പ്രവാചകൻ (സ) ആദ്യമായി ഖുർആൻ വെളിപ്പെടുത്തിയ സമയത്ത് ജിബ്‌രീൽ മാലാഖ (സഅ) മൂന്ന് പ്രാവശ്യം അദ്ദേഹത്തെ ആലിംഗനം ചെയ്തതിനെ ആത്മീയശക്തിയുടെ സംക്രമണം അഥവാ കൈമാറ്റം ആയി പല പണ്ഡിതന്മാരും കണക്കാക്കിയിരിക്കുന്നു.
ഉത്ഭവം
ജിബ്‌രീൽ (അ.സ) പ്രപഞ്ചനാഥനിൽ നിന്ന് കൊണ്ടുവന്ന ജ്ഞാനം പ്രവാചകനിലേക്കുള്ള സംപ്രേക്ഷണത്തിലൂടെയാണ് ആരംഭിച്ചതെന്ന് വ്യക്തമാണ്. നബി(സ) ഹിറാ ഗുഹയിലായിരുന്നപ്പോൾ ജിബ്‌രീൽ(അ) വന്ന് അദ്ദേഹത്തോട് ‘വായിക്കുക’ എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു, “എനിക്ക് വായന അറിയില്ല.” തുടർന്ന് ജിബ്‌രീൽ (അ) അദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തുകൊണ്ട് തന്നോട് അമർത്തി, എന്നിട്ട് “വായിക്കുക” എന്ന് വീണ്ടും കൽപിച്ചു. “എനിക്ക് കഴിയില്ല” എന്ന് മുഹമ്മദ് നബി (സഅ) വീണ്ടും മറുപടി പറഞ്ഞു. മൂന്നാമതും ജിബ്‌രീൽ (അ) നബി (സ)യെ അമർത്തിപിടിച്ചു കൊണ്ട് പറഞ്ഞു: “വായിക്കുക.” അപ്പോൾ നബി(സ) അല്ലാഹുവിന്‍റെ സന്ദേശം പാരായണം ചെയ്തു.
“വായിക്കുക, സൃഷ്ടിച്ച നിന്‍റെ നാഥന്‍റെ നാമത്തിൽ. കേവലമായ ഒരു ഭ്രൂണത്തിൽ നിന്നാണ് അവൻ മനുഷ്യനെ സൃഷ്ടിച്ചത്. അവന്‍റെ നാമത്തിൽ വായിക്കുക. നിങ്ങളുടെ രക്ഷിതാവ് ഏറ്റവും ഉദാരനാണ്. അവൻ പേനകൊണ്ട് മനുഷ്യർക്ക് അറിയാത്തത് പഠിപ്പിച്ചു.” (ഖുർആൻ 96:1-5)
അക്ഷരാഭ്യാസമില്ലാത്ത മുഹമ്മദ് നബി (സ) ഖുർആൻ പാരായണം ചെയ്ത സംഭവം മുഹമ്മദ് നബിയിലേക്കുള്ള ഒരു ശക്തി പ്രസാരണത്തിന്‍റെ ഫലമായിരുന്നു എന്നതിൽ സംശയമില്ല. ഹസ്രത്ത് ഉബയ്യ് ബിൻ കഅബ് (റ) ഒരു സംഭവം വിവരിക്കുന്നു.
ഉദാഹരണങ്ങൾ
ഒരു ഹദീസ് അനുസരിച്ച്, ഒരു ദിവസം നബി(സ) ഹസ്രത്ത് ഉമർ (റ) യുടെ കൈയിൽ പിടിച്ചിരിക്കുകയായിരുന്നു. ഉമർ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! എന്നെ ഒഴികെ മറ്റെല്ലാറ്റിനേക്കാളും താങ്കൾ എനിക്ക് പ്രിയപ്പെട്ടവനാണ്. പ്രവാചകൻ (സ) പറഞ്ഞു: “ഇല്ല, എന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണെ സത്യം, ഞാൻ നിങ്ങളെക്കാൾ നിങ്ങൾക്ക് പ്രിയങ്കരനാകുന്നത് വരെ നിങ്ങൾക്ക് പൂർണ്ണമായ ദൈവവിശ്വാസം ഉണ്ടായിരിക്കുകയില്ല.” അപ്പോൾ ഹസ്രത്ത് ഉമർ(റ) അദ്ദേഹത്തോട് പറഞ്ഞു: “ഇപ്പോൾ ഈശ്വരൻ സാക്ഷിയായി എനിക്ക് എന്നേക്കാൾ താങ്കൾ പ്രിയപ്പെട്ടവനാണ്.” പ്രവാചകൻ (സ) പറഞ്ഞു: “ഉമർ, ഇപ്പോൾ താങ്കൾ ഒരു സത്യവിശ്വാസിയായിരിക്കുന്നു”.
