“ആരംഭത്തിൽ തന്നെ സമാപ്തി ചേർക്കൽ” എന്നർത്ഥം വരുന്ന ‘ഇന്ദിരാജ് അൽ-നിഹായത്ത് ഫിൽ-ബിദായത്ത്’ എന്ന പദം നഖ്ഷബന്ദി-മുജദ്ദിദി പരമ്പരയിലെ ആത്മീയപരിശീലനങ്ങളുടെ വ്യത്യസ്തമായ ക്രമം വിശദീകരിക്കുന്ന ഒരു പ്രയോഗമാണ്. മനുഷ്യരെ അവരുടെ സൃഷ്ടാവിനോട് അടുക്കുന്നതിൽ നിന്ന് തടയുന്ന പ്രതിബന്ധങ്ങളെ മറികടക്കാൻ സഹായിക്കുന്നതിന് പതിനാലാം നൂറ്റാണ്ടിൽ ഷെയ്ഖ് ബഹാവുദ്ദീൻ നഖ്ഷ്ബന്ദ്(റഅ) രൂപകൽപ്പന ചെയ്ത ഒരു പരിശീലനക്രമമണിത്.
മനുഷ്യർ രണ്ടു കാരണങ്ങളാൽ സ്രഷ്ടാവിനെ മറക്കുന്നു. ഒന്നു മനുഷ്യൻ ബാഹ്യലോകത്തിലേക്ക് ഏറെ ആകർഷിക്കപ്പെടുന്നതുകൊണ്ട് മറ്റൊന്നു മനുഷ്യന്‍റെ അഹംഭാവവും അതിൽ നിന്ന് ഉത്ഭൂതമാകുന്ന അവസ്ഥയും കൊണ്ട് തന്നെ താൻ മറ്റെല്ലാ ജീവികളിൽ നിന്നും വേറിട്ട ഒരു പ്രത്യേക അസ്തിത്വം ആണെന്ന അഹംഭാവവും, അതേസമയം തന്നെ ബാഹ്യലോകത്തോടുള്ള ആകർഷണവും ; ഈ രണ്ടു അടിമത്തത്തിൽ നിന്നും മോചിതനാകേണ്ടത് സ്രഷ്ടാവുമായുള്ള സാമീപ്യം (മഇയ്യത്ത്) നേടുന്നതിന് അനിവാര്യമാണ്. അതിനാൽ സാധകനെ ബാഹ്യലോകത്തിന്‍റെ അടിമത്വത്തിൽ നിന്ന് മുക്തനാക്കുന്നതിലാണ് മിക്ക ശൈഖുമാരും ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക.
സൃഷ്ടിയുടെ ലോകത്തിന്‍റെ സൂക്ഷ്മകേന്ദ്രങ്ങൾ ആയ നഫ്സ് (1), മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്ന മറ്റു നാല് സ്ഥൂല ഘടകങ്ങൾ ആയ വായു, അഗ്നി, വെള്ളം, ഭൂമി (4) എന്നിവയുടെ ശുദ്ധീകരണത്തിന് അവർ മുൻഗണന നൽകുന്നു. കഠിനമായ ആത്മീയ പരിശീലനങ്ങളിലൂടെയുള്ള ഈ യാത്ര പൂർത്തീകരിക്കുന്നതിന് ഏറെ സമയമെടുക്കും. ഈ പാത പിന്തുടരുന്ന ദീർഘമായ കാലയളവിനിടെ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ ആ സാധകന് തന്‍റെ ലക്ഷ്യത്തിലെത്താൻ കഴിയില്ല.
