ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാറ) മഹാനായ ഒരു വിശുദ്ധനും യഥാർത്ഥത്തിലുള്ള ഒരു പ്രാപഞ്ചികപൗരനും (ഇൻസാൻ-ഇ-കാമിൽ) ആയിരുന്നു. സൂഫി സിദ്ധാന്തത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്‍റെ സംഭാവനയും പ്രാധാന്യവും ലോകമെമ്പാടും കൂടുതൽ കൂടുതൽ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ) എ.ഡി 1859-ൽ ഇന്ത്യയിലെ ബംഗാളിൽ ബൽഗാഡി എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് ദൈവശാസ്ത്രത്തിലും ആത്മീയതയിലും പണ്ഡിതനായിരുന്നു എന്ന് മാത്രമല്ല ഒരു രസവാദ വിദഗ്ധൻ (അതായത് ഒരു പഥാർത്ഥത്തെ മറ്റൊരു പഥാർത്ഥമാക്കുവാനുള്ള കഴിവ്) കൂടി ആയിരുന്നു.
സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യുടെ ആറാം വയസ്സിൽ പിതാവ് മരിച്ചതോടെ കുട്ടിയെ വളർത്തുന്നതിനുള്ള മുഴുവൻ ഉത്തരവാദിത്തവും മാതാവിന് വഹിക്കേണ്ടിവന്നു. ഭർത്താവിന്റെ ഇഷ്ടപ്രകാരം അവർ ബൽഗാഡിയിൽ നിന്ന് കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലേക്ക് താമസം മാറി. ഉപജീവനത്തിനായി അവിടെ അവർ നൂൽ നൂൽക്കുന്ന ജോലി ചെയ്തു. ക്ഷമയുടെയും നന്ദിയുടെയും മാതൃകയായിരുന്നു അവരുടെ ജീവിതം. സയ്യിദ് അബ്ദുൽ ബാരി ഷാ(റ) മാതാവിനോട് അങ്ങേയറ്റം പരിഗണന കാണിക്കുകയും ചെറുപ്രായത്തിൽത്തന്നെ മാതാവിനെ സഹായിക്കുന്നതിന് ചെറിയ ജോലികൾ ചെയ്തുകൊണ്ട് കുടുംബത്തിന്‍റെ വരുമാനത്തിലേക്ക് സംഭാവന ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അല്പകാലത്തിനുശേഷം ഒരു ബന്ധുവിന്‍റെ നിർദ്ദേശപ്രകാരം, ആ കുടുംബം ഹൂഗ്ലിയിൽ നിന്ന് നൽദംഗയിലേക്ക് താമസം മാറ്റി.
സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യുടെ ചെറുപ്പത്തിൽ കുറെ കുട്ടികൾ വന്ന് തേങ്ങ മോഷ്ടിക്കാൻ തങ്ങളെ അനുഗമിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും അവർ നിർബന്ധിച്ചപ്പോൾ അവരോടൊപ്പം പോകാൻ അദ്ദേഹം സമ്മതിച്ചു. മറ്റ് കുട്ടികൾ തേങ്ങ പറിക്കാൻ തുടങ്ങി. ആരെങ്കിലും അടുത്ത് വന്നാൽ അറിയിക്കാൻ തയ്യാറായി അവിടെ കാവൽ നിൽക്കാൻ സയ്യിദ് അബ്ദുൽ ബാരി ഷാ(റ)നോട് അവർ ആവശ്യപ്പെട്ടു. ആ തെങ്ങുകൾ ഒരു ശ്മശാനത്തിനടുത്തായിരുന്നു. മരിച്ചുപോയ ഒരു മനുഷ്യൻ പെട്ടെന്ന് തന്‍റെ അടുത്തേക്ക് നടന്നുവരുന്നതായി സയ്യിദ് അബ്ദുൽ ബാരി ഷാ(റ) കണ്ടു. അദ്ദേഹം പറഞ്ഞു: “നല്ലവനായ കുഞ്ഞേ.. നീ ഈ കാര്യത്തിന് ജനിച്ചതല്ല.” സയ്യിദ് അബ്ദുൽ ബാരി ഷാ(റ) കൂട്ടുകാരെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി.
സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യ്ക്ക് ഔപചാരിക വിദ്യാഭ്യാസം ഒന്നും ലഭിച്ചില്ല. ഒരു സ്കൂളിൽ ചേർത്തുവെങ്കിലും ഇത്തരത്തിലുള്ള വിദ്യാഭ്യാസം ഇഷ്ടപ്പെടാഞ്ഞതിനാൽ അദ്ദേഹം പഠനമുപേക്ഷിച്ചു വിവിധ ജോലികളിൽ ഏർപ്പെട്ടു. അവസാനം റെയിൽവേയിൽ നല്ല ശമ്പളത്തിൽ ഒരു ജോലി കിട്ടി. മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാനും സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കാനും കഴിയുന്ന ഒരു സ്ഥിതി സംജാതമായി.
ഒരു രാത്രി സയ്യിദ് അബ്ദുൽ ബാരി ഷാ(റ) തന്‍റെ പിതാവിനെ സ്വപ്നത്തിൽ കണ്ടു. ജോലിസ്ഥലത്തെ അഴിമതി കാരണം റെയിൽവേയിലെ ജോലി താൻ അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം മകനെ ഉണർത്തി. ആ ജോലിയിൽ നിന്ന് അബ്ദുൾ ബാരി ഷാ(റ) അപ്പോൾ ത്തന്നെ ഹൃദയം കൊണ്ട് അകലുകയും രാവിലെ എഴുന്നേറ്റപ്പോൾ രാജിവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത്തരമൊരു ജോലി വീണ്ടും ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹത്തിന്റെ അറബി അധ്യാപകനും ചില സുഹൃത്തുക്കളും രാജിയിൽ നിന്ന് തടയാൻ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. അദ്ദേഹം റെയിൽവേയിലെ ജോലി ഉപേക്ഷിച്ചു.
