ഹസ്രത്ത് ആസാദ് റസൂൽ(റഅ) 1920-ൽ ഇന്ത്യയിലെ ഉദയ്പൂരിലെ കൻക്രോളി പട്ടണത്തിൽ ജനിച്ചു. കുട്ടിക്കാലംമുതലേ ആത്മീയ കാര്യങ്ങളിൽ അദ്ദേഹം പെട്ടന്ന് തന്നെ വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. വളരുന്ന അവന്‍റെ മനസ്സ് നിഗൂഢമായ ചോദ്യങ്ങളിൽ മുഴുകി: “മനുഷ്യാനുഭവത്തിന്‍റെ ശാരീരികവും മാനസികവുമായ തലങ്ങൾക്കപ്പുറം എന്തെങ്കിലും ശക്തിയുണ്ടോ? ദൈവം ഉണ്ടോ? ദൈവം ഏകനാണെങ്കിൽ, മതങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ത് കൊണ്ടാണ്?” ആളുകൾ പ്രാർത്ഥിക്കുന്നത് കണ്ട് അദ്ദേഹം ആശ്ചര്യപ്പെട്ടു: “സത്യത്തിൽ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമോ? അതോ അവയ്ക്ക് മാനസികമായ ഫലങ്ങൾ മാത്രമാണോ ഉള്ളത്….? ഇത്തരം ചോദ്യങ്ങളിൽ ഹസ്രത് തന്‍റെ ബാല്യകാലങ്ങളിൽ തന്നെ മുഴുകിപ്പോയിരുന്നു.
ബാല്യകാലം ചെലവഴിച്ച കൻക്രോളി പട്ടണത്തെ ഹിന്ദുക്കൾ ഏറെക്കാലം മുൻപ് മുതൽ തന്നെ പവിത്രസ്ഥലമായി കരുതിപ്പോന്നു. പണ്ഡിതന്മാരും ഭക്തരുമായ നിരവധി ആളുകളെ കണ്ടുമുട്ടാൻ സഹായകമാകും വിധം അവിടത്തെ വലിയ ക്ഷേത്രം ഇന്ത്യയിലെമ്പാടും നിന്നുമുള്ള തീർഥാടകരെ ആകർഷിച്ചുകൊണ്ടിരുന്നു. വിദ്യാഭ്യാസത്തിനായി അകലെയുള്ള സ്ഥലത്തേക്ക് പോയ ശേഷവും വേനലവധിക്കാലത്ത് ഹസ്രത്ത് കൻക്രോളിയിലേക്ക് മടങ്ങിവരും. യുവാവായപ്പോഴും തന്‍റെ ഈ ചോദ്യങ്ങൾ ആത്മീയ ഗുരുക്കന്മാരുമായി അദ്ദേഹം ചർച്ച ചെയ്യുമായിരുന്നു.
പിന്നീട് ഹസ്രത്ത് ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ചേർന്നു. ബിരുദ പഠനം പൂർത്തിയാക്കി. അക്കാദമിക് പ്രയത്നങ്ങൾക്കൊപ്പം ആത്മീയാന്വേഷണങ്ങളും തുടർന്നുകൊണ്ട് അദ്ദേഹം തന്‍റെ ബാച്ചിലർ ഓഫ് ആർട്‌സ് ബിരുദം നേടി. അതിനുശേഷം അലഹബാദ് സർവ്വകലാശാലയിൽ നിന്ന് മറ്റൊരു ബിരുദം – വിദ്യാഭ്യാസത്തിൽ- കൂടി അദ്ദേഹം നേടി.