ഹസ്രത്ത് ഖ്വാജാ ബഹാവുദ്ദീൻ നഖ്ഷബന്ദ്(റഅ) ഈ പരിശീലനത്തിൽ സംഭവിക്കാവുന്ന അപകടസാധ്യതയെക്കുറിച്ച് ബോധവാനായിരുന്നു. അന്ത്യപ്രവാചകന്‍റെ കാലഘട്ടത്തിൽ നിന്നുള്ള ദൈർഘ്യം വർധിക്കുന്തോറും ആത്മീയപാതയിലൂടെ സഞ്ചരിക്കാനുള്ള ആത്മാന്വേഷകരുടെ ശേഷി ദുർബലമാകുന്നതായി അദ്ദേഹത്തിന് തോന്നി. പണ്ടത്തെ ആത്മീയാന്വേഷകർക്ക് ഉണ്ടായിരുന്ന കറയറ്റ സമർപ്പണവും അഭിനിവേശവും ധൈര്യവും ഇന്ന് കാണാനില്ല. ഇത് കണക്കിലെടുത്ത് ഹസ്രത്ത് ഖ്വാജാ ബഹാഉദ്ദീൻ നഖ്ഷ്ബന്ദ് (റഅ) ദൈവത്തിന്‍റെ സഹായത്തോടെ അതുവരെ അനുവർത്തിച്ചിരുന്ന രീതികൾക്ക് വിപരീതമെങ്കിലും ഹ്രസ്വവും എളുപ്പവുമായ മറ്റൊരു രീതി കണ്ടെത്തി.
സാധകൻ ആദ്യം തന്നെ ഹൃദയത്തിന്‍റെ ശുദ്ധീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, തുടർന്ന് ദൈവകൽപ്പനയുടെ ലോകത്തെ മറ്റ് നാല് സൂക്ഷ്മ ബോധകേന്ദ്രങ്ങളെയും സചേതനമാക്കുക. ഇതിനു ശേഷം മാത്രം സൃഷ്ടിയുടെ ലോകത്തിന്‍റെ സൂക്ഷ്മകേന്ദ്രങ്ങളെ ഉണർത്താൻ തുടങ്ങുക എന്നതാണ് ഈ മാർഗം. ഇത് കൊണ്ടാണ് ഈ പരിശീലനരീതിയെ താത്വികമായി “മറ്റുള്ളവർ എവിടെ അവസാനിപ്പിക്കുന്നുവോ അവിടെ നമ്മൾ ആരംഭം കുറിക്കുന്നു” എന്ന് പറയപ്പെടുന്നത്. അന്തിമലക്ഷ്യത്തിന്‍റെ പൂർണമായ യാഥാർഥ്യം അവസാനമേ മനസ്സിലാകൂ എന്നിരുന്നാലും, ഈ രീതി കൊണ്ട് യാത്രയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അന്തിമ ലക്ഷ്യസ്ഥാനത്തിന്‍റെ രുചി അല്പം അനുഭവിക്കാൻ സാധകന് സാധിക്കും. ഹസ്രത്ത് ഖ്വാജ ബഹാഉദ്ദീൻ നഖ്ഷബന്ദ്(റഅ) പറഞ്ഞു “ഈ രീതി വേഗം കൂടിയതും എന്നാൽ കഠിനനിഷ്ഠയോ വലിയ ബുദ്ധിമുട്ടുകളോ ഇല്ലാത്തതും ആണ്. അതോടൊപ്പം സഞ്ചാര പാതയുടെ ഹ്രസ്വമെങ്കിലും പൂർണമായ ഒരു പരിശോധന നടത്താനും അന്വേഷകർക്ക് ഇത് വഴി സാധിക്കും”. ഈ രീതിയിൽ, അവശേഷിക്കുന്ന പാതയുടെ വിശദാംശങ്ങൾ പിന്നത്തേക്കു നീക്കി കൊണ്ട് അന്തിമ ലക്ഷ്യസ്ഥാനത്ത് കഴിയുന്നത്ര വേഗം എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുവാൻ സാധിക്കും.