താമസിയാതെ അദ്ദേഹത്തിന് അതിസാരം പിടിപെട്ടു. അതിജീവിക്കില്ല എന്ന് ആളുകൾ കരുതാൻ മാത്രം രോഗം മൂർച്ഛിച്ചു. അപ്പോഴും തന്‍റെ പിതാവിന്‍റെ സ്വപ്നദർശനം ഉണ്ടായി. മകന് എന്തോ ഒന്ന് കഴിക്കാൻ കൊടുത്തു. അദ്ദേഹം അത് വയറു നിറയെ തിന്നു. രോഗത്തിനു ആശ്വാസവുമായി എഴുന്നേറ്റ അദ്ദേഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും സുഖപ്പെട്ടു. ഇതോടെ സയ്യിദ് അബ്ദുൽ ബാരി ഷാ(റ) തികച്ചും മാറിയ ഒരു വ്യക്തിയായിത്തീരുകയും തന്‍റെ സമയത്തിന്‍റെ ഭൂരിഭാഗവും ആത്മീയകാര്യങ്ങൾക്കായി നീക്കിവയ്ക്കുകയുമായിരുന്നു. ഒപ്പം ഈ പാതയിൽ തന്നെ നയിക്കാൻ കഴിയുന്ന ഒരു ശൈഖിനെ അന്വേഷിക്കുവാനും ആരംഭിച്ചു.
ഹസ്രത്ത് ഹമീദ് ഹസൻ അലവി(റ)യുടെ പിതാവ് ഹസ്രത്ത് കരീം ബക്ഷ് (റ. അ) എന്ന മഹാനായ ചിഷ്തി ശൈഖ് ബൽഗാദിയിലൂടെ കടന്നു പോയെപ്പോളാണ് അദ്ദേഹത്തിന് ആദ്യമായി ദീക്ഷ നൽകിയത്. സയ്യിദ് അബ്ദുൽ ബാരി ഷാ(റ) തന്‍റെ ശൈഖിന്‍റെ നിർദ്ദേശപ്രകാരം പാസ്- അൻഫാസ് (ശ്വാസാവബോധം) അഭ്യസിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ ഹൃദയം (ഖൽബ്) തുറന്നു. ഈ അനുഭവത്തിൽ അദ്ദേഹം വളരെ സന്തുഷ്ടനാകുകയും ഈ പാതയിൽ സ്വയം സമർപ്പിച്ച് മുന്നോട്ടു പോകാൻ കൂടുതൽ ആവേശം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ ശൈഖിനെ വീണ്ടും കണ്ടുമുട്ടാൻ അദ്ദേഹത്തിന് സാധിക്കാഞ്ഞതിൽ അദ്ദേഹം ഖേദിച്ചു .
ഒരു ദിവസം അദ്ദേഹം ദിക്‌റിൽ ഏർപ്പെട്ടിരിക്കുമ്പോൾ, ചിഷ്തി ത്വരീഖയുടെ സ്ഥാപകൻ ഹസ്രത്ത് മൊയ്‌നുദ്ദീൻ ചിശ്തി(റ) പ്രത്യക്ഷപ്പെട്ടു. ഈ സൂഫി പരമ്പരയിൽ തകരാർ ഒന്നുമില്ലെങ്കിലും ഭാവിയിൽ താൻ തന്നെ സയ്യിദ് അബ്ദുൾബാരി ഷായ്ക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്ന്’ അറിയിച്ചു. ഹസ്രത്ത് മൊയ്‌നുദ്ദീൻ ചിശ്തി അപ്പോൾ മുതൽ സയ്യിദ് അബ്ദുൽ ബാരി ഷാ(റ)ക്ക് തവജ്ജുഹ് നൽകികൊണ്ടിരുന്നു. സയ്യിദ് അബ്ദുൽ ബാരി ഷാ (റ) മഹാനായ ഗ്രാന്റ് ശൈഖ് ഹസ്രത്ത് ഹമീദ് ഹസൻ അലവിയോട് ഇതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു,“ഇത് കേവലമൊരു ദർശനത്തിന്‍റെ കാര്യമാണെന്ന് കരുതരുത്. നിങ്ങൾ ഇപ്പോൾ എന്‍റെ മുന്നിൽ ഇരിക്കുന്നത് പോലെ അദ്ദേഹം എന്നോടൊപ്പം ഇരിക്കുമായിരുന്നു.” പാതയിലെ ഓരോ മഖാമുകളിലൂടെ കടന്നു പോകാൻ ഹസ്രത്ത് മൊയ്‌നുദ്ദീൻ ചിഷ്തി അദ്ദേഹത്തെ സഹായിച്ചു. ഹസ്രത്ത് അബ്ദുൽ ബാരി ഷാ പറയുന്നു:
“എനിക്ക് എപ്പോൾ തടസ്സങ്ങൾ നേരിടേണ്ടിവന്നാലും, ആ തടസ്സം മറികടക്കാനുള്ള ശക്തി എന്‍റെ ഉള്ളിൽ ഇല്ലെന്ന് തോന്നിയാലും മൊയ്‌നുദ്ദുൻ ചിശ്തി(റ) തന്‍റെ പ്രത്യേകശക്തി കൊണ്ട് എന്നെ കൈപിടിച്ചു ഉയർത്താറുണ്ടായിരുന്നു.” ഞാൻ ചോദിക്കും: “ഹസ്രത്ത്, ഇതാണോ ഈ യാത്രയുടെ ലക്ഷ്യം?” അദ്ദേഹം എപ്പോഴും മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “ഇല്ല. ലക്ഷ്യം ഇനിയും ഏറെ അകലെയാണ്. ”അവസാനം ഒരു ദിവസം അദ്ദേഹം പറഞ്ഞു: “ഇപ്പോൾ നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി.”