“ഞാൻ പള്ളിയിലിരിക്കുമ്പോൾ ഒരാൾ അകത്തേക്ക് വന്ന് പ്രാർത്ഥിക്കാൻ തുടങ്ങി. എനിക്ക് തെറ്റായി തോന്നുന്ന രീതിയിൽ അദ്ദേഹം വിശുദ്ധ ഖുർആൻ പാരായണം ചെയ്തു. അപ്പോൾ മറ്റൊരാൾ വന്ന് മറ്റൊരു രീതിയിലും ഖുർആൻ പാരായണം ചെയ്തു. ഞാൻ നബി(സ)യുടെ അടുത്ത് ചെന്ന് അവർ രണ്ടും എങ്ങനെയാണ് ഖുർആൻ പാരായണം ചെയ്തതെന്ന് പറഞ്ഞു. പ്രവാചകൻ(സ) രണ്ടുപേരോടും വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ ആവശ്യപ്പെടുകയും അവർ അത് അനുസരിക്കുകയും ചെയ്തു. രണ്ടു രീതിയും ശരിയാണെന്ന് അപ്പോൾ നബി(സ) പറഞ്ഞു. അത് കേട്ടപ്പോൾ ഇസ്ലാമിലേക്ക് വരും മുൻപുള്ള അജ്ഞതയുടെ കാലഘട്ടത്തേക്കാൾ ദുഷിച്ച സംശയത്താൽ എന്‍റെ ഹൃദയം നിറഞ്ഞു. എന്‍റെ അവസ്ഥ മനസ്സിലാക്കിയ നബി(സ) അദ്ദേഹത്തിന്‍റെ കൈകൊണ്ട് എന്‍റെ നെഞ്ചിൽ അടിച്ചു. ഞാൻ കലശലായി വിയർക്കാൻ തുടങ്ങി. അതോടെ ഞാൻ ദൈവത്തെ കാണുന്നതായി എനിക്ക് തോന്നും വിധത്തിൽ എന്നിൽ ഭയഭക്തി വന്നു നിറഞ്ഞു.”
ലക്ഷ്യം
ഈ ഉദാഹരണങ്ങൾ കൂടാതെ, ആത്‌മീയ സംപ്രേക്ഷണത്തിന്‍റെ തെളിവായി ഉദ്ധരിക്കാവുന്ന മറ്റ് നിരവധി സംഭവങ്ങളുമുണ്ട്. അതേസമയം, ആത്മീയശക്തിയുടെ കൈമാറ്റവും ആത്മീയമായ ആകർഷണവും പ്രഭാവത്തിന്‍റെ യഥാർത്ഥ ഉറവിടമല്ല. ദൈവം മുഹമ്മദ്(സ)യോട് പറഞ്ഞു.
“നിങ്ങൾ ഇഷ്ടപ്പെടുന്നവരെ നിങ്ങൾ നേർവഴിയിലാക്കുന്നില്ല, എന്നാൽ അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു.” (ഖുർആൻ 28:56)
ഈശ്വരകൃപയില്ലാതെ ആത്യന്തികമായ ലക്ഷ്യത്തിലെത്തുക സാധ്യമല്ല. എന്ന് മാത്രമല്ല പ്രവാചകചര്യ പിൻപറ്റൽ, സൂഫി വര്യൻമാരുടെയും ശൈഖുകളുടെയും അവരുടെ പ്രതിനിധികളുടെയും മാർഗനിർദ്ദേശങ്ങൾ, അവരുടെ ശ്രദ്ധ, സഹവാസം, അവരുടെ വാക്കുകളും പ്രവർത്തനങ്ങളും പിൻപറ്റൽ എന്നിവയിലൂടെയല്ലാതെ അസംഭവ്യവുമല്ല.