ജാമിഅ മില്ലിയയിലെ രണ്ട് പ്രൊഫസർമാർ അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഹസ്രത്തിന്‍റെ ചരിത്രാധ്യാപകനായ പ്രൊഫസർ എം. മുജീബ്, ഓക്സ്ഫോർഡിൽ പഠിക്കുകയും ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്ത വ്യക്തിയാണ്. പ്രൊഫസർ മുജീബിനെ “മനോജ്ഞമായ വ്യക്തിത്വം” എന്നാണ് ഹസ്രത്ത് വിശേഷിപ്പിച്ചിരുന്നത്. ഔപചാരികമായി ഒരു സൂഫിയല്ലെങ്കിലും, സൂഫിയുടെ പ്രകൃതവും സ്വഭാവവും എല്ലാം ഉള്ള ഒരു മനുഷ്യൻ. പ്രൊഫസർ മുജീബ് ഹസ്രത്തിനോട് ആവർത്തിച്ചു പറയുമായിരുന്നു, “എല്ലാവരും എന്തെങ്കിലും സ്വായത്തമാക്കാൻ ശ്രമിക്കുന്നു. എന്തെങ്കിലും നൽകാൻ കഴിയുന്ന ഒരു വ്യക്തിയായി താങ്കൾ മാറണം”. പിന്നീട് തന്‍റെ കരിയർ തിരഞ്ഞെടുക്കുന്നതിന് പ്രൊ.നജീബിന്‍റെ ഈ വാക്കുകൾ ആ യുവാവിനെ ആഴത്തിൽ സ്വാധീനിച്ചു.
ഹസ്രത്തിനെ സ്വാധീനിച്ച രണ്ടാമത്തെ പ്രൊഫസർ ദയാലുവും ക്രിസ്ത്യൻ പണ്ഡിതനുമായ ഡോ. ഇ.ജെ. കല്ലാട്ടാണ്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനൊപ്പം അദ്ദേഹം കോളേജിലെ സ്പോർട്സ് വിഭാഗത്തിന്‍റെ മേൽനോട്ടം വഹിക്കുകയും ഹോക്കി ടീമിന്‍റെ പരിശീലകനായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ടീമിന്റെ ക്യാപ്റ്റനായിരുന്ന ഹസ്രത്ത്, ഡോ. കല്ലാട്ടിന്‍റെ അടുത്ത പരിചയക്കാരനായിത്തീർന്നു. “അദ്ദേഹം ഞങ്ങളെ ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിച്ചു,” ഹസ്രത്ത് അനുസ്മരിച്ചു; ‘നിങ്ങൾ സ്വയം ഒരു മനുഷ്യനാകുക. ഒന്ന് ആഗ്രഹിക്കും മുൻപ് അതിനുള്ള അർഹത നേടുക. പിന്നീട് ആഗ്രഹിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്തെങ്കിലും സമ്പാദിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യത നേടിയിരിക്കണം”. മുസ്‌ലിമല്ലെങ്കിലും, ഡോ. കല്ലാട്ട് തന്‍റെ വിദ്യാർത്ഥികളോട് “നല്ലവരായി പുനർജനിക്കുന്ന മുസ്‌ലിംകളാകാൻ ശ്രമിക്കൂ” എന്ന് കർശനമായി കൽപ്പിച്ചുകൊണ്ടിരുന്നു. പ്രൊഫസർ പലപ്പോഴും ഹസ്രത്തിനെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ ഇരുവരും ചേർന്ന് ക്രിസ്ത്യൻ ആത്മീയവിഷയങ്ങളും ബൈബിൾ ഭാഗങ്ങളും വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
വ്യത്യസ്ത വിശ്വാസധാരകളോടുള്ള ഡോ. കല്ലാട്ടിന്‍റെ ആദരവ് അദ്ദേഹത്തിന്‍റെ വിദ്യാർത്ഥികളിൽ എല്ലാ മതങ്ങളെക്കുറിച്ചുമുള്ള താൽപ്പര്യം വർധിപ്പിച്ചു. ഹസ്രത്ത് ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: “ജന്മം കൊണ്ട് മുസ്ലീമായിരുന്നുവെങ്കിലും എനിക്ക് പാരമ്പര്യമായി ലഭിച്ച മതത്തിൽ ഞാൻ ഒരിക്കലും തൃപ്തനായിരുന്നില്ല. അതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ പ്രാപ്തനായ നിമിഷം മുതൽ, തുറന്ന മനസ്സോടെ, തുറന്ന ഹൃദയത്തോടെ ഞാൻ എന്‍റെ അന്വേഷണത്തിന്‍റെ പാതയിലേക്ക് പ്രവേശിച്ചു. പരമ്പരാഗത വിശ്വാസപ്രമാണികളുടെ ബന്ധനങ്ങളിൽ നിന്ന് സ്വയം മോചിതനാവുകയും എന്റെ മനസ്സിനെ എല്ലാത്തരം സ്വാധീനങ്ങൾക്കുമായി തുറന്നുവെയ്ക്കുകയും ചെയ്തു”.