റമദാൻ മാസവും മഴക്കാലവും ഒത്തുവന്ന ഒരു കാലം. സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യുടെ കയ്യിൽ ആകെ ഒരു നാണയം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. രണ്ട് ദിവസം തള്ളി നീക്കാൻ വേണ്ട കുറച്ചു ധാന്യങ്ങൾ ആ പണം കൊണ്ട് അദ്ദേഹം വാങ്ങി. അവസാനം വീട്ടിൽ ഒരു പൈസ പോലും അവശേഷിക്കാത്ത സ്ഥിതിയായി. ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ) ഇങ്ങനെ നിരീക്ഷിച്ചു: “ഞാൻ പരീക്ഷിക്കപ്പെടുന്നതിൽ എനിക്ക് ഭയമുണ്ടായിരുന്നില്ല. പക്ഷേ ഭാര്യയെക്കുറിച്ച് ഞാൻ ആശങ്കാകുലനായിരുന്നു. ബുദ്ധിമുട്ട് സഹിക്കാൻ കഴിയാതെ അവർ അക്ഷമയായേക്കാമെന്നു ഞാൻ ശങ്കിച്ചു”. മഹാത്മാക്കളുടെ സഹവാസം മറ്റ് ആത്മാക്കളുടെയും മഹത്വം വർധിപ്പിക്കുന്നു. പട്ടിണി കിടക്കുന്നതായി അയൽക്കാർ സംശയിക്കാതിരിക്കാൻ അദ്ദേഹത്തിന്‍റെ ഭാര്യ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തിളക്കാൻ വെക്കുമായിരുന്നു.
ഈ അവസ്ഥയിൽ രണ്ടു ദിവസം മുന്നോട്ടു പോയി. ഏതാനും കവിൾ വെള്ളം കൊണ്ട് നോമ്പ് മുറിക്കാൻ മാത്രമേ അവർക്ക് സാധിക്കുന്നുള്ളൂ. അത്തരം സന്ദർഭങ്ങളിൽ മഹാന്മാർക്കു പോലും ക്ഷമ നഷ്ടപ്പെടുകയും ആത്മീയ പാതയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യും. എന്നാൽ ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ) തന്‍റെ സാധനാക്രമങ്ങളിൽ സ്വയം അർപ്പിച്ചു കൊണ്ട് മുഴുകിയിരുന്നു. മരണം ആസന്നമായിരിക്കാമെന്നും അതിനാൽ തന്‍റെ ആത്മീയചര്യയിൽ തന്നാൽ കഴിയുന്നത് ചെയ്യുന്നതാണ് ഉത്തമമെന്നും അദ്ദേഹം കരുതി. വളരെ പഴക്കമുള്ള വീടിന്‍റെ മേൽക്കൂര മഴ പെയ്തതിനാൽ എല്ലാ ഭാഗത്തുനിന്നും ചോർന്നൊലിക്കുന്നു. എന്നിട്ടും, ദിക്ർ ചെയ്യുന്നതിൽ നിന്ന് അദ്ദേഹം പിന്തിരിഞ്ഞതേയില്ലേ. വെള്ളം വീഴാതിരിക്കാൻ ഒരു പാത്രമെടുത്ത് തന്‍റെ തലയിൽ വച്ചു. മഴ തോർന്നപ്പോൾ പാത്രം കാലിയാക്കി വീണ്ടും ധ്യാനം തുടർന്നു.
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ) ഈ ദയനീയാവസ്ഥയിലും തന്‍റെ ചര്യകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ, ഒരുദിവസം ഹസ്രത്ത് അലി(റ)യും ഹസ്രത്ത് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യും തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച്, കൈകളിൽ ഉറയില്ലാത്ത വാളുകളുമായി അവിടെ പ്രത്യക്ഷപ്പെട്ടു. മുമ്പ് പലതവണ ഇരുവരും അദ്ദേഹത്തെ സന്ദർശിച്ചിരുന്നുവെങ്കിലും ഇത്തവണത്തെ സന്ദർശനം പ്രത്യേകതയുള്ളതായിരുന്നു. ഒരാൾ അദ്ദേഹത്തിന്‍റെ വലതുകൈയിലും മറ്റൊരാൾ ഇടതുകൈയിലും പിടിച്ചുകൊണ്ട് ഉയർന്ന ഒരു പ്ലാറ്റ്ഫോമിലേക്ക് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു നിർത്തി. തുടർന്ന് അവർ പറഞ്ഞു: “ഹേ അബ്ദുൽ ബാരി, ഇന്നു മുതൽ നിങ്ങൾ ഒരു വലിയ്യ് ആയിരിക്കും.” (‘വലിയ്യ്’ എന്നാൽ ദൈവത്തിന്‍റെ സുഹൃത്ത് അല്ലെങ്കിൽ വിശുദ്ധൻ).
