ഹസ്രത്ത് ഹാഫിസ് ഹമീദ് ഹസൻ(റ.അ) 1871-72 ൽ അസംഗഢിലാണ് ജനിച്ചത്. ചിഷ്തി പരമ്പരയിലെ ശൈഖ് ആയ മൗലാന നിജാബത്ത് അലി ഷാ(റ)യുടെശിഷ്യനായ മിയാൻ കരീം ബക്ഷ്(റ) ആയിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. മാതാവും അങ്ങേയറ്റം ആത്മീയചൈതന്യമുള്ള സ്ത്രീയും മൌലാന നിജാബത് അലി ഷായുടെ ശിഷ്യയും (മുരീദ) ആയിരുന്നു. പിതാവ് മിയാൻ കരീം ബക്ഷ് (റ) ഒടുവിൽ ശൈഖും സൂഫി അധ്യാപകനുമായിത്തീർന്നു.
മിയാൻ കരീം ബക്ഷ്(റ) തന്‍റെ മകനെ ചെറുപ്പത്തിൽത്തന്നെ ശൈഖ് നിജാബത്ത് അലിക്ക് (റ) പരിചയപ്പെടുത്തി. ശൈഖ് അവന്‍റെ ആന്തരികമായ കഴിവുകൾ അളന്നു മനസ്സിലാക്കിയ പോലെ, അനുചിതമായ പരിശീലനം അവന്‍റെ ആത്മീയമായ കഴിവുകൾക്ക് മങ്ങൽ ഏല്പിക്കാതിരിക്കുവാൻ, കുട്ടിയെ ഔപചാരിക വിദ്യാഭ്യാസത്തിനു അയക്കരുതെന്ന് പിതാവ് മിയാൻ കരീം ബക്ഷി(റ) നോട് നിർദ്ദേശിക്കുകയും ചെയ്തു.
ഉപദേശം അനുസരിച്ച് മിയാൻ കരീം ബക്ഷ്(റ) ഖുറാൻ പഠിക്കുന്നതിലും അറബിയിലും മകന്‍റെ വിദ്യാഭ്യാസം ഉറപ്പ് വരുത്തി. അങ്ങനെ അവൻ ഒരു ഹാഫിസ് (വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ആൾ) ആയിത്തീർന്നു.
അധ്യാപകനുമായുള്ള ബന്ധം
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ) മിയാൻ കരീം ബക്ഷി(റ)ന്‍റെ ശിഷ്യനായിരുന്നു. മിയാൻ കരീം ബക്ഷ്(റ) ഒരിക്കൽ ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷായെ(റ) തന്‍റെ വീട്ടിലേക്ക് കൊണ്ടുവന്ന് മകന് അദ്ദേഹത്തെ പരിചയപ്പെടുത്തി. അൽകെമിസ്റ്റ് തത്ത്വചിന്തകന്‍റെ കല്ലിനെ കണ്ട് മുട്ടുന്നത് പോലെയായിരുന്നു ഇരുവരും തമ്മിലുള്ള ഈ കൂടിക്കാഴ്ച. ഹസ്രത്ത് ഹമീദ് ഹസൻ(റ) ഹസ്രത്ത് അബ്ദുൽ ബാരി ഷായുടെ(റ.) അർപ്പണ ബോധമുള്ള ഒരു ശിഷ്യനായിത്തീർന്നു.
1901ൽ ഹസ്രത്ത് ഹാമിദ് ഹസൻ(റ.) ബർമ്മയിലായിരിക്കെ, ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ.) ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചു. അതിവേഗം തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം എത്തുമ്പോഴേക്കും മഹാനായ ഷെയ്ഖ് അന്തരിച്ചിരുന്നു. ഗുരുവിന്‍റെ നിയുക്ത പിൻഗാമി താനാണെന്ന് ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ.)യുടെ ഭാര്യ അദ്ദേഹത്തെ അറിയിച്ചു. ഹസ്രത്ത് ഹാമിദ് ഹസൻ(റ) അങ്ങേയറ്റം ആശയക്കുഴപ്പത്തിലാവുകയും ബ്രഹത്തായ ഈ ഉത്തരവാദിത്തം നിറവേറ്റാൻ താൻ യോഗ്യനാണോ എന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിനെ താനും ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ “ഞാൻ അവനു വേണ്ടി ഉണ്ടാകും” എന്ന് അദ്ദേഹം മറുപടി നൽകി അവർ പറഞ്ഞത് കേട്ടപ്പോൾ ഹസ്രത്ത് ഹസൻ റഹ്മതുല്ലാഹി അലൈഹിയുടെ വിശ്വാസം വർധിച്ചു തന്‍റെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം സ്വയം സമർപിതനായി.
