മനുഷ്യശരീരത്തിൽ ബോധോദയത്തിന്‍റെതായി ഒരേ ഒരു സൂക്ഷ്മകേന്ദ്രം മാത്രമേ ഉള്ളൂ എന്നാണ് പൊതുവായ ധാരണ. മനസ്സ് അല്ലെങ്കിൽ മസ്തിഷ്കം ആണ് ആ കേന്ദ്രം. എന്നാൽ മഹാന്മാരായ സൂഫി ആചര്യന്മാർ അവരുടെ ആത്മീയാനുഭവങ്ങളിലൂടെ ‘ലതായിഫ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, (ഏകവചനം: ലത്തീഫ) ബോധോദയത്തിന്‍റെ മറ്റു കേന്ദ്രങ്ങൾ അഥവാ അന്തരിന്ദ്രിയങ്ങൾ കണ്ടെത്തി. മനുഷ്യന് ഇത്തരത്തിൽ പത്ത് ലതാഇഫുകൾ ഉണ്ടെന്ന് സൂഫി ആചര്യന്മാർ അവരുടെ ‘കശ്ഫ്’ ‘ (അന്തർജ്ഞാനം ) കൊണ്ട് നിർണയിച്ചിട്ടുണ്ട്.
ലതായിഫ് ന്‍റെ ഉത്ഭവം പ്രപഞ്ചത്തിന്‍റെ മൊത്തത്തിലുള്ള ഉത്ഭവത്തെ പ്രതിഫലിപ്പിക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടാവ് രണ്ട് ഘട്ടങ്ങളിലായാണ് ഉരുവാക്കിയതെന്ന് സൂഫിസത്തിലെ മുജദ്ദിദി പരമ്പരയ്ക്ക് കുറിച്ച ഇന്ത്യൻ മാസ്റ്റർ ശൈഖ് അഹ്മദ് ഫാറൂഖി സർഹിന്ദി (റ.അ) പറയുന്നു. “ഉരുവാകൂ…!” എന്ന് കൽപ്പിച്ചപ്പോൾ തൽക്ഷണം ഉയർന്നുവന്ന ‘ആലം’ അഥവാ ലോകമാണ് ‘ആലമുൽ അംറ്’ (ആജ്ഞാലോകം). പിന്നീട് വർഷങ്ങൾ നീണ്ടുനിന്ന പരിണാമപ്രക്രിയയിലൂടെ ‘ആലമുൽ ഖൽഖിനെ (സൃഷ്‌ടീലോകം) ഉണ്ടാക്കുകയും ചെയ്തു. ആലമുൽഖൽഖിന് ശേഷം പ്രപഞ്ചനാഥൻ മനുഷ്യനെ സൃഷ്ടിച്ചു. ഈ പുതിയ സൃഷ്ടിയെ ആന്തരികമായ ചില പ്രകാശകേന്ദ്രങ്ങൾ (ലതായിഫ്) അല്ലെങ്കിൽ കഴിവുകൾ കൊണ്ട് സൃഷ്ടാവ് അനുഗ്രഹിച്ചു. നഫ്സ്(ആത്മസത്ത), ബാദ്(വായു), നാർ(അഗ്നി), മാഅ(ജലം), ഖക്ക്(ഭൂമി) എന്നീ അഞ്ച് പ്രകാശ കേന്ദ്രങ്ങൾ സൃഷ്ടിയുടെ ലോകത്തിന്‍റെ ഭാഗമായിരുന്നു. മറ്റ് അഞ്ചെണ്ണം: ഖൽബ്(ഹൃദയം), റൂഹ്(ആത്മാവ്), സിർറ്(രഹസ്യം), ഖഫി(ഗോപ്യം) അഖ്ഫ(അതിഗോപ്യം) എന്നിവ ആജ്ഞയുടെ ലോകത്തിന്‍റെ ഭാഗമായിരുന്നു.