ഈ അവസ്ഥയിൽ നിന്ന് വെളിയിൽ വന്നു ധ്യാനാവസ്ഥയിൽ തന്നെ ഹസ്രത് ബാരി ഷാ(റ) ഇരിക്കുമ്പോൾ ഒരാൾ അദ്ദേഹത്തിന്‍റെ മുറിയിലേക്ക് വന്ന് പറഞ്ഞു, “ഹസ്രത്ത് സയ്യിദേ, ഈ കുടിലിന്‍റെ മേൽക്കൂര ഉപയോഗശൂന്യമായിരിക്കുന്നല്ലോ. അത് നന്നാക്കാൻ എന്നെ അനുവദിക്കൂ.” മറ്റൊരാൾ വന്ന് അദ്ദേഹത്തിന് രണ്ട് രൂപയും ബഹുമാനസൂചകമായി നൽകി. ചുരുക്കത്തിൽ, പ്രതികൂലസാഹചര്യങ്ങൾ അവസാനിച്ചു.
ഈ സമയത്തിന് ശേഷം തനിക്ക് പട്ടിണി ഉണ്ടെങ്കിൽത്തന്നെ അത് മാസത്തിൽ മൂന്നോ നാലോ ദിവസത്തിൽ കൂടുതലൊന്നും ഉണ്ടായിട്ടില്ലെന്ന് ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ) പറയാറുണ്ടായിരുന്നു. അധ്യാപനം പൂർത്തിയായതോടെ ഹസ്രത്ത് മൊയ്‌നുദ്ദീൻ ചിഷ്തി സയ്യിദ് അബ്ദുൽ ബാരി ഷായെ(റ) തന്‍റെ ഖലീഫ (ഡെപ്യൂട്ടി) ആക്കുകയും ചിഷ്തി പാരമ്പര്യത്തിൽ മറ്റുള്ളവരെ പഠിപ്പിക്കാൻ ഇജാസത്ത് (അനുമതി) നൽകുകയും ചെയ്തു.
കുറച്ച് കാലത്തിന് ശേഷം സയ്യിദ് അബ്ദുൽ ബാരി ഷാ(റ) അക്കാലത്തെ ഏറ്റവും മഹാനായ മുജദ്ദിദി ശൈഖ് ഹസ്രത്ത് മൗലാനാ ഗുലാം സൽമാനി (റ.)യെ കാണാനിടയായി. ലതാഇഫി-അശ്‌റ (ബോധത്തിന്‍റെ പത്ത് സൂക്ഷ്മകേന്ദ്രങ്ങൾ) പൂർത്തിയാക്കിയ ശേഷം സയ്യിദ് അബ്ദുൽ ബാരി ഷാ (റ) ശൈഖ് സൽമാനി(റയോട്) തന്നെ മുരീദാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ശൈഖ് അദ്ദേഹത്തിന്‍റെ ആവശ്യം നിരസിച്ചു. അദ്ദേഹം വളരെ നിരാശനായി. ധ്യാനത്തിലിരിക്കുമ്പോൾ, ശൈഖ് അഹ്മദ് ഫാറൂഖി സിർഹിന്ദി(റ) പ്രത്യക്ഷപ്പെട്ട് സങ്കടത്തിന്‍റെ കാരണം ചോദിച്ചു. കഥ കേട്ട ശേഷം ശൈഖ് അഹ്മദ് ഫാറൂഖി(റ) പറഞ്ഞു: “ഇനി താങ്കൾ ശൈഖ് സൽമാനിയുടെ അടുത്തേക്ക് പോകൂ. ഇത്തവണ അദ്ദേഹം നിങ്ങളെ മുരീദായി സ്വീകരിക്കും.” സയ്യിദ് അബ്ദുൽ ബാരി ഷാ(റ) വീണ്ടും ശൈഖിനെ സന്ദർശിക്കുകയും ശൈഖ് അഹ്മദ് ഫാറൂഖി സിർഹിന്ദി(റ) യുമായുള്ള സംഭാഷണം വിവരിക്കുകയും ചെയ്തു. ഇത് കേട്ടയുടൻ ശൈഖ് സൽമാനി(റ) മുജദ്ദിദി പരമ്പരയിൽ സയ്യിദ് അബ്ദുൽ ബാരി ഷാ(റ) വിന് മാർഗ്ഗനിർദ്ദേശം നൽകി.
ബാഹ്യമായി ഹസ്രത്ത് മൗലാന സൽമാനി(റ) സയ്യിദ് അബ്ദുൽ ബാരി ഷാ(റഅ.)യുടെ ശൈഖായിരുന്നുവെങ്കിലും, ആന്തരികമായി ശൈഖ് അഹ്മദ് ഫാറൂഖി സിർഹിന്ദി(റ. അ) അദ്ദേഹത്തിന് ആത്മീയ മാർഗ്ഗനിർദ്ദേശം നൽകുന്നത് തുടർന്നു. ഉവൈസിയുടെ മാർഗ്ഗത്തിലൂടെ ഹസ്രത്ത് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, ശൈഖ് അബ്ദുൽ ഹസൻ ഷാദിലി, ഹസ്രത്ത് ശൈഖ് ബഹാവുദ്ദീൻ നഖ്ഷബന്ദ് എന്നിവരുൾപ്പെടെയുള്ള മഹത്തായ സൂഫി പരമ്പരകളുടെ സ്ഥാപകരും അദ്ദേഹത്തെ അവരുടെ ഖലീഫ ആക്കുകയും ആ പരമ്പരകളിൽ പഠിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. അതേ രീതിയിൽ, ഹസ്രത്ത് ഉവൈസ് ഖർനിയും അദ്ദേഹത്തിന് തന്‍റെ പരമ്പരയിൽ പഠിപ്പിക്കാൻ അനുമതി നൽകുകയും അദ്ദേഹത്തെ തന്‍റെ ഡെപ്യൂട്ടി ആക്കുകയും ചെയ്തു.