ഹസ്രത്ത് പല മതസമ്പ്രദായങ്ങളുടെയും സാധുത വിശദമായി പഠിച്ചു. വ്യത്യസ്തമതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ അദ്ദേഹം തന്‍റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയും വിവിധ മതപണ്ഡിതന്മാരുമായും നിരീശ്വരവാദികളുമായും ചർച്ചകൾ നടത്തുകയും ആധുനിക തത്ത്വചിന്തയും ശാസ്ത്രീയ രീതികളുമായി പരിചയപ്പെടുകയും ചെയ്തു. അത്രയേറെ ഇഷ്ടപ്പെട്ടതിനാൽ ഭഗവദ് ഗീത അദ്ദേഹം വീണ്ടും വീണ്ടും വായിക്കുകയും ഒടുവിൽ അതിലെ ചില ഭാഗങ്ങൾ മനഃപാഠമാവുകയും ചെയ്തിരുന്നു.
ജീവിതമെന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തിന് കൂടുതൽ ബലമുള്ള ഒരു യാഥാർത്ഥ്യം കണ്ടെത്താൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയുമായി ഹസ്രത്ത് പലതരം ആത്മീയ, ആചാരാനുഷ്ടാനങ്ങൾ പഠിക്കുകയും പരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹം യോഗയും വേദാന്തവും വിശദമായി പഠിച്ചു, ഗംഗയിലെ പുണ്യജലത്തിൽ കുളിച്ചു, ബ്രഹ്മചാരിയായ ഒരു യോഗിയുടെ ജീവിതവും നയിച്ചു, ഒപ്പം മറ്റ് വിവിധ യോഗമുറകളിലും ഏർപ്പെട്ടു. ഹിന്ദുമതത്തെക്കുറിച്ചുള്ള അക്കാദമിക് പഠനമേഖലയിലും അദ്ദേഹം ആഴ്ന്നിറങ്ങി. ഫിലോസഫിയിൽ അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ ബിരുദാനന്തരബിരുദം പോലും ഹൈന്ദവ, ഇസ്‌ലാമിക തത്വചിന്ത എന്ന വിഷയത്തിലായിരുന്നു.
എന്നിട്ടും തന്‍റെ ഉള്ളിലെ ആത്മാന്വേഷണത്തിന്‍റെ കനൽ അണയാതെ ജ്വലിച്ചുകൊണ്ടിരുന്നു. താൻ അന്വേഷിക്കുന്ന വഴി ഇനിയും കണ്ടെത്താനായിട്ടില്ല. ബിരുദാനന്തര ബിരുദം നേടിയതോടെ അമേരിക്കയിൽ ഡോക്ടറേറ്റു പഠനത്തിന് ലഭിച്ച അവസരം പോലും അദ്ദേഹം നിരസിച്ചു. പ്രൊഫസർ മുജീബിന്‍റെ മാർഗ്ഗനിർദ്ദേശം പിന്തുടരാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം – എടുക്കുന്നതിനു പകരം കൊടുക്കുക. മറ്റിടങ്ങളിൽ ഉയർന്ന ശമ്പളത്തിനും കൂടുതൽ അഭിമാനകരമായ പദവികൾക്കും യോഗ്യത ഉണ്ടായിട്ടും അദ്ദേഹം ജാമിയ മില്ലിയ സർവകലാശാലയിലെ ഫാക്കൽറ്റിയിൽ ചേർന്നു. പല സഹപ്രവർത്തകരും പദവിക്കും സാമ്പത്തിക നേട്ടത്തിനുമായി അവസരങ്ങൾക്കു പിന്നാലെ പോയി. എന്നാൽ “ഒരു ആദർശവാദി” എന്ന് പരിഹസിക്കപ്പെടുന്ന അവസ്ഥയിലും തന്‍റെ വിദ്യാർത്ഥികളെ സേവിക്കുക എന്ന ദൃഢനിശ്ചയത്തോടെ, നിലനിൽപിന്നായി പോരാടിക്കൊണ്ടിരുന്ന ആ പുതിയ സർവ്വകലാശാലയിൽ ഹസ്രത്ത് തുടർന്നു.