മാർഗദർശനത്തിന്‍റെ ചക്രവാളത്തിൽ ഹസ്രത്ത് ശൈഖ് അഹ്മദ് ഫാറൂഖി സിർഹിന്ദി(റഅ) ഒരു സൂര്യനെപ്പോലെയാണ് പ്രത്യക്ഷപ്പെട്ടത്. മഹോന്നതിയിലെത്താനുള്ള ഈ പാത ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്ന ഒന്നാക്കി അദ്ദേഹം മാറ്റി. ഈ പാതയെ അതിന്‍റെ പാരമ്യത്തിലെത്തിച്ചത് വഴി അദ്ദേഹം ലോകത്തെ തന്നെ പ്രകാശമാനമാക്കി. ‘ദൈവകൽപ്പനയുടെ ലോക’ത്തിന്‍റെ വിശദാംശങ്ങൾ അദ്ദേഹം വിവരിക്കുകയും അതേക്കുറിച്ച അധ്യാപനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു. ഹസ്രത്ത് ഷെയ്ഖ് അഹ്മദ് ഫാറൂഖി സിർഹിന്ദി(റ) പറഞ്ഞു, “ആത്മാന്വേഷകർ പ്രപഞ്ചനാഥന്‍റെ നാമങ്ങളിലും ഗുണവിശേഷങ്ങളിലും മുഴുകിപ്പോയാൽ ദൈവത്തിലേക്കുള്ള അവരുടെ പാത തടസ്സപ്പെടുകയാണ് ചെയ്യുക. കാരണം ദൈവത്തിന്‍റെ നാമങ്ങൾക്കും ഗുണവിശേഷങ്ങൾക്കും അവസാനമില്ല. ആ രീതി പരിശീലിച്ചാൽ വിശദമായ യാത്ര പൂർത്തിയാക്കുന്ന സാധകർക്ക് മാത്രമേ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ.
മനുഷ്യരോട് സ്‌നേഹത്തോടെ പെരുമാറണമെന്നും അവർക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങൾ എളുപ്പമാക്കണമെന്നുമുള്ള പ്രവാചക വചനത്തിന്‍റെ അടിസ്ഥാനത്തിൽ, ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ) മുജദ്ദിദി സമ്പ്രദായങ്ങളിൽ നിർണായകമായ മാറ്റങ്ങൾ വരുത്തി. ഹസ്രത്ത് സയ്യിദ് അബ്ദുൾ ബാരി ഷാ (റഅ) തന്‍റെ കാലത്തെ ആത്മീയതയുടെ അച്ചുതണ്ടായിരുന്നു. മതത്തിന്‍റെ നവോത്ഥാനനായകൻ എന്ന നിലയിൽ (മുജദ്ദിദ്) “മറ്റുള്ളവരുടെ അന്തിമലക്ഷ്യം എവിടെ അവസാനിക്കുന്നുവോ അവിടെയാണ് നമ്മുടെ തുടക്കം” എന്ന തത്വം മറ്റ് സൂഫി പരമ്പരകളുടെ സ്ഥാപകരുടെ സമ്മതത്തോടെ, അവയിലേക്ക് കൂടി പരിചയപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മറ്റു സൂഫി പാരമ്പര്യങ്ങളിലെ ചില ശൈഖുമാർ ഈ തത്ത്വം അവരുടെ സ്വന്തം പരമ്പരയിലും അവതരിപ്പിക്കാൻ ആഗ്രഹിച്ചുവെങ്കിലും മാറ്റങ്ങൾ വരുത്താൻ സാധിച്ചില്ല. മുജദ്ദിദിന്‍റെ ഗുണങ്ങളും ആത്മീയനിലയും അത്ഭുതങ്ങളും കൊണ്ട് പുതുവഴികൾ തുറക്കാൻ ദൈവം സഹായിക്കുന്നു. സൂഫി പരിശീലനത്തിന്‍റേയും വിദ്യാഭ്യാസത്തിന്‍റേയും നവോത്ഥാനചരിത്രത്തിലെ പ്രധാന നേട്ടമായിരുന്നു ഇത് എന്നതിൽ സംശയമേതുമില്ല