ചുരുക്കത്തിൽ, ചിഷ്തി, ഖാദിരി, മുജദ്ദിദി, നഖ്ഷബന്ദി, ഷാദിലി, ഖർനി എന്നീ സൂഫി സില്സിലകളിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള അനുമതി ഹസ്രത്ത് അബ്ദുൽ ബാരി ഷാ(റ) നേടി. അതേസമയം, അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ വ്യത്യസ്ത ആത്മീയ പദവികൾ നേടുകയും ആത്മീയലോകങ്ങളിലെ ഉയർന്ന സ്ഥാനമാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
കൊൽക്കത്തയിൽ നാൽപ്പത് അബ്ദലുകളിൽ ഉൾപ്പെട്ട ഒരു വൃദ്ധയുണ്ടായിരുന്നു. ഹസ്രത്ത് അബ്ദുൽ ബാരി ഷാ(റ) ഇടയ്ക്കൊക്കെ അവരെ സന്ദർശിക്കും. അവർ മരിച്ചപ്പോൾ, ദിവ്യദർശനം (കഷ്‌ഫ്) വഴി അവരുടെ അബ്ദാൽ എന്ന നിലയിലുള്ള ചുമതലകൾ തുടർന്ന് നിർവഹിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
അക്കാലത്ത് ഖുതുബ് -എ-മദാർ പ്രപഞ്ചത്തിന്‍റെ ധ്രുവം) എന്ന പദവി വഹിച്ചുകൊണ്ട് ശൈഖ് അബുൽ ഹസൻ(റ) മക്കയിൽ താമസിക്കുകയായിരുന്നു. അദ്ദേഹം സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യെ ശ്രദ്ധിക്കുകയും അദ്ദേഹവുമായി ആത്മീയബന്ധം സ്ഥാപിക്കുകയും ചെയ്തു. സയ്യിദ് അബ്ദുൽ ബാരി ഷാ (റ)നെ ദിവ്യാത്മശക്തികളുടെ കൈമാറ്റത്തിനായി ശൈഖ് ദിവസവും കണ്ടുമുട്ടാറുണ്ടായിരുന്നു. ചിലപ്പോൾ അദ്ദേഹം സയ്യിദ് അബ്ദുൽ ബാരി ഷാ(റ. അ.)യുടെ അടുക്കലേക്ക് വരും, അല്ലെങ്കിൽ സയ്യിദ് അബ്ദുൽ ബാരി ഷാ(റ.അ.) കൂടിക്കാഴ്ചയ്ക്കായി മക്കയിലേക്ക് പോകും. മഹാനായ ശൈഖ് ഹസ്രത്ത് ഹാമിദ് ഹസൻ അലവി ഇതേക്കുറിച്ച് കേട്ടപ്പോൾ ആശ്ചര്യപ്പെട്ടു. കാരണം ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ വളരെയേറെ ദൂരമുണ്ടായിരുന്നു. എന്നാൽ ആത്മീയയാത്രയ്ക്ക് സ്ഥലകാലങ്ങൾ ബാധകമല്ലെന്ന് ഹസ്രത്ത് അബ്ദുൽ ബാരി ഷാ(റ) വിശദീകരിച്ചു.
ശൈഖ് അബുൽ ഹസൻ അന്തരിച്ചപ്പോൾ സൂഫി മഹാന്മാരിൽ പലരും ‘ഖുതുബ് -എ-മദാർ’ പദവി ലഭിക്കുന്നതിനായി മക്കയിലെ വിശുദ്ധ കഅബയിൽ വന്നുചേർന്നു. താൻ എല്ലാവരിലും താഴ്ന്നവനാണെന്നും ആ സ്ഥാനത്തിന് യോഗ്യനല്ലെന്നും കരുതി അദ്ദേഹം അവരിൽ ഏറ്റവും പിന്നിലാണ് നിന്നത്. അപ്പോൾ ജിബ്‌രീൽ മാലാഖ രത്‌നങ്ങളുടെയും മുത്തുകളുടെയും ഒരു കിരീടവുമായി സദസ്സിലേക്ക് വരികയും ഹസ്രത്ത് അബ്ദുൽ ബാരി ഷാ(റ)യുടെ പേര് വിളിക്കുകയും ചെയ്തു. അദ്ദേഹം വേഗം ജിബ്‌രീൽ(അ)യുടെ മുമ്പിലേക്ക് വന്നു. തുടർന്ന് ജിബ്‌രീൽ(അ) ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യുടെ തലയിൽ ആ കിരീടം അണിയിച്ചു. വിശുദ്ധ കഅബയെ ചൂണ്ടിക്കൊണ്ട് മാലാഖ പറഞ്ഞു: “ഇന്ന് മുതൽ ഈ ഭവനത്തിന്‍റെ കാര്യസ്ഥൻ നിങ്ങളാണ്.” അതിനുശേഷം ഹസ്രത്ത് അബ്ദുൽ ബാരി ഷാ(റ) ഖുതുബ് -എ-മദാർന്‍റെ ചുമതലകൾ നിറവേറ്റിവന്നു.