കുട്ടികളെ പഠിപ്പിക്കുന്നതിലും അവരുടെ സ്വഭാവം രൂപീകരിക്കുന്നതിലും മികച്ച മറ്റൊരു ജോലിയുമില്ലെന്ന അദ്ദേഹത്തിന്‍റെ വിശ്വാസം ജാമിയ മില്ലിയയോടുള്ള ഹസ്രത്തിന്‍റെ പ്രതിബദ്ധതയിൽ തെളിഞ്ഞു കണ്ടു. സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ ആധിപത്യം പുലർത്തിയിരുന്ന “ബ്രിട്ടീഷ് മെഷിനറി”യുടെ ഉപകരണങ്ങളല്ലാത്ത, നല്ല പൗരന്മാരും ദേശസ്നേഹികളും യഥാർത്ഥ മുസ്ലീങ്ങളുമായ യുവാക്കളെ സജ്ജമാക്കുക എന്നതായിരുന്നു ജാമിയയുടെ ലക്ഷ്യം. ജാമിയ മിലിയയിലെ അധ്യാപകർ മുഴുവൻ ഒരു മിഷനറി പ്രവർത്തനത്തിന്‍റെ തീക്ഷ്ണതയോടെ ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു.
അക്കാലത്ത് ജാമിയ മില്ലിയയ്ക്ക് സർക്കാരിൽ നിന്ന് യാതൊരു ധനസഹായവും ലഭിച്ചിരുന്നില്ല. അതിന്‍റെ ചുരുങ്ങിയ വരുമാനം, ഗ്രാന്റുകൾ, സംഭാവനകൾ, സമുദായത്തിന്‍റെ പിന്തുണ, ട്യൂഷൻ ഫീസ് എന്നിവയിൽ നിന്ന് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ശമ്പളവും വളരെ കുറവായിരുന്നു. മാസം നാല്പതു രൂപയാണ് ഹസ്രത്ത് ശമ്പളമായി വാങ്ങിയിരുന്നത്. പിന്നീട് ഇന്ത്യൻ പ്രസിഡന്‍റായ ഡോ. സക്കീർ ഹുസൈന് ജാമിയ മില്ലിയയുടെ വൈസ് ചാൻസലർ ആയിരിക്കെ ലഭിച്ചിരുന്നത് എൺപത് രൂപ മാത്രം ആയിരുന്നു. എന്നാൽ അധ്യാപകർ അവരുടെ ജോലിയെത്തന്നെ അവരുടെ പ്രതിഫലമായി കണക്കാക്കി. അവർ തങ്ങളുടെ കർത്തവ്യങ്ങൾ ഒരു ആരാധന എന്ന നിലയിൽ നിർവ്വഹിക്കുകയും ജോലിക്ക് വേണ്ടി മാത്രം ജോലി ചെയ്യാൻ പരിശ്രമിക്കുകയും ചെയ്തു.
ജീവിതത്തിന്‍റെ അർത്ഥം കണ്ടെത്താനുള്ള ഹസ്രത്തിന്‍റെ തീവ്രമായ ആഗ്രഹത്തിന് കുട്ടികളെ സേവിക്കുന്നത് ഒരു ആശ്വാസമായി മാറി. ദാർശനികവും ആത്മീയവുമായ അന്വേഷണങ്ങളിലൂടെ ജീവിതത്തിന്‍റെ അസ്തിത്വത്തിന്‍റെ യാഥാർഥ്യം തേടുന്നത് ഹസ്രത്ത് തുടര്ന്നു. ക്രമേണ അദ്ദേഹത്തിന്‍റെ നിയമനം പ്രൊഫസർ മുജീബിന്‍റെ അസോസിയേറ്റ് ആക്കി ഉയർത്തിയതോടെ, ജോലിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇരുവരും ഇടയ്ക്കിടെ വീണ്ടും കണ്ടുമുട്ടി. ഇരുപത് മിനിറ്റിനുള്ളിൽ അവരുടെ ഔദ്യോഗിക കാര്യങ്ങൾ പൂർത്തിയാക്കുകയും തുടർന്ന് ഒരു മണിക്കൂർ സമകാലിക ചിന്തയുടേയും ശാസ്ത്രത്തിന്‍റേയും വെളിച്ചത്തിൽ സൂഫിസത്തെക്കുറിച്ച് ചെയ്യുമായിരുന്നു.