ലതായിഫുകൾ പ്രകാശമാനമായിരുന്നു. സൃഷ്ടാവ് അവയെ മനുഷ്യശരീരവുമായി ബന്ധിപ്പിച്ചതോടെ അവരുടെ പ്രകാശത്തിന് ഭൗതികലോക പ്രഭാവവും, ഭൗതികതയുമായി താദാത്മ്യം പ്രാപിക്കാനുള്ള ഉന്മുഖത ഉൾപ്പടെ, തിരശീലയായി പ്രകൃത്യാ ഉള്ള നമ്മുടെ ഈ ആന്തരിക പ്രഭയുടെ മങ്ങലിനെ ഖുർആനിൽ ഇങ്ങനെ വിവരിക്കുന്നു: “തീർച്ചയായും നാം ഏറ്റവും നല്ല രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, എന്നിട്ട് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഉന്നതരാക്കി. അവർക്ക് മുടങ്ങാത്ത പ്രതിഫലം ഉണ്ടായിരിക്കും” ബാക്കിയുള്ളവരെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ത്തി.(ഖുർആൻ 95:4-6). ലതാഇഫിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൈവിക സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാനുള്ള മാർഗ്ഗമായി ഉപയോഗിക്കാൻ സൂഫി സാധകർക്ക് സാധിക്കും. ഈ കഴിവ് എത്രയധികം വികസിപ്പിച്ചെടുക്കുന്നുവോ അത്രത്തോളം ജ്ഞാനത്തിന്‍റെ വെളിച്ചം പ്രാപ്യമാകുന്നതാണ്.
ഓർമ്മശക്തി പോലെ ലതാഇഫും അനുഭവിച്ചറിയാൻ കഴിയുന്നുവെങ്കിലും അത് നമുക്കു വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള കഴിവുകളാണ്. നിങ്ങൾ ഓർമശക്തിയെ എങ്ങനെ നിർവചിക്കും? ഇത് തലച്ചോറിൽ ഇരിക്കുന്നുവെന്നു നിങ്ങൾ പറഞ്ഞേക്കാം. അതിന്‍റെ ശരീര ശാസ്‌ത്രപരമായ പ്രവർത്തനരീതി പോലും നിങ്ങൾക്ക് വിവരിക്കാം. എന്നാൽ ഈ വിവരണങ്ങൾ അതിന്‍റെ എല്ലാ മാനങ്ങളും പ്രകടമാക്കുന്നതിൽ പരാജയപ്പെടുന്നു. ചിലപ്പോൾ ഒരു വ്യക്തിക്ക് പരിക്ക് കാരണം ഓർമ്മ നഷ്ടപ്പെടും. അപ്പോൾ അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അയാൾ കൂടുതൽ ബോധവാനാകുന്നു. എന്നിട്ടും അത് മെച്ചപ്പെട്ട രീതിയിൽ വിശദീകരിക്കാൻ സാധിക്കുന്നില്ല. അതുപോലെ ലതായിഫിനെ വാക്കുകളാൽ മതിയാംവണ്ണം നിർവചിക്കാൻ കഴിയില്ല. എന്നാൽ ഒരു വ്യക്തി അവയെ തെളിച്ചപ്പെടുത്തുമ്പോൾ അതിനെ വ്യക്തമായി മനസ്സിലാക്കുന്നു.
വ്യത്യസ്ത സൂഫിപരമ്പരകൾ ശരീരത്തിലെ വിവിധ സ്ഥലങ്ങളുമായി ലതാഇഫിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. നഖ്ഷബന്ദി-മുജദ്ദിദി പരമ്പര ‘ആജ്ഞാലോകത്തിന്‍റെ’ അഞ്ച് കേന്ദ്രങ്ങൾ (‘ആലമുൽഅംറിലെ ലതായിഫ്) നെഞ്ചിൽ പ്രതിഷ്ടിക്കുന്നു.ത്തിയിരിക്കുന്നു. നഖ്ഷബന്ദി-മുജദ്ദിദി പരമ്പര
- ഹൃദയം അല്ലെങ്കിൽ ഖൽബ് ശരീരത്തിന്‍റെ ഇടതുവശത്തു മുലക്കണ്ണിന് രണ്ട് ഇഞ്ച് താഴെയാണ്.
- ആത്മാവ് അഥവാ റൂഹ് നെഞ്ചിന്‍റെ വലതുഭാഗത്തോട് തത്തുല്യമായ സ്ഥാനത്താണ്.