ആസൂത്രണവും അച്ചടക്കവും
അച്ചടക്കത്തിന്‍റേയും ആത്മനിയന്ത്രണത്തിന്‍റേയും ഉദാത്ത മാതൃകയായിരുന്നു ഹസ്രത്ത് ഹാമിദ് ഹസ(റ.അ.)ന്‍റെ ജീവിതശൈലി. സദാ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും തന്‍റെ സമയം ചെലവഴിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
രാപകൽ തന്‍റെ ലൗകികവും ആത്മീയവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് ഓരോ നിമിഷവും അദ്ദേഹം സസൂക്ഷ്മം സന്തുലിതമാക്കി. എല്ലാ ആധുനിക സൂഫി വിദ്യാർത്ഥികളുടെയും ജീവിതത്തിൽ ഇന്നും ഇതൊരു സുപ്രധാന ലക്ഷ്യമാണ്.
മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഒരു മണിക്കൂർ അദ്ദേഹം ധ്യാനത്തിൽ ഇരിക്കും. തുടർന്ന് ഇഷാ നമസ്കാരം. അതെത്തുടർന്ന് ഒന്നര മണിക്കൂർ നേരത്തോളം ദുരൂദ് ഷെരീഫ് പാരായണം. അത്താഴം കഴിച്ച ശേഷം തന്‍റെ വിദ്യാർത്ഥികൾക്ക് വേണ്ടി മതപരമായ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള പ്രഭാഷണം. അതിനു ശേഷവും കുറച്ചു നേരം അദ്ദേഹം വിദ്യാർത്ഥികളെ കൂടെ നിർത്തും, രാത്രി പതിനൊന്ന് മണിക്ക് “ഇപ്പോൾ പോയി ഉറങ്ങൂ, എന്നിട്ട് മൂന്ന് മണിക്ക് എഴുന്നേൽക്കൂ” എന്ന് പറഞ്ഞയക്കും. അവർ വരുന്നതിനു മുൻപ് തന്നെ അദ്ദേഹം എഴുന്നേറ്റു തഹജ്ജുദ് നമസ്കാരത്തിനും ദിക്റിനും വേണ്ടി പള്ളിയിൽ പോയിരിക്കും. മിക്ക രാത്രികളിലും അദ്ദേഹത്തിന്‍റെ ദിനചര്യ ഇങ്ങനെയായിരുന്നു. ചിലപ്പോൾ അദ്ദേഹം ഇഷാ നമസ്‌കാരത്തിന് ശേഷം രാത്രി മുഴുവൻ ധ്യാനത്തിലിരിക്കുകയും നേരം പുലരുന്നതുവരെ തന്‍റെ ആത്മീയ ചര്യയുടെ പരിശീലനങ്ങൾ തുടരുകയും ചെയ്യുമായിരുന്നു.
സദാസമയം നവോന്മേഷത്തോടെ കാണപ്പെടുകയും രാവിലെ കുറച്ചു നേരം വിശ്രമിച്ച ശേഷം തന്‍റെ കൃഷിപ്പണികളുടെ മേൽനോട്ടം വഹിക്കുന്ന ജോലികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. കൃഷിസ്ഥലത്തേക്ക് പോകുമ്പോൾ വിദ്യാർത്ഥികളും അദ്ദേഹത്തെ അനുഗമിക്കും. അപ്പോഴും അധ്യാപനം തുടരും. ഉച്ചഭക്ഷണം, ദുഹ്‌ർ നമസ്കാരം, ധ്യാനം, ഖുർആൻ പാരായണം, തവജ്ജുഹ് എന്നിവയ്ക്കായി അദ്ദേഹം ഉച്ചതിരിഞ്ഞ് ഇടവേള എടുക്കും. പിന്നെ അൽപ്പനേരത്തെ മയക്കത്തിന് ശേഷം വീണ്ടും പാടത്തേക്ക് മടങ്ങും.
ജൂൺ മുതൽ ജനുവരി വരെ ശൈഖ് ഹാമിദ് ഹസൻ(റ) തന്‍റെ കൃഷിവേലകൾ കൈകാര്യം ചെയ്തുകൊണ്ട് വീട്ടിൽ തന്നെയുണ്ടാകും. വിളവെടുപ്പും വരാനിരിക്കുന്ന സീസണിലേക്കുള്ള വിത്ത് വിതയ്ക്കലും പൂർത്തിയാക്കിയാൽ, ഭൂമിയുടെ നടത്തിപ്പ് തന്റെ മക്കളെ ഏൽപ്പിക്കുകയും സൂഫി പരമ്പരയുടെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി തന്‍റെ വാർഷിക യാത്രയ്ക്ക് പുറപ്പെടുകയും ചെയ്യും. വർഷത്തിൽ മൂന്ന് മാസമെങ്കിലും അദ്ദേഹം ഇതിനായി നീക്കിവെക്കുമായിരുന്നു.