വർഷങ്ങളോളം അന്വേഷിക്കുകയും പരിശ്രമിക്കുകയും ചെയ്ത ശേഷവും ഹസ്രത്ത് നിരാശനായിത്തന്നെ തുടർന്നു. താൻ ആരംഭിച്ച അന്വേഷണം അസാധ്യമല്ലെങ്കിലും ദുർഘടമാണെന്നു അദ്ദേഹം മനസ്സിൽ പറഞ്ഞു. ഹസ്രത്ത് നിരാശയുടെ വക്കിലെത്തി നിൽക്കെയാണ് സൂഫി ആചാര്യൻ ഹസ്രത്ത് ശൈഖ് മുഹമ്മദ് സഈദ് ഖാൻ(റ) അവരുടെ പ്രദേശത്തേക്ക് വരുന്നതായി അദ്ദേഹത്തിന്‍റെ സുഹൃത്ത് ആർ.ആർ.വാഹിദി പറഞ്ഞത്. യു.പി.യിലെ അസംഗഢിലുള്ള ഒരു സ്‌കൂളിൽ അറബി പഠിപ്പിക്കുകയായിരുന്ന ശൈഖ്, ഡൽഹിയിൽ നിന്ന് വൃന്ദാവനത്തിനടുത്തുള്ള മഥുര എന്ന പട്ടണത്തിലേക്ക് ഒരു റിഫ്രഷർ കോഴ്‌സിനായി വരികയായിരുന്നു. ഹസ്രത്ത് ഷെയ്ഖ് സൈദ് ഖാനെ(റഅ.)യെ കാണണമെന്ന് വാഹിദി നിർദ്ദേശിക്കുകയും ഹസ്രത്ത് സമ്മതിക്കുകയും ചെയ്തു. ഞാൻ മനസില്‍ പറഞ്ഞു. “‘ശരി, പോകാം, ഒരുപക്ഷേ ഈ മനുഷ്യനിൽ നിന്ന് എനിക്ക് എന്തെങ്കിലും മാർഗനിർദേശം ലഭിച്ചേക്കാം” അതിനെക്കുറിച്ച് വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്.
നല്ലൊരു അവസരം കൈവന്നുവെന്ന പ്രതീക്ഷയോടെയാണ് ഹസ്രത്ത് മഥുരയിലേക്ക് പോയത്. പള്ളിയിലെത്തിയ അദ്ദേഹത്തെ ശൈഖിന്‍റെ ക്വാർട്ടേഴ്‌സിലേക്ക് ആനയിച്ചു. മുറിയുടെ അടുത്തെത്തിയപ്പോൾ ലളിതമായ വസ്ത്രവും വട്ടത്തൊപ്പിയും ധരിച്ച ഒരാൾ അവിടെ ഇരിക്കുന്നു. ആ മനുഷ്യൻ ഹസ്രത്തിനെ അകത്തേക്ക് വിളിച്ചു. ഹസ്രത്ത് അദ്ദേഹത്തിന് ഒരു പരിചയപ്പെടുത്തൽ കത്ത് നൽകുകയും ശൈഖ് അത് ശരിവെയ്ക്കുന്ന രീതിയിൽ വായിക്കുകയും ചെയ്തു.
എന്തിനാണ് താൻ വന്നതെന്ന് ഹസ്രത്ത് ശൈഖിനോട് പറഞ്ഞു. വ്യത്യസ്ത പാതകൾ പരീക്ഷിക്കുകയും ചെയ്തു എന്ന് അദ്ദേഹം വിശദീകരിച്ചു. “അങ്ങയുടെ പഠനത്തിൽ യഥാർത്ഥമായ എന്തെങ്കിലും ഉണ്ടെങ്കിൽ, ദയവായി അത് എന്നെ ഉപദേശിക്കൂ, അതല്ല ആളുകളെ പ്രീതിപ്പെടുത്താൻ മാത്രമുള്ളതാണെങ്കിൽ, ഞാൻ അങ്ങയുടെ സമയമോ എന്‍റെ സമയമോ പാഴാക്കുന്നില്ല” അദ്ദേഹം പറഞ്ഞു നിർത്തി.
