സൂഫി ആചാര്യന്മാർ ഈശ്വരസ്മരണ അഥവാ ദിക്റിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ അന്വേഷകന്‍റെ വിശ്വാസം, അറിവ് എന്നിവ അടിയുറച്ചതായിത്തീരും. ഈശ്വരസാന്നിധ്യത്തക്കുറിച്ചുള്ള നിരന്തരമായ അവബോധം ഉറയ്ക്കുന്നതുവരെ കഴിയുന്നത്ര തവണ ദിക്ർ ചെയ്യുക എന്നത് ദൈവത്തിന്‍റെ അടിസ്ഥാന കൽപ്പനകളിൽ ഒന്നാണ് .
ഉത്ഭവം
മൂസാ നബിക്ക് ദൈവം വെളിപ്പെടുത്തി. “തീർച്ചയായും, ഞാൻ – ഞാൻ മാത്രമാണ് ദൈവം; ഞാനല്ലാതെ ഒരു ദൈവവുമില്ല, അതിനാൽ എന്നെ മാത്രം ആരാധിക്കുകയും പ്രാർത്ഥനയിലൂടെ എന്നെ ഓർക്കുകയും ചെയ്യുക!” (ഖുർആൻ 20:14).
അതിന്‍റെ രൂപങ്ങൾ കാലത്തിനും സ്ഥലത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും ദിക്റിനുള്ള ഈ കൽപ്പന എല്ലാ തലമുറകളിലേക്കും ബാധകമാക്കിയിരിക്കുന്നു.
പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ഒരു നോട്ടം തന്നെ ഒരു വ്യക്തിയുടെ ബോധത്തെ ഉയർത്തും എന്നതിനാൽ അദ്ദേഹത്തിന്‍റെ അനുചരന്മാർ ഔപചാരികരീതിയായി ദിക്ർ ചെയ്തിരുന്നില്ല. നബി(സ)യുടെ കാലശേഷം ഇസ്‌ലാമികപ്രബോധനങ്ങൾ സമാഹരിച്ചപ്പോൾ, സ്വഹാബികൾ നേടിയതിന് സമാനമായ അവസ്ഥ തേടുന്ന വ്യക്തികൾ ദിക്‌റിനെ ഒരു നിർണായകമാർഗമായി കണക്കാക്കി. ദിക്റിനെ സൂഫിസത്തിന്‍റെ ഒരു പ്രധാന സമ്പ്രദായമായി നിശ്ചയിക്കുകയും അത് നടപ്പിലാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.
പ്രയോഗ രീതി
ദിക്ർ ഉറക്കെ ചൊല്ലുകയോ (ദിക്ർ ജാലി) അല്ലെങ്കിൽ ഹൃദയത്തിൽ നിശബ്ദമായി ചൊല്ലുകയോ (ദിക്ർ ഖഫി) ചെയ്യാം. ചില സൂഫി പരമ്പരകൾ ആദ്യത്തേതിനു മുൻഗണന നൽകുമ്പോൾ മറ്റു ചിലർ രണ്ടാമത്തേതിന് ഊന്നൽ നൽകുന്നു. രണ്ട് തരത്തിലുള്ള ദിക്റും ഒരേ ആനുകൂല്യങ്ങൾ നൽകുന്നു. രണ്ടു രീതിയും സാങ്കേതികതമായി മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നേയുള്ളൂ. രണ്ട് രീതിയും പ്രവാചകൻ മുഹമ്മദ് നബി(സ) നൽകിയ മാർഗനിർദേശത്തിനു അനുയോജ്യമാണ്. ചില സൂഫി പരമ്പരകൾ നിന്നു കൊണ്ടും മറ്റു ചിലത് ഒരു നിശ്ചിത ഭാവത്തിൽ ഇരുന്നു കൊണ്ടും ഇനിയും ചിലർ നടന്നു കൊണ്ടും ദിക്ർ ചെയ്യുന്നുണ്ട്. ദിക്റിനെ ശക്‌തിപ്പെടുത്തുവാനാണ് ശൈഖുമാർ ഈ വ്യത്യസ്തരീതികൾ അവതരിപ്പിച്ചത്.
ലക്ഷ്യം
ദിക്റിലൂടെ വിദ്യാർത്ഥികളുടെ ഹൃദയത്തെയും ആത്മാവിനെയും ശുദ്ധീകരിക്കാൻ സൂഫി അധ്യാപകർ പരിശീലിപ്പിക്കുന്നു. അന്വേഷകരെ യഥാർത്ഥസ്മരണയിലേക്ക് നയിക്കുക, അവരെ ബാഹ്യവും ആന്തരികവുമായ മേഖലകളിലെ ദൈവികസാന്നിധ്യത്തെക്കുറിച്ച് ശാരീരികവും മാനസികവും വൈകാരികവുമായ തലങ്ങളിൽ നിരന്തരം ബോധവാന്മാരാകാൻ പ്രാപ്തരാക്കുക എന്നതാണ് ശൈഖിന്‍റെ കടമ
വല്ലപ്പോഴും ദൈവത്തെ സ്മരിക്കുന്നതായി കാണിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ദൈനംദിന ജീവിതത്തിൽ ഉടനീളം സ്മരിക്കുന്നത്. ‘ദിക്ർ’ ഒരു ആഘോഷമല്ല. ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ ഈശ്വരസ്മരണയാണ്. ദൈവത്തെ സ്മരിക്കുന്ന വ്യക്തി ആനന്ദം കണ്ടെത്തുമ്പോൾ അത് മറക്കുന്നവൻ വിജനത മാത്രം നേടുന്നു. മരത്തെ കല്ലാക്കി മാറ്റുന്ന ഭയാനകമായ ശക്തിയാണ് മറവി. എന്നാൽ ദിക്റിലൂടെ, സാധകർ ദൈവത്തിന്‍റേയും മാലാഖമാരുടെയും കരുണയും ആത്മവിശുദ്ധിയും ആത്മസൗന്ദര്യവും കൈവരിക്കുന്നു; അവർക്കു പുരോഗതി എളുപ്പമായിത്തീരുന്നു, അന്വേഷകൻ സർവ്വശക്തനിലേക്ക് അടുക്കുന്നു. ദൈവം പറഞ്ഞു: “എന്നെ ഓർക്കുക, ഞാൻ നിങ്ങളെയും ഓർക്കും.” (ഖുർആൻ 2:152)