തന്‍റെ ഈ പദ്ധതി നടപ്പാക്കുന്നതിൽ അദ്ദേഹം എല്ലാ വർഷവും സ്ഥിരത പുലർത്തിയിരുന്നു. ഇതേ രൂപത്തിൽ പ്രതിബദ്ധതയുള്ളവരായിരിക്കാൻ തന്റെ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തു. “വൃക്ഷത്തെ അതിന്‍റെ ഫലം കൊണ്ട് തിരിച്ചറിയണം” എന്ന് പറഞ്ഞുകൊണ്ട് തന്‍റെ അധ്യാപക ഗുരുവായ ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷായുടെ (റ) മാതൃക പിന്തുടരാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷായുടെ (റ) ആലങ്കാരിക ഫലമായ വിദ്യാർത്ഥികൾ ഈ സൂഫിക്രമത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ ഒരാളായി തുടരുന്ന ഹസ്രത്തിനെ(റ) പോലെ സ്വയം രൂപപ്പെടുത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു.
ആത്മീയ ശക്തിയുടെ കൈമാറ്റം
ഒരിക്കൽ ഹസ്രത്ത് ഹമീദ് ഹസൻ(റ) തന്‍റെ പ്രധാന ശിഷ്യനും പിൻഗാമിയുമായ ഹസ്രത്ത് മുഹമ്മദ് സൈദ് ഖാനെ(റ) സൂഫി ക്രമത്തിന്‍റെ പ്രചാരണത്തിനായി അയച്ചു. എന്നാൽ എന്തുകൊണ്ടോ ആശയക്കുഴപ്പത്തിലായ അവസ്ഥയിൽ ശിഷ്യൻ ഉടൻ മടങ്ങിവന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഹസ്രത്ത് ഹമീദ് ഹസൻ(റ) അന്വേഷിച്ചപ്പോൾ ഹസ്രത്ത് സഈദ് ഖാൻ (റ) ഒരു വിശദീകരണവും നൽകിയില്ല. ആ സമയത്തു അദ്ദേഹത്തെ കർശനമായി പറഞ്ഞയച്ചു. എന്നാൽ പിന്നീട് ശിഷ്യനെ തിരികെ വിളിക്കുകയും, ശൈഖിന്‍റെ കണ്ണുകളിൽ നിന്ന് ഉജ്ജ്വലമായ പ്രകാശ തരംഗങ്ങൾ പുറപ്പെടുന്ന തരത്തിൽ ഹസ്രത്ത് ഹാമിദ് ഹസൻ(റ) തന്‍റെ ആത്മീയശക്തിയെ ശിഷ്യനിലേക്ക് തീവ്രമായി സന്നിവേശിപ്പിക്കുകയും ചെയ്തു. ഹസ്രത്ത് മുഹമ്മദ് സെയ്ദ് ഖാന്‍(റ) ആത്മീയ പാതയിൽ വന്ന ആന്തരിക തടസ്സങ്ങളെ പുറത്താക്കുന്നതിനായിരുന്നു ഇത്. ഹസ്രത്ത് ഹാമിദ് ഹസൻ(റ) ആത്മീയശക്തിയുടെ പ്രസാരണത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. ഹൃദയത്തിലെ ഇരുട്ടിന്‍റെ മൂടുപടം നീക്കുന്നതിന് ഇത് വളരെ ആവശ്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു.
ദത്തെടുക്കൽ
ശൈഖ് ഹാമിദ് ഹസൻ(റ) ഒരു സ്വപ്നം കണ്ടു. അന്തരിച്ച ഒരു മനുഷ്യന്‍റെ ഹൃദയത്തിൽ നിന്നും വെളിച്ചം വരുന്നതാണ് സ്വപ്നത്തിൽ ദർശിച്ചത്. ഹൃദയത്തിൽ അത്തരമൊരു പ്രകാശം ജ്വാലിക്കാൻ ആ വ്യക്തി തന്‍റെ ജീവിതകാലത്ത് എന്താണ് ചെയ്തതെന്ന് അറിയാൻ ശൈഖിനു ആകാംക്ഷയുണ്ടായി. ഒരു അനാഥബാലനെ ആ വ്യക്തി ദത്തെടുത്ത് സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തിയിരുന്നതായി അദ്ദേഹം കണ്ടെത്തി.
എല്ലാ പുണ്യ പ്രവൃത്തികൾക്കും അതിനൊത്ത അനുഗ്രഹങ്ങൾ കൈവരുമെന്ന് ശൈഖ് മനസ്സിലാക്കി. സ്വന്തം മക്കൾ ഉണ്ടായിട്ടും ഒരു അനാഥ ബാലനെ ദത്തെടുത്ത് വളർത്താൻ അദ്ദേഹവും തീരുമാനിച്ചു.