- രഹസ്യം അല്ലെങ്കിൽ സിർറ് എന്നറിയപ്പെടുന്ന സൂക്ഷ്മ കേന്ദ്രം ഹൃദയത്തിന്‍റെ അതേ വശത്തു തന്നെ നെഞ്ചിനു മുകളിലായാണ്.
- ഗോപ്യം (ഖഫി) എന്ന സ്ഥാനം നെഞ്ചിന് മുകളിൽ വലതുവശത്താണ്.
- അതിഗോപ്യത്തിന്‍റെ (അഖ്ഫ) സ്ഥാനം നെഞ്ചിന്‍റെ നടുക്ക് ഹൃദയത്തിനും ആത്മാവിനും ഇടയിലാകുന്നു.
നഖ്ഷബന്ദി-മുജദ്ദിദി പരമ്പരയിലെ ശൈഖുമാർ ലതായിഫുകളെ ഓരോന്നായി പ്രകാശിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സാലികിന്(ആത്മീയയാത്രികൻ ) നൽകുന്നു. ഇത് പ്രാഥമികമായി മുറാഖബ അഥവാ മെഡിറ്റേഷൻ വഴിയാണ് സാധിക്കുന്നത്. മുറാഖബയിൽ ഇരിക്കുമ്പോൾ ഏതെങ്കിലും ഒരു സൂക്ഷ്മ കേന്ദ്രത്തിലേക്ക് ശ്രദ്ധ ചെലുത്താൻ വിദ്യാർത്ഥി മാനസികമായി നിശ്ചയിച്ചിരിക്കും. ആദ്യം ഹൃദയത്തിലും (ഖൽബ്) തുടർന്ന് ആലമുൽ അംറിലെ മറ്റ് ലതായിഫുകൾ ആയ ആത്മാവ്, രഹസ്യം, ഗോപ്യം, അതിഗോപ്യം (റൂഹ്, സിർർ, ഖാഫി, അഖ്ഫ) എന്നിവയിലും മനസ്സിനെ കേന്ദ്രീകരിക്കും. ഇവ പൂർണ്ണമായി പ്രബുദ്ധമാകുമ്പോൾ സൃഷ്ടിയുടെ ലോകവുമായി ബന്ധപ്പെട്ട ലതാഇഫിലേക്ക് (ആലമുൽ ഖൽക്ക്) വിദ്യാർത്ഥി ശ്രദ്ധ ചെലുത്തുന്നു.
സൃഷ്ടിയുടെ ലോകവുമായി ബന്ധപ്പെട്ട സൂക്ഷ്മ കേന്ദ്രങ്ങളിൽ മനുഷ്യശരീരത്തിലെ ഒരു പ്രത്യേക ബിന്ദുവിനോട് ബന്ധപ്പെടുന്നത് സ്വത്വം അല്ലെങ്കിൽ നഫ്സ് മാത്രമാണ്. നെറ്റിയുടെ മധ്യത്തിലാണ് അതിന്‍റെ സ്ഥാനം. മറ്റെല്ലാത്തിന്‍റേയും ആകെത്തുകയായ ആലമുൽഖൽഖിന്‍റെ ലതാഇഫ് ആണ് വിദ്യാർത്ഥി ആദ്യമായി ശുദ്ധീകരിക്കുന്നത്. കുറച്ച് സമയം നഫ്‍സിലേക്ക് സ്വയം ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം ശരീരം രൂപപ്പെടുത്തപ്പെട്ട നാല് സ്ഥൂലഘടകങ്ങളിൽ (വായു, അഗ്നി, ജലം, ഭൂമി അഥവാ ബാദ്, നാറ്, മാഅ, ഖക്ക്) ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥിയോട് നിർദ്ദേശിക്കുന്നു. ഇവയെല്ലാം പ്രകാശത്താൽ സന്നിവേശിപ്പിക്കപ്പെടുമ്പോൾ, ശരീരത്തിലെ സകലകലകളും പ്രകാശിക്കുകയും അതിന്‍റെ സൃഷ്ടാവിനെ സ്മരിക്കാൻ തുടങ്ങുകയും ചെയ്യുന്നു.