ഇതെല്ലാം കേട്ടശേഷം ശൈഖ് പറഞ്ഞു: “ഈ പാത അനുഭവത്തിന്‍റേതായ ഒന്നാണ്. താങ്കൾ ആരംഭിക്കുക, എന്താണ് സംഭവിക്കുന്നതെന്ന് നോക്കുക”. അത്രയും ഹ്രസ്വമായ ആ പ്രസ്താവന അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി. ഹസ്രത്ത് പറഞ്ഞു, “ആ നിമിഷം ഞാൻ ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞതായി തോന്നി, എന്‍റ ഹൃദയം ശൈഖിലേക്ക് ശക്തമായി ചേരുകയും ചെയ്തു. ഹൃദയത്തിൽ സ്നേഹം നിറഞ്ഞു”. അവിടെ വച്ച് അപ്പോൾത്തന്നെ ഹസ്രത്ത് ശൈഖ് മുഹമ്മദ് സൈദ് ഖാനോട്(റ) പാഠങ്ങൾ ചോദിച്ചു.
ഈ ആദ്യ കൂടിക്കാഴ്ചയുടെ സമയം തൊട്ട് ശൈഖ് മുഹമ്മദിന്‍റെ ഗുരുവായ ഹസ്രത്ത് ഹാമിദ് ഹസൻ അലവി(റ)യെ കാണാൻ ഹസ്രത്ത് ഉറ്റുനോക്കികൊണ്ടിരുന്നു. അടുത്ത ശീതകാല അവധി അദ്ദേഹത്തിന് ആ അവസരം നൽകി. ശൈഖ് ഹാമിദ് ഹസൻ അലവി (റ) യോടൊപ്പം സമയം ചെലവഴിച്ച ശേഷം ‘ഒടുവിൽ ദൈവം തന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി’യെന്ന് ഹസ്രത്ത് നിശ്ചയിച്ചു. ആത്മദാഹം ശമിപ്പിക്കുകയും തന്‍റെ ഉള്ളിലെ അന്വേഷണത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു വ്യക്തിയിലും പാതയിലും എത്തിയിരിക്കുന്നുവെന്ന പൂർണ്ണ ബോധ്യം കൈവന്നു. അങ്ങനെ ഹസ്രത്തിന്‍റെ യഥാർത്ഥ ആത്മീയയാത്രയ്ക്ക് സമാരംഭം കുറിച്ചു.
സൂഫി പാതയിൽ ഇത്രയും കാലം തനിക്ക് അന്യമായിരുന്ന സംതൃപ്തി ഹസ്രത്ത് കണ്ടെത്തി. താൻ ജനിച്ച മതത്തിന്‍റെ ആഴത്തിലുള്ള അർത്ഥവും അദ്ദേഹം കണ്ടെത്തി. പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചു: “ഇപ്പോൾ ഞാൻ മുസ്ലീമായി ഇരിക്കുന്നത് ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചതു കൊണ്ടല്ല, എന്‍റെ സ്വന്തം ആഗ്രഹത്തിലൂടെയും അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയും ഞാൻ ഇസ്ലാമിനെ കണ്ടെത്തിയതുകൊണ്ടാണ്.”
യാത്രയിലും അസംഗഢിലെ അദ്ദേഹത്തിന്‍റെ വീട്ടിലുമായി ശൈഖ് മുഹമ്മദ് സഈദ് ഖാൻ(റ.എ)യുടെ സഹചാരിയായി മുപ്പത് വർഷത്തോളം ഹസ്രത്ത് പഠനം നടത്തി. തന്‍റെ ശൈഖിന്‍റെ മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ അദ്ദേഹം സദാ ശ്രമിക്കുകയും ശൈഖ് ആ ശ്രമങ്ങളോട് ഉദാരമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഒടുവിൽ, സൂഫിസത്തിലെ അഞ്ചു പ്രധാന പരമ്പരകളിലും (നഖ്ഷബന്ദി, മുജദ്ദിദി, ചിഷ്തി, ഖാദിരി, ഷാദിലി) ഉള്ള പവിത്രവും ആഴമേറിയതുമായ വിഷയങ്ങളിൽ ആത്മാന്വേഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനുള്ള അനുമതി ശൈഖിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചു.
ഒടുവിൽ, ഒരുനാൾ ശൈഖ് മുഹമ്മദ് സഈദ് ഖാൻ(റ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു “എന്‍റെ ശൈഖിൽ നിന്ന് എനിക്ക് ലഭിച്ചതെല്ലാം ഞാൻ താങ്കൾക്ക് നൽകിക്കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ ദൈവത്തിന്‍റെ അനുഗ്രഹങ്ങൾക്കായി കാത്തിരിക്കുക, കാരണം വിജയം പ്രപഞ്ചനാഥന്‍റെ ദയാകാരുണ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ നടത്തുന്ന പ്രയത്നത്തിലൂടെയല്ല വിജയം വരുന്നത്.” തുടർന്ന് അദ്ദേഹം ഖുർആൻ ഉദ്ധരിച്ചു: “അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നു.”
