അറബിഭാഷയിൽ ‘നിസ്ബത്’ എന്ന വാക്കിന്‍റെ അർത്ഥം രണ്ട് ആളുകൾ തമ്മിലുള്ള അടുപ്പം അല്ലെങ്കിൽ ബന്ധം എന്നാണ്. സൂഫി പദാവലിപ്രകാരം നിസ്ബത് എന്നത് ദൈവവും മനുഷ്യരും തമ്മിലുള്ള അടുപ്പം വളർത്തുക എന്നതാണ്. സൂഫിസത്തിന്‍റെ സാരാംശം തന്നെ ഒരു വ്യക്തി തന്‍റെ സത്തയെത്തന്നെ കടന്നു നിൽക്കുന്ന ഒരു തലത്തിലേക്ക് ചില ഗുണങ്ങളെങ്കിലും വളർത്തിയെടുക്കണം എന്നതാണ്.
അത്തരമൊരു സത്താഗുണം ഒരാളുടെ അസ്തിത്വത്തിന്‍റെ അവിഭാജ്യ ഘടകമാകുമ്പോൾ അതിനെ ഈശ്വരബന്ധം അഥവാ ‘നിസ്ബത്’ എന്ന് വിളിക്കാം. ദൈവവുമായുള്ള ഈ ആത്മീയബന്ധം നേടുക എന്നതാണ് സൂഫിമാർഗ്ഗത്തിലുള്ള സകല അന്വേഷണ ത്വരയുടെയും ലക്ഷ്യം.
പല തരത്തിലുള്ള നിസ്‌ബത് ഉണ്ട്: ഭംഗിയുള്ളത് ചെയ്യുന്നതിലുള്ള നിസ്‌ബത്, വിശുദ്ധിയുടെ നിസ്‌ബത്, തീവ്രമായ സ്നേഹത്തിന്‍റെ നിസ്‌ബത്, ആത്മീയമായ ഉന്മാദത്തിന്റെ നിസ്‌ബത്, ഏകതയുടെ നിസ്‌ബത്, സമാധാനത്തിന്‍റെ നിസ്‌ബത്, പൂർവകാലസ്മരണയുടെ നിസ്‌ബത്… അങ്ങനെ പലതും.
എന്നാൽ ഈ പറഞ്ഞ ബന്ധങ്ങൾ സൂഫി പരിശീലനങ്ങളിലൂടെ മാത്രമേ ലഭിക്കൂ എന്ന് കരുതാനാവില്ല. പരിശീലനക്രമങ്ങൾ ഇവ നേടാനുള്ള ഉപാധി മാത്രമാണ്. യഥാർത്ഥത്തിൽ ആത്മീയ പരമ്പരയുടെ പരിഗണന ഇല്ലാതെ തന്നെ ഈശ്വരൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന വരദാനമാണത്. ഇക്കാര്യത്തിൽ ഹസ്രത്ത് ഖ്വാജാ ബഹാഉദ്ദീൻ നഖ്ഷബന്ദ്(റഅ) യുടെ പ്രസ്താവന ഏറ്റവും സമഗ്രമായത് തന്നെ. തന്‍റെ സൂഫി പരമ്പരയിലെ വിശുദ്ധരെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു:
“എന്‍റെ പരമ്പരയിലെ വിശുദ്ധന്മാരിലൂടെയല്ല ഞാൻ ദൈവത്തെ പ്രാപിച്ചത്. ദൈവത്തോടുള്ള അദമ്യമായ ഒരു ആകർഷണം എന്നിൽ പ്രധാനം ചെയ്യപ്പെട്ടു ,അത് എന്നെ ഇലാഹിയിലെത്തിച്ചു.”
നബിയുടെ അനുചരന്മാരും അനുയായികളും വ്യത്യസ്ത മാർഗങ്ങളിലൂടെ നിസ്‌ബത് നേടിയിരുന്നു. ദിവസേനയുള്ള അഞ്ച് നിർബന്ധിത പ്രാർത്ഥനകൾ, സ്വമേധയാ നടത്തുന്ന പ്രാർത്ഥനകൾ, നിരന്തരമായ ദൈവസ്തുതി, വിശുദ്ധ ഖുർആൻ പാരായണം, മരണത്തെക്കുറിച്ചുള്ള സ്മരണ, അന്ത്യനാളിലെ ന്യായവിധിയെക്കുറിച്ചുള്ള ഭയം എന്നിവ ഹൃദയപൂർവം സ്ഥിരമായും ക്രമമായും ആചരിക്കുന്നത് ഈ ഗുണം നേടുന്നതിലേക്ക് നയിക്കുന്നു. .നബി(സ)യിൽ നിന്ന് വ്യത്യസ്ത സൂഫി പരമ്പരകളിലെ ശൈഖുമാരിലേക്ക് പകർന്നുവന്നത് ഇതേ പാത തന്നെയായതിനാൽ അവരുടെ ജീവിതകാലം മുഴുവൻ അവർ ഈ ദിവ്യാത്മബന്ധം കാത്തുസൂക്ഷിച്ചു.