ശൈഖ് അബുൽ ഹസ്സൻ അഷ്-ഷാദിലിയിൽ നിന്നാണ് (1196/1197 – 1258 CE) ഷാദിലി പരമ്പര ആരംഭിക്കുന്നത്. വടക്കൻ മൊറോക്കോയിലെ ക്യൂറ്റയ്ക്കടുത്തുള്ള ഘുമാരയിലെ ഒരു കർഷകത്തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഫെസിലെ ഖറാവിയ്യീൻ സർവകലാശാലയിൽ നിന്ന് ഇസ്ലാമിക നിയമത്തിന്‍റെ (ഫിഖ്ഹ്) തത്വങ്ങൾ അദ്ദേഹം പഠിച്ചു.
വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം പല രാജ്യങ്ങളിലേക്കും സഞ്ചരിച്ചു. യാത്രയ്ക്കിടെ ഇറാഖിൽ വെച്ച് അദ്ദേഹം വാസിതി എന്ന സൂഫി ഗുരുവിനെ കണ്ടുമുട്ടി. ഷാദിലിയോട് സ്വന്തം നാട്ടിലേക്ക് മടങ്ങാനും മൊറോക്കൊയിലെ മഹാനായ ആത്മീയ ഗുരു മൗലാ അബുസ്സലാം ഇബ്നു മഷിഷിനെ സന്ദർശിക്കാനും വാസിതി നിർദ്ദേശിച്ചു. അങ്ങനെ ഈശ്വരസ്മരണയുടെ മാർഗത്തിൽ ദീക്ഷ നൽകിയ ഈ ആത്മീയ ഗുരുവിന്‍റെ അടുത്ത അനുയായിയായി അദ്ദേഹം മാറി. മൌലാ അബുസ്സലാമിനെ കണ്ടുമുട്ടിയപ്പോൾ, ആചാരപ്രകാരമുള്ള കുളി നിർവഹിച്ച ശേഷം അദ്ദേഹം പറഞ്ഞു: “അല്ലാഹുവേ, ഈ ശൈഖിൽ നിന്ന് എനിക്ക് ലഭിക്കുന്നതല്ലാത്ത അറിവോ പ്രവർത്തനമോ എന്‍റെ കൈവശം ഉണ്ടാകാതിരിക്കാൻ എന്‍റെ ഇതുവരെയുള്ള അറിവും കർമങ്ങളും മുഴുവൻ ഞാൻ കഴുകി കളഞ്ഞിരിക്കുന്നു”.
ഷെയ്ഖ് അബുൽ ഹസ്സൻ അഷ്-ഷാദിലി മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് പോകുകയും ഒടുവിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീടുള്ള കാലത്ത് അദ്ദേഹത്തിന്‍റെ ആത്മീയഗുരു ആരാണെന്ന് ആരെങ്കിലും ചോദിച്ചാൽ, ‘ഞാൻ മൗലാ അബുസ്സലാം ഇബ്‌നു മഷിഷിന്‍റെ അടുത്ത അനുയായി (മുരീദ്) ആയിരുന്നു, എന്നാൽ ഇന്ന് ഞാൻ ഒരു മനുഷ്യഗുരുവിന്‍റേയും മുരീദല്ല’ എന്ന് അദ്ദേഹം മറുപടി പറയുമായിരുന്നു.
ഈ പരമ്പരയിൽ ശൈഖ് അഷ്-ശാദിലിയുടെ പിൻഗാമിയായി വന്ന ശൈഖ് അബുൽ-അബ്ബാസ് അൽ-മുർസി (മരണം 1288) യോട് തന്‍റെ ആത്മീയ ഗുരുവിന്‍റെ ജ്ഞാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി. “അദ്ദേഹം എനിക്ക് നാല്പത് ശാസ്ത്രങ്ങളുടെ ജ്ഞാനം പകർന്നു നൽകി. അദ്ദേഹം തീരമില്ലാത്ത ഒരു സമുദ്രമായിരുന്നു”.
ഷെയ്ഖ് അഷ്-ഷാദിലിക്ക് അലക്സാണ്ട്രിയയിലും കെയ്‌റോയിലുമായി സാധാരണക്കാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന നൂറുകണക്കിന് അടുത്ത അനുയായികൾ ഉണ്ടായിരുന്നു. ജീവിതത്തിലെ ദൈനംദിന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതോടൊപ്പം ദൈവ സ്മരണയുടെ ആത്മീയജീവിതം നയിക്കാനും അദ്ദേഹം തന്‍റെ അനുയായികളെ പഠിപ്പിച്ചു. അനുയായി ആകാൻ വരുന്നവർ ഒരു തൊഴിലും ഇല്ലാത്തവർ ആണെങ്കിൽ അത്തരക്കാർക്ക് ദീക്ഷ നൽകാൻ അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല. ഇസ്‌ലാമിന്‍റെ അധ്യാപനങ്ങൾ സ്വജീവിതത്തിൽ പ്രയോഗിക്കുകയും സ്വയം രൂപാന്തരപ്പെടുകയും ചെയ്യുക എന്നതായിരുന്നു തന്‍റെ അടുത്ത അനുയായികളോടുള്ള അദ്ദേഹത്തിന്‍റെ ഉപദേശം.
ഷെയ്ഖ് അബുൽഹസ്സൻ അഷ്-ഷാദിലിയുടെ അനേകം രചനകളിൽ ഒന്നാണ് ഏറെ പ്രശസ്തമായ “ഹിസ്ബ് അൽ-ബഹ്ർ”.