സൂഫി പാതയിലെ ആദ്യകാലത്ത് പല പുതിയ വിദ്യാർത്ഥികളെയും പോലെ അദ്ദേഹവും തന്‍റെ മുഴുവൻ സമയവും ധ്യാനത്തിനും പ്രാർത്ഥനയ്ക്കും നീക്കിവയ്ക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ വിദ്യാർത്ഥികളോട് ഭൗതികലോകം അപ്പാടെ ത്യജിക്കുവാൻ തസ്വവുഫ് ആവശ്യപ്പെടുന്നില്ല. പകരം, അവർ “ഈ ലോകത്തിൽ ആയിരിക്കണം, എന്നാൽ അത് ഭൗതികതയ്ക്കു വേണ്ടിയായിരിക്കരുത്”. ദൈനംദിന ജീവിതത്തിന്‍റെ മേഖലകളിൽ അവന്‍റെ മനസ്സിന്‍റെ ഏറ്റവും ആഴത്തിൽ ഉറച്ചു പോയ സ്വഭാവങ്ങൾ, മുൻവിധികൾ, ചിന്താരീതികൾ എന്നിവയെ ആണ് സാധകൻ മറികടക്കേണ്ടത്. ദൈവത്തെയും ദൈവത്തിന്‍റെ സൃഷ്ടികളെയും സേവിക്കാൻ കഴിയുന്നതും ഈ ജീവിതത്തിലാണ്. ജോലി രാജിവച്ച് ആത്മീയ പ്രവർത്തനങ്ങളിൽ പൂർണമായും മുഴുകാൻ ആഗ്രഹിക്കുന്നുവെന്ന് ഹസ്രത്ത് മുഹമ്മദ് സഈദ് ഖാ(റ)നോട് അദ്ദേഹം പറഞ്ഞപ്പോൾ ശൈഖ് അതിൽ നിന്ന് വിലക്കി ഇഹലോകജോലി ആത്മീയ പാതയിലെ വിജയത്തിന് ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. അങ്ങനെ ഹസ്രത്ത് അദ്ധ്യാപകനായി തുടരുകയും മുപ്പത്തിയാറു വർഷതിന് ശേഷം ജാമിയ മില്ലിയ സ്കൂളിലെ ഹെഡ്മാസ്റ്ററായി വിരമിക്കുകയും ചെയ്തു.
തന്‍റെ ശൈഖിന്‍റെ ജീവിതകാലത്ത് തന്നെ സൂഫിസിദ്ധാന്തങ്ങൾ എല്ലാവരിലും എത്തിക്കുന്നതിന് ഹസ്രത്ത് തന്‍റേതായ ശ്രമങ്ങൾ നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള വ്യക്തികൾ സത്യം അന്വേഷിച്ച് ഇന്ത്യയിലെത്തുമ്പോഴും, സൂഫി മാർഗം നൽകുന്ന നേട്ടങ്ങൾ വളരെ കുറച്ച് ആളുകൾക്ക് മാത്രമെ ലഭിക്കുന്നുള്ളൂ എന്ന വസ്തുത അദ്ദേഹത്തെ വളരെക്കാലമായി വിഷമിപ്പിച്ചിരുന്നു. അധികം അറിയപ്പെടുന്ന വേദാന്തത്തിന്‍റെയും യോഗയുടെയും വിദ്യാലയങ്ങളോടാണ് അധികമാളുകൾക്കും കൂടുതൽ താല്പര്യം. അവയുടെ പരിശീലനരീതികൾ എളുപ്പത്തിൽ ലഭിക്കുന്നു, യോഗ ഗുരുക്കന്മാർ പഠനകേന്ദ്രങ്ങൾ തുറക്കുവാൻ ലോകം ചുറ്റികൊണ്ടിരിക്കുന്നു. എങ്കിലും, സമകാലിക സമൂഹത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട വ്യക്തികളുടെ ആവശ്യങ്ങൾക്കൊത്ത, യഥാർത്ഥ ആത്മപുരോഗതിയുടെ അടയാളങ്ങൾ വിരളവും ആയിരുന്നു.