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ.അ) തസ്വവ്വുഫിൽ തനിക്ക് ആധികാരികതയുള്ള എല്ലാ പരമ്പരയിൽ സുപ്രധാനമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്‍റെ ശൈഖുമാരിൽ ഒരാളായ ഹസ്രത്ത് ഷെയ്ഖ് അഹ്മദ് ഫാറൂഖി സിർഹിന്ദി(റ) ‘ഇന്ദിരാജ് അൽ-നിഹായത്ത് ഫിൽ-ബിദായ’ എന്ന ടെക്നിക് ഉപയോഗിച്ച്നേരത്തെ നഖ്ഷബന്ദി പരമ്പര പൂർത്തിയാക്കിയിരുന്നു. മറ്റു പരമ്പരകളുടെ സ്ഥാപകരുടെ സമ്മതത്തോടെ ‘ഇന്ദിരാജ് അൽ-നിഹായത്ത് ഫിൽ-ബിദായത്ത്’ രീതി ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ ആ സിൽസിലകളിലും അവതരിപ്പിച്ചു.
ശിഷ്യരെ സൂഫി പാതയിലേക്ക് സ്വീകരിക്കുന്നതിനുള്ള സമ്പ്രദായങ്ങളിലും നിബന്ധനകളിലും സയ്യിദ് അബ്ദുൽ ബാരി ഷാ(റ) മാറ്റങ്ങൾ വരുത്തി. സൂഫി സമ്പ്രദായങ്ങൾ പരിശീലിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഒരു വ്യക്തി മുരീദോ മുരീദയോ ആകണമെന്ന അക്കാലത്തെ നിബന്ധനയിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു. മുരീദോ മുരീദയോ ആകാതെ തന്നെ ആത്മീയയാത്ര ആരംഭിക്കാൻ സാധകരെ അനുവദിച്ചുകൊണ്ട് അദ്ദേഹം ആ പാരമ്പര്യം അവസാനിപ്പിച്ചു. എങ്കിലും പത്ത് ലതാഇഫ് (ബോധത്തിന്‍റെ സൂക്ഷ്മകേന്ദ്രങ്ങൾ) പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾ മുരീദുകളാകാത്തിടത്തോളം പാതയിൽ മുന്നോട്ട് പോകാൻ പ്രയാസമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇപ്പോൾ ഞങ്ങളുടെ സൂഫി പാരമ്പര്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത പരിശീലനക്രമം ഏറ്റെടുക്കുന്നതിന് മുമ്പേ ഒരു മുരീദായി മാറേണ്ടതില്ല എന്നതാണ്. ലതാഇഫ് -അശ്ര (ബോധത്തിന്‍റെ പത്ത് സൂക്ഷ്മകേന്ദ്രങ്ങൾ) പൂർത്തിയാക്കിയശേഷം മാത്രമേ ഒരു വിദ്യാർത്ഥി ഈ നിബന്ധനയ്ക്ക് ബാധ്യസ്ഥനാകൂ. മറ്റ് പല പരമ്പരകളിലും മുരീദായി മാറുക എന്നതാണ് അനുഷ്ടാനങ്ങൾ ആരംഭിക്കുന്നതിനുള്ള ആദ്യ വ്യവസ്ഥ.
ശരീഅത്തും ത്വരിഖത്തും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം കയ്യാളുന്ന മുഹാഫിസെ-ഉലൂം എന്ന സ്ഥാനപ്പേരും ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ) വഹിച്ചിരുന്നു. അതിനാൽ, ശരീഅത്തും ത്വരീഖത്തും തമ്മിലുള്ള എല്ലാത്തരം തെറ്റിദ്ധാരണകളും നീങ്ങി ഈ വിഷയത്തിൽ യോജിപ്പ് നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ (റ) അദ്ദേഹത്തിന്‍റെ കാലത്തെ ഖുതുബ് -എ-മദാർ (പ്രപഞ്ചത്തിന്‍റെ അച്ചുതണ്ട് ) മാത്രമല്ല, ഖുതുബി-ഇർഷാദ് (ആത്മീയ മാർഗനിർദേശത്തിനുള്ള ധ്രുവം) എന്ന പരമോന്നതപദവിയും നേടി. മുൻകാല സൂഫി ഗുരുക്കൻമാരിൽ, ചിലർക്ക് മാത്രമേ ഈ രണ്ട് സ്ഥാനങ്ങളും വഹിക്കാനുള്ള അപൂർവ ഭാഗ്യം ഉണ്ടായിട്ടുള്ളൂ. ഖുതുബ് -എ-മദാർ ഇല്ലാതെ ലോകം നിലനിൽക്കില്ല എന്ന് സൂഫി സിദ്ധാന്തം കരുതുന്നു. ഒരാൾ ഭൗതിക ശരീരം ഉപേക്ഷിക്കുമ്പോൾ മറ്റൊരാൾ അദ്ദേഹത്തിന്‍റെ സ്ഥാനം ഉടനടി ഏറ്റെടുക്കുന്നു. അതേസമയം ഖുതുബ് -എ-ഇർഷാദ് എല്ലാ കാലത്തും ഉണ്ടായിരിക്കണമെന്നില്ല. ഖുതുബ് -എ-ഇർഷാദ് ശരീരം വിട്ടുപോയതിനു ശേഷവും അദ്ദേഹത്തിന്‍റെ ആത്മാവിന് ആ ജോലി തുടരാവുന്നതാണ്.