ജോലിയോടും സേവനത്തോടുമുള്ള സമീപനം
ശൈഖ് ആയതിന്‍റെ പേരിൽ ലഭിക്കുന്ന പ്രത്യേക പരിഗണനകളിൽ നിന്ന് ഹസ്രത്ത് ഹാമിദ് ഹസൻ(റ) പിന്മാറി നടന്നു. അദ്ദേഹം തന്‍റെ വിദ്യാർത്ഥികളെ സമഭാവനയോടും ബഹുമാനത്തോടും കൂടി പരിഗണിച്ചു. ഒരിക്കൽ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ തന്‍റെ അനുചരൻന്മാരോടൊപ്പം ട്രെയിനിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തെ കൊണ്ടുപോകാൻ ആതിഥേയൻ വാഹനസൗകര്യം ഏർപ്പെടുത്തിയതായി അറിയിച്ചു. കൂടെയുള്ള എല്ലാവർക്കും വാഹനത്തിൽ മതിയായ ഇടമില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം അത് വേണ്ടെന്ന് മാന്യമായി പറഞ്ഞു കൊണ്ട് കൂട്ടാളികളുമൊത്ത് കാൽനടയായി വരാമെന്ന് ആതിഥേയനെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടെയുള്ളവരോടുള്ള ബഹുമാനാർത്ഥം മെയ് മാസത്തിലെ കൊടും ചൂടിനെ അവഗണിച്ചു അദ്ദേഹം മൈലുകൾ നടന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ വിനയവും വിശാലതയും ഔദാര്യവും അത്രമേൽ മഹത്തരമായിരുന്നു. മടക്കയാത്രയിൽ തന്നോടൊപ്പം വരുന്ന എല്ലാവർക്കും യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കൂടി അദ്ദേഹം ഉറപ്പു വരുത്തി.
തന്‍റെ ഗുരു സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യുടെ ആരാധനാലയത്തോട് ചേർന്ന് ഹസ്രത്ത് ഹാമിദ് ഹസൻ(റ) അല്പം സ്ഥലം വാങ്ങുകയും തീർത്ഥാടകർക്ക് താമസിക്കാൻ അവിടെ ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. നിർമ്മാണത്തിന്‍റെ ഓരോ ഘട്ടവും മേൽനോട്ടം വഹിക്കുന്നതിനായി അദ്ദേഹം ഓരോ ദിവസവും തൊഴിലാളികളുടെ നടുവിൽ ഉണ്ടായിരുന്നു. വിശിഷ്‌ടനായ ഒരു വ്യക്തിയെ അവിടെ കണ്ട ഒരു കാഴ്ചക്കാരൻ അതിൽ അത്ഭുതപ്പെട്ടു, അദ്ദേഹം ആരാണെന്ന് അന്വേഷിച്ചു. ഇത് അസംഗഢിലെ പീർ(വിശുദ്ധമനുഷ്യൻ) ആണെന്ന് അദ്ദേഹത്തിന് മറുപടി കിട്ടി. ആ മനുഷ്യൻ ശൈഖിനോട് സംസാരിക്കാൻ അവസരം കണ്ടെത്തുകയും ‘ഇത്രയും പ്രശസ്തനായ ഒരാൾ ഒരു നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നത്’ എന്തിനാണെന്ന് എന്ന് ചോദിക്കുകയും ചെയ്തു. ഹസ്രത്ത് ഹാമിദ് ഹസൻ (റ പറഞ്ഞു “കഠിനാധ്വാനവും സേവനവും ഒരു ഭാരമല്ല അതൊരു ആദരവാണ്”.
ഭൗതിക ജീവിതം കൊണ്ട് ഒരു കർഷകൻ ആയിരുന്ന അദ്ദേഹം കിഴക്കെ ഇന്ത്യയിൽ സൂഫിസത്തിന്‍റെ വ്യാപനത്തിൽ ഗണ്യമായ സംഭാവനകൾ നൽകി. മഹാന്മാരായ സൂഫികളുടെ പാരമ്പര്യത്തിൽ അദ്ദേഹം ഏറ്റവും വിനയാന്വിതനായി നിലകൊണ്ടു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് ചോദിച്ചാൽ, “എന്നോടൊപ്പം കുറച്ചു ‘തിളക്കമുള്ള മുഖങ്ങൾ’ കൊണ്ടുവരാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും മികച്ച നേട്ടം” എന്ന് അദ്ദേഹം താഴ്മയോടെ പറയുമായിരുന്നു.