ആധുനിക മനുഷ്യന്‍റെ ആത്മാന്വേഷണത്തെ തൃപ്തിപ്പെടുത്താൻ സൂഫിസത്തിന് കഴിയുമെന്ന് ബോധ്യപ്പെട്ട ഹസ്രത്ത്, അഞ്ച് പ്രധാന സൂഫിപരമ്പരകളിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ഒരു സ്കൂൾ എന്ന ആശയം വിഭാവനം ചെയ്തു. തന്‍റെ ശൈഖിന്‍റെ സമ്മതത്തോടും മാർഗനിർദേശത്തോടും കൂടി, ന്യൂഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർച്ച് ഫോർ ട്രൂത്ത് അദ്ദേഹം സ്ഥാപിച്ചു.
യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, പോളണ്ട്, യുകെ, ഇറ്റലി, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, ഒമാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ദി സ്കൂൾ ഓഫ് സൂഫി ടീച്ചിംഗ് എന്ന പേരിൽ സമീപകാലത്തു ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശാഖകളും അദ്ദേഹം സ്ഥാപിച്ചു.
ഹസ്രത് ആസാദ് റസൂലിന്‍റെ ഈ ഹ്രസ്വ ജീവചരിത്രക്കുറിപ്പ് ഒരു സൂഫി വിദ്യാർത്ഥിയുടെ അടിസ്ഥാനഗുണങ്ങളും യോഗ്യതയും വെളിപ്പെടുത്തുന്നു. ഹസ്രത്ത് ആസാദ് റസൂലി(റ)ന്‍റെ പ്രസന്നത, വിശ്വാസം, ആത്മാർത്ഥത എന്നിവ ബാഹ്യമായും, അതിലും പ്രധാനമായി ആന്തരികമായും അദ്ദേഹത്തിന്‍റെ വിജയത്തിന്‍റെ താക്കോൽ ആയിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരുന്നു. വളർച്ചയ്ക്കും ദൈവാരാധനയ്ക്കുമുള്ള അവസരമാക്കി ഓരോ വെല്ലുവിളിയെയും മാറ്റാനുള്ള അദ്ദേഹത്തിന്‍റെ കഴിവ്, ഒരു യഥാർത്ഥ സൂഫിയുടെ അടയാളമായിരുന്നു.
സ്വജീവിതത്തിന്‍റെ അർത്ഥവും ലക്ഷ്യവും കണ്ടെത്താൻ ഹസ്രത്ത് തന്‍റെ ആദ്യകാലം മുതൽ തീവ്രമായി ആഗ്രഹിച്ചിരുന്നു. ഒരു അദ്ധ്യാപകനെ അന്വേഷിക്കാനുള്ള ശ്രമങ്ങൾ നടത്തി വിജയിച്ചതോടെ, തന്‍റെ ലക്ഷ്യം കൈവരിക്കുന്നത് വരെ ഗുരുവിന്‍റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഉറച്ചുനിന്നു. ആ സമയത്തെല്ലാം ഭർത്താവ്,അച്ഛൻ, മുത്തച്ഛൻ, സ്കൂൾ അധ്യാപകൻ, പ്രധാനാധ്യാപകൻ, സമുദായനേതാവ് എന്നിങ്ങനെയുള്ള ലൗകികമായ കടമകൾ എല്ലാം അദ്ദേഹം തുടർന്നും ചെയ്തിരുന്നു. ജോലിയിൽ നിന്ന് വിരമിക്കുക എന്നതിനർത്ഥം ലോകത്തിൽ നിന്ന് വിരമിക്കുക എന്നല്ല. പകരം, ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വികസനം, പള്ളിയുടെയും സൂഫി ലോഡ്ജിന്‍റേയും നിർമ്മാണം, കുടുംബ ചുമതലകൾ എന്നിവയടക്കമുള്ള തന്‍റെ ആത്മീയ ദൗത്യത്തിനും സേവനങ്ങൾക്കും അദ്ദേഹം കൂടുതൽ സമയം നീക്കിവച്ചു. ഒരു സൂഫി എന്തായിരിക്കണമെന്നതിന്‍റെ ഉത്തമ നിദർശനം ആയിരുന്നു അദ്ദേഹത്തിന്‍റെ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ അവസാന ശ്വാസം വരെയുള്ള ജീവിതം.