ഒരു സാലിക്കിന് (ആത്മാന്വേഷി) വിശുദ്ധപദവി നൽകാൻ അധികാരമുള്ള ഖുതുബ് -എ-ഇർഷാദിന്‍റെ പദവി ഹസ്രത്ത് അലി(റ)യും നബി(സ)യുടെ കുടുംബത്തിലെ മറ്റ് ഇമാമുമാരും വഹിച്ചതുപോലെ, ശൈഖ് അബ്ദുൽ ബാരി ഷാ(റ)യ്ക്കും ഈ പദവി ഉണ്ടായിരുന്നു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ കാലശേഷം സയ്യിദ് അബ്ദുൽ ബാരി ഷായുടെ കാലം വരെ ഒരു ശൈഖും ഈ സ്ഥാനം നേടിയിരുന്നില്ല. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ ആത്മാവിനാൽ ആ കർത്തവ്യം തുടർന്നും നിർവഹിക്കപ്പെട്ടു വരികയായിരുന്നു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) ഈ കടമ നിറവേറ്റിയപ്പോൾ ശൈഖ് അഹ്മദ് സിർഹിന്ദി(റ) അദ്ദേഹത്തിന്‍റെ പ്രതിനിധിയായി സ്വയം കണക്കാക്കി. ഈ ഉത്തരവാദിത്തം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) യുടെ ആത്മാവുമായി ബന്ധപ്പെട്ടതാണെന്നും തനിക്ക് അദ്ദേഹത്തിന്‍റെ ഖലീഫ(പ്രതിനിധി) യായി ഈ ഉത്തരവാദിത്തം ലഭിച്ചതാണെന്നും അദ്ദേഹം ഇതെക്കുറിച്ച് എഴുതിയിട്ടുണ്ട്. നേരെമറിച്ച്, സയ്യിദ് അബ്ദുൽ ബാരി ഷാ(റ)ക്ക് ഈ പദവിയുടെ കാര്യത്തിൽ വ്യക്തിപരമായ അധികാരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സയ്യിദ് അബ്ദുൽ ബാരി ഷാ(റ) അന്തരിച്ചിട്ട് നൂറിലധികം വർഷങ്ങൾ കടന്നുപോയെങ്കിലും അദ്ദേഹത്തിന്‍റെ ആത്മാവ് ഇപ്പോഴും ആത്മീയമായ മാർഗനിർദേശങ്ങൾ നൽകുന്നത് നാം കാണുന്നു.
“നിങ്ങൾ എവിടേയും പോകേണ്ട ആവശ്യമില്ല. ഞാൻ അഹംഭാവത്തോടെ പറയുകയാണെന്ന് കരുതരുത്. ഞാൻ നിസ്വാർത്ഥനാണ്, ഈ പറയുന്നതെല്ലാം നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്” ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ) തന്‍റെ വിദ്യാർത്ഥികളോട് ഇങ്ങനെ പറയുമായിരുന്നു. മഹാനായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യുമായി തന്നെ അദ്ദേഹം താരതമ്യം ചെയ്യാറുണ്ടായിരുന്നു. കൈവിരലുകൾ ചേർത്ത് പിടിച്ചുകൊണ്ട് അദ്ദേഹം പറയും “ഞാനും ശൈഖ് അബ്‌ദുൾ ഖാദിർ ജീലാനിയും ഈ രണ്ട് വിരലുകൾ പോലെയാണ്. താൻ എവിടെയാണോ അവിടെ ഞാനും വന്നുചേരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെടും”.
ഒരിക്കൽ യാദൃശ്ചികമായി സയ്യിദ് അബ്ദുൽ ബാരി ഷാ (റ) ഒരു ഖബ്ർ സന്ദർശിക്കാനിടയായി. പരേതനോടുള്ള ബഹുമാനം കൊണ്ട് അൽപ്പനേരം അദ്ദേഹം അവിടെ നിന്നു. ഖബറിലുള്ള ആൾ ഒരു വലിയ്യ് (പുണ്യാത്മാവ്) ആണോ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങി. സയ്യിദ് അബ്ദുൽ ബാരി ഷാ (റ) പറഞ്ഞു “ഇദ്ദേഹം മുമ്പ് ഒരു വലിയ്യ് ആയിരുന്നില്ല, എന്നാൽ ഇപ്പോൾ അങ്ങനെ ആയിരിക്കുന്നു”.
ഹസ്രത്ത് അബ്ദുൽ ബാരി ഷാ(റ) തന്‍റെ വിദ്യാർത്ഥികളോട് തുറന്നു സംസാരിക്കുന്ന, തനിക്ക് പ്രത്യേകമായ പരിഗണനകൾ ഒന്നും ആവശ്യപ്പെടാത്ത ഒരു വ്യക്തിത്വം ആയിരുന്നു. ഗ്രാൻഡ് ഷെയ്ഖിന്‍റെ വീട്ടിൽ താമസിക്കുമ്പോഴൊക്കെ ആരെങ്കിലും അദേഹത്തെക്കുറിച്ച് ചോദിച്ചാൽ, ഒരു അതിഥി അവിടെ താമസിക്കുന്നുണ്ടെന്ന് മാത്രം ആ വ്യക്തിയോട് പറയണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. കഠിനമായ വാക്കുകൾ പറയുകയോ വിദ്യാർത്ഥികളെ ശകാരിക്കുകയോ ചെയ്യുന്നത് അപൂർവമായിരുന്നു. അവരെ ശാസിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയാൽ, “നിങ്ങൾക്ക് അദബ് (മര്യാദ) ഇല്ല” എന്ന് മാത്രം പറയും. ഇത് പറഞ്ഞാലുടൻ, കാരുണ്യമൂർത്തിയായ അദ്ദേഹം അവരോട് “നിങ്ങളുടെ മോശം പെരുമാറ്റത്തിന് ഞാൻ ഉത്തരവാദിയാണ്” എന്ന് കൂട്ടിച്ചേർക്കും.
