ഇന്ത്യയിലെ മുസ്ലീംകൾക്കിടയിലും സൂഫി കേന്ദ്രങ്ങളിലും വ്യാപിച്ചു പോയ അനിസ്ലാമികമായ ആചാരങ്ങളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ, പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ നഖ്ഷബന്ദി സൂഫി പരമ്പരയിലെ ഇന്ത്യൻ ഷെയ്ഖ് അഹമ്മദ് ഫാറൂഖി സിർഹിന്ദി (D.1624) ഇസ്ലാമിക നിയമസംഹിതയുടെ (ശരീ-അത്) പ്രാധാന്യം ആവർത്തിച്ചുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങളുടെ പേരിൽ അദ്ദേഹം രണ്ടാം നൂറ്റാണ്ടിന്‍റെ പരിഷ്കർത്താവ് (അൽഫി സാനി) എന്നറിയപ്പെട്ടു.
നഖ്ഷബന്ദി പരമ്പരയുടെ അധ്യാപനങ്ങളിൽ അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്‍റെ ആത്മീയ പിൻഗാമികൾ ‘മുജദ്ദിദി പരമ്പര’ എന്ന പുതിയ ക്രമമായി അറിയപ്പെട്ടു. മുജദ്ധിദി പരമ്പരയുടെ സൂഫി ബോധനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളവും, ഒടുവിൽ കോകാസസ്, മിഡിൽ ഈസ്റ്റ്, ഏഷ്യാമൈനർ എന്നിവിടങ്ങളിലേക്കും അവിടന്ന് മറ്റുഭാഗങ്ങളിലേക്കും പ്രചരിക്കുകയും ഏറെ വ്യാപിക്കുകയും ചെയ്തു.