുണ്ടായി. സൂഫി ധ്യാനത്തിലൂടെ ഭൗതിക ലോകത്തിന്‍റേയും ആത്മലോകത്തിന്‍റേയും മണ്ഡലത്തിൽ ഈശ്വരപ്രാതിനിധ്യം വരെ കൈവരിക്കാൻ കഴിയും.