തന്‍റെ സമയത്തിന്‍റെ ഭൂരിഭാഗവും അദ്ദേഹം ധ്യാനത്തിനായി നീക്കിവച്ചു. ഓരോ പ്രാവശ്യവും ഏകദേശം മൂന്ന് മണിക്കൂർ ധ്യാനത്തിൽ തുടരും. പലപ്പോഴും രാത്രി മുഴുവൻ ധ്യാനത്തിൽ ചെലവഴിച്ചാലും രാവിലെ ഉന്മേഷവാനായി കാണപ്പെട്ടു. തന്‍റെ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു. മറ്റ് ശൈഖുമാർ അവർ എത്ര വലിയവരായാലും അവരെയെല്ലാം അവഗണിച്ചു കൊണ്ട് വിദ്യാർത്ഥികളും അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു.
ഒരുദിവസം ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ)യുടെ അനുചരൻ വെള്ളം കൊണ്ടുവരാൻ നദിയിലേക്ക് പോയി. ഖിള്ർ നബി(സ)യെപ്പോലെ തോന്നിയ ഒരാൾ ദൂരെ നിന്ന് തന്നെ വിളിക്കുന്നതായി അയാൾ കണ്ടു. “ഞാൻ എന്തിന് നിങ്ങളുടെ അടുക്കൽ വരണം? എന്‍റെ സ്വന്തം ശൈഖിന്‍റെ അടുത്തേക്ക് എന്തുകൊണ്ട് ഞാൻ പോയിക്കൂടാ? അദ്ദേഹവുമായുള്ള അടുപ്പം കൊണ്ടാണല്ലോ താങ്കളും എന്നെ വിളിക്കുന്നത്..? “എന്നായിരുന്നു മറുപടി.
ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി ഷാ(റ)വിന് ഔപചാരിക വിദ്യാഭ്യാസം നേടാനായില്ല. മറിച്ച് ‘ഇൽമി-ലദുന്നി’യുടെ (പഠിക്കാതെ ലഭിക്കുന്ന ജ്ഞാനം അഥവാ ഒരു സൂഫിയുടെ ശാന്തമായ മനസ്സിലേക്ക് ദിവ്യാത്മതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന അറിവ്) സഹായത്താൽ സംശയങ്ങൾക്ക് ഉത്തരം നൽകാനും ആധികാരിക ഗ്രന്ഥങ്ങളെ, അതിലെ പേജ് നമ്പറുകളടക്കം ഉദ്ധരിച്ചു കൊണ്ട് വിശദീകരിക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എല്ലാത്തരം വിജ്ഞാനങ്ങളുടെയും ശാസ്ത്രങ്ങളുടെയും വിശദാംശങ്ങൾ അദ്ദേഹത്തിന് മുന്നിൽ തുറന്നു കിടക്കുന്നതായി അനുഭവപ്പെട്ടു.
തികച്ചും സാധാരണമായ ഒരു കുടിലിൽ വളരെ ലളിതമായാണ് അദ്ദേഹം ജീവിച്ചുവന്നത്. അദ്ദേഹത്തിന് കുട്ടികൾ ഇല്ലായിരുന്നു. നാല്പതാം വയസ്സിൽ അബ്ദുൽ ബാരി ഷാ(റ) തന്‍റെ ശരീരം ഉപേക്ഷിച്ച് സ്വർഗവാസം കരഗതമാക്കി.
ഒരു ദിവസം ഹസ്രത്ത് അബ്ദുൽ ബാരി ഷാ(റ) തന്‍റെ വീടിന്‍റെ ഒരു മൂലയിൽ നമസ്കാരത്തിനുള്ള അംഗശുദ്ധി വരുത്തുകയായിരുന്നു. അന്നേരം മനസ്സിൽ ഒരു ചിന്ത കടന്നുവന്നു: “ഞാൻ ഏകാന്തതയിൽ ജീവിക്കുന്ന ഒരു ദരിദ്രനാണ്, ഈ സൂഫി പരമ്പരയിൽ ഞാൻ മാത്രമായി ഒറ്റപ്പെട്ടു പോകുമെന്നാണ് തോന്നുന്നത്”. ഈ വികാരം അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു. എന്നാൽ ദൈവത്തിൽ നിന്നുള്ള അടയാളം ഉടൻ തന്നെ അദ്ദേഹത്തിൽ സന്തോഷം ജനിപ്പിച്ചു. ദൈവം ഈ സൂഫി പരമ്പര കിഴക്ക് നിന്ന് പടിഞ്ഞാറേക്കും കരയിൽ നിന്ന് കടലിലേക്കും വ്യാപിപ്പിക്കുമെന്ന് അദേഹം മനസ്സിലാക്കി. ദൈവകൃപയാൽ, ഈ വാഗ്ദാന പൂർത്തീകരണത്തിന്‍റ അടയാളങ്ങൾ നമുക്ക് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.